ADVERTISEMENT

ഇന്ധന വില കുതിച്ചുയര്‍ന്നതോടെ പല വാഹന ഉടമകള്‍ക്കും സിഎന്‍ജി ഒരു സാധ്യതയായി മാറിയിട്ടുണ്ട്. ദീര്‍ഘകാലമായി സിഎന്‍ജി മോഡലുകളില്‍ മുന്‍പന്തിയിലുള്ളത് മാരുതിയാണെങ്കില്‍ ഇപ്പോള്‍ ഹ്യുണ്ടയ്‌യും ടാറ്റയും നിരവധി സിഎന്‍ജി മോഡലുകളഉമായി മത്സരത്തിനെത്തിയിട്ടുണ്ട്. പെട്രോളിയം ഇന്ധനത്തെ അപേക്ഷിച്ച് ചെലവു കുറവാണെന്നതും മലിനീകരണമില്ലെന്നതും സിഎന്‍ജിയെ പ്രിയ ഇന്ധനമാക്കുന്നുവെങ്കിലും അടിക്കടി വര്‍ധിക്കുന്ന പ്രകൃതി വാതക വില ആശങ്കയാണ്. രാജ്യത്തെ പ്രധാനപ്പെട്ട, ഇന്ധനക്ഷമത കൂടിയ സിഎന്‍ജി കാര്‍ മോഡലുകളെ പരിചയപ്പെടാം. 

celerio-cng

മാരുതി സുസുക്കി സെലേറിയോ സിഎന്‍ജി, 35.60 കി.മീ

മുഖം മിനുക്കി പുറത്തിറങ്ങിയ സെലേറിയോയുടെ സിഎന്‍ജി മോഡലിനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധനക്ഷമത. മാരുതി പറയുന്ന ഇന്ധനക്ഷമത 35.60 കിലോമീറ്ററാണ്. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറെന്ന വിശേഷണമുള്ള സെലേറിയോയുടെ സിഎന്‍ജി മോഡലും ഇന്ധനക്ഷമത ഒട്ടും മോശമാക്കിയില്ല. പെട്രോള്‍ മോഡലുകളേക്കാള്‍ 95,000 രൂപ അധികം നല്‍കണം സിഎന്‍ജി മോഡല്‍ സ്വന്തമാക്കാന്‍. 57 എച്ച്പിയും 82.1 എൻഎം ടോര്‍ക്കുമാണ് എൻജിന്. ഇത് പെട്രോള്‍ എൻജിനേക്കാള്‍ 10 എച്ച്പിയും 6.9 എൻഎമ്മും കുറവാണ്. 5 സ്പീഡ് ഗിയര്‍ ബോക്‌സുള്ള സെലേറിയോ സിഎന്‍ജിയുടെ വില 6.58 ലക്ഷം രൂപ. 

maruti-suzuki-wagon-r

മാരുതി സുസുക്കി വാഗണ്‍ആര്‍ സിഎന്‍ജി, 34.05 കി.മീ

വാഗണ്‍ആറിന്റെ എൻജിനില്‍ മാരുതി വരുത്തിയ പരിഷ്ക്കാരങ്ങള്‍ വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കിയിട്ടുണ്ട്. 32.52 കിലോമീറ്റര്‍ മുതല്‍ 34.05 കിലോമീറ്റര്‍ വരെയാണ് മാരുതി വാഗണ്‍ആര്‍ സിഎന്‍ജിക്ക് പറയുന്ന ഇന്ധനക്ഷമത. LXi, LXi(O), VXi മോഡലുകളില്‍ സിഎന്‍ജി ലഭ്യമാണ്. വില 6.35 ലക്ഷം മുതല്‍ 6.81 ലക്ഷം രൂപ വരെ. 

