ലീറ്റിന് 26 കി.മീ മൈലേജ്, ഏറ്റവും ഇന്ധനക്ഷമതയുള്ള ഡീസൽ കാറുകൾ
Mail This Article
ഇന്ധന വില ദിനംപ്രതി കൂടിയാണ്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നു. എത്ര ‘മൈലേജ്’ കിട്ടും എന്നതൊരു ചെറിയ ചോദ്യമല്ല. രാജ്യത്തെ ഏറ്റവും അധികം മൈലേജ് നൽകുന്ന ഡീസൽ കാറുകൾ ഏതൊക്കെയെന്ന് നോക്കാം. എആർഎഐ (Automotive Research Association of India) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയാണ് മാനദണ്ഡം.
ഹ്യുണ്ടെയ് ഗ്രാൻഡ് ഐ10 നിയോസ്
ഇന്ധനക്ഷമത ആഗ്രഹിക്കുന്നവർക്കു തിരഞ്ഞെടുക്കാവുന്ന മോഡൽ. റിയർ എസി വെന്റ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ, സൗകര്യപ്രദമായ ഇന്റീരിയർ, റിഫൈൻഡ് എൻജിൻ എന്നിവ സവിശേഷതകൾ. ഡീസൽ വേരിയന്റിലും എഎംടി ഓപ്ഷൻ ലഭ്യമാണ്.
ആദ്യ സർവീസ്– 2 മാസം / 1,500 കി,മീ
രണ്ടാം സർവീസ് – 1 വർഷം / 10,000 കിമീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് – ₨ 3,500
ഇന്ധനക്ഷമത ലീറ്ററിന് 26.20 കി.മീ
വില – ₨ 7.16–8.47 ലക്ഷം
ഹ്യുണ്ടെയ് ഐ20
സ്മൂത്ത്, ആൻഡ് എലഗന്റ്; പ്രീമിയം ഹാച്ച്ബാക്കുകളിൽ ടോപ് സ്റ്റാറായ ഐ20യെ ഇങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 7 ലക്ഷത്തിനടുത്ത് ആളുകളാണ് ഐ20 തിരഞ്ഞെടുത്തിരിക്കുന്നത്. 1.5 ലീറ്റർ, 4 സിലിണ്ടർ ഡീസൽ എൻജിൻ നൽകുന്ന മൈലേജ് 25.20 Km/l. കഴിഞ്ഞ വർഷമാണ് മൂന്നാം തലമുറ ഐ20 വിപണിയിലെത്തിയത്. ആദ്യ സർവീസ്– 2 മാസം / 1,500 കി.മീ
രണ്ടാം സർവീസ് – 1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് – 4,500 രൂപ
ഇന്ധനക്ഷമത ലീറ്ററിന് 25.20 കി.മീ
വില – ₨ 8.26 - 10.83 ലക്ഷം
ആൽട്രോസ് ഡീസൽ
പ്രീമിയം ഹാച്ച്ബാക്കുകളിൽ സൗന്ദര്യം കൊണ്ടും ഫീച്ചറുകളുടെ പെരുമ കൊണ്ടും ശ്രദ്ധയാകർഷിച്ച മോഡൽ ആണ് ആൽട്രോസ്. പെട്രോൾ, ഡീസൽ വേരിയന്റുകൾ ഉള്ള അപൂർവം ഹാച്ച്ബാക്ക്. കരുത്താർന്ന ബോഡിയും ആൽട്രോസിന്റെ പ്രത്യേകതയായി പറയാം. ഡീസൽ മോഡലുകൾ എടുത്താൽ ഇന്ധനക്ഷമതയിലും ആൽട്രോസ് മുന്നിൽത്തന്നെ. 5 വർഷത്തെ റണ്ണിങ് കോസ്റ്റ് നോക്കുകയാണെങ്കിൽ അനൗദ്യോഗിക കണക്കനുസരിച്ച് ഡീസൽ മോഡലിന് പെട്രോൾ വേരിയന്റിനെക്കാൾ ₨ 34,780 ലാഭമുണ്ട്.
