ബസ് ഓടിക്കുന്ന ആൻമേരി, എൻജിൻ പണിയുന്ന ഹെൽന; വാഹന ലോകത്തെ രണ്ട് ചുണക്കുട്ടികൾ
Mail This Article
വാഹന ലോകത്തെ രണ്ട് ചുണക്കുട്ടികളാണിവർ, സമപ്രായക്കാർക്ക് വാഹനങ്ങളോട് അത്ര പ്രിയമില്ലെങ്കിൽ ഇവർക്ക് വാഹനങ്ങൾ ജീവനാണ്. ആദ്യത്തെയാൾ കൊച്ചി നഗരത്തിലൂടെ ബസ് ഓടിച്ച ശ്രദ്ധനേടിയ ആൻമേരിയാണെങ്കിൽ രണ്ടാമത്തെയാൾ എൻജിൻ വരെ അഴിച്ചു പണിത് കുട്ടപ്പനാക്കുന്ന ഹെൽനമോൾ എന്ന ചാലക്കുടിക്കാരിയാണ്. പരിചയപ്പെടാം രണ്ടു ചുണക്കുട്ടികളെ...
നഗരത്തിൽ ബസ് ഒാടിച്ചു ശ്രദ്ധേയയാകുന്ന ഇരുപത്തൊന്നുകാരി
ചെറുപ്പത്തിലേ ബുള്ളറ്റോടിക്കണം എന്നാഗ്രഹമുണ്ടായിരുന്ന ആൻ മേരിക്ക് പതിനെട്ടാം പിറന്നാളിന് പിതാവു നൽകിയത് വ്യത്യസ്തമായൊരു സമ്മാനം- അന്നുതന്നെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ചു കാശടച്ച രസീത്! ഏതു വണ്ടിയും ഓടിക്കണമെന്നാഗ്രഹിക്കുന്ന ആൻ മേരി ആൻസൽ ഇപ്പോൾ ഇരിക്കാൻ ഇഷ്ടപ്പെടുന്നത് പ്രൈവറ്റ് ബസിന്റെ ഡ്രൈവിങ് സീറ്റിൽ.
എറണാകുളം പള്ളുരുത്തി സ്വദേശിയും ലോ കോളജ് വിദ്യാർഥിനിയുമായ ആൻ മേരി ഞായറാഴ്ചകളിൽ നഗരത്തിലൂടെ ബസ് ഒാടിച്ചുപോകുന്നത് ഇപ്പോൾ നാട്ടിലാകെ പാട്ടാണ്. പലരെയും പോലെ ഡ്രൈവിങ് ലൈസൻസ് എടുത്തു വീട്ടിൽ വയ്ക്കാനായിരുന്നില്ല ആൻ മേരിക്ക് ആഗ്രഹം. ‘പ്രദീപ് ഡ്രൈവിങ് സ്കൂളിൽ ഹെവി ലൈസൻസ് എടുക്കാൻ എത്തിയവരിൽ എല്ലാം ബോയ്സ് ആയിരുന്നു. ആകെയൊരു പെൺതരി ഞാൻ മാത്രം. അവരെല്ലാം നല്ല സപ്പോർട്ട് നൽകി.’
21 വയസ്സിൽ ഹെവി ലൈസൻസും ബാഡ്ജും കിട്ടിയപ്പോൾ ആദ്യം ട്രിപ്പ് കഴിഞ്ഞു കാലിയടിച്ചു പോരുന്ന ബസിൽ പരിശീലനം. പിന്നെ മെല്ലെ ഡ്രൈവിങ് സീറ്റിലേക്കു കയറി. ‘ശരിക്കും ത്രില്ലടിച്ചു പോയി. എന്റത്രയും പ്രായമുണ്ട് ഈ ബസിന്. സ്റ്റിയറിങ്, സീറ്റ് എന്നിവ ക്രമീകരിക്കാൻ പറ്റാത്തതിനാൽ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു കയ്യും സ്റ്റിയറിങ്ങിൽ ബലമായി പിടിച്ച് ഡ്രൈവ് ചെയ്യേണ്ടി വന്നിരുന്നു. ഫെബ്രുവരിയിൽ തുടങ്ങിയ ഡ്രൈവിങ് അഞ്ചു മാസം പിന്നിടുമ്പോൾ റിലാക്സ് ചെയ്താണ് ഓരോ ഓട്ടവും അവസാനിപ്പിക്കുന്നത്.
