ഇന്ത്യയില്‍ ഇറങ്ങുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകൾ
Mail This Article
ഇന്ത്യൻ വാഹന വിപണിയിലെ തുറുപ്പ് ചീട്ടാണ് ഇന്ധനക്ഷമത. മറ്റു പലകാര്യങ്ങളില്‍ ചെറിയ ഇളവൊക്കെ ലഭിക്കുമെങ്കിലും മൈലേജിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ്. മാരുതി അടക്കമുള്ള ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് നിര്‍മാതാക്കളെല്ലാം ഇവരെ കൂട്ടുപിടിച്ചാണ് വിപണി പിടിച്ചത്. ഇന്ധനവില റോക്കറ്റു കണക്കെ കുതിക്കുമ്പോള്‍ മൈലേജിന്റെ പ്രാധാന്യം കൂടുന്നു. അടുത്തിടെ നടന്ന സര്‍വേ പ്രകാരം പുതിയ കാര്‍ വാങ്ങാന്‍ തയാറെടുക്കുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനത്തിലേറെപ്പേരും വാഹനത്തിന്റെ കരുത്തിനെക്കാള്‍ പരിഗണന നല്‍കുന്നത് ഇന്ധനക്ഷമതയ്ക്കാണ്. വിപണിയില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ?
മാരുതി സുസുക്കി സ്വിഫ്റ്റ് - 28.4 കി.മീ
ഈ വര്‍ഷം ആദ്യമാണ് പുതിയ സ്വിഫ്റ്റ് വിപണിയിലെത്തുന്നത്. പെട്ടെന്നു വാഹനം സൂപ്പര്‍ഹിറ്റായി മാറി. കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുപ്രകാരം ഏറ്റവുമധികം വില്‍ക്കുന്ന രണ്ടാമത്തെ കാറാണ് സ്വിഫ്റ്റ്. ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങള്‍ തന്നെയാണ് സ്വിഫ്റ്റിനെ രണ്ടാമനാക്കുന്നത്. 1.3 ലീറ്റര്‍ എന്‍ജിന്റെ മൈലേജ് 28.4 കിലോമീറ്റര്‍.
മാരുതി സുസുക്കി ഡിസയര്‍ - 28.4 കി.മീ
കഴിഞ്ഞ വര്‍ഷം മികച്ച സ്‌റ്റൈലുമായി എത്തിയ ഡിസയറിനെ വിപണിയില്‍ ജനപ്രിയനാക്കുന്ന ഘടകം ഇന്ധനക്ഷമതയാണ്. 1.3 ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ ഇന്ധനക്ഷമതയ്ക്കും പെര്‍ഫോമന്‍സിനും ഒരേ പോലെ മുന്‍തൂക്കം നല്‍കി ട്യൂണ്‍ ചെയ്തിരിക്കുന്നു. പഴയ മോഡലിനേക്കാള്‍ ഏകദേശം രണ്ട് കിലോമീറ്റര്‍ അധിക മൈലേജ് പുതിയ ഡിസയര്‍ നല്‍കുന്നുണ്ട്. ഒരു ലീറ്റര്‍ ഡീസലില്‍ 28.4 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും എന്നാണ് മാരുതി അവകാശപ്പെടുന്നത്.
മാരുതി സുസുക്കി സിയാസ് 28.09 കി.മീ
മാരുതിയുടെ മിഡ് സൈസ് സെഡാനായ സിയാസും മൈലേജിന്റെ കാര്യത്തില്‍ മിടുക്കനാണ്. സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന മൈലേജായ 28.09 കി.മീയാണ് മാരുതിയുടെ വാഗ്ദാനം. മാരുതിയുടെ മറ്റുവാഹനങ്ങളില്‍ ഉപയോഗിക്കുന്ന 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് സിയാസിനും കരുത്തു പകരുന്നത്.