Alto
Alto

മാരുതി സുസുക്കി ഓള്‍ട്ടോ 800 സിഎന്‍ജി, 31.59 കി.മീ

സിഎന്‍ജി ഓള്‍ട്ടോ 800ല്‍ മൂന്ന് സിലിണ്ടര്‍ 796സിസി എൻജിനാണ് മാരുതി നല്‍കിയിരിക്കുന്നത്. കരുത്ത് 40 എച്ച്പിയും ടോർക്ക് 60എൻഎമ്മും. 5 സ്പീഡ് ഗിയര്‍ ബോക്‌സുള്ള വാഹനത്തിന്റെ പ്രകടനത്തില്‍ പെട്രോള്‍ എൻജിനെ അപേക്ഷിച്ച് 7എച്ച്പിയുടേയും 9 എൻഎമ്മിന്റെയും കുറവുണ്ടാകും. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശേഷിയുള്ള സിഎന്‍ജി വാഹനവും കുറഞ്ഞ വിലയുള്ള സിഎന്‍ജി കാറും ഓള്‍ട്ടോ 800 സിഎന്‍ജി തന്നെ. വില 4.89 ലക്ഷം മുതല്‍ 4.95 ലക്ഷം വരെ. LXi, LXi(O) മോഡലുകളിലാണ് സിഎന്‍ജി കിറ്റ് ലഭ്യമാവുക. ഇതിന് 95,000 രൂപ അധികം ചെലവു വരികയും ചെയ്യും. രാജ്യത്തെ സിഎന്‍ജി കാറുകളില്‍ ഇന്ധനക്ഷമതയില്‍ മൂന്നാമതാണ് ഓള്‍ട്ടോ 800. കിലോഗ്രാമിന് 31.59 കിലോമീറ്ററാണ് കമ്പനി പറയുന്ന ഇന്ധന ക്ഷമത. 

S Presso, Representative Image
S Presso, Representative Image

മാരുതി സുസുക്കി എസ് പ്രസോ സിഎന്‍ജി, 31.2 കി.മീ

1.0 ലീറ്റര്‍ K10B എൻജിനും 5 സ്പീഡ് ഗിയര്‍ബോക്‌സുമാണ്  എസ് പ്രസോ സിഎന്‍ജിക്ക് മാരുതി നല്‍കിയിരിക്കുന്നത്. 58എച്ച്പി കരുത്ത് 78എൻഎം ടോര്‍ക്ക്. ഇതേ എൻജിനാണ് വാഗണ്‍ആര്‍ സിഎന്‍ജിക്കും. 31.2 കിലോമീറ്ററാണ് എസ് പ്രസോയുടെ ഇന്ധനക്ഷമത. എസ് പ്രസോയുടെ LXi, LXi(O), VXi(O) എന്നീ മോഡലുകളില്‍ സിഎന്‍ജി ലഭ്യമാണ്. വില 5.24 ലക്ഷം മുതല്‍ 5.56 ലക്ഷം വരെ. 

dzire-cng

മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി, 31.12 കി.മീ

മാരുതിയുടെ ഇന്ത്യയിലെ സിഎന്‍ജി മോഡലുകളില്‍ ഏറ്റവും പുതിയ മോഡല്‍. VXi വേരിയന്റിന് 8.14 ലക്ഷവും ZXi മോഡലിന് 8.82 ലക്ഷവുമാണ് വില. ഡിസയര്‍ പെട്രോള്‍ മോഡലിന്റെ 1.2 ലീറ്റര്‍ K12M ഡ്യുവല്‍ ജെറ്റ് എൻജിനാണ് സിഎന്‍ജി മോഡലിനും. എന്നാല്‍ സിഎന്‍ജി വരുന്നതോടെ എന്‍ജിന്‍ ക്ഷമതയില്‍ 13 എച്ച്പിയുടേയും 14.5എൻഎമ്മിന്റേയും കുറവുവരും. 31.12 കിലോമീറ്ററാണ് മാരുതി ഡിസയര്‍ സിഎന്‍ജിയുടെ മൈലേജ്. രാജ്യത്ത് വില്‍പനയിലുള്ള സെഡാനുകളില്‍ ഏറ്റവും കൂടിയ സിഎന്‍ജി മൈലേജാണിത്. 

