ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളിലൊന്നാണ് 1943 ബിഎസ്എ എം 20. 79 വർഷം പഴക്കമുള്ള ഇന്നും നന്നായി ഓടുന്ന അപൂർവം മോട്ടർസൈക്കിളുകളിലൊന്നാണിത്. ബ്രിട്ടിഷ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത മോഡലായതിനാൽ എംഡിജെ 2245 എന്നാണ് റജിസ്ട്രേഷൻ നമ്പർ. മദ്രാസ് സംസ്ഥാനത്തെ ജോലാർപേട്ട് എന്നാണിതുകൊണ്ടുദ്ദേശിക്കുന്നത്. യുദ്ധോപയോഗത്തിനായി പ്രത്യേക കാലയളവിൽ നിർമിച്ച മോഡലാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

1943-bsa-m20-2

 

ആർമി മോഡൽ

 

1943-bsa-m20-1

സൈനിക ഉപയോഗത്തിനായി പ്രത്യേകം ഡിസൈൻ ചെയ്തതാണിത്. ഹെഡ് ലൈറ്റിൽപോലും ആ വ്യത്യാസം കാണാം. ഓടുന്ന വഴി മാത്രം കാണാനാകുന്ന വിധം ഹാഫ് കവേർഡ് ഹെഡ് ലൈറ്റാണ് പ്രത്യേകത. ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാനാണത്രെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം ഭാഗികമായി മറച്ചുപിടിച്ചിരിക്കുന്ന വിധം രൂപകൽപന ചെയ്തിരിക്കുന്നത്. ആർമി ആവശ്യങ്ങൾക്കായി നിർമിച്ചതിനാൽ റൈഡിങ് കംഫർട്ട് വളരെ കുറവാണ്. ഗൈഡർ ഫോർക്ക് സസ്പെൻഷൻ ആണ് പ്രത്യേകത. മുന്നിൽ സസ്പെൻഷൻ ഇല്ല. പകരം ഒരു സ്പ്രിങ്ങിൽ വർക്ക് ചെയ്യുന്നു. ഏതു കാട്ടിലും മേട്ടിലും കയറിപ്പോകും.  

 

ഷോക്ക് അബ്സോർബർ ഇല്ല. റിജിഡ് സസ്പെൻഷനാണു പിന്നിൽ. സൈഡ് വാൽവ് ഫോർ സ്ട്രോക്ക് ആണ്. ഫോർ സ്ട്രോക്ക് എൻജിനാണെങ്കിലും ഓവർ ഹെഡ് വാൽവ് ഇല്ല. ഓയിൽ ടാങ്കും ഇന്ധന ടാങ്കും വെവ്വേറെയാണ്. ഓയിൽ പമ്പ് ചെയ്യുന്നതിന് സ്റ്റേജ് പമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ, ഓയിൽ ലൂബ്രിക്കേഷൻ നന്നായി നടക്കും. മെയിന്റനൻസ് വളരെ കുറവായിരിക്കും. ദീർഘനാൾ കേടാകാതിരിക്കും. ഹൃദയത്തിന്റെ പ്രവർത്തനംപോലെയാണ് ഓയിൽ സർക്കുലേഷൻ നടക്കുന്നത്. ആദ്യ തവണ ഓയിൽ എല്ലായിടത്തും എത്തി തിരിച്ച് ഓയിൽ ടാങ്കിനു താഴെയുള്ള സംപിൽ ശേഖരിക്കും. പിന്നീട് വീണ്ടും സ്റ്റേജ് പമ്പ് വഴി ഓയിൽ സർക്കുലേറ്റ് ചെയ്യും. ലൂബ്രിക്കേഷൻ വളരെ പവർഫുൾ ആകുമെന്നതാണ് സംപ് സിസ്റ്റത്തിന്റെ പ്രത്യേകത. 1914 മുതൽ 1967 വരെ നിർമിച്ചിട്ടുള്ള ബിഎസ്എ വാഹനങ്ങളിൽ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. തകരാറുകൾ വളരെ കുറവായിരിക്കും. ഇലക്ട്രിക്കൽ പാർട്സ് മുഴുവൻ ലൂക്കാസിന്റേതാണ്. സ്പീഡോ മീറ്റർ സ്മിത്തിന്റേതും. 

