ഇസ്രയേലിന്റെ 'ഭാവി പ്രധാനമന്ത്രിമാര്‍' ചേര്‍ന്ന് ബന്ദികളെ മോചിപ്പിച്ച ഓപ്പറേഷൻ ഐസോടോപ്
Mail This Article
ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കമാൻഡോ ഓപ്പറേഷനുകളിലൊന്നാണ് ഐസോടോപ് എന്ന പേരില്‍ അറിയപ്പെടുന്നത്. ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ നിന്നും വിയന്ന വഴി ലോദിലേക്ക് പറന്ന റാഞ്ചിയ വിമാനത്തെ ഇസ്രയേലിന്റെ മൂന്ന് 'ഭാവി പ്രധാനമന്ത്രിമാര്‍' ചേര്‍ന്ന് നടത്തിയ കമാന്‍ഡോ ഓപ്പറേഷനൊടുവിൽ മോചിപ്പിച്ചു. ബ്ലാക്ക് സെപ്റ്റംബര്‍ റാഞ്ചിയ വിമാനത്തിലെ യാത്രക്കാരേയും ജീവനക്കാരേയും രക്ഷപ്പെടുത്താനായത് ചരിത്രം. സബീന ഫ്ലൈറ്റ് 571 എന്ന പേരിലറിയപ്പെടുന്ന ഈ കുപ്രസിദ്ധ വിമാന റാഞ്ചല്‍ നടത്തിയത് രണ്ട് യുവാക്കളും രണ്ട് യുവതികളും ചേര്‍ന്നായിരുന്നു. 30 മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു ആ ബന്ദി നാടകം പൂര്‍ണമായില്ലെങ്കിലും ശുഭമായി അവസാനിച്ചു.
ബ്ലാക്ക് സെപ്റ്റംബര്‍
1970 സെപ്റ്റംബറില്‍ ജോര്‍ദാനില്‍ വച്ച് കൊല്ലപ്പെട്ട പലസ്തീനികളുടെ ഓര്‍മക്കായാണ് ബ്ലാക്ക് സെപ്റ്റംബര്‍ എന്ന പേര് അവര്‍ സ്വീകരിക്കുന്നത്. എന്നാല്‍ പിന്നീട് ഇവരെ ലോകമറിഞ്ഞത് ചോരമരവിച്ചു പോകുന്ന വിമാന റാഞ്ചലുകളിലൂടെയും കൊലപാതകങ്ങളിലൂടെയുമായിരുന്നു. ഒളിംപിക്‌സിനിടെ മ്യൂണിച്ചില്‍ 11 ഇസ്രയേലി കായിക താരങ്ങളെ ഒളിംപിക്‌സ് ഗ്രാമത്തില്‍ കയറി വെടിവെച്ചു കൊന്നതിന് പിന്നിലും ബ്ലാക്ക് സെപ്റ്റംബറായിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് മുമ്പാണ് സെബീന ഫ്ലൈറ്റ് 571 എന്നറിയപ്പെടുന്ന വിമാന റാഞ്ചല്‍ അരങ്ങേറുന്നത്.
അലി താഹ അബു സ്‌നെയ്‌ന, ആബെദ് അല്‍ അസിസ് അട്രാഷ്, റിമ ടനൗസ്, തെരേസ ഹല്‍സ എന്നീ നാലുപേരായിരുന്നു വിമാനം റാഞ്ചലിനു പിന്നിൽ. 1972 മെയ് എട്ടിന് വിയന്നയില്‍ നിന്നും ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്നുയര്‍ന്ന സെബീന 571 വിമാനമായിരുന്നു ഇവര്‍ തിരഞ്ഞെടുത്തത്. 90 യാത്രക്കാരും പത്തു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വ്യാജ പാസ്‌പോര്‍ട്ടുകളില്‍ വിമാനത്തിനുള്ളില്‍ കടന്നുകൂടിയ ഇവരുടെ കൈവശം രണ്ടു തോക്കുകളും രണ്ടു ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റുകളുമുണ്ടായിരുന്നു. വിമാനം പറന്നുയര്‍ന്ന് 20 മിനുറ്റിനകം വിമാനം റാഞ്ചി. 30 മണിക്കൂറിലേറെയാണ് വിമാന റാഞ്ചല്‍ നീണ്ടത്.
വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന ലെവിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ഇവര്‍ ടെല്‍ അവീവിന് സമീപത്തെ ലോദ് വിമാനത്താവളത്തിലേക്ക് പറത്താന്‍ നിര്‍ദേശം നല്‍കി. മരണം മുന്നില്‍ വന്നു നില്‍ക്കുമ്പോഴും സമചിത്തത വിടാതെ പെരുമാറിയ ക്യാപ്റ്റന്‍ ലെവി പിന്നീട് വിലപ്പെട്ട വിവരങ്ങള്‍ ഇസ്രയേലിന് കൈമാറുകയും ചെയ്തു. 'ഞങ്ങള്‍ക്കൊപ്പം പുതിയ നാലു സുഹൃത്തുക്കളും ഉണ്ട്' എന്നായിരുന്നു ലെവി റാഞ്ചലിനെക്കുറിച്ച് യാത്രക്കാരെ അറിയിച്ചത്. ലോദ് വിമാനത്താവളത്തിലിറങ്ങിയതോടെ ബ്ലാക്ക് സെപ്റ്റംബര്‍ തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കി. ഭീകരവാദം ആരോപിച്ച് ഇസ്രയേല്‍ ജയിലുകളില്‍ തടവിലാക്കിയിട്ടുള്ള 315 പലസ്തീനികളെ വിട്ടയക്കണം, ഇല്ലെങ്കില്‍ വിമാനം തകര്‍ക്കും. വിവരം അറിഞ്ഞസമയം മുതല്‍ പ്രതിരോധ മന്ത്രി മോഷെ ദയാനും പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രിയായ അപ്പോഴത്തെ ഗതാഗത മന്ത്രി ഷിമോണ്‍ പെരസും ഭീകരരുമായി ചര്‍ച്ച തുടങ്ങി. ഒരുഭാഗത്ത് ഭീകരരുമായി ചര്‍ച്ച നടത്തുമ്പോഴും ഇസ്രയേല്‍ കമാന്‍ഡോ ഓപ്പറേഷന് ഒരുങ്ങുകയായിരുന്നു. അതിന്റെ ആദ്യ പടിയായി വിമാനത്തിന് മുന്നോട്ട് സഞ്ചരിക്കാനാവാത്തവിധം ഹൈഡ്രോളിക് സംവിധാനത്തില്‍ കേടുപാടുകളുണ്ടാക്കി.
വിമാനം മുന്നോട്ടു പോകില്ലെന്ന് തിരിച്ചറിഞ്ഞ ഭീകരര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാനായി ക്യാപ്റ്റന്‍ ലെവിയെ ഇസ്രയേലി അധികൃതരുടെ അടുത്തേക്ക് ചര്‍ച്ചക്ക് വിട്ടു. ബ്ലാക്ക് സെപ്റ്റംബറിന് സംഭവിച്ച ഏറ്റവും വലിയ പിഴവായിരുന്നു അത്. ക്യാപ്റ്റന്‍ ലെവി അപ്പോള്‍ നല്‍കിയ അതിനിര്‍ണായക വിവരങ്ങളാണ് കമാന്‍ഡോ ഓപറേഷന്‍ സാധ്യമാക്കിയത്. വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ ഉള്ളില്‍ നിന്നും അടച്ചിട്ടില്ലെന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. അത് വഴിയാണ് കമാന്‍ഡോകള്‍ പിന്നീട് വിമാനത്തിനകത്തേക്ക് കടന്നത്. വിമാനം റാഞ്ചിയ സംഘത്തില്‍ എത്ര പേരുണ്ടെന്നും അവരുടെ കൈവശം ഏതെല്ലാം ആയുധങ്ങളുണ്ടെന്നും അവര്‍ വിമാനത്തിന്റെ ഏതു ഭാഗത്താണ് നിലയുറപ്പിച്ചതെന്നും ലെവി ഇസ്രയേലി അധികൃതരെ അറിയിച്ചു.
ബ്ലാക്ക് സെപ്റ്റംബറിനെ വിശ്വസിപ്പിക്കാന്‍ ഒരു വശത്ത് 371 വ്യാജ തടവുകാരെ ഒരുക്കിയ ഇസ്രയേല്‍ മറുവശത്ത് കമാന്‍ഡോ ഓപറേഷന്‍ ആരംഭിക്കുകയും ചെയ്തു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം നന്നാക്കാന്‍ വന്നവരെന്ന രീതിയില്‍ അവരുടെ വേഷത്തിലായിരുന്നു കമാന്‍ഡോകളുടെ വരവ്. ഇസ്രയേലിന്റെ രണ്ടു ഭാവി പ്രധാനമന്ത്രിമാര്‍ ഈ കമാന്‍ഡോ സംഘത്തിലുണ്ടായിരുന്നു. വിമാനത്തിലെ 100 മനുഷ്യജീവനുകളെ രക്ഷിച്ച സംഘത്തിലെ മൂന്നു പേര്‍ ഭാവി പ്രധാനമന്ത്രിമാരായി എന്നത് സബീന ഫ്ലൈറ്റ് 571 സംഭവം ഇസ്രയേലികളെ എത്രത്തോളം ബാധിച്ചിരുന്നുവന്നതിന്റെ കൂടി തെളിവായിരുന്നു.
