ഓർമകളുടെ കാർവീടുകൾ
Mail This Article
കാലം ഇടങ്ങളായി മാറ്റപ്പെടുമ്പോഴാണ് യഥാർഥ മ്യൂസിയം നിലനിൽക്കുക എന്നു പറഞ്ഞത് വിഖ്യാത എഴുത്തുകാരനായ ഓർഹൻ പാമുക് ആണ്. കാർ മ്യൂസിയങ്ങളിലേക്കൊന്നു ചെന്നു നോക്കുക. അവിടെ നിങ്ങൾക്കു കാണാം കാലത്തെ അടയാളപ്പെടുത്തിയ വാഹനങ്ങൾ. നിരത്തുകളെ പ്രകമ്പനം കൊള്ളിച്ചിരുന്ന അക്കാലത്തെ ഓർമകളുമായി വിലസുന്ന വാഹനങ്ങളെ സൂക്ഷിക്കാൻ ലോകമെങ്ങും മ്യൂസിയങ്ങളുണ്ട്. നമുക്കു പരിചിതമായ വാഹനഭീമൻമാർക്ക് എല്ലാവർക്കും മ്യൂസിയങ്ങളുണ്ട്. അവയെ പരിചയപ്പെടാം.
ബിഎംഡബ്ല്യു മ്യൂസിയം
വാഹനസാങ്കേതികവിദ്യയുടെ തലതൊട്ടപ്പൻമാരായ ജർമനിക്കാരുടെ സംഭാവനയാണ് ഇന്ത്യയിലെ ഒട്ടുമിക്ക ആഡംബര ബ്രാൻഡുകളും. അക്കൂട്ടത്തിൽ പ്രബലരായ ബിഎംഡബ്ല്യു മ്യൂനിച്ചിൽ ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. ലോകമെങ്ങും പ്രസിദ്ധമായ കിഡ്നിഗ്രിൽ വാഹനങ്ങളുടെ ആദ്യതലമുറകൾ ഈ മ്യൂസിയത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. 1972 ൽ ആരംഭിച്ച മ്യൂസിയം ജർമനിയിൽ ഏറ്റവും കൂടുതൽ വാഹനപ്രേമികൾ സന്ദർശിച്ച സ്ഥലങ്ങളിലൊന്നാണ്. വിമാനങ്ങളുടെ എൻജിനുകൾ മുതൽ ഭാവിയുടെ കാറുകൾ വരെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു പ്ലാന്റിനടുത്തുള്ള മ്യൂസിയത്തിൽ ഏഴ് എക്സിബിഷൻ ഹൗസുകളുണ്ട്. ബിഎമ്മിന്റെ ആർട്ട് കാറുകൾ ശ്രദ്ധയാകർഷിക്കും.പ്ലാന്റിലെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഹോണ്ട കലക്‌ഷൻ ഹാൾ
ജാപ്പനീസ് വാഹനഭീമൻ ഹോണ്ട തങ്ങളുടെ മ്യൂസിയത്തിന് ഹോണ്ട കലകഷൻ ഹാൾ എന്നാണു പേരിട്ടിരിക്കുന്നത്. മുന്നൂറോളം നവീകരിച്ച പഴയ മോഡലുകൾ ഈ മ്യൂസിയത്തിലുണ്ട്. യഥാർഥ ഹോണ്ട വാഹനങ്ങളുടെ ഗുണമേൻമ അടുത്തറിയാൻ ഈ മോഡലുകൾ ഉപകരിക്കും എന്നാണ് കമ്പനിയുടെ നയം. ഹോണ്ട ടൂ വീലറുകൾ, കാറുകൾ എന്നിവയുടെ തലമുറകൾ, സൂപ്പർ ലൈവ് പ്രകടനവുമായി അസിമോ റോബോട്ട് എന്നിങ്ങനെയാണ് കലക്‌ഷൻ ഹാളിന്റെ സവിശേഷതകൾ. സഞ്ചാരികൾക്കു സ്വന്തമായി ഇലക്ട്രിക് കാർട്ട് അസംബിൾ ചെയ്യാനുള്ള അവസരവും ലഭിക്കും.
റോൾസ് റോയ്സ് മ്യൂസിയം
റോൾസ് റോയ്സ് കാറുകളുടെ ഏറ്റവും വലിയ ശേഖരം എന്ന വിശേഷണമാണ് ഓസ്ട്രിയയിലെ റോൾസ് റോയ്സ് മ്യൂസിയത്തിനുള്ളത്. 1999 ൽ സ്ഥാപിക്കപ്പെട്ട മ്യൂസിയത്തിൽ 70 റോൾസ് റോയ്സ് കാറുകളുണ്ട്. ഒറിജിനലും ഡ്യൂപ്ലിക്കേറ്റുമായ വാഹന പാർട്സുകൾ മ്യൂസിയത്തിൽ ചെന്നാൽ തൊട്ടറിയാം. റോൾസ് റോയ്സ് കമ്പനിയുടേതല്ല ഈ മ്യൂസിയം.
