ടയറിലെ കാറ്റും ഇന്ധനക്ഷമതയും തമ്മിലെന്ത്? മൈലേജ് കൂട്ടാന്‍ ഈ കാര്യങ്ങൾ പരീക്ഷിക്കൂ
Mail This Article
കാര്‍ ഉപയോഗിക്കുന്നവരുടെ പ്രധാന ശ്രദ്ധകളിലൊന്ന് ഇന്ധന ക്ഷമതയാണ്. കുതിക്കുന്ന ഇന്ധന വിലയും ഇതിനു കാരണമാവുന്നുണ്ട്. എങ്ങനെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാമെന്ന് കുത്തിയിരുന്ന് ആലോചിക്കുകയും ഇന്റര്‍നെറ്റില്‍ തിരയുകയുമൊക്കെ ചെയ്യാറുണ്ട് പലരും. പലപ്പോഴും നമ്മുടെ തെറ്റായ ഡ്രൈവിങ് ശീലങ്ങളും വാഹനത്തിന്റെ സവിശേഷതകളുമൊക്കെയാവും ഇന്ധനക്ഷമതയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുക. കാറില്‍ മാറ്റം വരുത്താതെ കാറിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അഞ്ചു കാര്യങ്ങളെ അറിയാം.
മയത്തില്‍ ചവിട്ടൂ
ഫോര്‍മുല വണ്‍ കാറോട്ടത്തിന് ഇറങ്ങുന്നതു പോലെ നമ്മുടെ റോഡില്‍ കാറുമായി ഇരമ്പിപ്പാഞ്ഞു പോയിട്ട് ‘ഇന്ധനക്ഷമതയില്ലേ’ എന്നു നിലവിളിച്ചിട്ട് യാതൊരു കാര്യവുമില്ല. ആദ്യം തിരുത്തേണ്ടതും മെച്ചപ്പെടുത്തേണ്ടതും നിങ്ങളുടെ ഡ്രൈവിങ് ശീലങ്ങളാണ്. അനാവശ്യമായി ആക്സിലറേറ്റര്‍ കൊടുത്തും ക്ലച്ചില്‍ ചവിട്ടിയും താഴ്ന്ന ഗിയറില്‍ ഓടിച്ചുമൊക്കെയാണ് പലപ്പോഴും ഇന്ധനം കത്തിപ്പോവാറ്. എവിടെയാണ് പാളിച്ചയെന്നു തിരിച്ചറിഞ്ഞ് തിരുത്തിയാല്‍ നിങ്ങളുടെ വാഹനത്തിനും മികച്ച ഇന്ധനക്ഷമത ഉറപ്പിക്കാനാവും.
ഓഫാക്കേണ്ടിടത്ത് ഓഫാക്കണം
കാര്‍ ഓണാക്കിയാല്‍ പിന്നെ ലക്ഷ്യത്തിലെത്തിയേ നിര്‍ത്തൂ എന്നതു പോലുള്ള കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുത്. ഗതാഗതക്കുരുക്കു മൂലമോ സിഗ്നലിലോ 60 സെക്കന്‍ഡിലേറെ വാഹനം നിര്‍ത്തിയിടേണ്ടി വന്നാല്‍ കാറിന്റെ എന്‍ജിനും ഓഫാക്കാന്‍ മറക്കരുത്. പുതിയ കാര്‍ മോഡലുകള്‍ വളരെ കുറവ് ഇന്ധനം മാത്രമേ വാഹനം ഓണാക്കാന്‍ വേണ്ടി എടുക്കാറുള്ളൂ. അതുകൊണ്ട് ഇത്തരം വാഹനങ്ങള്‍ 45 സെക്കന്‍ഡ് നിര്‍ത്തിയിടേണ്ടി വന്നാല്‍ എന്ജിന് ഓഫാക്കിയാലും തെറ്റില്ല. സ്റ്റാര്‍ട്ട്/സ്റ്റോപ് ഫീച്ചറും അനാവശ്യ ഇന്ധനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
ടയര്‍ പ്രഷര്‍
കാര്‍ ഓടിക്കുമ്പോള്‍ പലപ്പോഴും മറന്നു പോകാറുള്ള കാര്യമാണ് ടയറുകളിലെ മര്‍ദം. ഏറ്റവും അനുയോജ്യമായ അളവില്‍ ടയറില്‍ മര്ദമുണ്ടെങ്കില് അത് കാറിന്റെ സുരക്ഷയ്ക്കു മാത്രമല്ല ഇന്ധനക്ഷമത ഉറപ്പിക്കാനും സഹായിക്കും. ടയറിലെ പ്രഷറില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ഇന്ധനക്ഷമത കുറയ്ക്കും. കാര്‍ നിര്‍മാണ കമ്പനികള്‍ പറയുന്ന ടയര്‍ പ്രഷറിനേക്കാള്‍ കൂടുതല്‍ വയ്ക്കുന്ന പതിവും പലര്‍ക്കുമുണ്ട്. ഇതും ഇന്ധനക്ഷമതയെ ബാധിക്കും.