ആദ്യ സർവീസ് – 2 മാസം / 2,000 കി.മീ
രണ്ടാം സർവീസ് – 6 മാസം / 7,500 കി.മീ
മൂന്നാം സർവീസ് – 1 വർഷം / 1,5000
1 വർഷത്തേക്കു സർവീസ് ചെലവ് ₨ 3,600
ഇന്ധനക്ഷമത ലീറ്ററിന് 25.11 കി.മീ
വില – ₨ 7.02 – 9.03 ലക്ഷം
ഹ്യുണ്ടെയ് വെർണ
പെർഫോമൻസ്, ലക്‌ഷ്വറി, സ്റ്റൈൽ എന്നിവയിൽ സെഗ്‌മെന്റിലെ ലീഡിങ് താരം. മികച്ച മൈലേജും 1.5 ലീറ്റർ ടർബോ എൻജിന്റെ കരുത്തും പ്രത്യകം എടുത്തു പറയണം. ലോങ് ഡ്രൈവുകൾക്കു മികച്ച തോഴൻ. ഡീസൽ വേരിയന്റിൽ ഓട്ടമാറ്റിക്, മാന്വൽ ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്.
ആദ്യ സർവീസ്– 2 മാസം / 1,500 കി.മീ
രണ്ടാം സർവീസ് – 1 വർഷം അല്ലെങ്കിൽ 10,000 കിമീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് – ₨ 5,000
നിലവിലെ ഡീസൽ വില – ₨ 85.22
വില – ₨ 10.82 - 15.30 ലക്ഷം
ഹ്യുണ്ടെയ് ഓറ
ഡീസൽ കാറുകളിൽ ഇന്ധനക്ഷമതയിൽ മുന്നിലാണ് ഹ്യുണ്ടെയ് ഓറ. സബ് 4 മീറ്റർ എൻട്രി ലെവൽ സെഡാൻ. പുതുമയുള്ള ഡിസൈൻ, സ്പേഷ്യസ് ഇന്റീരിയർ തുടങ്ങിയവയാണ് സവിശേഷതകൾ. റിഫൈൻഡ് 1.2 ലീറ്റർ എൻജിൻ. എഎംടി ഉൾപ്പെടെ നാലു വേരിയന്റുകൾ ഡീസൽ മോഡലിൽ ലഭ്യമാണ്.
ആദ്യ സർവീസ്– 2 മാസം/1,500 കി,മീ
രണ്ടാം സർവീസ് – 1 വർഷം / 10,000 കിമീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് – ₨ 3,500
ഇന്ധനക്ഷമത ലീറ്ററിന് 24.90 കി.മീ
വില – ₨ 7.95 - 9.22 ലക്ഷം
ഹോണ്ട അമേസ്
ചതുരവടിവിലേക്കു മാറിയിറങ്ങിയ അമേസ് ആണ് ഹോണ്ടയുടെ വിൽപനഗ്രാഫ് ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ദീർഘദൂരയാത്രയ്ക്ക് ഏറെ ചേർന്നതാണ്. ചെറിയ സെഡാൻ ആണെങ്കിലും ഉള്ളിൽ സ്ഥലസൗകര്യത്തിനു കുറവില്ല.
ആദ്യ സർവീസ് – 1 മാസം / 1,000 കി.മീ
രണ്ടാം സർവീസ് – 6 മാസം / 5,000 കി,മീ
മൂന്നാം സർവീസ്–1 വർഷം 10,000 കി.മീ
സർവീസ് ചെലവ് ₨ 2,455
ഒരു വർഷത്തേക്കു സർവീസ് ചെലവ് - ₨ 2,455
നിലവിലെ ഇന്ധനവില – ₨ 85.22
വില – ₨ 7.73 - 9.99 ലക്ഷം
ഫോഡ് ഫിഗോ
നല്ല യാത്രാസ്ഥിരതയുള്ള, യാത്രാസുഖമുള്ള ഹാച്ച്ബാക്ക്. ആസ്റ്റൺ മാർട്ടിൻ ടൈപ് ഗ്രില്ലും മറ്റു രൂപഭംഗികളുമായി എത്തിയ ഫിഗോയിൽ ദീർഘയാത്ര സുഖകരമാണ്. പെട്രോൾ ഡീസൽ മോഡലുകളുണ്ട്. ഫോഡിന്റെ വെബ്സൈറ്റിൽ സർവീസ് ചെലവു കണക്കുകൂട്ടിനോക്കാം. വളരെ സുതാര്യമായ സർവീസ് സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട് കമ്പനി.
