ലോകത്തിലെ ആദ്യ വാഹനാപകടം നടന്നത് എവിടെയെന്ന് അറിയാമോ?
Mail This Article
ദിവസവും കേൾക്കാറുണ്ട് വാഹനാപകട വാർത്തകൾ. ദീര്‍ഘദൂര യാത്രയ്ക്ക് ഇറങ്ങിയാല്‍ ഒരു ചെറിയ അപകടമെങ്കിലും കാണുകയും ചെയ്യും. വാഹനങ്ങള്‍ നിറഞ്ഞു കവിഞ്ഞ റോഡുകളില്‍ ഈ അപകടങ്ങള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നില്ല എന്നതാണ് സത്യം. എന്നാല്‍ വാഹനങ്ങള്‍ അത്യപൂര്‍വമായിരുന്ന ഒരു കാലത്ത് ഈ അപകടങ്ങൾ വലിയ വാർത്തകളായിരുന്നു. ലോകത്തെ ആദ്യ കാര്‍ അപകടം എതെന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ പല തവണ ഉണ്ടായിട്ടുണ്ട്. പക്ഷേ കൃത്യമായ ഒരുത്തരം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാര്‍ നിരത്തുകളിലെത്തിയ ശേഷമുള്ള ഏതാനും അപകടങ്ങള്‍ ഏതൊക്കെയായിരുന്നു എന്നു നോക്കാം.
1834 - ആവിയന്ത്രം പൊട്ടിത്തെറിച്ചപ്പോള്‍
ആദ്യ കാല കാറുകൾക്ക് ആവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എൻജിനുകളായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങള്‍ക്ക് അമിത വേഗം അപകടഭീഷണി ഉണ്ടായിരുന്നില്ല. പക്ഷേ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറെയാണ് എന്നതായിരുന്നു ആവിയന്ത്രത്തിന്‍റെ പരിമിതി. അക്കാലത്ത് ആവി എൻജിനുള്ള കാര്‍ നിർമാണം അത്ര വ്യാപകമല്ലാത്ത ബിസിനസ് സാധ്യതയായിരുന്നു. ആവി എൻജിന്‍ കാറുകള്‍ നിര്‍മിച്ചിരുന്ന ജോണ്‍ സ്കോട്ട് റസലിന്‍റെ ഗാരേജിലാണ് ആദ്യ അപകടങ്ങളില്‍ ഒന്നുണ്ടായത്. നിര്‍മാണത്തിന്‍റെ അവസാന ഘട്ടത്തിലിരുന്ന ഒരു ആവി എൻജിന്‍ പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചു. റസലും അപകടസ്ഥലത്ത് ഉണ്ടായിരുന്നു എങ്കിലും രക്ഷപ്പെട്ടു. പക്ഷേ അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിനു ഗാരേജ് അടച്ചു പൂട്ടേണ്ടി വന്നു.
1869 - മേരി വാര്‍ഡിന്‍റെ അപകട മരണം.
ജോണ്‍ സ്കോട്ട് റസലിന്‍റെ ഗാരേജിലെ അപകടത്തിനു ശേഷം ഏതാണ്ട് മൂന്നു ദശാബ്ദം കഴിഞ്ഞാണ് ചരിത്രത്തില്‍ ആദ്യമായി, വാഹനം സഞ്ചരിക്കുന്നതിനിടെ അപകടമുണ്ടായത്. അപ്പോഴേക്കും സ്റ്റീം എൻജിന്‍ കാറുകള്‍ വ്യാപകമായിരുന്നു. അപകടത്തിൽ മേരി വാര്‍ഡ് എന്ന യുവതി കൊല്ലപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാര്‍ അപകടത്തില്‍ പെട്ട് കാറില്‍നിന്ന് മേരി വാര്‍ഡ് തെറിച്ച് പുറത്തേക്കു വീണു. വീഴ്ചയില്‍ കഴുത്തൊടിഞ്ഞായിരുന്നു മേരി വാര്‍ഡിന്‍റെ മരണം. ഈ സംഭവം യൂറോപ്പിലും അമേരിക്കയിലും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ആവി എൻജിനുകളും അതുപയോഗിച്ചുള്ള വാഹനങ്ങളും സുരക്ഷിതമല്ല എന്ന ചിന്ത വ്യാപകമാകാന്‍ ഇതു കാരണമായി.
