ഒന്നു പിഴച്ചാൽ മരണം ഉറപ്പ്, ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങൾ !
Mail This Article
ദൂരയാത്രകളില്‍ ഏറ്റവും സൗകര്യപ്രദമായതും സമയലാഭമുള്ളതുമായ യാത്രാമാര്‍ഗമാണ് വിമാനം. ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രമാർഗവും വിമാനയാത്ര തന്നെ. ഓരോ വർഷത്തിലും റോഡ്, റെയില്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ ചെറിയൊരു ശതമാനം പോലും വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നില്ല എന്നതാണ് സത്യം. എങ്കിലും വിമാനയാത്രയോട് ആളുകൾക്ക് എന്നും പേടിയാണ്. ഇനി പറയാന്‍ പോകുന്ന വിമാനത്താവളങ്ങളെ കുറിച്ച് കേട്ടാല്‍ ഒരു പക്ഷെ വിമാനയാത്രയെ കുറിച്ച് നിങ്ങള്‍ക്കുള്ള ഭീതി ചിലപ്പോള്‍ വര്‍ദ്ധിച്ചേക്കാം.
ടോണ്‍കോണ്‍ടിന്‍ വിമാനത്താവളം, ഹോണ്ടുറാസ്
പൈലറ്റുമാര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വിമാനത്താവളമാണ് ഹോണ്ടുറാസിലെ ടോണ്‍കോണ്‍ടിന്‍. ഉയരം കൂടിയതും കുത്തനെയുള്ളതുമായ മലയുടെ അടിവാരത്താണ് വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യേണ്ടത്. സാധാരണ വിമാനത്താവളങ്ങളിലുള്ളതു പോലെ നേരെ വന്ന് റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയില്ല. വളഞ്ഞെത്തിയാണ് റണ്‍വേയിലേക്ക് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യിക്കുക. അതുകൊണ്ടുതന്നെ എത്ര വിദഗ്ദ്ധനായ പൈലറ്റും ഇവിടേയ്ക്കെത്തുമ്പോള്‍ ജാഗരൂകരാകും. കാരണം ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ അപകടം വരുത്തി വച്ചേക്കാം.
ഫ്രാന്‍സിലെ കോര്‍ഷ് വെല്‍
ഹോണ്ടുറാസിലേത് മലയടിവാരത്തിലെ വിമാനത്താവളമാണെങ്കില്‍ ഫ്രാന്‍സിലെ കോര്‍ഷ് വെലിലെത് മലമുകളിലാണ്. ആല്‍പ്സ് പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിന് ചുറ്റും വന്‍ മലയിടുക്കുകളാണ്. ഇതിനെല്ലാം അപ്പുറം വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മിച്ചിരിക്കുന്നത് ഇറക്കത്തിലാണ്. കൂടാതെ റണ്‍വേയുടെ നീളമാകട്ടെ വെറും 525 മീറ്ററും. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും കുത്തനെയുള്ള പാറക്കെട്ടില്‍ അവസാനിക്കുന്ന റണ്‍വേയിലൂടെയാണ്. അതുകൊണ്ടുതന്നെ ഏതൊരു യാത്രക്കാരന്റെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ് ഈ കാഴ്ച, ഒപ്പം പൈലറ്റിന്റെയും.
ജിബ്രാള്‍ട്ടര്‍ രാജ്യാന്തര വിമാനത്താവളം
സ്വതവേ തന്നെ വിമാനം ലാന്‍ഡിങ്ങും ടേക്കോഫും അപകടം പിടിച്ച പരിപാടികളാണ്. അപ്പോള്‍ ഇതിനിടയില്‍ തിരക്കേറിയ ഒരു റോഡു കൂടി പോകുന്നുണ്ടെങ്കില്‍ എന്താകും അവസ്ഥ. ജിബ്രാള്‍ട്ടറിലെ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡിങ് ആരംഭിക്കുന്നത് സമുദ്രത്തിന് നടുവില്‍ നിന്നാണ്. ഇവിടെ ലാന്‍ഡ് ചെയ്ത് എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിനിടെയാണ് തിരക്കേറിയ റോഡു കടന്നുപോകുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സിഗ്നല്‍ തെളിഞ്ഞ് വാഹനങ്ങളെ തടയുകയാണ് ഇവിടെ ചെയ്യുന്നത്. എങ്കിലും പലപ്പോഴും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ മറ്റു പരിഹാരങ്ങള്‍ സാധ്യവുമല്ല.