ഉയരത്തിൽ കാറ്റുകൊണ്ട്, കാഴ്ചകളെല്ലാം കണ്ടുകൊണ്ടുള്ള ഇരിപ്പിന്റെ രസം ഒന്നു വേറെ തന്നെയാണ്. ബസിന്റെ ഉടമ കാക്കനാടുള്ള പ്രസന്നൻ മുതലാളി വളയം പിടിക്കാൻ തന്റെ ബസ് തന്നത് വിശ്വസിക്കാനേ കഴിഞ്ഞില്ല.’
ഫസ്റ്റ് ഡ്രൈവ്
ശരിക്കും ആവേശത്തിലായിരുന്നു. മിക്കവരും മോട്ടിവേറ്റ് ചെയ്തു. പുച്ഛിച്ചു കാണുന്നവരും ബസിലുണ്ടായിരുന്നു. മുന്നിൽ സ്ത്രീകളാണല്ലോ ഇരിക്കുക. അവരൊക്കെ പേടി പിടിച്ച് ഇടിവെട്ടേറ്റതുപോലെ ഇരുന്നത് ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരാറുണ്ട്.
ബസ് റൂട്ട്
രാവിലെ 6.00 ന് വാത്തുരുത്തിയിൽനിന്നു തുടങ്ങി. പെരുമ്പടപ്പ്, കാക്കനാട് റൂട്ടിലാണ് ബസ് ഒാടിക്കുന്നത്. ലോ കോളജിൽ വിദ്യാർഥിനിയായ ആൻ മേരിക്ക് ഇതൊരു ജോലിയല്ല, മറിച്ച് പാഷനാണ്. അതുകൊണ്ടുതന്നെ ദിവസം മുഴുവനും വണ്ടിയോടിക്കാറില്ല.
സ്ത്രീ ആണ് വണ്ടിയോടിക്കുന്നത് എന്നു കാണുമ്പോൾ ചിലർ റോഡിൽ മാനസികപ്രശ്നങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഹോണടിക്കുക, വാഹനം പെട്ടെന്നു ചവിട്ടിനിർത്തുക എന്നിങ്ങനെ പല കാര്യങ്ങളും ഇത്തരക്കാർ ചെയ്യും. എങ്കിലും പൊതുവേ ആൾക്കാർ സപ്പോർട്ട് തന്നെയാണു നൽകുന്നത്. മത്സരയോട്ടത്തിൽ പങ്കെടുത്തിട്ടില്ല. ഞായറാഴ്ചകളിൽ അത്ര തിരക്കുണ്ടാകാറില്ല. കൃത്യസമയത്ത് പഞ്ചിങ് ചെയ്യുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില സ്റ്റോപ്പുകളിൽ ചിലപ്പോൾ നേരത്തേ എത്തിയാലും പ്രശ്നമുണ്ടകും. അപ്പോൾ പതിയെ പോകേണ്ടിവരും. ചിലപ്പോൾ സ്പീഡിൽ ഡ്രൈവ് ചെയ്യേണ്ടി വരാറുണ്ട്. അന്നേരം ചെറിയ ടെൻഷനൊക്കെ തോന്നും.
കുടുംബം
മാതാവ്- പാലക്കാട് അഡീഷനൽ ജില്ലാ ജഡ്ജി- സ്മിതാ ജോർജ്, പിതാവ്- കോൺട്രാക്ടർ- ആൻസൽ പി.ജി, അനിയത്തി- ആൻ റേച്ചൽ. ആഗ്രഹം ബുള്ളറ്റോടിച്ച് ഹിമാലയത്തിൽ പോകണം. ജിംനേഷ്യത്തിൽ പവർ ലിഫ്റ്റിങ് പരിശീലനവും കീബോർഡ് പ്രാക്ടീസുമുണ്ട്. ഇതിനെല്ലാം പുറമേയാണ് ബസിന്റെ വളയം പിടിക്കുന്നത്.
