ടെസ്ലയുമായി മത്സരിക്കാൻ വിയറ്റ്നാമിൽ നിന്ന് വിൻഫാസ്റ്റ് യുഎസിലേക്ക്
Mail This Article
വിൻഫാസ്റ്റ്; നമ്മുടെ കെഎസ്ആർടിസി ബസ് ഡിപ്പോകളിൽ സുലഭമായി കാണുന്ന ‘സൂപ്പർ ഫാസ്റ്റ്’, നമ്മൾ റസ്റ്ററന്റുകളിൽ ചെല്ലുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ‘മെയ്ക്ക് ഇറ്റ് ഫാസ്റ്റ്’, നമ്മുടെ മേലുദ്യോഗസ്ഥർ മിക്കപ്പോഴും ഗർജിക്കുന്ന ‘ഫിനിഷ് ഇറ്റ് ഫാസ്റ്റ്’ എന്നിവ പോലെയൊരു ഫാസ്റ്റേ അല്ല വിൻഫാസ്റ്റ്. വിയറ്റ്‌നാമിലെ ആദ്യത്തെ തദ്ദേശീയ കാർ നിർമാതാവാണു വിൻഫാസ്റ്റ്. വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരൻ പ്ഫാം നാറ്റ് വോങ് ഉടമയായ വിൻ ഗ്രൂപ്പിന്റെ കീഴിലുള്ള വാഹന നിർമാണ കമ്പനിയാണിത്.
വിൻഫാസ്റ്റ് ഇപ്പോൾ വാർത്തയിൽ നിറയുന്നത് അവരുടെ സമീപകാലത്തെ പ്രഖ്യാപനം കൊണ്ടാണ്. 2017ൽ വിയറ്റ്നാമിൽ പ്രവർത്തനം തുടങ്ങിയ കമ്പനി അടുത്ത ഒരു വർഷത്തിനുള്ളിൽ അവരുടെ ഇലക്ട്രിക് കാറുകളുമായി യുഎസിൽ എത്തുമെന്നായിരുന്നു പ്രഖ്യാപനം. അവിടം കൊണ്ടു തീർന്നില്ല. കാനഡ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സ്വിറ്റ്സർലാൻഡ്, സ്പെയിൻ, ഇറ്റലി, ഓസ്ട്രിയ, സ്വീഡൻ, റഷ്യ, പോളണ്ട്, ബെൽജിയം, ഓസ്ട്രേലിയ, ഡെൻമാർക്ക്, നോർവേ എന്നീ വിപണികളിലേക്കും വിൻഫാസ്റ്റ് പ്രവേശിക്കുമെന്നും അതിനായി ഈ രാജ്യങ്ങളിലെല്ലാം ഓഫിസുകൾ തുറന്നിട്ടുണ്ടെന്നും കഴിഞ്ഞ മാസം കമ്പനി അറിയിച്ചു.
രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാതാവാകുകയാണ് വിൻഫാസ്റ്റിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ എല്ലാ കാറുകളും വിയറ്റ്നാമിൽ തന്നെ നിർമിക്കും. 2022 പകുതിയോടെ വിഎഫ് ഇ35, വിഎഫ് ഇ36 എന്നീ മോഡലുകൾ ആയിരിക്കും ഈ യൂറോപ്യൻ – അമേരിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കുക. ഇതിൽ ഏതു മാർക്കറ്റിൽ ഏതു വണ്ടി എപ്പോൾ എത്തുമെന്നൊന്നും ഇപ്പോൾ വ്യക്തമാക്കിയിട്ടില്ലെന്നു മാത്രം. ഇതിൽ ഇ36 മീഡിയം സൈസ് എസ്‌യുവി ആണ്. ഇ35 ഒരു ക്രോസ്ഓവർ എസ്‌യുവിയും ആയിരിക്കും.
യൂറോപ്യൻ, അമേരിക്കൻ വിപണികളെ മനസ്സിൽ കണ്ടു തന്നെ പുറത്തിറക്കുന്ന വാഹനങ്ങൾ ആയിരിക്കും ഇവ. ടെസ്‌ല – ബിഎംഡബ്ല്യൂ – ടൊയോട്ട – ഹോൾഡൻ (ജിഎം ഓസ്ട്രേലിയ) എന്നിങ്ങനെ ലോകത്തിലെ വൻശക്തികളായ വാഹനനിർമാതാക്കളുടെ കീഴിൽ ജോലി ചെയ്തിരുന്ന ടെക്നീഷ്യൻമാരെ റിക്രൂട്ട് ചെയ്താണു വിൻഫാസ്റ്റ് കളിക്കാൻ ഇറങ്ങിയിരിക്കുന്നത്. അപ്പോൾ രണ്ടും കൽപ്പിച്ചു തന്നെയാണു കക്ഷികൾ...
