കേരളത്തിലെ ആദ്യത്തേതും രണ്ടാമത്തേതുമായ ബിഎംഡബ്ല്യു 330 ഐ
Mail This Article
തലക്കെട്ടു കാണുന്നവരിൽ സംശയം ജനിപ്പിച്ചേക്കാം ആദ്യത്തേതും രണ്ടാമത്തേതും ഒരുമിച്ച് ആകുന്നതെങ്ങനെയെന്ന്? എന്നാൽ തിരുവനന്തപുരം സ്വദേശി ബാലഗോപാൽ സദാശിവന് ഈ കാര്യത്തിൽ സംശയമില്ല കേരളത്തിൽ ആദ്യമായി ബുക്ക് ചെയ്തതും രണ്ടാമത് ഡെലിവറി ചെയ്തതും ഈ കാർ തന്നെ. ബിഎംഡബ്ല്യു 330 ഐയുടെ കേരളത്തിലെ ആദ്യത്തെ ബുക്കിങ് ആയിരുന്നെങ്കിലും പോർട്ടിമാവോ ബ്ലൂ എന്ന നിറം കിട്ടാൻ വേണ്ടി കാത്തിരുന്നത് രണ്ടാമത്തെ വാഹനമാക്കി മാറ്റി. കൊച്ചിയിലെ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് വാഹനം വാങ്ങിയത്.
ഏറ്റവും മികച്ച ബിഎംഡബ്ല്യു
സ്പോർട്സ് സെഡാൻ വാങ്ങണമെന്ന് താൽപര്യമാണ് ബിഎംഡബ്ല്യു 330 ഐയിൽ എത്തിച്ചത്. വാഹനത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായവുമായിരുന്നു. അന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ബിഎംഡബ്ല്യു എന്നാണ് നിർമാതാക്കൾ വരെ ഈ കാറിനെ വിശേഷിപ്പിക്കുന്നത്. വാങ്ങും മുമ്പ് കേട്ടകാര്യമെല്ലാം സത്യമായിരുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം പറയുന്നത്. ശരിക്കും ഇപ്പോൾ ഈ കാറിന്റെ ആരാധകനാണ്.
എക്സ്‍യുവി 500ല്‍ നിന്ന് ബിഎംഡബ്ല്യുവിലേക്ക്...
ലക്ഷ്വറി കാറുകൾ നേരത്തെ ഓടിച്ചിട്ടുണ്ടെങ്കിലും എക്സ്‍യുവിയിൽ നിന്ന് ബിഎംഡബ്ല്യുവിലേക്കുള്ള മാറ്റം വളരെ വലുതായിരുന്നു. ഓടിക്കുന്ന ആൾക്ക് വളരെ അധികം അത്മവിശ്വാസം തരുന്ന വാഹനമാണിത്. കുടുംബമായിട്ടു യാത്ര ചെയ്യാനുള്ള കൺഫർട്ടും വേണമെങ്കിൽ സ്പോർട്ടി പെർഫോമൻസും നൽകും ഇവൻ.
സ്വപ്ന വാഹനം
സ്വന്തമാക്കാൻ സാധിക്കുമോ എന്നറിയില്ലയെങ്കിലും പോർഷെ കെയിൻ ജിടിഎസാണ് സ്വപ്ന വാഹനം. കയിന്റെ അടുത്ത് പെർഫോൻസ് 330 ഐയിൽ നിന്ന് ലഭിക്കുന്നുണ്ട്.
ഡ്രൈവേഴ്സ് കാർ
മധുര പാലക്കാട് റൂട്ടിൽ ബിഎംഡബ്ല്യുവിൽ ഒരു യാത്രപോയിരുന്നു. നേരെയുള്ള റോഡുകളിൽ ഓടിക്കുന്നതിലും താൽപര്യം വളവും തിരിവുകളുമുള്ള ഹിൽറോഡുകളിൽ ഓടിക്കാനാണ്. വേഗത്തിലും ഹാൻഡിലിങ്ങിലുമെല്ലാം ഈ കാർ ഒന്നിനൊന്നുമെച്ചമാണ്. ശരിക്കും പറഞ്ഞാൽ ഡ്രൈവറുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്ന കാറാണ് ഇത്. ഹാൻഡിലിങ്ങും റൈഡ് ക്വാളിറ്റിയുമെല്ലാം ഒന്നാന്തരം.
ബിഎംഡബ്ല്യു 330 ഐ
ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച സെഡാനുകളിലൊന്നാണ് 330ഐ. രണ്ടു ലീറ്റര്‍, നാല് സിലിണ്ടര്‍ , ട്വിന്‍പവര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 258 ബിഎച്ച്‌പി 400 എന്‍എം ടോർക്കും വാഹനം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനുള്ള കാറിന് മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ 5.8 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ഓൺറോഡ‍് വിലയായ 60.5 ലക്ഷം രൂപ നൽകിയാണ് ഈ വാഹനം ബാലഗോപാൽ സ്വന്തമാക്കിയത്.