മെഴ്സിഡീസ് മ്യൂസിയം
ജർമൻ വാഹനഭീമനായ ബെൻസിന്റേതാണ് അടുത്ത മ്യൂസിയം. കാൾ ബെൻസ് നിർമിച്ച ആദ്യ ഓട്ടമൊബീൽ മുതൽ ഹൈഡ്രജൻ ഫ്യുവൽ കൺസെപ്റ്റ് വാഹനം വരെ ജർമനിയിലെ സ്റ്റുട്ഗട്ട് മ്യൂസിയത്തിലുണ്ട്. 160 തരം വാഹനങ്ങളുടെ ചരിത്രവും വികാസവും അറിയാം. മ്യൂസിയം ഷോപ്പിൽ നിന്ന് ഇവയുടെ മിനിയേച്ചർ സ്വന്തമാക്കാം. ഇപ്പോൾ ജി ക്ലാസ് എന്ന ഐതിഹാസിക ഓഫ് റോഡർ എസ്‌യുവിയുടെ നാൽപതാം വാർഷികാഘോഷത്തിനായി സ്പെഷൽ എക്സിബിഷൻ നടക്കുന്നുണ്ട്. 2006 ൽ ആണ് മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. ഒരു വർഷം ശരാശരി ഏഴു ലക്ഷം പേർ ബെൻസിന്റെ മ്യൂസിയം സന്ദർശിക്കുന്നുണ്ട്.
പോർഷെ മ്യൂസിയം
സ്പോർട്സ് കാറുകളിലെ മുൻനിരക്കാരെയും പിൻഗാമികളെയും കാണാൻ ഈ മ്യൂസിയത്തിലെത്താം. ഇപ്പോഴും ഓടിച്ചുകൊണ്ടുപോകാവുന്ന പഴയ കാറുകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. ബെൻസ് മ്യൂസിയത്തിന് അടുത്ത് സ്റ്റുട്ഗട്ടിൽ തന്നെയാണ് ഈ മ്യൂസിയവും. 80 താരങ്ങളെ ഇവിടെ കാണാം.
ബ്രിട്ടിഷ് മോട്ടർ മ്യൂസിയം
ബ്രിട്ടിഷ് കാറുകളുടെ ലോകത്തെ ഏറ്റവും വലിയ ശേഖരമാണ് ഇംഗ്ലണ്ടിലെ ഈ മ്യൂസിയത്തിലുള്ളത്. ഏതാണ്ട് മുന്നുറോളം കാറുകൾ സഞ്ചാരികളെ അതിശയിപ്പിക്കാനായി കാത്തിരിക്കുന്നു. ബ്രിട്ടിഷ് ലെയ്‌ലൻഡ് കമ്പനി 1970 ൽ ആണ് മ്യൂസിയത്തിനു തുടക്കമിടുന്നത്. ആദ്യ ലാൻഡ്റോവർ മോഡൽ മുതൽ ആദ്യ മിനി കാർ, അവസാന റോവർ മിനി കൂപ്പർ തുടങ്ങിയ അപൂർവ മോഡലുകൾ വരെ കാണണമെങ്കിൽ മ്യൂസിയത്തിലെത്തണം.
ഹെൻട്രി ഫോഡ് മ്യൂസിയം ഓഫ് അമേരിക്കൻ ഇന്നവേഷൻ
മാസ് പ്രൊഡക്‌ഷൻ കാർ നിർമാണം ലോകത്തിനു പരിചയപ്പെടുത്തിയ ഫോഡിന്റെ മ്യൂസിയം. ഏറെ ചരിത്രപ്രാധാന്യമുള്ള വാഹനങ്ങളാണ് ഇവിടെയുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വധിക്കപ്പെടുന്നതിനു മുൻപ് സഞ്ചരിച്ചിരുന്ന ലിങ്കൺ കോണ്ടിനെന്റൽ കാർ മുതൽ മറ്റു പ്രസിഡന്റുമാരുടെ വാഹനങ്ങൾ വരെ ഇവിടെയുണ്ട്. കാറുകൾക്കു മാത്രമുള്ളതല്ല ഈ മ്യൂസിയം. പൗരാവകാശപ്പോരാളിയായ റോസാ പാർക്സിന് സീറ്റ് നിഷേധിക്കപ്പെട്ട ബസ് അതിലൊന്നാണ്. ഡ്രൈവിങ് ഓഫ് അമേരിക്ക എന്ന വിഭാഗത്തിൽ കാറുകളുടെ സ്വാധീനമാണ് പ്രദർശനത്തിന്റെ കാതൽ. ഇന്നും ഓടിക്കാൻ പറ്റുന്ന ഏറ്റവും പഴക്കമുള്ള റോവർ മോഡൽ ശ്രദ്ധേയമാണ്.