ടിബറ്റിലെ കുംബോ ബണ്ട
സമുദ്രനിരപ്പില്‍ നിന്ന് പതിനാലായിരം അടി ഉയരത്തിലാണ് ടിബറ്റിലെ ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഒരുപക്ഷെ ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാണിജ്യ വിമാനത്താവളം. ഇവിടെ വില്ലന്‍ ഓക്സിജനാണ്. വിമാനത്താവളം ഇത്ര ഉയരത്തിലാണ് എന്നതിനാല്‍ തന്നെ ഓക്സിജന്റെ ലഭ്യത കുറവാണ്. ഇത്രയും മുകളിലേക്ക് എത്തുമ്പോള്‍ പലപ്പോഴും ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്നത് ലാന്‍ഡിങ് സമയത്തിന് മുന്‍പ് എൻജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. യാത്രക്കാരെ സംബന്ധിച്ചും പൈലറ്റുമാരെ സംബന്ധിച്ചും ഇതത്ര നല്ല അനുഭവമല്ല.
പാരോ, ഭൂട്ടാന്‍
പരിശീലനം ലഭിച്ച ഏതൊരു പൈലറ്റിനും വിമാനം പറത്താനും വിമാനമിറക്കാനും എല്ലാ വിമാനത്താവളത്തിലും അനുമതിയുണ്ട്, ഒരു വിമാനത്താവളത്തിലൊഴിച്ച്. ഭൂട്ടാനിലെ പാരോ വിമാനത്താവളമാണിത്. ഈ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ 8 പൈലറ്റുമാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ഇതില്‍ നിന്നുതന്നെ അപകട ഭീഷണി തിരിച്ചറിയാം. ശരാശരി 5500 മീറ്റര്‍ ഉയരമുള്ള പര്‍വതങ്ങളും 1870 മീറ്റര്‍ മാത്രം നീളമുള്ള റണ്‍വേയുമാണ് ഈ വിമാനത്താവളത്തെ അപകടം പിടിച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
ഗിസ്ബോണ്‍, ന്യൂസിലന്റ്
ജിബ്രാള്‍ട്ട് വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് കുറുകെ റോഡാണെങ്കില്‍ ഗിസ്ബണില്‍ ഇതു റെയില്‍ പാളമാണ്. റണ്‍വേയ്ക്ക് കുറുകെ റെയില്‍ പാളം ഉള്ള ലോകത്തെ മൂന്നു വിമാനത്താവളങ്ങളില്‍ ഒന്നാണ് ഗിസ്ബോണ്‍. മറ്റ് രണ്ടും തിരക്ക് കുറഞ്ഞവയാണെങ്കില്‍ ഗിസ്ബോണ്‍ തിരക്കേറിയ രാജ്യാന്തര വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ അടിക്കടി ട്രെയിനുകളും വിമാനങ്ങളും പരസ്പരം പാതകള്‍ മുറിച്ചു കടന്നുപോകും. അതിനാല്‍ അപകട സാധ്യതയുമേറും. കൃത്യമായ ഇടവേളകളില്‍ ട്രെയിനിന്റെയും വിമാനത്തിന്റെയും സമയം ക്രമീകരിച്ചാണ് ഈ പ്രതിസന്ധി അധികൃതര്‍ മറികടക്കുന്നത്.
അന്റാര്‍ട്ടിക്കയിലെ മക്മര്‍ഡോ
എത്തിച്ചേരാന്‍ ഏറ്റവും വിഷമം പിടിച്ച ഭൂവിഭാഗമാണ് അന്റാര്‍ട്ടിക്. കപ്പലിലുള്ള യാത്ര ചിലപ്പോള്‍ മാസങ്ങള്‍ വരെ നീണ്ടേക്കാം. ഈ സാഹചര്യത്തില്‍ അന്റാര്‍ട്ടിക്കിലെ വിമാനത്താവളം അനിവാര്യമാണ്. എന്നാല്‍ മഞ്ഞു നിറഞ്ഞ കാലാവസ്ഥ വിമാനങ്ങള്‍ക്ക് വെല്ലുവിളിയും. ഈ വെല്ലുവിളി തന്നെയാണ് അന്റാര്‍ട്ടിക്കിലെ വിമാനത്താവളമായ മക്മര്‍ഡോയെ അപകടം പിടിച്ചതാക്കുന്നതും. ഐസിന്റെ മുകളിലാണ് വിമാനം ലാന്റുചെയ്യുക. അതുകൊണ്ട് തന്നെ തെന്നിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇതു കൂടാതെ മിക്കപ്പോഴുമുള്ള ഇരുട്ട് നിറഞ്ഞ അന്തരീക്ഷവും തണുത്തുറഞ്ഞ കാലാവസ്ഥയും വെല്ലുവിളികളാണ്.