 

അന്നത്തെ ക്രൂസ്  കൺട്രോൾ

 

 നേരെ റോഡിലൂടെ പോകുമ്പോൾ ഹാൻഡിലിൽ ഒരു ലിഡ് ഉണ്ട്. അത് ടൈറ്റ് ചെയ്താൽ വണ്ടി ഫേം ആയി. പിന്നെ ചുമ്മാ പിടിച്ചിരുന്നാൽമതി. വണ്ടി നേരെ പൊക്കോളും. ക്രൂസ് കൺടോൾ പോലെ. ഹോണിനും പിന്നിലെ ബ്രേക്ക് ലൈറ്റിനുമായി ബാറ്ററിയുമുണ്ട്. നീളത്തിലുള്ള സൈഡ് സ്റ്റാൻഡ്, നീണ്ടിരിക്കുന്ന ഫുട്‌റെസ്റ്റ്, രണ്ടു സെൻട്രൽ സ്റ്റാൻഡ് തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. ഇന്ധന ടാങ്കിന്റെ അടപ്പിനുപോലും പ്രത്യേകതയുണ്ട്. അടപ്പിനു പുറത്തുള്ള ചെറിയ ലിഡ് തിരിച്ചാൽ അതു വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. 

 

രണ്ടാം ലോകമഹായുദ്ധത്തിനായി നിർമിച്ച മോഡലാണ് ബിഎസ്എ എം20. ബ്രിട്ടന്റെ യുദ്ധമുഖങ്ങളിൽ ഒട്ടേറെ സംഭാവനകൾ നൽകിയ മോഡൽ. 500 സിസി എയർ കൂൾഡ് എൻജിൻ. കരുത്ത് 13 എച്ച്പി. ലൂക്കാസിന്റെ 6 വോൾട്ട് മാഗ്‌നൈറ്റ് ഡൈനോ ഇഗ്‌നിഷൻ സിസ്റ്റമാണ് ഇതിൽ. 4–സ്പീഡ് ഗിയർ ബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാരം, വേഗക്കുറവ്, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ മൂലം ടെസ്റ്റിങ്ങിനു കൊണ്ടുപോയപ്പോൾ ബ്രിട്ടിഷ് ആർമി നിരസിച്ച മോഡലായിരുന്നു എം20. പിന്നീട്, അതിന്റെ കാര്യക്ഷമത, ഈടുനിൽപ് തുടങ്ങിയവ കണക്കിലെടുത്തു ബ്രിട്ടിഷ് ആർമി, റോയൽ നേവി, റോയൽ എയർഫോഴ്സ് എന്നിവ എം20 ക്കായി വലിയ ഓർഡർ തന്നെ നൽകി. അക്കാലത്തെ ഏറ്റവും വലിയ മോട്ടർസൈക്കിൾ നിർമാതാക്കളായിരുന്നു ബിഎസ്എ. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഏറ്റവും കൂടുതൽ നിർമിച്ച മോട്ടർസൈക്കിൾ മോഡലും എം20 ആയിരുന്നു. 1,26,000 യൂണിറ്റുകൾ യുദ്ധ ആവശ്യങ്ങൾക്കുമാത്രമായി നിർമിച്ചിട്ടുണ്ട്.   

തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ വിൽബെർട്ട് രാജിന്റേതാണീ മോട്ടർസൈക്കിൾ. കുംഭകോണത്തിനടുത്തുള്ള ശ്രീരംഗത്തുനിന്നാണ് ലഭിച്ചത്. എം20 യുടെ  മൂന്നാമത്തെ ഉടമയാണ് വിൽബെർട്ട്. 

 

English Summary: 1943 Model BSA M 20 Used In Second World War 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com