ഹോണ്ട അമെയ്‌സ് - 27.4 കി.മീ
അടുത്തിടെ പുറത്തിറങ്ങിയ അമെയ്‌സ് വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. സ്റ്റൈലിലും നിര്‍മാണ നിലവാരത്തിലും സെഗ്മെന്റിലെ പുതിയ നിലവാരം കൊണ്ടുവന്നു. ഫീച്ചറുകളുടെയും ഫിനിഷിങ്ങിന്റേയും കാര്യത്തില്‍ പഴയ മോഡലുമായി സമാനതകളില്ല. 1.5 ലീറ്റര്‍ ഡീസല്‍ മാനുവലിന് 100 പി എസ് കരുത്ത് 200 എന്‍എം ടോര്‍ക്ക്. ഇന്ധനക്ഷമത 27.4 കി മീ.
മാരുതി ബലേനൊ - 27.39 കി.മീ
പ്രീമിയം ഡീസല്‍ഷിപ്പായ നെക്‌സ വഴി മാരുതി വില്‍പ്പനയ്‌ക്കെത്തിക്കുന്ന ബലേനൊയും മൈലേജില്‍ മുന്നില്‍ തന്നെ. പ്രീമിയം ഫീച്ചറുകളുമായി വിപണിയിലെത്തിയ ബലേനോയില്‍ 1.3 ലീറ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 27.39 കി.മീ മൈലേജ് ബലേനൊ നല്‍കും.
ഹോണ്ട ജാസ് - 27.3 കി.മീ
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ചാബാക്ക് ജാസാണ് മൈലേജ് കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു കാര്‍. ഹോണ്ടയുടെ ആദ്യ ഡീസല്‍ എന്‍ജിനായ 1.5 ലീറ്റര്‍ എന്‍ജിന്‍ കരുത്തു പകരുന്ന ജാസ് ഒരു ലീറ്റര്‍ ഡീസല്‍ അടിച്ചാല്‍ ഏകദേശം 27.3 കിലോമീറ്റര്‍ സഞ്ചരിക്കും.
ടാറ്റ ടിയാഗോ - 27.28 കി.മീ
ടാറ്റയുടെ ചെറു ഹാച്ചായ ടിയാഗോ മൈലേജിന്റെ കാര്യത്തിൽ ശ്രദ്ധേയനാണ്. ടാറ്റയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ ടിയാഗോ 27.28 കി. മീ മൈലേജ് നല്‍കും.
ഫോഡ് ഫിഗോ - 25.83 കി.മീ
അമേരിക്കന്‍ നിര്‍മാതാക്കളായ ഫോഡിന്റെ ചെറു ഹാച്ച് ഫിഗോ. ഒരു ലീറ്റര്‍ ഡീസലില്‍ 25.83 കി.മീയാണ് ഫോഡ് അവകാശപ്പെടുന്ന ഇന്ധനക്ഷമത. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഫിഗോയ്ക്ക് കരുത്തു പകരുന്നത്.
ഫോഡ് ഫിഗോ ആസ്പയര്‍ - 25.83 കി.മീ
ഫിഗോയെ അടിസ്ഥാനമാക്കി നിര്‍മിച്ച കോംപാക്റ്റ് സെഡാന്‍ ആസ്‌പെയറിനും മൈലേജ് 25.83 ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.5 ലീറ്റര്‍ ഡിസല്‍ എന്‍ജിന്‍ തന്നെയാണ് അസ്‌പെയറിനും കരുത്തു പകരുന്നത്.
ഹോണ്ടാ സിറ്റി - 25.6 കി.മീ
ഹോണ്ടയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറാണ് സിറ്റി. ഡീസല്‍ എന്‍ജിനില്ല എന്ന പരിമിതി പരിഹരിച്ചാണ് ഡീസല്‍ ഹൃദയവുമായി പുതിയ സിറ്റി പുറത്തിറങ്ങുന്നത്. മിഡ് സൈസ് സെഡാന്‍ സെഗ്‌മെന്റില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന കാറുകളിലൊന്നാണ് സിറ്റി. ലീറ്ററിന് 25.6 കി.മീയാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.