പറഞ്ഞാൽ കേൾക്കുന്ന എസ്‍യുവി, ഫീച്ചറുകളാൽ സമ്പന്നം: എംജി ആസ്റ്റർ
Mail This Article
പറഞ്ഞാൽ അനുസരിക്കുകയും തിരിച്ചു മറുപടി പറയുകയും ചെയ്യുന്ന വാഹനം. കുറച്ചു നാളുകൾക്കു മുമ്പു വരെ സയൻസ് ഫിക്‌ഷൻ സിനിമകളില്‍ മാത്രം കാണാൻ പറ്റുന്ന കാഴ്ചയായിരുന്നു അത്. ചലച്ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ ആ സാങ്കേതികവിദ്യ കണ്ട് അമ്പരന്നിട്ടുണ്ടെങ്കിൽ എംജിയുടെ ഈ കാറിൽ കയറിയാൽ ആ അദ്ഭുതം യാഥാർഥ്യമാകുന്നതു കാണാം. എഐ സാങ്കേതിക വിദ്യയുമായി ചെറു എസ്‍യുവി സെഗ്‌മെന്റിലേക്ക് ആദ്യമെത്തുന്ന വാഹനമാണ് ആസ്റ്റർ
∙ ബുദ്ധിയുള്ള കാർ: നമ്മുടെ പഴ്സനൽ അസിസ്റ്റന്റ് ആയി പ്രവർത്തിക്കാൻ കാറിന്റെ ഡാഷ്ബോർഡിൽ ഒരു കുഞ്ഞൻ റോബട്ട്. ഡാഷ്ബോർഡിൽ നമ്മളിൽ പലരും വയ്ക്കാറുള്ള ദൈവപ്രതിമകളുടെ സ്ഥാനത്ത് ആസ്റ്ററിൽ ഈ റോബോട്ടാണ്. യുഎസ് കമ്പനിയായ സ്റ്റാർ ഡിസൈൻ രൂപപ്പെടുത്തിയ റോബട്ട് മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടിയാണ് നമ്മോടു പ്രതികരിക്കുക. സംസാരിക്കുന്ന ആളുടെ ദിശയിലേക്കു തലതിരിക്കുകയും ചെയ്യും. സാധാരണ വോയ്സ് അസിസ്റ്റന്റുകൾ പോലെ സ്ത്രീശബ്ദത്തിലാണ് എംജിയുടെ റോബട്ട് സംസാരിക്കുക. കൂടാതെ പാട്ട് കേൾപ്പിക്കും, തമാശ പറയും, വിക്കിപീഡിയ നോക്കി നമ്മുടെ സംശയങ്ങൾ തീർക്കും, വാർത്തകൾ വായിച്ചു കേൾപ്പിക്കും. പിന്നെയോ, കാറിന്റെ കാര്യങ്ങളും നോക്കും. സൺറൂഫ് തുറക്കാൻ പറഞ്ഞാൽ അത്, നാവിഗേഷൻ വേണമെങ്കിൽ അത്. ഇതെല്ലാം അടക്കം ഏകദേശം 80 കണക്ടഡ് കാർ ഫീച്ചറുകളാണ് ആസ്റ്ററിലുള്ളത്.
∙ ഫോൺ തന്നെ താക്കോൽ: വാഹനത്തിന്റെ താക്കോൽ മറന്നുവച്ചാൽ ഇനി പേടിക്കണ്ട. ഫോൺ തന്നെ താക്കോലാക്കാം. ഡിജിറ്റൽ കീ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ വാഹനം തുറക്കാനും അടയ്ക്കാനും മാത്രമല്ല. ഡ്രൈവ് ചെയ്യാനും സാധിക്കും. (പക്ഷേ ഈ ഫീച്ചർ സ്ഥിരമായി ഉപയോഗിക്കരുതെന്ന് എംജി തന്നെ പറയുന്നു, ഫോണിന്റെ ചാർജ് തീർന്ന് വാഹനം വഴിയിലാകരുതല്ലോ).
