ഒരു കി.മീക്ക് 20 പൈസ മാത്രം! വിപ്ലവ ഇലക്ട്രിക് സാങ്കേതിക വിദ്യയുമായി മലയാളി
Mail This Article
ഫെയ്സ്ബുക്കിന്റെ താളുകളിലൂടെ പതിവു കണ്ണോടിക്കലിനിടെയാണ് അവിചാരിതമായി ആ വിഡിയോ കാണുന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് ബൈക്ക് ഒാടിച്ച് കോളജിലെത്തുന്ന എൻജിനീയറിങ് വിദ്യാർഥി. ബൈക്ക് കണ്ടാൽ സാധാരണ പോലത്തെ തന്നെ. വലിയ മാറ്റമൊന്നുമില്ല. വല്ല തട്ടിപ്പു വിഡിയോ ആയിരിക്കും എന്നു കരുതി. എങ്കിലും ഒന്നൂടെ നോക്കിയപ്പോഴാണ് സംഗതി കാര്യഗൗരവമുളളതാണെന്നു മനസ്സിലായത്. തിരുവനന്തപുരത്തെ സിഇടി എൻജിനീയറിങ് കോളജിലാണ് വാഹനലോകത്തെ പുതിയ കണ്ടുപിടിത്തം. പിന്നെ അമാന്തിച്ചില്ല. ബൈക്ക് നിർമിച്ചയാളെ കണ്ടുപിടിച്ചിട്ടു തന്നെ കാര്യമെന്നു തീരുമാനിച്ചു. വാഹന വിപണി മുഴുവൻ ഇലക്ട്രിക് മോഡലിലേക്കു ചേക്കേറാൻ വെമ്പുന്ന ഇക്കാലത്തു മലയാളി കണ്ടുപിടിച്ച ഇലക്ട്രിക് ബൈക്ക് എങ്ങനുണ്ടെന്ന് അറിയണ്ടേ? സുഹൃത്തിന്റെ അനിയൻ സിഇടിയിലെ പൂർവ വിദ്യാർഥി ആയതിനാൽ കറന്റ് വേഗത്തിൽ നമ്പർ കിട്ടി. ജിനോയെയും.
ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ജിനോ ജോയി തോമസ് സഞ്ചരിച്ചത് എന്നു സീരിയസായി തന്നെ പറയാം. പരമ്പരാഗത ഇന്റേണൽ കമ്പസ്റ്റ്യൻ എൻജിനെ ഇലക്ട്രിക്കൽ എൻജിനാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഡോ.ജിനോ ജോയി തോമസ് തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയത്.
ബാറ്ററി + മോട്ടർ + ഗിയർ
സാധാരണ നാം കണ്ടിരിക്കുന്ന, നിലവിൽ നിരത്തിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളിൽ ബാറ്ററി+മോട്ടർ എന്ന രീതിയാണ് തുടർന്നു വരുന്നത്. എന്നാൽ ജിനോ നിർമിച്ച ബൈക്കിൽ ഗിയർ സിസ്റ്റവും ഉണ്ട്. അതു തന്നെയാണ് കൗതുകവും. ടിവിഎസിന്റെ സാധാരണ 100 സിസി ബൈക്കായ വിക്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ മാറ്റങ്ങളൊന്നും അറിയില്ല. സോളർ പാനൽ മാറ്റിയാൽ സാധാരണ വിക്ടർ തന്നെ. എന്നാൽ എൻജിൻ ഭാഗത്തേക്കു നോക്കിയാൽ മാത്രമേ ഇത് ഇലക്ട്രിക് ആണെന്നു പറയുകയുള്ളൂ. ഈ ബൈക്കിൽ തന്നെയാണ് ജിനോ ക്യാംപസിലെത്തിയിരുന്നത്. ആദ്യം കാണുന്നവരൊന്നും ഇത് ഇലക്ട്രിക് ആണെന്നു വിശ്വസിച്ചിരുന്നില്ലെന്നു ജിനോ. ശബ്ദവും പുകയുമൊന്നും കാണാതെ വന്നപ്പോഴാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.
സാധാരണ സ്കൂട്ടറിൽ ഉപയോഗിക്കുന്നത് 40 കിലോയോളം വരുന്ന ബാറ്ററിയാണ്. എന്നാൽ ജിനോ നിർമിച്ച ലിഥിയം അയോൺ ബാറ്ററിയാണ് പത്തു കിലോഗ്രാമോ ഭാരമുള്ളൂ. വിപണിയിൽ 75,000 രൂപയോളം വരുന്ന 40 എഎച്ച് ബാറ്ററി ജിനോ തന്നെ ഡിസൈൻ ചെയ്തെടുക്കുകയായിരുന്നു. ചെലവ് 35,000 രൂപമാത്രം.
