ചെലവ് 10.5 കോടി രൂപ, കൊച്ചിയുടെ മുത്താകാൻ ക്ലാസിക് ഇംപീരിയൽ ആഡംബര നൗക
Mail This Article
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ കിരീടത്തിലെ മുത്താകാൻ ഒരുങ്ങുകയാണ് ക്ലാസിക് ഇംപീരിയൽ എന്ന ആഡംബര വിനോദസഞ്ചാര കപ്പൽ. കേരളത്തിലെ ഏറ്റവും നീളമേറിയ, ഐആർക്ലാസ് അംഗീകൃത സ്വകാര്യ ടൂറിസ്റ്റ് നൗക ഒരുക്കുന്നതും കൊച്ചിയിൽ തന്നെ. ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ് (ഐആർക്ലാസ്) എന്ന ഏജൻസിയാണ് ഇതിന്റെ നിർമാണത്തിനു ലൈസൻസ് നൽകുക. വല്ലാർപാടം ബസിലിക്കയുടെ അടുത്ത് രാമൻ തുരുത്ത് എന്ന ആളുകേറാ തീരത്താണ് ഈ പടുകൂറ്റൻ വിനോദസഞ്ചാര കപ്പൽ തയാറായിക്കൊണ്ടിരിക്കുന്നത്.
ഡിസൈൻ
പൂർണമായും സ്റ്റീലിൽ ആണു ബോഡി. നൗക വിഭാവനം ചെയ്യപ്പെട്ടത് എറണാകുളം മറൈൻഡ്രൈവിലെ നിയോ ക്ലാസിക് ക്രൂസ് & ടൂർ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷിജിത്ത് കെ. ജോണിന്റെ മനസ്സിൽ. ഓരോ അരികും മൂലയും അതുകൊണ്ടുതന്നെ നിഷിജിത്തിനു കൈവെള്ള പോലെ സുപരിചിതം.
സ്പെസിഫിക്കേഷൻ
ഐആർക്ലാസിന്റെ കർശന പരിശോധനകൾ തൃപ്തികരമായി പൂർത്തിയായാലേ ബോട്ട് നീറ്റിലിറക്കാൻ കഴിയൂ. അതിനുപരിയായി ഗുണമേൻമയിൽ ഒരു കോംപ്രമൈസിനും നിഷിജിത്തും സഹപ്രവർത്തകരും തയാറല്ല താനും. തന്റെ ചെറു‘കപ്പൽ’ ഒരു ചരിത്രമാക്കാനാണ് നിഷിജിത്തിന്റെ ശ്രമം. 49.77 മീറ്റർ ആണു കപ്പലിന്റെ നീളം. വീതി–11 മീറ്റർ, 65 ടണ്ണിന്റെ സെൻട്രലൈസ്ഡ് എസി. 150 സഞ്ചാരികളെ കൊണ്ടുപോകാൻ ക്ലാസിക് ഇംപീരിയലിനു കഴിയും. 325 എച്ച്പി കരുത്തുള്ള രണ്ട് വെയ്ച്ചായ് എൻജിനുകൾ പുണെയിൽനിന്ന് എത്തിച്ചു. 10 നോട്ടിക്കൽ മൈൽ ആണു വേഗം. (മണിക്കൂറിൽ 18.52 കിലോമീറ്റർ).
ചെലവ്
ചെലവ് 10.5 കോടി രൂപ. കൊച്ചിൻ ഷിപ് യാർഡിൽനിന്ന് ഇതേ കപ്പലിനു കിട്ടിയത് 20 കോടി രൂപയുടെ ക്വട്ടേഷൻ. ഗുണമേൻമ ഒട്ടും കുറയാതെ ചെലവു കുറച്ചു ചെയ്യാമെന്ന് നിഷിജിത്തിന്റെ ആത്മവിശ്വാസം. പതിറ്റാണ്ടുകളായി ബോട്ട് നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന കുട്ടേട്ടൻ മേസ്തിരിയായും ടെറി ചീഫ് എൻജിനീയർ ആയും മുന്നോട്ടുവന്നു. അങ്ങനെ വല്ലാർപാടത്തിനടുത്തുള്ള രാമൻതുരുത്ത് നിർമാണ പ്രവർത്തനങ്ങൾക്കായി വാടകയ്ക്കെടുത്തു. മാസം ഒരു ലക്ഷത്തിനു മുകളിൽ വാടക! പന്ത്രണ്ടു വർഷം മുൻപു വാടകയ്ക്കു വിനോദസഞ്ചാര ബോട്ട് ഇറക്കി ബിസിനസ് തുടങ്ങി, ഇന്നിപ്പോൾ ക്ലാസിക് ഇംപീരിയലിൽ എത്തിനിൽക്കുന്ന നിഷിജിത്ത് എന്ന ഒറ്റയാളുടെ മനോബലത്തിന്റെ വിജയമാണ് ആ മണ്ണിൽ ഉയരുന്നത്.
ഉള്ളിലെന്തൊക്കെ?
ഡിസംബറിൽ നീറ്റിലിറക്കാമെന്നു നിഷിജിത്ത് കരുതുന്നു. തൂണുകൾ ഇല്ലാതെയാണ് ഉൾവശം ഒരുക്കിയിട്ടുള്ളത് ഒരു ഫങ്ഷൻ നടക്കുമ്പോൾ എല്ലാ വശത്തുള്ളവർക്കും കാഴ്ച ഉറപ്പ്. ആദ്യനില കലാപ്രകടനങ്ങൾക്കും മറ്റുമായി തിരിച്ചിട്ടുണ്ട്. രണ്ടാംനിലയിൽ ഇരിപ്പിടങ്ങൾ. അതിവിശാലമായ കണ്ണാടിജനലുകളിലൂടെ കടൽക്കാഴ്ചകൾ ഇതിനുള്ളിലേക്കെത്തും. ഡിജെ പാർട്ടികൾ, വിവാഹ സൽക്കാര സദസുകൾ, മീറ്റിങ്ങുകൾ എന്നിവയ്ക്കു സൗകര്യങ്ങളുമായി ക്ലാസിക് ഇംപീരിയൽ സർവസജ്ജമാകും.
English Summary: Biggest private vessel from Kerala to set Sail Soon