ആദ്യ സർവീസ് – 3 മാസം / 2,500 കി.മീ
രണ്ടാം സർവീസ് - 1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 2,180
ഇന്ധനക്ഷമത ലീറ്ററിന് 24.40 കി.മീ
വില – ₨ 7.98 – 8.43 ലക്ഷം
ഹോണ്ട സിറ്റി
കുലീനതയുള്ള വാഹനം എന്നാണ് ഹോണ്ട സിറ്റിക്കുള്ള വിശേഷണം. കറ്റാന വാളിന്റെ രൂപത്തിൽനിന്നു പ്രചോദിതമായ ഡിസൈനും ഒന്നാന്തരം ഇന്റീരിയറും ചേർന്നപ്പോൾ അഞ്ചാം തലമുറ സിറ്റിയും ആ ഗണത്തിൽത്തന്നെയുണ്ട്. ഡീസൽ മോഡൽ സിറ്റിക്ക് ഉഗ്രൻ ഇന്ധനക്ഷമതയുമുണ്ട്. എൻട്രിലെവൽ പ്രീമിയം സെഗ്‌മെന്റ് സെഡാനുകളിൽ ഇപ്പോഴും മുന്നിലാണ് ഹോണ്ട സിറ്റി.
ആദ്യ സർവീസ് – 1 മാസം / 1,000 കി.മീ
രണ്ടാം സർവീസ് – 6 മാസം / 5,000 കി,മീ
മൂന്നാം സർവീസ്–1 വർഷം 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് - ₨ 3,235
ഇന്ധനക്ഷമത ലീറ്ററിന് 24.10 കി.മീ
വില – ₨ 12.68 - 14.99 ലക്ഷം
കിയ സോണറ്റ്
ചുരുങ്ങിയ കാലം കൊണ്ടു ചെറിയ എസ്‌യുവികളിലെ താരമായി മാറിയ വാഹനമാണു കിയ സോണറ്റ്. സെൽറ്റോസ് എന്ന എസ്‌യുവിയുടെ തൊട്ടുതാഴെയാണു സോണറ്റിന്റെ സ്ഥാനം. കിയയുടെ ഡീസൽ വേരിയന്റ് ഹാച്ച്ബാക്കുകൾക്കു തുല്യമായ ഇന്ധനക്ഷമതയാണു നൽകുന്നത്.
ആദ്യ സർവീസ് – 1 മാസം / 1,000 കിമീ
രണ്ടാം സർവീസ് – ആറ് മാസം / 5,000 കിമീ
മൂന്നാം സർവീസ് – 1 വർഷം / 10,000 കിമീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് - ₨ 3,500
ഇന്ധനക്ഷമത ലീറ്ററിന് 24.10 കി.മീ
വില – ₨ 8.31 –13.29 ലക്ഷം
ഹോണ്ട ഡബ്ല്യു ആർവി
ചെറു എസ് യുവികളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന ഹോണ്ട ഡബ്ല്യുആർവി ഒന്നാന്തരം ഇന്ധനക്ഷമതയും നൽകുന്ന മോഡൽ ആണ്. ഉയർന്ന രൂപവും ഹാച്ച്ബാക്കിന്റെ ഒതുക്കവും ചേർന്നതാണ് ഡബ്ല്യുആർവി.
ആദ്യ സർവീസ് – 1 മാസം / 1,000 കി.മീ
രണ്ടാം സർവീസ് – 6 മാസം / 5,000 കി,മീ
മൂന്നാം സർവീസ് – 1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് - ₨ 3,143
ഇന്ധനക്ഷമത ലീറ്ററിന് 23.70 കി.മീ
വില – ₨ 9.99 - 11.13 ലക്ഷം