ബ്രേക്ക് കിട്ടുന്നില്ല! ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടിവന്നാൽ?
Mail This Article
സുന്ദരമായ പാതയിലൂടെ കാറിലങ്ങനെ പോകുമ്പോഴാകും ചിലപ്പോൾ ബ്രേക്ക് കിട്ടുന്നില്ലെന്ന് തിരിച്ചറിയുന്നത്... ഇങ്ങനെയൊരു സന്ദര്‍ഭം ജീവിതത്തിലോ സ്വപ്‌നത്തിലോ അനുഭവിക്കാത്തവര്‍ കുറവായിരിക്കും. നിത്യജീവിതത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുത്തുന്ന കാരണങ്ങള്‍ പലതുണ്ട്. ഹൈറേഞ്ചുകളും ഹെയര്‍പിന്‍ വളവുകളും ഇറങ്ങുമ്പോഴായിരിക്കും പലരും ആദ്യമായി ബ്രേക്ക് കിട്ടാത്ത അവസ്ഥ അനുഭവിച്ചിട്ടുണ്ടാവുക.
തുടര്‍ച്ചയായി ഇറക്കം ഇറങ്ങേണ്ട
തുടര്‍ച്ചയായി ബ്രേക്ക് ചവിട്ടേണ്ടി വരുമ്പോള്‍ ബ്രേക്ക് പാഡ് ചൂടാകുന്നു. ഈ സന്ദർഭങ്ങളിൽ ബ്രേക്ക് കിട്ടാത്ത അവസ്ഥയുണ്ടാവാറുണ്ട്. പരമാവധി ബ്രേക്ക് ഉപയോഗിക്കുന്നത് താഴ്ന്ന ഗിയറിലേക്ക് മാറ്റുന്നതു വഴി ഈ പ്രശ്‌നം നിയന്ത്രിക്കാനാകും. തുടര്‍ച്ചയായി ഇറക്കം ഇറങ്ങി വരാതെ ഇടയില്‍ വാഹനം നിര്‍ത്തി കുറച്ചു കഴിഞ്ഞതിന് ശേഷം വാഹനം വീണ്ടും ഓടിക്കുന്നത് വഴി ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.
ബ്രേക്ക് ഫ്‌ളൂയിഡിന്റെ ചോര്‍ച്ച
ബ്രേക്ക് ഫ്‌ളൂയിഡിന്റെ ചോര്‍ച്ചയും പലപ്പോഴും ബ്രേക്ക് കിട്ടാത്ത അവസ്ഥയിലേക്കെത്തിക്കാറുണ്ട്. ഹൈഡ്രോളിക് പ്രഷര്‍ സംവിധാനം ഉപയോഗിക്കുന്ന ബ്രേക്ക് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് ചോരാതിരിക്കണം. ഫ്‌ളൂയിഡ് ചോരുന്നതോടെ ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമതയാണ് കുറയുന്നത്. റോട്ടോറുകളുടെ പ്രശ്‌നം, ബ്രേക്ക് പാഡ് പ്രശ്‌നം, കാലിപ്പര്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുക എന്നിങ്ങനെയുള്ള യാന്ത്രിക തകരാറുകളും ബ്രേക്ക് കിട്ടാത്ത അവസ്ഥയിലേക്ക് വാഹനങ്ങളെ എത്തിക്കും.
ബ്രേക്ക് കിട്ടിയില്ലെങ്കിൽ
ബ്രേക്കിനുണ്ടാവുന്ന തകരാറ് വലിയ അപകടങ്ങള്‍ക്കും കാരണമാവാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒഴിവാക്കുകയോ അവസരോചിതമായി പ്രവര്‍ത്തിച്ച് അപകടം മറികടക്കുകയോ വേണം. വാഹനം ഓടിക്കുന്നതിനിടെ ചവിട്ടിയിട്ട് ബ്രേക്ക് കിട്ടിയില്ലെങ്കില്‍ തന്നെ പരിഭ്രമിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബ്രേക്ക് തുടര്‍ച്ചയായി ചവിട്ടി നോക്കിയിട്ടും കിട്ടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെ ചെയ്യുന്നത് വാഹനത്തിന്റെ വേഗം കുറയാന്‍ സഹായിക്കും.
ഹാന്‍ഡ്‌ബ്രേക്ക്
ഹാന്‍ഡ്‌ബ്രേക്ക് അവസരോചിതമായി ഉപയോഗിക്കുന്നതും വാഹനം കൈവിട്ടു പോകുന്നു എന്നു തോന്നുന്ന സാഹചര്യത്തില്‍ ഉചിതമാണ്. ഹാന്‍ഡ്‌ബ്രേക്ക് പെട്ടെന്ന് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. അങ്ങനെ സംഭവിച്ചാല്‍ വാഹനം തെന്നി പോകാനുള്ള സാധ്യതയുണ്ട്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഗിയര്‍ താഴേക്കാക്കുന്നതും വാഹനത്തിന്റെ വേഗം കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായ സര്‍വീസിങും വാഹനത്തിന്റെ ചെക്കപ്പുകളും നടത്തുന്നതും ബ്രേക്ക് പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.