hyundai-santro

ഹ്യുണ്ടേയ് സാൻട്രോ സിഎന്‍ജി, 30.48 കി.മീ

ഹ്യുണ്ടേയ്‌യുടെ സിഎന്‍ജി കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനം. 60 എച്ച്പി കരുത്തും 85.3 എൻഎം ടോർക്കുമുള്ള1.1 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എൻജിന്‍. ഇതേ വിഭാഗത്തിലെ എതിരാളികളായ സെലേറിയോ സിഎന്‍ജിക്കും ടിയാഗോ സിഎന്‍ജിക്കും മൂന്ന് സിലിണ്ടര്‍ എൻജിനാണുള്ളത്. അതുകൊണ്ടുതന്നെ അവയേക്കാള്‍ കൂടുതല്‍ കരുത്ത് സാൻട്രോ പ്രകടിപ്പിക്കുന്നു. 30.48 കിലോമീറ്റര്‍ ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിച്ച് ഓടാനാകുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്. 30 കിലോമീറ്ററിലേറെ സിഎന്‍ജി മൈലേജുള്ള രാജ്യത്തെ എണ്ണം പറഞ്ഞ വാഹനങ്ങളിലൊന്നാണ് ഹ്യുണ്ടേയ് സാൻട്രോ സിഎന്‍ജി. മാഗ്ന, സ്‌പോര്‍ട്‌സ് വേരിയന്റുകളില്‍ സിഎന്‍ജി ലഭ്യം. വില 6.09 ലക്ഷം മുതല്‍ 6.38 ലക്ഷം വരെ. പെട്രോള്‍ മോഡലിനേക്കാള്‍ വിലയില്‍ 69,000 രൂപ മുതല്‍ 76,000 രൂപയുടെ വരെ വര്‍ധനവ്. 

hyundai Grand i10 Nios
hyundai Grand i10 Nios

ഹ്യുണ്ടേയ് ഗ്രാന്റ് ഐ10 നിയോസ് സിഎന്‍ജി, 28.5 കി.മീ

നിയോസിന്റെ മാഗ്ന, സ്‌പോര്‍ട്സ് മോഡലുകളിലാണ് ഹ്യുണ്ടയ് സിഎന്‍ജി ഇന്ധനമായി അവതരിപ്പിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോയിലും ആപ്പിള്‍ കാര്‍ പ്ലേയിലും പ്രവര്‍ത്തിക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സംവിധാനം, ഓട്ടമാറ്റിക് എസി, പ്രൊജക്ടര്‍ ഫോഗ് ലാംപ്, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ തുടങ്ങി ഇതേ വിഭാഗത്തില്‍ എതിരാളികളായ മാരുതിയുടെ മോഡലുകള്‍ക്കില്ലാത്ത പല ഫീച്ചറുകളും ഹ്യുണ്ടേയ് ഈ സിഎന്‍ജി മോഡലുകള്‍ക്ക് നല്‍കുന്നു. നാലു സിലിണ്ടര്‍ 1.2 ലീറ്റര്‍ എൻജിനാണ് ഗ്രാന്റ് ഐ10 നിയോസിനുള്ളത്. 5 സ്പീഡ് ഗിയര്‍ബോക്‌സുള്ള മോഡലിന് കിലോഗ്രാമിന് 28.5 കിലോമീറ്ററാണ് ഹ്യുണ്ടയ് പറയുന്ന മൈലേജ്. വില 7.07 ലക്ഷം രൂപ മുതല്‍ 7.60 ലക്ഷം വരെ. 

