ADVERTISEMENT

റോയൽ എൻഫീൽഡ് എന്ന വികാരം സിരകളിലൂടെ പടർന്നൊഴുകുന്നവരുടെ സംഗമവേദിയായ റൈഡർ മാനിയയിൽ ഇത്തവണ പങ്കുകൊണ്ടത് എണ്ണായിരത്തിലധികം ആളുകൾ! അതിൽ മുൻ വർഷത്തേക്കാൾ വനിതകളുടെ പങ്കാളിത്തം കൊണ്ടു വ്യത്യസ്തമാകുകയും ചെയ്തു ഇത്തവണത്തെ മേള. കേരളത്തിൽനിന്നു തന്നെ ആയിരത്തിലധികം പേരാണ് റൈഡർമാനിയയിൽ പങ്കെടുക്കാൻ ഗോവയിലെത്തിയത്. 

റിയാസും സംഘവും
റിയാസും സംഘവും

പുതിയ വാഹനങ്ങളുടെ ലോഞ്ചുകൾ കാര്യമായിട്ടൊന്നും ഇല്ലായിരുന്നെങ്കിലും മേളയെ കൊഴുപ്പിക്കാൻ ഹിമാലയന്റെ ഫ്ലാറ്റ് ട്രാക്ക് വകഭേദവും രണ്ടു കസ്റ്റം മോഡലുകളും റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. ഒപ്പം ഫ്ലാറ്റ് ട്രാക്ക് ട്രെയിനിങ് അക്കാദമിയായ സ്ലൈഡ് സ്കൂളിന്റെ ഒൗദ്യോകിക വെളിപ്പെടുത്തലും നടന്നു. ബൈക്ക് കൊണ്ടുള്ള ഫുഡ്ബോൾ മത്സരവും കുന്നിനു മുകളിലേക്കുള്ള മത്സരയോട്ടവും ബൈക്ക സ്ലോ റേസും മറ്റും ആവേശം നിറയ്ക്കുന്നതായിരുന്നു. 

rider-mania-4

പൊടിപാറിയത് ഡേർട്ട് ട്രാക്ക് മത്സരങ്ങളിലായിരുന്നു. വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേകം വിഭാഗങ്ങളുണ്ടായിരുന്നു. ഹിമാലയൻ ക്ലാസ് വിഭാഗത്തിലെ പോരാട്ടമായിരുന്നു വീറും വാശിയും നിറഞ്ഞത്.  റൈഡർ മാനിയയിൽ അവതരിപ്പിച്ച ഫ്ലാറ്റ്ട്രാക്കിന്റെ പ്രദർശന റൈഡ് ഏവരിലും ആവേശമുയർത്തി. പ്രത്യേകം തയാറാക്കിയ ട്രാക്കിൽ വിദേശ റൈഡർമാരാണ് ഡെമോ റൈഡ് നടത്തിയത്. 

ബാംഗ്ലൂർ മലയാളികൾ...

rider-mania-9

എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം മലയാളികൾ എന്നു പറഞ്ഞു പ്രധാന വേദിയിലേക്കു ചെല്ലുമ്പോഴാണ് ആർപ്പോ ഇർറോ വിളികേൾക്കുന്നത്. പിന്നാലെ കുട്ടനാടൻ പുഞ്ചയിലെ പാട്ടും. ഡിജെ തുടങ്ങുന്നതിനുമുൻപ് മലയാളികളുെട ഡിജെ നടത്തിയ സംഘം ബാംഗ്ലൂരിൽ നിന്നു വന്നവരാണ്. ബാംഗ്ലൂർ മലയാളി റൈഡേഴ്സ് എന്നാണ് ഗ്രൂപ്പിന്റെ പേരുതന്നെ. ബാംഗ്ലൂർ മലയാളീസ് എന്ന ഫെയ്സ്ബുക് കൂട്ടായ്മയിൽനിന്നാണ് ഗ്രൂപ്പിന്റെ ജനനം. 65 പേരിൽ തുടങ്ങിയ ക്ലബ്ബിൽ ഇപ്പോൾ 200 നു മുകളിൽ അംഗങ്ങളുണ്ട്. ഇതിൽ 33 പേരാണ് 22 ബൈക്കുകളിലായി റൈഡർമാനിയയ്ക്കു എത്തിയത്. 

rider-mania-3

ഫ്ലാറ്റ്‌ട്രാക്ക്

റൈഡർ മാനിയയിൽ പുതിയ ലോഞ്ചുകൾ ഇല്ലായിരുന്നെങ്കിലും ആരാധാകരിൽ ആവേശം നിറയ്ക്കാൻ റോയൽ എൻഫീൽഡ് ഒരു വെറൈറ്റി താരത്തെ കൊണ്ടു വന്നിരുന്നു.ഫ്ലാറ്റ്‌ട്രാക്ക്
എന്ന കസ്റ്റം ഹിമാലയൻ മോഡലായിരുന്നു അത്. അമേരിക്കൻ മോട്ടർസൈക്കിൾ എൻജിൻ നിർമാതാക്കളായ എസ്ആൻഡ്എസ് സൈക്കിൾസുമായി സഹകരിച്ചാണ് ഫ്ലാറ്റ്‌ട്രാക്ക്
മോഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഹിമാലയൻ മോഡലിൽ ട്രാക്കിലോടിക്കുന്നതിനുള്ള പരിഷ്കാരം വരുത്തിയ മോഡലാണിത്. ഭാരം 164 കിലോഗ്രാമായി കുറച്ചു. 18 ഇഞ്ച് വീലുകളിൽ തടിച്ച ഡ്യുവൽ ട്രാക്ക് ടയറുകളാണ് ഇട്ടിരിക്കുന്നത്. എൻജിനും ഫ്രെയിമിലുമൊന്നും യാതൊരു മാറ്റവുമില്ല. പെർഫോമൻസ് സൈലൻസർ, എസ്‌ആൻഡ്എസ് സ്പ്രോക്കറ്റ്, കെആൻഡ് എൻ എയർഫിൽറ്റർ എന്നിവയൊക്കെയാണ് മറ്റു മാറ്റങ്ങൾ.