ബൈക്കിന്റെ ടാങ്കിനുള്ളിലാണ് ബാറ്ററി ഫിറ്റ് ചെയ്‌തിരിക്കുന്നത്. ഒതുക്കത്തോടെ ഇരിക്കാൻ രണ്ടു സെറ്റായാണ് ടാങ്കിനുള്ളിൽ ഇറക്കിവച്ചിരിക്കുന്നത്. 3 ആംപിയറിന്റെ അഡാപ്റ്ററാണ് ചാർജിങ്ങിനായി ഉപയോഗിക്കുന്നത്. എട്ടു മണിക്കൂർ കൊണ്ട് ബാറ്ററി ഫുൾ ചാർജ് ആകും. ബാറ്ററി ഒരു തവണ ഫുൾചാർജ് ചെയ്യാൻ 15 രൂപ മാത്രമേ ആകുന്നുള്ളൂ. 10 ആംപിയറിന്റെ ചാർജർ ആണെങ്കിൽ 2 മണിക്കൂർകൊണ്ടു ഫുൾ ചാർജ് ചെയ്യാൻ കഴിയും. 50-60 കിലോമീറ്ററാണ് റേഞ്ച്. ഇനി റേഞ്ച് കൂടുതൽ വേണമെങ്കിൽ ബാറ്ററി പവർ കൂട്ടിയാൽ മതി. കാര്യം നിസ്സാരമെന്നു ജിനോ. ഉപയോക്താവിന്റെ ഇഷ്ടാനുസരണം മാറ്റാം. 40 എഎച്ചിൽ നിർത്തിയത് ടാങ്കിനുള്ളിൽ ഒതുക്കി സെറ്റ് ചെയ്യാനാണ്.
117 കിലോയാണ് സാധാരണ വിക്ടറിന്റെ ഭാരം. ഇലക്ട്രിക് ആക്കിയപ്പോൾ ഭാരം കൂടിയിട്ടില്ല. എൻജിൻ സിലിണ്ടർ യൂണിറ്റ് സൈലൻസർ എന്നിവയെല്ലാം മാറ്റിയതു വഴി അതു ബാലൻസ് ചെയ്യാൻ പറ്റി. എൻജിന്റെ ഭാഗത്ത് മോട്ടർ ഘടിപ്പിച്ചു. മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഷാസി ബലപ്പെടുത്തുകയോ മുറിക്കുകയോ ഒന്നും ചെയ്തിട്ടില്ല. കാഴ്ചയിൽ വിക്ടർ തന്നെ.
മോട്ടറിന്റെ ലോഡ് കുറയ്ക്കാൻ ഗിയർ ക്ലച്ച് മെക്കാനിസം കൊണ്ടുവന്നു. ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററി റീ ചാർജ് ചെയ്യുകയും ചെയ്യും. 2 എച്ച്പിയുടെ 3 ഫേസ് ബിഎൽഡിസി മോട്ടറാണ് ഇതിൽ ഉപയോഗിക്കുന്നത്. ബ്രഷ് ലെസ് ആയതിനാൽ മെയിന്റനൻസ് വളരെ കുറവാണ്. മാക്സിമം ആർപിഎം 3000.
ക്ലച്ചുണ്ട്.. ഗിയറുണ്ട്..
വിക്ടറിന്റെ തന്നെ നാല് സ്പീഡ് ഗിയർ ബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്. 3000 ആർപിഎം മാത്രമുള്ള മോട്ടറിന്റെ ഉയർന്ന വേഗം കൈവരിക്കാനുള്ള പരിമിതി ഗിയർമെക്കാനിസം വഴി ജിനോ മറികടന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ വരെ വിക്ടർ ഇലക്ട്രിക് സഞ്ചരിക്കും. സാധാരണ ബൈക്കിലേതു പോലെതന്നെയാണ് ഗിയർ മാറ്റങ്ങൾ. ഹൈടോർക്ക് മോട്ടറാണ്. ക്ലച്ച് ഉണ്ട്. പെട്രോൾ എൻജിനുള്ള ബൈക്കിനെക്കാളും സമൂത്താണ് ഒാപ്പറേഷൻ. നല്ല ടോർക്കുള്ളതിനാൽ അടിക്കടിയുള്ള ഗിയർമാറ്റങ്ങളും വേണ്ടിവരുന്നില്ല. ഗിയർ റേഷ്യോയിൽ കാര്യമായ മാറ്റമില്ല. മോട്ടറിന്റെ ലോഡ് കുറയ്ക്കാനും കൂളാക്കാനും പ്രവർത്തനം സ്മൂത്താക്കാനും 3 ക്ലച്ച് സിസ്റ്റവും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ആക്സിലറേറ്റർ കൊടുക്കുമ്പോൾ മാത്രമേ മോട്ടർ ഒാണാകുന്നുള്ളൂ ഇവിടെ. 2015 ൽ ആണ് പ്രോജക്ട് ആരംഭിക്കുന്നത്. 2018 ൽ സബിമിറ്റ് ചെയ്തു. 2019 ൽ പിഎച്ച്ഡി നേടി. നിലവിൽ പേറ്റന്റിനായി അപേക്ഷിച്ചിരിക്കുകയാണ് രണ്ടു വാഹനങ്ങളും.
