കേരളത്തിൽ 12 എണ്ണം, രാജ്യത്ത് 200 മാത്രം, 45 ലക്ഷത്തിന്റെ ഒക്ടാവിയ ആർഎസ് 245: വിഡിയോ
Mail This Article
ചെക്ക് കമ്പനി സ്കോഡയ്ക്ക് ഇന്ത്യയിൽ അഡ്രസ് ഉണ്ടാക്കിക്കൊടുത്ത കാറാണ് ഒക്ടാവിയ. സ്കോഡയുടെ ഇന്ത്യയിലെ ആദ്യ കാറുകളിലൊന്നും ഈ ആഡംബര സെഡാനാണ്. നിലവിൽ ഏകദേശം 22 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഒക്ടാവിയുയുടെ ഒരു മോഡലിന്റെ ഓൺ റോഡ് വില 45 ലക്ഷം രൂപ!. ചെറു ബെൻസിന്റേയും ബിഎംഡബ്ല്യുവിന്റേയും വിലയുള്ള ഒക്ടാവിയയോ? ഈ വിലയ്ക്ക് ഈ കാർ ആരു വാങ്ങാനാ എന്നു കരുതുന്നത് മണ്ടത്തരമാകും കാരണം ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കകം തന്നെ ഇന്ത്യക്കായ് അനുവദിച്ച 200 കാറുകൾ വിറ്റുപോയി! വാങ്ങിയതിനെക്കാൾ ഏറെ നിരാശരായി പിൻമാറിയവർ. എന്നാൽ 45 ലക്ഷം രൂപയ്ക്ക് മാത്രം എന്താണ് ഈ കാറിലുള്ളത്?
ഒക്ടാവിയ ആർഎസ് 245
2011 ഓഗസ്റ്റിൽ ബോണ്‍വിൽ സ്പീഡ് വേയിൽ രണ്ടു ലീറ്റർ വരെ എൻജിൻ കപ്പാസിറ്റിയുള്ള കാറുകളിൽ ഏറ്റവും വേഗമുള്ള പ്രൊഡക്ഷൻ കാർ എന്ന റെക്കോർഡ് സ്കോഡ സ്വന്തമാക്കി. ഒക്ടാവിയ ആർഎസിലൂടെയായിരുന്നു അന്ന് ആ നേട്ടം സ്കോഡ കൈവരിച്ചത്. ആ കരുത്തന്റെ പിൻതുടർച്ചക്കാരനാണ് ഒക്ടാവിയ ആർഎസ് 245. എന്തുകൊണ്ടാണ് ചൂടപ്പംപോലെ ആ കാർ ഇന്ത്യയിൽ വിറ്റുപോയത് എന്ന് ഇപ്പോൾ മനസിലായിട്ടുണ്ടാകുമല്ലോ. നിലവിൽ ഒക്ടാവിയയുടെ ഏറ്റവും വേഗം കൂടിയ പതിപ്പാണ് ആർഎസ് 245. ട്രാക്കിലെ കിടിലൻ പെർഫോൻസ് റോഡിൽ തരുന്ന ഈ കരുത്തൻ ഇന്ത്യയിലെത്തിയാൽ വണ്ടിപ്രാന്തന്മാർ വിടുന്നതെങ്ങനെ?
ഒക്ടാവിയയുടെ ഈ കരുത്തൻ പരിവേഷത്തിന് യൂറോപ്പിൽ ആരാധകരേറെയാണ്. ഫോക്സ്‌വാഗൻ ഗോൾഫ് ജിടിഐയുടെ ഷാസിയിൽ നിർമിക്കപ്പെടുന്ന ഇവ ഒരു ഫാമിലി സ്പോർട്സ് കാർ എന്ന നിലയിലാണ് കണക്കാക്കുന്നത്. രണ്ടു വർഷം മുന്നേ ഇതിനു സമാനമായ ആർഎസ് 230 എന്ന വേർഷന്‍ സ്കോഡ വിപണിയിലെത്തിച്ചിരുന്നു. അന്ന് അതിന് 33 ലക്ഷം രൂപയായിരുന്നു വില, 245 എത്തിയപ്പോൾ വില 45 ലക്ഷമായി മാറി.
കാഴ്ചയിൽ ഒക്ടാവിയയോടെ വലിയ വ്യത്യാസമൊന്നു തോന്നില്ല. മനോഹരമായ ഒഴുക്കുള്ള രൂപം. ആഡംബരം നിറഞ്ഞ ഇന്റീരിയർ ബ്ലാക് തീമിലാണ് ഒരുക്കിയിരിക്കുന്നത്. റെഡ് സ്റ്റിച്ചിങ്ങുകളുള്ള സീറ്റുകൾ ഇന്റീരിയറിന് സ്പോർട്ടി ലുക്ക് നൽകുന്നു. ഫുള്ളി ഡിജിറ്റൽ ക്ലസ്റ്റാണ്.
എൻജിനാണ് മെയിൻ
ഔഡി ക്യൂഎസിലും പോർഷെ മകാനിലുമെല്ലാമുള്ള ഇഎ888, 2 ലീറ്റർ നാലു സിലണ്ടർ എൻജിനാണ് ആർഎസ് 245 ല്‍. 245 പിഎസ് കരുത്തും (േപരിലെ 245 അതാണ്) 370 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താൻ 6.41 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 250 കിലോമീറ്റർ. ആർഎസ് 230 നെ അപേക്ഷിച്ച് 7 സ്പീഡ് ഡ്യുവൽ ക്ലെച്ച് ഗിയർബോക്സാണ് ആർഎസ് 245 ൽ. ഇത്രയും കരുത്തുള്ള മുൻവീല്‍ ഡ്രൈവ് വാഹനമായതിനാൽ ഒരു പ്രത്യേക തരം ഇലക്ട്രോണിക് ഡിഫ്രൻഷ്യലും നൽകിയിട്ടുണ്ട്.
വലിയ ബ്രേക്കുകളും മികച്ച സസ്പെൻഷനും വേഗമേറിയ സ്റ്റിയറിങ്ങും കൂടിയാകുമ്പോൾ ഒക്ടാവിയ ആർഎസ് 245 ആ വിലയ്ക്കുള്ള പല ആഡംബര കാറുകളോടും മത്സരിക്കാൻ ശേഷിയുള്ള ഒന്നായി മാറി. ഇന്ത്യയില്‍ വെറും 200 എണ്ണം മാത്രം വിറ്റ ഈ കാറിന്റെ 12 എണ്ണം കേരളത്തിലുണ്ട്. എക്സ്ഷോറൂം വില 36 ലക്ഷം രൂപയുള്ള വാഹനം റോഡിലെത്തുമ്പോൾ 45 ലക്ഷം രൂപയാകൂം
English Summary: Know More Skoda Octavia RS 245