rider-mania-8-

മലയാളി മങ്കകൾ

സാരി ഉടുക്കാൻ പെൺകുട്ടികൾ മടിക്കുന്ന ഇക്കാലത്ത് സാരി ഉടുത്തു ബൈക്കോടിച്ചെത്തിയാണ് മലയാളി പെൺകൊടികൾ റൈഡർമാനിയയിലെ പുലിക്കുട്ടികൾ ആയത്. കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് ക്ലബ്ബായ ഡോണ്ട്‌ലെസ് റോയൽ എക്സ്പ്ലോററിലെ  അംഗങ്ങളാണ് റൈഡർമാനിയയിൽ വ്യത്യസ്തരായത്. ഷൈനി രാജ്കുമാറിന്റെ നേതൃത്വത്തിൽ കേരളത്തിലെ അഞ്ചു ജില്ലകളിൽനിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.

തോൽക്കാൻ ഞങ്ങൾക്കു മനസ്സില്ല

വിധിയുടെ മുന്നിൽ പതറാതെ പ്രതീക്ഷയും നിശ്ചയദാർഢ്യവും കൊണ്ട് റൈഡർമാനിയയുടെ താരമായ ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്.  അതിൽ കോഴിക്കോട്ടുനിന്നെത്തിയ റിയാസിനെ കരഘോഷത്തോടെയാണ് റൈഡർമാനിയ വരവേറ്റത്. വാഹനാപകടത്തിൽ അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട റിയാസ് റൈഡർമാനിയിലെത്തിയത് ബുള്ളറ്റ് ഒാടിച്ചുകൊണ്ടാണ്. അതും കോഴിക്കോട്ടുനിന്നും. ബുള്ളറ്റിലുള്ള തന്റെ ആദ്യ ലോങ് റൈഡിനെക്കുറിച്ചു പറയുമ്പോൾ സന്തോഷം കൊണ്ടാണോ അതോ ആഗ്രഹ സാഫല്യം കൊണ്ടാണോ ശബ്ദം ഇടറുന്നുണ്ടായിരുന്നു...

rider-mania-6

തൃശൂരിൽനിന്നുള്ള സംഘത്തേടൊപ്പം പ്രത്യേകം തയാറാക്കിയ ബുള്ളറ്റിലാണ് റിയാസ് ഗോവയിലെത്തിയത്. ഹെറിറ്റേജ് റൈഡേഴ്സ് ക്ലബ്ബിലെ 38 പേരാണ് ഒപ്പമുണ്ടായിരുന്നത്. മാക്സിമസ് ആയിരുന്നു റൈഡ് നയിച്ചത്. മുൻബ്രേക്കും പിൻ ബ്രേക്കും ഒരുമിച്ച് ഒരു ലിവറിൽ ആയാണ് റിയാസിന്റെ ബുള്ളറ്റിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഗിയർ ലിവർ കാറിന്റേതുപോലെ ഉയരമുള്ളതാക്കി. അതു വാഹനത്തിന്റെ വലതു വശത്തേക്കായി കൊടുത്തു. വീൽ ചെയർ ബൈക്കിനു പിന്നിൽ വച്ചാണ് യാത്ര. ഇറങ്ങുമ്പോഴും കയറുമ്പോഴും സുഹൃത്തുക്കളുടെ കരങ്ങൾ റിയാസിനു സുരക്ഷ ഒരുക്കുന്നു. ഈ ചങ്ക് സുഹൃത്തുക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നു എന്നു റിയാസ് പറയുമ്പോൾ റിയാസിനൊപ്പം എവിടെയും ഞങ്ങളുണ്ടാകും എന്ന ഉറപ്പാണ് അവർ നൽകുന്നത്. റൈഡർമാനിയയ്ക്കു ശേഷം ലഡാക്ക് ട്രിപ്പാണ് റിയാസ് സ്വപ്നം കാണുന്നത്. 

rider-mania

റിയാസിനെ കണ്ടു യാത്ര പറയുമ്പോഴാണ് മുംബൈയിൽ നിന്നു വന്നവരെ കാണുന്നത്. ഹായി പറഞ്ഞു പോകുമ്പോൾ അറിയാതെയാണ് അവലുടെ കാലും കൈയും ഒന്നു ശ്രദ്ധിച്ചത്. സത്യത്തിൽ ഞെട്ടിപ്പോയി. മിക്കവരും അംഗപരിമിതർ. കൃത്രിമ കാലും കൈയുമായി റൈഡർമാനിയ എന്ന മാമാങ്കും കാണാൻ ബൈക്ക് ഒാടിച്ചെത്തിയവരാണ് അവർ.

English Summary: Royal Enfield Rider Mania 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com