ഷെർലക് ഹോംസ്, വാട്സണോട് ഒരിക്കൽ പറയുന്നുണ്ട്- ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ അപകടകാരികളാണെന്ന്. അവർ പ്രശ്നമുണ്ടാക്കാറില്ല പക്ഷേ, അവർ കാരണം മറ്റുള്ളവർ ഉപദ്രവം ചെയ്യുമെന്ന്. ആൺമേൽക്കോയ്മയുള്ള ബസ് ഡ്രൈവിങ് മേഖലയിൽ ഒറ്റയ്ക്കാണ് ആൻ മേരി ആൻസൽ. സഞ്ചരിക്കുന്നത്. എന്നാൽ, ആൻ ഓടിക്കുന്ന ഹേയ് ഡേ എന്ന ബസിൽ കൂടെ സഞ്ചരിക്കുന്നവർ ഏറെ സുരക്ഷിരാണ്.
തൃശൂർ ചാലക്കുടിയിലെ മിസ് മെക്കാനിക്
അല്ല.. ക്ടാവേ.. നിനക്ക് കാർ നന്നാക്കാനൊക്കെ അറിയോ? നീ മുറുക്കിയാൽ ഈ നട്ടും ബോൾട്ടുമൊക്കെ മുറുകുമോ? വർക്‌ഷോപ്പിലെത്തിയ ചേട്ടന്റെ ചോദ്യം കേട്ട്.. ദാറ്റ് ഗേൾ ചിരിച്ചു. സില്ലി ക്വസ്റ്റൻ! നട്ട് മാത്രമല്ല.. എൻജിൻ വരെ അഴിച്ചു പണിതുകൊടുത്തു ഈ കൊച്ചു പെൺകുട്ടി. ചാലക്കുടി, കട്ടിപ്പൊക്കത്തുള്ള ഓട്ടോടെക് വർക്‌ഷോപ്പിൽ ചെല്ലുന്നവർക്കു കൗതുകമാണ് ഹെൽനമോൾ. ആദ്യമൊക്കെ വരുന്നവർക്കു സംശയമായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും അംഗീകരിച്ചുതുടങ്ങിയെന്ന് ഹെൽന പറയുന്നു. ഓഫറിൽ വീണതാ..
പാല സെന്റ് മേരീസിലായിരുന്നു പ്ലസ്ടു പഠനം. ഹോസ്റ്റലിൽ നിന്നാണു പഠിച്ചിരുന്നത്. അക്കാലത്ത് സഹോദരൻ ബെറിലും അമ്മ ഷേർളി ജോയും കൊച്ചി കാക്കനാടായിരുന്നു താമസം. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ കഴിഞ്ഞു ബെറിൽ പത്തു വർഷത്തോളം എറണാകുളത്തു പല ഡീലർഷിപ്പുകളിലായി ജോലി ചെയ്തു. ഒഴിവുദിവസങ്ങളിൽ പരിചയക്കാർക്കും മറ്റും വീടുകളിൽ പോയി വണ്ടി നന്നാക്കി കൊടുക്കുമായിരുന്നു ബെറിൽ.
ഹെൽന ലീവിനു വീട്ടിൽ വരുമ്പോൾ കൈസഹായത്തിനായി കൂടെ കൂട്ടും. കറങ്ങാൻ പോകാം, അടിപൊളി ഫുഡ് അടിക്കാം തുടങ്ങിയ വാഗ്ദാനങ്ങളിൽ വീണു ഹെൽന ചേട്ടന്റെ കൂടെ സഹായിക്കാൻ പോകും. ആദ്യമൊക്കെ ബോറിങ് ആയിരുന്നെങ്കിലും പതുക്കെ പണി പഠിച്ചുതുടങ്ങി. ടൂൾസ് ഉപയോഗിക്കാനും ബ്രേക്ക് ഷൂ ക്ലീനിങ്ങും ക്ലച്ച് നന്നാക്കലും പഠിച്ചു.