ഗിയര്‍ മാറ്റണം
താഴ്ന്ന ഗിയറില്‍ അനാവശ്യമായി വലിപ്പിച്ചു കാര്‍ മുന്നോട്ടെടുക്കുന്ന ശീലമുണ്ടോ? അത് വാഹനത്തിന്റെ മൈലേജിനെ ബാധിക്കും. അപൂര്‍വം ചിലര്‍ക്കെങ്കിലും താഴ്ന്ന ഗിയറില്‍ ഒരുപാടു ദൂരം കാര്‍ കൊണ്ടുപോവുന്ന സ്വഭാവമുണ്ട്. ഇതും മൈലേജിന് ഗുണമല്ല. അനുയോജ്യമായ വേഗത്തിലെത്തിയാല്‍ വാഹനം ടോപ്ഗിയറിലേക്ക് മാറ്റുന്നതാണ് നല്ലത്. താഴ്ന്ന ഗിയറിലാണ് വാഹനം കൂടുതല്‍ ഇന്ധനം ഉപയോഗിക്കുക.
കാര്‍ കുത്തി നിറയ്ക്കല്ലേ...
ഒരു വീടു മുഴുവന്‍ കാറില്‍ കുത്തി നിറയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. കാറിന്റെ ഭാരം കൂടുന്നതിന് അനുസരിച്ച് ഇന്ധനക്ഷമത സ്വാഭാവികമായും കുറയും. പരമാവധി ഭാരം കുറച്ചുകൊണ്ടുള്ള യാത്രകള്‍ നിങ്ങളുടെ പോക്കറ്റിനും കാറിന്റെ ഇന്ധനക്ഷമതയ്ക്കും ഗുണമാവും. റൂഫ് ബോക്സ് പോലുള്ളവ ഉപയോഗിക്കാത്ത സമയങ്ങളില്‍ അഴിച്ചു വയ്ക്കണം.
പ്ലാനിങിലാണ് കാര്യം
യാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പോകുന്ന വഴികളും കൂടി കണക്കിലെടുക്കണം. ചിലപ്പോഴെങ്കിലും എളുപ്പവഴികള്‍ ഇന്ധനക്ഷമതയെ കുറക്കാറുണ്ട്. പ്രത്യേകിച്ചും വളവുകളും കുഴികളും നിറഞ്ഞ എളുപ്പവഴികള്‍. തുടര്‍ച്ചയായി ഗിയര്‍ മാറ്റേണ്ടി വരുന്നത് ഇന്ധനക്ഷമതയെ നേരിട്ടു ബാധിക്കും. കിലോമീറ്ററിലെ കുറവിലെ ലാഭം ഒരിക്കലും ഇന്ധനച്ചെലവില്‍ പ്രതിഫലിക്കില്ല. നിങ്ങളുടെ ഡ്രൈവിങ് ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ത്തന്നെ ഇന്ധനക്ഷമത വര്‍ധിപ്പിക്കും. ഇതു തന്നെയാണ് ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട സുവര്‍ണ ഡ്രൈവിങ് നിയമങ്ങളിലൊന്ന്.