ഇരുചക്രവാഹനം മുതൽ ലോറിയും ബസും വരെ നിർമിക്കുന്നതിനു പദ്ധതിയുള്ള വിൻഫാസ്റ്റിനു നിലവിൽ കാറുകളുടെയും സ്കൂട്ടറുകളുടെയും നിർമാണത്തിലാണു ശ്രദ്ധ. സ്കൂട്ടറുകൾ എല്ലാം തന്നെ ഇലക്ട്രിക് ആണ്. അതിനാൽ തന്നെ ഇലക്ട്രിക് വാഹന നിർമാണത്തിൽ അത്ര ശൈശവ സ്ഥിതിയിലുള്ള സ്ഥാപനമൊന്നും അല്ല വിൻഫാസ്റ്റ് എന്ന് ഉറപ്പിക്കാം. ഇപ്പോൾ ആഭ്യന്തര വിപണിയിൽ ഇറക്കിയിരിക്കുന്ന ഇ34 എന്ന ചെറിയ ക്രോസോവർ ഇലക്ട്രിക് എസ്‌യുവിയും ഇവരുടെ രാജ്യാന്തര പദ്ധതികൾക്കു ശക്തി പകരുന്നതിനുകൂടിയാണു വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് നെക്സോണിനെക്കാൾ വലുപ്പം കൊണ്ടും ശേഷി കൊണ്ടും നേരിയ മേൽക്കൈ ഉള്ള വാഹനമാണ് വിൻഫാസ്റ്റ് വിഎഫ് ഇ34.
എന്നാൽ റേഞ്ച് സമാനമാണ് – ഒരു ചാർജിൽ 300 കിലോമീറ്റർ. പിനിൻഫരീന സ്റ്റുഡിയോ ആണ് ഇതിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. എന്നിട്ടും ചൈനീസ് കാറുകളുടെ ഡിസൈനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതുപോലെയാണു രൂപം. നെക്സോൺ ഇവിയുടെ വിലയെക്കാൾ ഒരു ലക്ഷം രൂപ മാത്രമാണ് വിയറ്റ്നാമിൽ ഇ34 സ്വന്തമാക്കാൻ നൽകേണ്ടത്: 22 ലക്ഷം രൂപ (ഏകദേശം 30000 ഡോളർ).
യുഎസ് വിപണിയിൽ പ്രവേശിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോയിൽ ഗവേഷണ കേന്ദ്രം തുറന്നതിനൊപ്പം കാലിഫോർണിയയിൽ വാഹനപരീക്ഷണം നടത്താനുള്ള അനുമതിയും വിൻഫാസ്റ്റ് നേടിയിട്ടുണ്ട്. അതും ചെറിയ അനുമതിയല്ല, സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങൾ പരീക്ഷിക്കാൻ ആണ് അനുമതി നേടിയിരിക്കുന്നത്. അതിനാൽ തന്നെ ഇവരുടെ വാഹനത്തിൽ ഇത്തരം ഫീച്ചറുകൾ ഇടം പിടിക്കാനും സാധ്യതയുണ്ടെന്ന് അനുമാനിക്കാം. ഇലക്ട്രിക് വാഹന നിർമാണത്തിൽ മേൽക്കൈ നേടാൻ ആഗ്രഹിക്കുന്ന എല്ലാ രാജ്യാന്തര വാഹന നിർമാതാക്കൾക്കും പേടിസ്വപ്നമാകും വിൻഫാസ്റ്റ്, മികച്ച വാഹനം വിലക്കുറവിൽ പുറത്തിറക്കിയാൽ. നിലവിലെ അവസ്ഥയിൽ ഔഡിയും ടെസ്‌ലയും ആയിരിക്കും വിൻഫാസ്റ്റിനെ ഭയപ്പെടേണ്ടി വരിക.
വിൻഹോംസ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി, വിൻസ്മാർട് എന്ന സ്മാർട്ഫോൺ കമ്പനി, വിൻകോം എന്ന ഷോപ്പിങ് മാൾ കമ്പനി, വിൻപേൾ എന്ന റിസോർട്ട് കമ്പനി, വിൻസ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപന ചെയിൻ, വിൻവണ്ടേഴ്സ് എന്ന അമ്യൂസ്മെന്റ് പാർക്ക് കമ്പനി, വിൻമെക് എന്ന ആശുപത്രി ശൃംഘല, വിൻ യൂണിവേഴ്സിറ്റി എന്ന സർവകലാശാല, വിൻകൊമേഴ്സ് എന്ന സൂപ്പർ മാർക്കറ്റ് ചെയിൻ എന്നിവയുടെ ഉടമകളായ വിൻ ഗ്രൂപ്പ് വിയറ്റ്നാമിലെ ‘വളർന്നുവരുന്ന ഒരു ടാറ്റ’ ആണ്. അവരുടെ ഏറ്റവും പുതിയ സംരംഭങ്ങളിലൊന്നാണ് വിൻഫാസ്റ്റ് എന്ന വാഹന ബ്രാൻഡ്. അതിനാൽ തന്നെ ഗ്രൂപ്പിന്റെ ബദ്ധശ്രദ്ധ ഈ ബ്രാൻഡിന്റെ വികസനത്തിൽ ഉള്ളത് ഉപഭോക്താക്കൾക്കു ഗുണകരവുമാണ്.
