എയർബാഗ് തുറന്നാൽ പരുക്കേൽക്കുമോ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
Mail This Article
സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് ഇപ്പോള്‍ പുതിയ കാറുകള്‍ പുറത്തിറങ്ങുന്നത്. ഇതില്‍ പ്രധാനമാണ് എയര്‍ ബാഗുകള്‍. ഇന്ത്യയില്‍ ഇറങ്ങുന്ന കാറുകളില്‍ മുന്നില്‍ രണ്ട് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി കഴിഞ്ഞു. ഇപ്പോൾ മിക്ക കാറുകളും ആറോ അതിലധികമോ എയര്‍ ബാഗുകളുമായി പുറത്തിറങ്ങുന്നത്. യാത്രികരുടെ ജീവന്‍രക്ഷാ ഉപകരണമാണ് എയര്‍ബാഗുകള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇതേ എയര്‍ബാഗുകള്‍ കാറിനുള്ളിലുള്ളവര്ക്ക് പരുക്കേല്പിക്കുകയും ചെയ്യും.
പല തരത്തിലുള്ള എയര്‍ബാഗുകള്‍ ഇപ്പോള്‍ വാഹനങ്ങള്‍ക്ക് വരുന്നുണ്ട്. സര്‍വസാധാരണയായി കാണുന്ന മുന്നില്‍ നിന്നുംവരുന്ന എയര്‍ബാഗുകള്‍ക്കു പുറമേ സൈഡ് എയര്‍ബാഗുകളും സൈഡ് കര്ട്ടന് എയര്ബാഗുകളു പല പുതിയ കാറുകളിലുമുണ്ട്. എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തിലെ പാളിച്ചകളാണ് പലപ്പോഴും വില്ലനാവുക. അത്യപൂര്വമെങ്കിലും അപ്രതീക്ഷിതസമയത്ത് പുറത്തേക്കെത്തുന്ന എയര്‍ബാഗുകള്‍ അപകടമാവാറുണ്ട്. എയര്‍ബാഗുകള്‍ നമ്മുടെ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ഇതൊക്കെ ശ്രദ്ധിച്ചാല്‍ മതിയാകും.
സീറ്റ്ബെല്‍റ്റ് മുഖ്യം
എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ്ബെല്‍റ്റ് ധരിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും ധാരണയുണ്ട്. സീറ്റ്ബെല്‍റ്റും എയര്‍ബാഗും ചേര്‍ന്നാണ് ഭീകര അപകടങ്ങളില്‍ നിന്നു പോലും പോറലു പോലുമേല്പിക്കാതെ പലരേയും രക്ഷിച്ചെടുത്തത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുകൊണ്ട് എയര്‍ബാഗ് പുറത്തുവരാതെ അപകടത്തില്‍ പെടുമ്പോള്‍ ശരീരം പലയിടത്തും പോയിടിച്ച് കിടപ്പിലായവരും കുറവല്ല. അതുകൊണ്ടുതന്നെ വീണ്ടും ഓര്‍മിപ്പിക്കുന്നു സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
സീറ്റിന്റെ സ്ഥാനം
പലപ്പോഴും അപകടങ്ങളില്‍ ഡ്രൈവര്‍മാരുടെ ജീവനെടുക്കുക സ്റ്റിയറിങാണ്. ശക്തമായി സ്റ്റിയറിങ്ങില്‍ നെഞ്ചോ തലയോ ഇടിച്ചുണ്ടാവുന്ന അപകടം ഗുരുതരമായ ഫലങ്ങളുണ്ടാക്കും. സ്റ്റിയറിങ് വീലും ഡ്രൈവറും തമ്മിലുള്ള സുരക്ഷിതമായ അകലം ഉറപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. കുറഞ്ഞത് ഡ്രൈവറുടെ നെഞ്ചും സ്റ്റിയറിങും തമ്മില്‍ പത്ത് ഇഞ്ചിന്റെ അകലമെങ്കിലും വേണം. ഇത് സ്റ്റിയറിങ് വീലില്‍ നിന്നും എയര്‍ബാഗ് പുറത്തേക്കു വന്നുള്ള അപകടങ്ങളുണ്ടാവാനുള്ള സാധ്യതയും ഇല്ലാതാക്കും.
സ്റ്റിയറിങ് വീല്‍ പിടിക്കുന്നത്
90 ഡിഗ്രിയില്‍ സ്റ്റിയറിങ് വീല്‍ പിടിക്കാന്‍ സാധിക്കുന്ന രീതിയിലാവണം സീറ്റ് ക്രമീകരിക്കേണ്ടത്. പല ഡ്രൈവര്‍മാരും കൈ കൂടുതല്‍ വളച്ചുപിടിച്ചുകൊണ്ടാണ് വാഹനം ഓടിക്കാറ്. ഇത് എയര്‍ബാഗ് പുറത്തു വരുന്ന സാഹചര്യമുണ്ടായാല്‍ അപകടത്തിന് കാരണമാവും. കൈക്കും കൈതണ്ടക്കുമാണ് ഇത് പരിക്കേല്പിക്കുക. അതുപോലെ സ്റ്റിയറിങ്ങിന്റെ നടുവില്‍ കൈ വെച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ശീലമുണ്ടെങ്കില്‍ അതും ഒഴിവാക്കണം.
ഡോറില്‍ ചാരല്ലേ
കാറിന്റെ ഡോറില്‍ ചാരി ഇരിക്കുന്ന ശീലമുള്ളവരുമുണ്ട്. ഇത്തരം ശീലങ്ങളും അപകടങ്ങളുടെ ആഘാതം കൂട്ടും. പ്രത്യേകിച്ച് വശങ്ങളില് എയര്‍ബാഗുള്ള വാഹനങ്ങളില്‍. അതിവേഗത്തില്‍ വശങ്ങളില് നിന്നും എയര്‍ബാഗ് പുറത്തേക്കു വരുന്ന സാഹചര്യമുണ്ടായാല്‍ ചാരി ഇരിക്കുന്നയാള്‍ക്ക് പരിക്കേല്‍ക്കുമെന്ന് ഉറപ്പ്. സുരക്ഷക്കായുള്ള എയര്‍ബാഗ് വില്ലനാവാതിരിക്കാന്‍ ഇത്രയും കാര്യങ്ങളെങ്കിലും സൂക്ഷിക്കണം.