1891 - ആദ്യ പെട്രോള്‍ എൻജിന്‍ വാഹനാപകടം.
ഇന്ന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ 90 ശതമാനവും പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. അതുകൊണ്ടുതന്നെയാണ് പെട്രോള്‍ എൻജിന്‍ കാറുകളിലെ ആദ്യ അപകടം ശ്രദ്ധേയമാകുന്നതും. 19–ാം നൂറ്റാണ്ടില്‍ വാഹന മേഖലയില്‍ കുതിച്ചു ചാട്ടത്തിന് വഴിവച്ച പല കണ്ടെത്തലുകളും നടത്തിയ ആളായിരുന്നു ജയിംസ് വില്യം ലാംബര്‍ട്ട്. തന്‍റെ പുതിയ സിംഗിള്‍ സിലിണ്ടര്‍ എൻജിന്‍റെ കരുത്ത് സുഹൃത്തിനെ കാണിക്കാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു ലാംബര്‍ട്ട്. ഒരു മരത്തിന്‍റെ വേരില്‍ തട്ടി നിയന്ത്രണം വിട്ട വാഹനം ഒരു പറ്റം കുതിരകളുടെ ഇടയിലേക്കാണ് കയറിയത്. എന്നാല്‍ ലാംബര്‍ട്ടും സുഹൃത്തും വലിയ പരുക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു.
1896 - സൈക്കിളുമായുള്ള ആദ്യ കൂട്ടിയിടി
നഗരങ്ങളിലെല്ലാം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ. പല നഗരങ്ങളിലും സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാതകളും ഉണ്ട്. പക്ഷേ ഇപ്പോഴും സൈക്കിളും മോട്ടോര്‍വാഹനങ്ങളും തമ്മിലുള്ള കൂട്ടിയിടികൾ സംഭവിക്കാറുണ്ട്. ഇത് ആദ്യം സംഭവിച്ചത് 1896 ലാണ്. ഹെന്‍റി വെല്‍സ് എന്ന വ്യക്തി തന്‍റെ ഹോഴ്സ്‌ലെസ് വാഗണ്‍ കാറുമായി നഗരത്തിലേക്കിറങ്ങി. റേസുകളില്‍ പങ്കെടുക്കാറുള്ള വെല്‍സ് അമിത വേഗത്തിലായിരുന്നു. നഗരത്തില്‍വച്ച് നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ ഇരുവശത്തേക്കും വെട്ടിത്തിരിയാന്‍ തുടങ്ങി. കാറിന്‍റെ വരവു കണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ നിന്ന തോമസ് എന്ന സൈക്കിള്‍യാത്രക്കരനെ ഇടിച്ചിട്ടാണ് ഹെല്‍സിന്‍റെ വാഹനം നിന്നത്. തോമസിന്‍റെ കാല്‍അപകടത്തില്‍ ഒടിഞ്ഞു. ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചതിന് വെല്‍സ് അറസ്റ്റിലായി.
1899 - വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍റെ മരണം.
വാഹനമോടിക്കുന്നവരുടെ അശ്രദ്ധയ്ക്ക് കാല്‍നടയാത്രക്കാര്‍ ജീവന്‍ വിലയായി നല്‍കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ല. ഹെന്‍ട്രി ബ്ലിസ്സ് എന്ന വ്യക്തിയായിരുന്നു അശ്രദ്ധ ഡ്രൈവിങ്ങിന്‍റെ ആദ്യ ഇര. സ്മിത്ത് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ബ്ലിസ്സിനെ ഇടിച്ച് തെറിപ്പിക്കുകയും അയാളുടെ മേല്‍ കയറി ഇറങ്ങുകയും ചെയ്തു. സംഭവ സ്ഥലത്തു തന്നെ ബ്ലിസ്സ് കൊല്ലപ്പെട്ടു. സ്മിത്തിനെതിരെ കൊലപാതകത്തിനു കേസ് എടുത്തെങ്കിലും മനപൂര്‍വമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വെറുതെ വിട്ടു.