ബ്രാൻസന്റെ ബഹിരാകാശക്കുതിപ്പ്; ഭൂമിയിൽ കൂട്ടായത് ലാൻഡ് റോവർ
Mail This Article
മനുഷ്യനെ ബഹിരാകാശത്തേക്കെത്തിച്ച ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടം വിര്‍ജിന്‍ ഗലാക്റ്റിക് സ്വന്തമാക്കിക്കഴിഞ്ഞു. ബഹിരാകാശത്ത് പുതു ചരിത്രം രചിച്ച സര്‍ റിച്ചാര്‍ഡ് ബ്രാൻസന്റെ കമ്പനിയുടെ ഭൂമിയിലെ കൂട്ട് ലാൻഡ് റോവറാണ്. ബഹിരാകാശ യാനം കെട്ടിവലിച്ചുകൊണ്ടുപോവുക, സഞ്ചാരികളെ ബഹിരാകാശ യാനത്തിലേക്കും തിരിച്ചും എത്തിക്കുക, റണ്‍വേ പരിശോധന നടത്തുക തുടങ്ങി പല ജോലികളും നിര്‍വഹിക്കുന്നത് ലാൻഡ് റോവര്‍ വാഹനങ്ങളാണ്. 2014 ഏപ്രില്‍ മുതല്‍ ആരംഭിച്ചതാണ് വിര്‍ജിന്‍ ഗലാക്റ്റിക്കും ലാൻഡ് റോവറും തമ്മിലുള്ള സഹകരണം.
നാലു മിഷന്‍ സ്‌പെഷലിസ്റ്റുകളും രണ്ട് പൈലറ്റുമാരുമാണ് സ്‌പേസ്ഷിപ്പ് ടുവിന്റെ കന്നി ബഹിരാകാശ ദൗത്യത്തിലുണ്ടായിരുന്നത്. അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുള്ള ബഹിരാകാശതാവളത്തില്‍ നിന്നായിരുന്നു സ്‌പേസ്ഷിപ് ടു പറന്നുയര്‍ന്നത്. റേഞ്ച് റോവര്‍ ആസ്ട്രനോട്ടിലായിരുന്നു നിര്‍ണായക യാത്രയ്ക്കുവേണ്ടി റിച്ചാര്‍ഡ് ബ്രാന്‍സൻ എത്തിയത്. ബഹിരാകാശയാത്രയ്ക്കു ശേഷം സുരക്ഷിതമായി ഭൂമിയിലെത്തിയ ബ്രാന്‍സനെയും സംഘത്തെയും ലാൻഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 ലാണ് കൊണ്ടുപോയത്.
‘മനുഷ്യന്റെ സാഹസിക സ്വപ്‌നങ്ങളെ പുതിയ തലത്തിലേക്കെത്തിക്കുകയാണ് വിര്‍ജിന്‍ ഗലാക്റ്റിക് ചെയ്തിരിക്കുന്നത്. അവരുടെ ഈ പ്രത്യേക ദൗത്യത്തില്‍ സഹകരിക്കാന്‍ സാധിച്ചതില്‍ ലാൻഡ് റോവര്‍ അഭിമാനിക്കുന്നു. ഈ സഹകരണം ഭാവിയിലും തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ എന്നായിരുന്നു ജാഗ്വര്‍ ആൻഡ് ലാൻഡ് റോവര്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റും സിഇഒയുമായ ജോ എബര്‍ഹാര്‍ത്ത് പ്രതികരിച്ചത്. 600 ഓളം പേരാണ് ബഹിരാകാശ യാത്ര സ്വപ്‌നം കണ്ട് വിര്‍ജിന്‍ ഗലാക്റ്റിക്കില്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത്.
2014 ഏപ്രിലിലാണ് ലാൻഡ് റോവറും വിര്‍ജിന്‍ ഗലാക്റ്റിക്കും ആദ്യമായി സഹകരിക്കുന്നത്. വിര്‍ജിന്‍ ഗലാക്റ്റിക്കിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് എസ്‌യുവികള്‍ നല്‍കുമെന്നായിരുന്നു കരാര്‍. ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുമ്പുള്ള റണ്‍വേകളുടെ പരിശോധന, യാത്രികരെ സ്‌പേസ്ഷിപ് ടുവിലേക്കും തിരിച്ചും എത്തിക്കുക, ബഹിരാകാശയാനത്തെ കെട്ടിവലിച്ച് യഥാസ്ഥാനത്തെത്തിക്കുക തുടങ്ങി നിരവധി നിർമായക ചുമതലകള്‍ക്ക് ലാൻഡ് റോവര്‍ വാഹനങ്ങളെയാണ് വിര്‍ജിന്‍ ഗലാക്റ്റിക് ഉപയോഗിക്കുന്നത്.
റേഞ്ച് റോവര്‍ ആസ്ട്രനോട്ട് 2019 ല്‍ പുറത്തിറക്കിയത് റിച്ചാര്‍ഡ് ബ്രാന്‍സനും ലാൻഡ് റോവര്‍ സിസിഒ മക്‌ഗവേണും ചേര്‍ന്നായിരുന്നു. വിര്‍ജിന്‍ ഗലാക്റ്റിക്കിന്റെ ഭാവിയിലെ ബഹിരാകാശ യാത്രികര്‍ക്കു സഞ്ചരിക്കുന്നതിന് വേണ്ടി മാത്രമായി നിർമിച്ച ലാൻഡ് റോവറാണിത്. പരസ്പര സഹകരണം 2024 വരെ നീട്ടാനും അടുത്തിടെ ഇരു കമ്പനികളും തീരുമാനിച്ചിരുന്നു. വിര്‍ജിന്‍ ഗലാക്റ്റിക്കിന്റെ സ്‌പേസ്ഷിപ്പ്ത്രീയുടെ പ്രഖ്യാപനം നടത്തിയ വേളയിലായിരുന്നു ഇരുകമ്പനികളും സഹകരണം നീട്ടാനും തീരുമാനമെടുത്തത്. ഈ വര്‍ഷം തന്നെ സ്‌പേസ്ഷിപ്പ്ത്രീയുടെ പരീക്ഷണപ്പറക്കല്‍ നടക്കുമെന്നാണ് സൂചന.
English Summary: Land Rover Defender supports Virgin Galactic's First Fully Manned Flight