ഇതാണ് ആ ചേച്ചി, ആനവണ്ടിയുടെ വളയം പിടിക്കുന്ന പെൺ കരുത്ത്
Mail This Article
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു പോകാനിറങ്ങുമ്പോൾ പെരുമ്പാവൂർ ഡിപ്പോയിലെ ഏക വനിതാ ഡ്രൈവർ ഷീലയെ വെഹിക്കിൾ സൂപ്പർവൈസർ വിളിപ്പിച്ചു. ‘‘ ഷീല നാളെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എടുക്കാമോ?’’ ‘‘ അതിനെന്താ സാറേ. ഓടിക്കാം.’’
ആ യാത്ര പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. ഏഴു വർഷമായി ഷീല ആനവണ്ടിയുടെ സാരഥിയായിട്ട്. സ്ഥിരം ഓടിക്കുന്ന ഡ്രൈവർക്ക് അത്യാവശ്യമായി അവധി എടുക്കേണ്ടി വന്നതുകൊണ്ടാണ് അന്ന് ഷീലയ്ക്കു കെഎസ്ആർടിസിയുടെ പെരുമ്പാവൂർ– തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ഓടിക്കേണ്ടിവന്നത്.
എറണാകുളം ജില്ലയിലെ കോതമംഗലം കോട്ടപ്പടി സ്വദേശിയാണ് ഷീല. 2002 മുതൽ കാർ ഡ്രൈവിങ് ഇൻസ്ട്രക്റ്ററായി ജോലി നോക്കുകയായിരുന്നു. ആ കാലഘട്ടത്തിലാണ് ഹെവി ലൈസൻസ് എടുത്തത്. ലൈസൻസ് കിട്ടിയപ്പോൾ ബസും നാഷനൽ പെർമിറ്റ് ലോറിയുമൊക്കെ ഓടിച്ചു പരിശീലിച്ചിരുന്നു. അങ്ങനെയാണ് വലിയ വാഹനങ്ങളുമായുള്ള പരിചയം തുടങ്ങുന്നത്.
കെഎസ്ആർടിസിയിൽ
2010 ൽ കെഎസ്ആർടിസി ഡ്രൈവർമാർക്കുള്ള വേരിഫിക്കേഷൻ ടെസ്റ്റ് കാക്കനാട് നടക്കുന്നുണ്ടെന്ന് ഷീലയുടെ സുഹൃത്ത് അറിയിച്ചു. നീയും പോയിനോക്ക്. കിട്ടിയാലോ? എന്നാൽ ശ്രമിച്ചു നോക്കാം എന്നു കരുതിയാണു ഷീല വെരിഫിക്കേഷനു ചെന്നത്. അവിടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനും റോഡ് ടെസ്റ്റും വിജയകരമായി പൂർത്തിയാക്കി. തിരഞ്ഞെടുത്തവർക്കുള്ള എഴുത്തു പരീക്ഷയിലും വിജയിച്ചു.
2013 ൽ ജോലിയിൽ പ്രവേശിച്ചു. ആലുവയിൽ ട്രെയ്നിങ് ഉണ്ടായിരുന്നു. വെള്ളാരംകുന്ന് കോതമംഗലം റൂട്ടിലാണ് ആദ്യം സർവീസ് നടത്തിയിരുന്നത്. പിന്നെ ഈരാറ്റുപേട്ട– കോട്ടയം റൂട്ട് പോയി. ഇപ്പോൾ ആലുവ–പെരുമ്പാവൂർ–മുവാറ്റുപുഴ ചെയിൻ സർവീസ് ബസ് ആണു സ്ഥിരമായി ഓടിക്കുന്നത്. ഇടയ്ക്കിടെ തിരുവനന്തപുരം റൂട്ടും പോകാറുണ്ട്. സഹോദരൻ അയ്യപ്പനാണ് ഷീലയുടെ കൈയിൽ വളയം പിടിപ്പിച്ചത്. ഡ്രൈവിങ് പഠിക്കാൻ പ്രോത്സാഹനമേകിയതും സഹോദരൻ തന്നെ.
കെട്ടിടത്തിൽനിന്നുള്ള വീഴ്ചയിൽ അപകടം പറ്റി ഇപ്പോൾ അയ്യപ്പൻ കിടപ്പിലാണ്. മറ്റൊരു സഹോദരൻ മരിച്ചുപോയി. വീട്ടിൽ അമ്മ കുട്ടിയും അച്ഛൻ പാപ്പുവും പൂർണ പിന്തുണയുമായി കൂടെയുണ്ട്. ഈ കുടുംബത്തിന്റെ വളയവും ഷീലയുടെ കൈകളിലാണ്.
English Summary: KSRTC Women Driver