hyundai-aura

ഹ്യുണ്ടയ് ഓറ സിഎന്‍ജി,  28.4 കി.മീ

ടാറ്റയുടെ ടിഗോര്‍ സിഎന്‍ജി വരുന്നതു വരെ ഹ്യുണ്ടയ് ഓറ സിഎന്‍ജിയായിരുന്നു രാജ്യത്ത് കോംപാക്റ്റ് സെഡാന്‍ വിഭാഗത്തില്‍ പെടുന്ന ഒരേയൊരു സിഎന്‍ജി വാഹനം. നാലു സിലിണ്ടര്‍ 1.2 ലീറ്റര്‍ എൻജിന് 69 എച്ച്പി കരുത്തും 95.2എൻഎം ടോര്‍ക്കുമുണ്ട്. പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 14 എച്ച്പിയുടേയും 19 എൻഎമ്മിന്റേയും കുറവ് സിഎന്‍ജിയുടെ എൻജിന്‍ ശേഷിയിലുണ്ടാവും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഹ്യുണ്ടയ് ഓറയിലുള്ളത്. കിലോഗ്രാമിന് 28.4 കിലോമീറ്റര്‍ മൈലേജാണ് ഈ മോഡലിന് ഹ്യുണ്ടയ് അവകാശപ്പെടുന്നത്. ഹ്യുണ്ടയ് ഓറ സിഎന്‍ജിക്ക് 7.74 ലക്ഷം രൂപയാണ് വില. പെട്രോള്‍ മോഡലിനേക്കാള്‍ 95,000 രൂപ കൂടുതലാണിത്. 

tigor-cng

ടാറ്റ ടിഗോര്‍ സിഎന്‍ജി, 26.49 കി.മീ

ടിയാഗോ സിഎന്‍ജിക്ക് ഒപ്പം തന്നെയാണ് ടാറ്റ ടിഗോര്‍ സിഎന്‍ജിയും അവതരിപ്പിച്ചത്. മൂന്നു സിലിണ്ടര്‍ 1.2 ലീറ്റര്‍ എൻജിന്‍ തന്നെയാണ് ടിഗോറിലും ഉള്ളത്. കിലോഗ്രാമിന് 26.49 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇതേ ശ്രേണിയില്‍ പെടുന്ന ഹ്യുണ്ടയ് ഓറ സിഎന്‍ജിയേക്കാള്‍ കുറഞ്ഞ മൈലേജാണ് ഇതെങ്കിലും കരുത്ത് കൂടുതല്‍ ടിഗോറിനാണ്. ടിഗോറിന്റെ XZ, XZ+ മോഡലുകളിലാണ് സിഎന്‍ജി ഉള്ളത്. മഴ പെയ്യുമ്പോള്‍ താനേ പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, ഓട്ടമാറ്റിക് ഹെഡ്‌ലാംപ് എന്നിവയും ടിഗോര്‍ സിഎന്‍ജിയിലുണ്ട്. 7.69 ലക്ഷം മുതല്‍ 8.29 ലക്ഷം രൂപവരെയാണ് ടിഗോറിന്റെ വില. പെട്രോള്‍ മോഡലിനേക്കാള്‍ 90,000 രൂപയുടെ വര്‍ധന. 

tiago-cng

ടാറ്റ ടിയാഗോ സിഎന്‍ജി, 26.49 കി.മീ

സിഎന്‍ജി ഇന്ധനമാക്കിയ ടാറ്റയുടെ പുതിയ മോഡലുകളിലൊന്നാണ് ടിയാഗോ സിഎന്‍ജി. 1.2 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ എൻജിന്‍ തന്നെയാണെങ്കിലും സിഎന്‍ജി മോഡലില്‍ എൻജിന്റെ ശേഷിയില്‍ 13 എച്ച്പിയുടേയും 18എൻഎമ്മിന്റേയും കുറവുണ്ടാവും. 6.09 ലക്ഷം മുതല്‍ 7.52 ലക്ഷം രൂപ വരെയാണ് സിഎന്‍ജി മോഡലിന്റെ വില. പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 90,000 രൂപയുടെ വര്‍ധനവ്. കിലോഗ്രാമിന് 26.49 കിലോമീറ്റര്‍ മൈലേജാണ് ടാറ്റ ഈ മോഡലിന് വാദ്ഗാനം ചെയ്യുന്നത്. പല കാര്‍ നിര്‍മാതാക്കളും ബേസ്, മിഡ് റേഞ്ച് മോഡലുകളിലാണ് സിഎന്‍ജി അവതരിപ്പിക്കുന്നതെങ്കില്‍ ടിയാഗോയുടെ എല്ലാ മോഡലിലും ടാറ്റ സിഎന്‍ജി അവതരിപ്പിക്കുന്നുണ്ട്. 

English Summary: Top 10 Fuel Efficient Cars In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com