സാബാ വിമാനത്താവളം
ലോകത്തെ ഏറ്റവും ചെറിയ വാണിജ്യ വിമാനത്താവള റണ്‍വേ ആണ് സെന്റ് മാര്‍ട്ടീനിലെ സാബാ വിമാനത്താവളത്തിലേത്. റണ്‍വേ തുടങ്ങുന്നതും അവസാനിക്കുന്നതും കടലിടുക്കിലാണ്. കൂടാതെ റണ്‍വേയുടെ ഇരുവശങ്ങളിലും കുത്തനെയുള്ള ഇറക്കവും ഇവ ചെന്നെത്തുന്നത് സമുദ്രത്തിലേക്കും. 1300 മീറ്റര്‍ മാത്രമാണ് ഈ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ല. ചെറു വിമാനങ്ങള്‍ മാത്രമാണ് ഇവിടേക്ക് എത്തുന്നത്.
അഗത്തി, ലക്ഷദ്വീപ്
ലോകത്തെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളവും. നാലായിരം അടി നീളം മാത്രമുള്ള അഗത്തി വിമാനത്താവളം ലോകത്തിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. ചെറുവിമാനങ്ങള്‍ക്ക് മാത്രം ഇറങ്ങാന്‍ കഴിയുന്ന ഈ വിമാനത്താവളത്തിന്റെ മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. അപകടം പിടിച്ചതെങ്കിലും അതിനൊപ്പം മനോഹരമായ കാഴ്ച ഒരുക്കുന്ന വിമാനത്താവളം കൂടിയാണ് അഗത്തി. ലക്ഷദ്വീപിലെ 36 ദ്വീപുകളിലേക്ക് എത്താനുള്ള ഏക വിമാനമാര്‍ഗവും അഗത്തിയാണ്.
സെന്റ് മാര്‍ട്ടീന്‍ വിമാനത്താവളം
കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടീനിലെ പ്രിന്‍സസ് ജൂലിയാന രാജ്യാന്തര വിമാനത്താവളം ബീച്ചിനരികിലൂടെ വന്ന്് റണ്‍വേയിലേക്കിറങ്ങുന്ന വിമാനങ്ങളുടെ ദൃശ്യങ്ങള്‍ കൊണ്ട് പ്രശസ്തമാണ്. ഹോളണ്ടിന്റെ കീഴിലുള്ള ഈ ദ്വീപിന്റെ സ്ഥലപരിമിതി തന്നെയാണ് ബീച്ചിനോട് ചേര്‍ന്ന് വിമാനത്താവളം നിര്‍മിക്കാന്‍ കാരണമായതും. ശ്രദ്ധിച്ച് ലാന്‍ഡു ചെയ്തില്ലെങ്കില്‍ വിമാനം കടലില്‍ കിടക്കും എന്ന സ്ഥിതി ഇവിടെയും ഉണ്ട്. 2100 മീറ്ററാണ് ഇവിടുത്തെ റണ്‍വേയുടെ നീളം. ബോയിങ് ഒഴികെയുള്ള വിമാനങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്യും. 2500 മീറ്ററാണ് ബോയിങ് വിമാനങ്ങള്‍ ലാന്‍ഡു ചെയ്യാനുള്ള റണ്‍വേയുടെ ഏറ്റവും കുറഞ്ഞ നീളം.
അപകടസാധ്യത മൂലം അടച്ച് പൂട്ടിയ വിമാനത്താവളങ്ങള്‍.
ഒരു പ്രദേശത്തിന്റെ വികസനത്തിന് ഇന്ന് അനിവാര്യമായി കണക്കാക്കുന്ന ഒന്നാണ് വിമാനത്താവളങ്ങള്‍. പക്ഷേ അതേ പ്രദേശത്തിന്റെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയായി വിമാനത്താവളം മാറിയ സംഭവങ്ങളുമുണ്ട്. ജനവാസകേന്ദ്രത്തിന്റെ ഒത്ത നടുക്ക് സ്ഥാപിതമായ ഹോങ്കോങ്ങിലെ കായ് ടാക്, ഇക്വഡോറിലെ മരീക്കല്‍ സുക്രെ എന്നിവയാണ് പിന്നീട് അടച്ച് പൂട്ടിയത്. കായ് ടാക് വിമാനത്താവളെ 1998 ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ചുറ്റും കെട്ടിടങ്ങള്‍ കൂടി ഉയര്‍ന്നതോടെ ഇനി വിമാനം ഇറക്കാന്‍ കഴിയില്ലെന്ന് പൈലറ്റുമാര്‍ പോലും പ്രഖ്യാപിച്ചിട്ടുള്ള വിമാനത്താവളമാണ് കായ് ടാക്. മരീക്കല്‍ സുക്രെയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജനവാസകേന്ദ്രത്തിന്റെ ഒത്ത നടുക്ക് നേരിയ റണ്‍വേയിലൂടെയാണ് ഇവിടെ വിമാനങ്ങള്‍ വന്നും പോയും ഇരുന്നത്. 2013ല്‍ ഈ വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇരു സ്ഥലങ്ങളിലും നഗരത്തിന് പുറത്ത് സുരക്ഷിതമായ പ്രദേശത്ത് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിച്ചു.