ഏകദേശം അൻപതിനായിരം രൂപയാണ് മൊത്തം ചെലവ്. മോട്ടറിന് 8000 രൂപയായി. ഇന്ത്യയിൽനിന്നു വാങ്ങിയാൽ ഇതിലും കൂടുമെന്നു ജിനോ. അതിനാൽ ചൈനയിൽനിന്നാണു മോട്ടറും അനുബന്ധ ഘടകങ്ങളെല്ലാം (മോട്ടർ, കൺട്രോളർ,ത്രോട്ടിൽ) വാങ്ങിയത്. ബാറ്ററി സെൽ ഡൽഹിയിൽനിന്നു വാങ്ങി. മോട്ടർ ബൈക്കിൽ സോളർ ചാർജിങ് സംവിധാനവും ഇണക്കിയിട്ടുണ്ട്. മൂന്നു വർഷം അല്ലെങ്കിൽ 5000 തവണ ചാർജിങ് ആണ് ബാറ്ററി ആയുസ്സ്. 5000-6000 രൂപമാത്രമേ സോളാറിനു ചെലവു വരുന്നുള്ളൂ.
മോട്ടർലെസ് ഇലക്ട്രിക് ബൈക്ക്
ആദ്യ മോഡലിൽ മോട്ടറായിരുന്നു ബൈക്കിന്റെ ഹൃദയമെങ്കിൽ ഇതിൽ സാധാരണ ഇന്റേണൽ കമ്പസ്റ്റ്യൻ എൻജിനും ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ പെട്രോൾ അല്ല ഇന്ധനം. ബാറ്ററിയിൽ നിന്നുള്ള കറന്റ് ഉപയോഗിച്ചാണ് എൻജിൻ പ്രവർത്തിക്കുന്നത്. ഇന്റേണൽ കമ്പസ്റ്റ്യൻ എൻജിനിലെ കമ്പസ്റ്റ്യൻ പ്രവർത്തനങ്ങൾ ഒഴിവാക്കി പകരം അത് ഇലക്ട്രിക്കൽ ആക്കുകയാണ് ചെയ്തിരിക്കുന്നത്. കമ്പസ്റ്റ്യന്റെ ഫലമായുള്ള ശക്തിയിലല്ല ഇവിടെ പിസ്റ്റൺ ചലിക്കുന്നത്. കറന്റ് വഴിയാണ് എന്നു ചുരുക്കം. അതിനുള്ള ബോർഡും സർക്യൂട്ടും കൺട്രോളർ മെക്കാനിസവുമെല്ലാം ജിനോ വികസിപ്പിച്ചെടുക്കുകയായിരുന്നു. സിലിണ്ടർ കിറ്റ് മാറ്റി ഇലക്ട്രിക് സിലിണ്ടർ കിറ്റാക്കി. അതിനു തന്നെ നല്ല പ്രയത്നം വേണ്ടിവന്നെന്നു ജിനോ പറയുന്നു.
ലാഭകരം
െഎസി എൻജിനുമായി താരതമ്യം ചെയ്താൽ ഈ എൻജിനു മെയിന്റനൻസും കുറവാണെന്നും ജിനോ പറയുന്നു. െഎസി എൻജിനെ ഇലക്ട്രിക് െഎസി എൻജിനാക്കി മാറ്റാൻ ഏകദേശം 40000 രൂപയോളം മതി. ഇതിൽ ബാറ്ററിക്കാണ് 35,000 രൂപയോളം വരുന്നത്. ഇതിലും നാല് സ്പീഡ് ഗിയർ ബോക്സ് തന്നെയാണ് നൽകിയിരിക്കുന്നത്. ഒരു വർഷത്തിനുമുകളിൽ സമയമെടുത്തു ഇതു നിർമിക്കാൻ.
സിഇടി കോളജിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് മുൻ ഡിപ്പാർട്മെന്റ് എച്ച്ഒഡി ഡോ. ഉഷാകുമാരിയാണ് ജിനോയുടെ പ്രവർത്തനങ്ങൾക്കു പൂർണ പിന്തുണ നൽകിയത്. ടീച്ചർതന്നെയായിരുന്നു റിസേർച്ച് ഗൈഡും. ഇടുക്കി ജില്ലയിലെ തൊടുപുഴ ഉടമ്പന്നൂരിൽ കുന്നത്തു വീട്ടിൽ ജോയ് തോമസിന്റെയും ത്രേസ്യാമ്മയുടെയും രണ്ടു മക്കളിൽ ഇളയവനാണ് ജിനോ. മൂത്ത സഹോദരൻ ജിബി ജോയ് തോമസ്.
English Summary: Electric Bike Developed From Kerala