∙ ജിയോ സിം: 4 ജി ജിയോ സിം ഉപയോഗിച്ചുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് ആസ്റ്ററിൽ ഉപയോഗപ്പെടുത്തുന്നത്
∙ ലെവൽ 2 എഡിഎഎസ്: യാത്ര സുരക്ഷിതമാക്കുന്നതിനായി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം. സെഗ്‌മെന്റിൽത്തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഫീച്ചർ. അഡ്വാൻസ്ഡ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, ലൈൻ കീപ്പ് അസിസ്റ്റ്, ലൈൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്‌ഷൻ സിസ്റ്റം, സ്പീഡ് അസിസ്റ്റ് തുടങ്ങിയ 14 ഓട്ടണമസ് സംവിധാനങ്ങൾ അടങ്ങിയതാണ് ഈ സിസ്റ്റം. കൂടാതെ ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ്, നാലു വീലിലും ഡിസ്ക് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, കോർണറിങ് അസിസ്റ്റ് ഫോഗ് ലാംപ്, ഇലക്ട്രിക് പാർക്ക് ബ്രേക്ക് തുടങ്ങിയവയുമുണ്ട്.
∙ സ്പോർട്ടി എസ്‍യുവി: എംജിയുടെ ഇലക്ട്രിക് എസ്‍യുവി സിഎസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. 4323 എംഎം നീളം, 1809 എംഎം വീതി, 1650 എംഎം ഉയരം. സ്പോർട്ടി ലുക്കുള്ള സെലസ്റ്റിയൽ ഗ്രില്ലാണ് മുന്നിൽ. ചെറിയ എൽഇഡി ഹെഡ്‌ലാംപും സ്റ്റൈലൻ ഡേടൈം റണ്ണിങ് ലാംപുകളുമുണ്ട്. ഡയമണ്ട് പതിപ്പിച്ചതുപോലുള്ള എൽഇഡി ലൈറ്റുകളുമുണ്ട് ലാംപിനുള്ളിൽ. ടർബൈൻ ആകൃതിയിലുള്ള 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കാറിൽ; കൺപുരികത്തിന്റെ ആകൃതി പോലുള്ള ചെറിയ ടെയിൽ ലാംപും. ബൂട്ടിന്റെ ലോക്ക് എംജിയുടെ ലോഗോയിൽ ഒളിപ്പിച്ചിരിക്കുന്നു.
∙ പ്രീമിയം: സെഗ്‌മെന്റിലെ ഏറ്റവും പ്രീമിയം ഇന്റീരിയറുള്ള വാഹനങ്ങളിലൊന്നാണ് ആസ്റ്റർ. ഡ്യുവൽ ടോൺ ഇന്റീയറിന്റെ മാറ്റ് കൂട്ടുന്നു. 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമെല്ലാമുണ്ട്. ജിയോ സിമ്മിന്റെ കൂടെ പാട്ടുകേൾക്കാൻ ജിയോ സാവൻആപ്പും നൽകിയിട്ടുണ്ട്. മാപ്പ് മൈ ഇന്ത്യയാണ് വാഹനത്തിന് വഴികാട്ടുന്നത്. 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. മൂന്നു മോഡുകളുള്ള സ്റ്റിയറിങ് വീലാണ് വാഹനത്തിന്. നോർമൽ, അർബൻ, ഡൈനാമിക് എന്നീ മോഡുകൾ സിലക്ട് ചെയ്യുന്നതിന് അനുസരിച്ച് സ്റ്റിയറിങ്ങിന്റെ കട്ടി കൂടുകയും കുറയുകയും ചെയ്യും. ഡാഷ് ബോർഡിലാണ് റോബോട്ടിന്റെ സ്ഥാനം. രണ്ട് കണ്ണും ചിമ്മിയാണ് അതു നമ്മോടു സംസാരിക്കുക. കൂടാതെ പനോരമിക് സൺറൂഫും ഫീറ്റഡ് ഒആർവിഎമ്മും ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും റെയിൻ സെൻസറിങ് വൈപ്പറുകളും 7 ഇഞ്ച് ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററും 6 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുമുണ്ട്.
∙ പെട്രോൾ എൻജിൻ മാത്രം: രണ്ട് പെട്രോൾ എൻജിനുകളാണ് ആസ്റ്ററിൽ ഉപയോഗിക്കുന്നത്. ഡീസൽ എൻജിൻ മോഡലിനെപ്പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ല. 1.5 ലീറ്റർ പെട്രോൾ എൻജിന് 120 എച്ച്പി കരുത്തും 150 എൻഎം ടോർക്കുമുണ്ട്. 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിന് 163 എച്ച്പി കരുത്തും 203 എൻഎം ടോർക്കും. 1.5 ലീറ്റർ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ ഗിയർബോക്സും 8 സ്റ്റെപ്പ് സിവിടി ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ട്. 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനോടു കൂടി 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സും.
∙ വിലയെത്ര?: ഒക്ടോബർ ആദ്യവാരം വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുശാക് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുമ്പോൾ വില 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ അകാനാണ് സാധ്യത.
English Summary: MG Astor Preview