കമാന്‍ഡോ സംഘത്തിന്റെ യൂണിറ്റ് കമാന്‍ഡറായിരുന്ന എഹൂദ് ബാറക്കും കമാന്‍ഡോ ആയിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഹൈഡ്രോളിക് സംവിധാനം നന്നാക്കാനെന്ന വ്യാജേന കയറിക്കൂടിയ കമാന്‍ഡോകള്‍ മിനുറ്റുകള്‍ക്കകം വിമാന റാഞ്ചികളിലെ രണ്ടു പുരുഷന്മാരെ വെടിവെച്ചു വീഴ്ത്തി. സ്ത്രീകളെ അറസ്റ്റു ചെയ്തു. ഇതിനിടെ ബെഞ്ചമിന്‍ നെതന്യാഹുവിന് വെടിയേറ്റ് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ 22കാരിയായ യാത്രക്കാരി മിറിയം ആന്‍ഡേഴ്‌സണ്‍ പിന്നീട് ആശുപത്രിയില്‍വച്ച് മരിച്ചു. മറ്റു യാത്രക്കാരെയെല്ലാം രക്ഷിക്കാന്‍ ഇസ്രയേലി കമാന്‍ഡോ ഓപ്പറേഷന് സാധിച്ചു.
വിചാരണക്കൊടുവില്‍ റിമ ടനൗസിനും തെരേസ ഹെല്‍സക്കും ഇസ്രയേലി കോടതി 220 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വിമാനത്തിലെ ഓരോ ബന്ദികളുടേയും പേരില്‍ ഓരോ ജീവപര്യന്തം കണക്കുകൂട്ടിയായിരുന്നു ശിക്ഷാ കാലയളവ് നിശ്ചയിച്ചത്. എന്നാല്‍ അവരുടെ ജീവിതം തടവറയില്‍ ഒടുങ്ങിയില്ല. തടവുകാരെ കൈമാറുന്ന പി.എല്‍.ഒയുമായുള്ള കരാറിന്റെ ഭാഗമായി റിമ ടനൗസിനെ 1979ലും തെരേസ ഹെല്‍സയെ 1983ല്‍ ഇസ്രയേല്‍ ജോര്‍ദാന് കൈമാറി. 66കാരിയായ തെരേസ ഹെല്‍സ ഇപ്പോള്‍ ജോര്‍ദാനില്‍ കഴിയുന്നു.
ക്യാപ്റ്റന്‍ ലെവിക്ക് ദേശീയ ഹീറോ പരിവേഷമായിരുന്നു ഇസ്രയേലില്‍. അത്യന്തം സമര്‍ദം നിറഞ്ഞ വേളയിലും പതറാതെ സുപ്രധാന വിവരങ്ങള്‍ കൈമാറിയ ലെവിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍(Golda Meir) പുരസ്‌കാരം നല്‍കി ആദരിച്ചു. ലെവി ജൂതന്‍ മാത്രമല്ല ഇംഗ്ലീഷുകാരനുമാണെന്ന് അറിഞ്ഞതോടെ വിമാനറാഞ്ചികളുടെ നേതാവായിരുന്ന അലി താഹ അബു സ്‌നെയ്‌ന പരുഷമായി തന്നെയാണ് പലപ്പോഴും പെരുമാറിയത്. അപ്പോഴും വിമാനറാഞ്ചികള്‍ അറിയാതെ പോയ മറ്റൊരു രഹസ്യമുണ്ടായിരുന്നു ക്യാപ്റ്റന്‍ ലെവിയുടെ ഭാര്യയും യാത്രക്കാരില്‍ ഒരാളായി ഉണ്ടായിരുന്നു. വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടിയായിരുന്നു ടെല്‍അവീവിലേക്ക് അവര്‍ ലെവിക്കൊപ്പം പറന്നത്.
English Summary: Sebena Flight 571 Hijack