എന്തൊരു ചേലാണ് മാരുതി ഒമ്‌നിയുടെ ഇലക്ട്രികിന്, ആരും നോക്കി നിന്നുപോകും
Mail This Article
കഴിഞ്ഞ വര്‍ഷമാണ് ഒമ്‌നിയുടെ നിർമാണം മാരുതി അവസാനിപ്പിച്ചത്. ഇതോടെ മാരുതി ഒമ്‌നിയുടെ ഏതാണ്ട് 35 വര്‍ഷം നീണ്ട ഇന്ത്യന്‍ വാഹനവിപണിയിലെ സാന്നിധ്യത്തിന് കൂടിയാണ് അന്ത്യമായത്. പുതിയ വാഹനങ്ങള്‍ ഇറങ്ങുന്നില്ലെങ്കിലും നിരവധി പേര്‍ ഇപ്പോഴും ഒമ്‌നി ഉപയോഗിക്കുന്നുണ്ട്. പഴയ ഒമ്‌നിയെ പുത്തന്‍ വൈദ്യുതി വാഹനമായി അവതരിപ്പിച്ചിരിക്കുകയാണ് ഓട്ടോമൊബൈല്‍ ഡിസൈന്‍ വിദ്യാര്‍ഥിയായ ശശാങ്ക് ശേഖര്‍.
ഇന്ത്യന്‍ വിപണിയില്‍ എക്കാലത്തും തിരിച്ചുവരവിന് ശേഷിയുള്ള വാഹനങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ട് ഒമ്‌നി. അങ്ങനെയൊരു പ്രതീക്ഷയെ ഡിജിറ്റലായി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ശശാങ്ക് ശേഖര്‍ എന്ന വിദ്യാര്‍ഥി. കാഴ്ചയില്‍ മാത്രമല്ല സുരക്ഷയിലും ഒമ്‌നിയുടെ ഈ ഇവി മോഡലിന് ആവശ്യമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാവുമെന്നാണ് ശശാങ്കിന്റെ അവകാശവാദം. പുതിയ ഹെഡ്‌ലാംപുകളും എല്‍ഇഡി ലൈറ്റുകളും ഫോഗ് ലാംപുകളും ചതുരത്തിലുള്ള വീല്‍ ആര്‍ച്ചുകളും പുതുലുക്ക് നല്‍കുന്നുണ്ട്. കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും അടിഭാഗത്തെ കറുത്ത പെയിന്റുമാണ് ഈ ഡിസൈനിന് നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്ത് വൈപ്പറുകളും പിടിപ്പിച്ചിട്ടുണ്ട്.
ഇവി മാരുതി ഒമ്‌നിക്ക് പഴയ ഒമ്‌നിയെ അപേക്ഷിച്ച് വലുപ്പം കൂടുതലുണ്ട്. ഏതാണ്ട് 4000 മില്ലീമീറ്ററാണ് ഇവി മാരുതി ഒമ്‌നിയുടെ നീളം. വീതി 1735 മില്ലിമീറ്ററും ഉയരം 1860 മില്ലീമീറ്ററുമാണ്. വിപണിയില്‍ നിന്നും പിന്‍വലിച്ച മാരുതി ഒമ്‌നിക്ക് 3370 മില്ലീമീറ്ററാണ് നീളമുണ്ടായിരുന്നത്. 1410 മില്ലീമീറ്റര്‍ വീതിയും 1640 മില്ലീമീറ്റര്‍ ഉയരവും പഴയ ഒമ്‌നിക്കുണ്ടായിരുന്നു. പുതിയ രൂപത്തില്‍ ഒമ്‌നിയിലെ വിപണിയില്‍ അവതരിപ്പിച്ചാല്‍ ഏതാണ്ട് അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അണിയറയില്‍ പല കമ്പനികളും തങ്ങളുടെ പഴയ മോഡല്‍ വാഹനങ്ങളെ വൈദ്യുതി വാഹനങ്ങളാക്കി അവതരിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‌സ് ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു. ടാറ്റ സിയേറയെ സിയേറെ ഇ.വിയായാണ് ടാറ്റ തങ്ങളുടെ പവലിയനില്‍ അവതരിപ്പിച്ചത്. ഇന്ധനം വൈദ്യുതിയാക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഇന്നും നിരവധി പേരുടെ ഇഷ്ടവാഹനമായ ഒമ്‌നി വിപണിയിലേക്ക് തിരിച്ചെത്താന്‍ സാധ്യത ഏറെയാണ്.
English Summary: Maruti Omni Digitally Imagined As A Futuristic Electric Vehicle