2017ൽ ഇറ്റാലിയൻ ഡിസൈൻ സ്ഥാപനമായ പിനിൻഫരീന (ഇപ്പോൾ നമ്മുടെ മഹീന്ദ്രയുടെ കയ്യിൽ ഉള്ള...), ജർമനിയിലെ ബിഎംഡബ്യൂ, ഓസ്ട്രിയൻ വാഹനനിർമാതാവായ മാഗ്ന സ്റ്റെയർ എന്നിവയുമായി സഹകരണത്തിൽ ഏർപ്പെട്ടാണു വിൻ ഗ്രൂപ്പ് വിൻഫാസ്റ്റ് ആരംഭിക്കുന്നത്. എല്ലാത്തരം വാഹനങ്ങളും നിർമിച്ചു വിൽക്കുക തന്നെയായിരുന്നു തുടക്കം മുതൽ ഇവരുടെ ലക്ഷ്യം. നിലവിൽ ആഭ്യന്തര വിപണിക്കായി ഇലക്ട്രിക് ബസ് നിർമിക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നു.
വിയറ്റ്നാമിൽ പെട്രോൾ എൻജിനുള്ള വാഹനങ്ങളും വിൻഫാസ്റ്റ് പുറത്തിറക്കുന്നുണ്ട്. ഫാദിൽ എന്ന ചെറുകാർ, ലക്സ് എ2.0 എന്ന ആഡംബര സെഡാൻ, ലക്സ് എസ്എ2.0 എന്ന ക്രോസ്ഓവർ എസ്‌യുവി, പ്രസിഡന്റ് എന്ന പെർഫോമൻസ് എസ്‌യുവി എന്നിവയാണ് അവ. ഫാദിൽ ഷെവ്രലെ സ്പാർക്കിന്റെ വിൻഫാസ്റ്റ് രൂപമാണ്. നമ്മുടെ നാട്ടിൽ ഷെവ്രലെ ഉണ്ടായിരുന്ന കാലത്തു പുറത്തിറക്കിയിരുന്ന ബീറ്റിന്റെ അടുത്ത തലമുറയാണിത്. ലക്സ് എ2.0 എന്ന ആഡംബര സെഡാൻ മുൻ തലമുറ ബിഎംഡബ്യൂ 5 സീരിസിന്റെയും ലക്സ് എസ്എ2.0 എക്സ് 5ന്റെയും വിൻഫാസ്റ്റ് രൂപഭേദങ്ങളാണ്. ലക്സ് എസ്എ2.0 എസ്‌യുവിയിൽ 6200 സിസി വി8 എൻജിൻ വച്ച മോഡലാണ് പ്രസിഡന്റ് എസ്‌യുവി. 420 ബിഎച്ച്പിയാണ് ശക്തി. ജനറൽ മോട്ടോഴ്സിന്റെയും ബിഎംഡബ്യൂവിന്റെയും എൻജിനുകൾ ആണ് വിൻഫാസ്റ്റ് നിലവിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സും പ്രീമിയർ ലിമിറ്റഡും പയറ്റിയ തന്ത്രം ആണ് ഇത്. അതു കുറച്ചുകൂടി അത്യാധുനികമായും പണമിറക്കിയും പയറ്റുകയാണു വിൻഫാസ്റ്റ്.
എന്നാൽ, രാജ്യാന്തരതലത്തിൽ മേൽക്കൈ നേടണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമുള്ള വിൻഫാസ്റ്റിന്റെ ആഗ്രഹത്തിനു ചീറ്റപ്പുലിയുടെ വേഗമാണ് എന്നതുകൂടി അവരുടെ വ്യത്യസ്തതയാണ്.
പിറ്റ്സ്റ്റോപ്പ് – വിൻഫാസ്റ്റിലെ ‘വിൻ’ വിയറ്റനാമിനെത്തന്നെ പ്രതിനിധീകരിക്കുന്നു. അഴക്, സുരക്ഷ, സർഗാത്മകത, മാർഗം തെളിക്കുന്നത് എന്നീ അർഥങ്ങൾ വരുന്ന വിയറ്റ്‌നമീസ് വാക്കുകളുടെ ആദ്യ അക്ഷരങ്ങൾ ഇംഗ്ലിഷിൽ ആക്കുമ്പോൾ കിട്ടുന്ന വാക്കാണ് ‘ഫാസ്റ്റ്’. രണ്ടും കൂടി ചേർക്കുമ്പോൾ ‘വിൻഫാസ്റ്റ്’.
English Summary: Vietnam's VinFast starts operations in North America and Europe