സ്വന്തമായി വർക്‌ഷോപ്പ്
ലോക്‌ഡൗണിനുശേഷം സ്വന്തമായി വർക്‌ഷോപ്പ് തുടങ്ങാം എന്ന ചിന്തയിലായിരുന്നു ബെറിൽ. വളരെ കഷ്ടപ്പെട്ട് ഒന്നര വർഷം മുൻപ് ചാലക്കുടിയിൽ ഫോർവീലർ വർക്‌ഷോപ്പ് ആരംഭിച്ചു. തുടക്കത്തിൽ സഹായത്തിനായി ജോലിക്കാരെ വച്ചു ചെയ്യാൻ പണം ഇല്ലാതിരുന്നതിനാൽ ഹെൽനയ്ക്കു കൂടുതൽ ട്രെയിനിങ് കൊടുത്തു. ഓയിൽ മാറ്റുക, ബ്രേക്ക് ക്ലീനിങ് തുടങ്ങിവയാണ് ആദ്യം ചെയ്തിരുന്നത്. കുറച്ചു തെളിഞ്ഞപ്പോൾ വണ്ടി പോളിഷിങ്, ഇന്റീരിയർ ക്ലീനിങ്, മാസ്കിങ്, സ്കാനിങ്, പെയിന്റിങ് എന്നിവയെല്ലാം ഹെൽന ഒറ്റയ്ക്കു ചെയ്യാൻ പഠിച്ചു. പതുക്കെ എൻജിൻ അഴിച്ചു പണിതുതുടങ്ങി.
ഗിയർ ബോക്സ്, എൻജിൻ തുടങ്ങിയവ അഴിക്കാനും തിരികെ ഫിറ്റ് ചെയ്യാനും മറ്റും ചെറിയ സഹായം വേണ്ടിവരുമെന്നതൊഴിച്ചാൽ ബാക്കിയെല്ലാം തനിയെ ചെയ്യും. പെയിന്റിങ്ങിൽ ഗുരു സന്തോഷ്ചേട്ടനാണ്. ഡെന്റിങ് വർക്കുകൾ ചെയ്യുന്ന ജോസ് പാലക്കൽ, സാനു മധു, ജോൺ കെ. ഹണി, ആന്റണി ആലുക്ക എന്നിവരും സഹപ്രവർത്തകരായുണ്ട്. ഷോപ്പിലെ സാമ്പത്തികകാര്യങ്ങൾ അമ്മയുടെ മേൽനോട്ടത്തിലാണ്.
ഒപ്പം പഠനവും
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനിയായ ഹെൽനയ്ക്കിപ്പോൾ നിന്നുതിരിയാൻ സമയമില്ല. കോവിഡ് സമയത്തു വിദൂരപഠനം തിരഞ്ഞെടുത്തു. അങ്ങനെയാകുമ്പോൾ വർക്‌ഷോപ്പിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യാം. പരീക്ഷാ സമയമാകുമ്പോൾ മാത്രം ജോലിക്കു ബ്രേക്ക് കൊടുക്കും.
പെൺകുട്ടി എന്ന വേർതിരിവില്ലാതെ ആർക്കും ചെയ്യാവുന്നതാണ് മെക്കാനിക്കൽ ജോലികളെന്നാണ് ഹെൽനയുടെ അനുഭവം. ചിലതു ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും ആസ്വദിക്കുന്നുണ്ട്. വർക്‌ഷോപ്പ് ജോലിക്കിടെ സ്വന്തം യൂട്യൂബ് ചാനലിലും സജീവമാണീ മിടുക്കി. വാഹനസംബന്ധമായി കൂടുതൽ പഠിക്കണമെന്നാണ് ഹെൽനയുടെ ആഗ്രഹം. ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള തയാറെടുപ്പിലാണ് ഹെൽന.
English Summary: Bus Driver Anmary and Mechanic Helnamol