ADVERTISEMENT

ഭാവിയിലെ ഗാതാഗത സംവിധാനങ്ങൾ ഇലക്ട്രിക് ആയിരിക്കും. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഭാവിതലമുറയ്ക്കു വേണ്ടിയുള്ള നമ്മുടെ കരുതലായിരിക്കും. കാറുകളിലും ബൈക്കുകളിലും ഇലക്ട്രിക് പരീക്ഷണം നടക്കുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന, സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷയിലേക്ക് ഇലക്ട്രിക് പരീക്ഷണം അധികം വന്നിട്ടില്ല. മഹീന്ദ്രയും കേരളത്തിന്റെ സ്വന്തം കെഎഎല്ലുമെല്ലാം ഇലക്ട്രിക് പദ്ധതികളുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും മറ്റു കമ്പനികൾ കൂടി ഇലക്ട്രിക് ഓട്ടോറിക്ഷകളുമായി വന്നാലേ സാധാരണക്കാരന്റെ വാഹനം പൂർണമായും വൈദ്യുതവത്കരിക്കാൻ സാധിക്കൂ.

ഈ ആശയവുമായാണ് ട്വിസ്റ്റ് എന്ന കമ്പനി മുന്നോട്ടു വന്നത്. ഓട്ടോറിക്ഷയും ഇലക്ട്രിക് ആക്കാൻ ഫിനിക്സ് എന്ന പേരിൽ ആദ്യ വാഹനം പുറത്തിറങ്ങി.

electric-auto-3
Tyst Drive Phoenix

ട്വിസ്റ്റ് ഡ്രൈവ്– എർത്ത് ഫ്രണ്ട്‌ലി കണക്ടിവിറ്റി

ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിർമിക്കുന്ന കേരളത്തിലെ ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ട്വിസ്റ്റ് ഡ്രൈവ്. സുഹൃത്തുക്കളായ ഭാസ്കരൻ നായർ, ഷൺമാതുരൻ, വിനു എബ്രഹാം എന്നിവരാണ് ഈ കമ്പനിക്കു പിന്നിൽ. ഭാസ്കരൻ നായരുടെ മകൻ വിനോദാണ് കമ്പനിയുടെ ടെക്നിക്കൽ ഡയറക്ടർ. ഇലക്ട്രിക്കൽ അധ്യാപക ജോലിയിൽനിന്നു വിരമിച്ച ഭാസ്കരൻ നായരും ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽനിന്നു വിരമിച്ച ഷൺമാതുരനുമാണ് കമ്പനിയുടെ നെടുംതൂണുകൾ. ഇരുവർക്കും എൺപതുവയസ്സിൽ അധികം പ്രായമുണ്ട്. ഇരുവരും യുവ വ്യവസായി വിനു എബ്രഹാമും ചേർന്നപ്പോൾ ട്വിസ്റ്റ് എന്ന കമ്പനി യാഥാർഥ്യമായി. യൂറോപ്പിൽ എയർക്രാഫ്റ്റ് ടെക്നീഷ്യനായിരുന്നു വിനോദ് ഭാസ്കരൻ. നമ്മുടെ നാട്ടിലെ മലിനീകരണവും അതുമൂലമുണ്ടാകുന്ന രോഗങ്ങളുമാണ് ഒരു ഇലക്ട്രിക് ഓട്ടോയെപ്പറ്റി ചിന്തിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ഒരുപക്ഷേ ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിർമിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ കമ്പനിയും ട്വിസ്റ്റ് ഡ്രൈവായിരിക്കുമെന്ന് ഇവർ പറയുന്നു.

electric-auto-1
Tyst Drive Phoenix

ഫീനിക്സ്

പൂർണമായും വൈദ്യുതിയിലോടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയാണ് ഫീനിക്സ്. പൂർണമായും തിരുവനന്തപുരത്ത് തന്നെയാണ് വാഹനം അസംബിൾ ചെയ്യുന്നത്. 48 വോൾട്ട് 75 എഎച്ച് ലിഥിയം അയൺ ബാറ്ററിലാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. വാഹനത്തിന് കരുത്തേകുന്നത് 2 മോട്ടറുകളാണ്. ഒരു പ്രാവശ്യം ഫുൾചാർജ് ചെയ്താൽ 100 മുതൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ വെറും 20 പൈസ മാത്രമേ ചെലവു വരൂവെന്നാണ് നിർമാതാക്കൾ പറയുന്നത്.

electric-auto-2
Tyst Drive Phoenix

കേരളത്തിന്റെ റോഡ് സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന, പ്രത്യേകം രൂപകൽപന ചെയ്ത മോട്ടറാണ് ഇത്. വ്യത്യസ്ത റോഡ് സാഹചര്യങ്ങളിൽ ഓടുന്നതിനായി മൂന്നു ഗിയറുകളുണ്ട്. ബാറ്ററി ചാർജ് ചെയ്യാൻ സോളാർ പാനൽ ഓപ്ഷനലായും നൽകുന്നു. ഫൈബർ ഗ്ലാസ് ബോഡി ഉപയോഗിക്കുന്നതുകൊണ്ടു ഭാരം വളരെ കുറവാണ് എന്നത് വാഹനത്തിന്റെ റേഞ്ച് കൂട്ടാൻ സഹായിക്കും. ഫൈബർ ഗ്ലാസ് ബോഡിക്ക് മെയിന്റനൻസ് കുറവാണ്. ജെൽകോട്ട് പെയ്ന്റ് ആയതുകൊണ്ട് 15 വർഷം നിറത്തിന് ആയുസ്സുണ്ടെന്നും നിർമാതാക്കൾ പറയുന്നു.

യാത്രക്കാർക്കു മാത്രമല്ല ഡ്രൈവർക്കും യാത്രാസുഖം നൽകുന്ന തരത്തിലാണ് വാഹനത്തിന്റെ നിർമാണം. മൂന്നു വീലുകളിലും ഡിസ്ക് ബ്രേക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ സുഖകരമായ യാത്രയ്ക്കായി 12 ഇഞ്ച് ട്യൂബ്‍ലെസ് ടയറുകൾ, എൽഇഡി ലൈറ്റുകൾ എന്നിവയും വാഹനത്തിലുണ്ട്. വായുമലിനീകരണം മാത്രമല്ല ശബ്ദമലിനീകരണം കൂടിയാണ് ഫീനിക്സ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഏകദേശം 2.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. സർക്കാർ സബ്സിഡി കൂടി ചേർത്താൽ ഇതിലും കുറയും.

കൂടുതൽ വിവരങ്ങൾക്ക്: www. tystdrive.com, 9074415816

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com