ADVERTISEMENT

വൈദ്യുതകാറുകളുടെ വിപണിയും പ്രശസ്തിയും ഇന്ത്യയിലും അതിവേഗത്തിലാണ് ഉയരുന്നത്. അതേ വേഗതയില്‍ തന്നെ വൈവിധ്യമാര്‍ന്ന ഇലക്ട്രിക് മോഡലുകളും എത്തുന്നു. 20 ലക്ഷം രൂപയ്ക്ക് താഴെ തന്നെ നിരവധി വൈദ്യുത വാഹനങ്ങള്‍ ലഭ്യമാണ്. ജനപ്രിയമായതും മലിനീകരണം കുറവുള്ളതും താരതമ്യേന കുറഞ്ഞ വിലയിലുള്ളതുമായ ഏഴ് ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം.

Tata Punch EV
Tata Punch EV

1. ടാറ്റ പഞ്ച് ഇവി

വിപണിയിൽ എത്തിയ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനം. രണ്ടു മോഡലുകളിലായി അഞ്ച് വേരിയന്റുകളിൽ ലഭിക്കുന്ന ടാറ്റ പഞ്ചിന്റെ റേഞ്ച് കുറഞ്ഞ മോഡലിന് 10.99 ലക്ഷം രൂപ മുതൽ 13.29 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 12.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. രണ്ടു ബാറ്ററി പായ്ക്കുകളിൽ പഞ്ച് ഇവി ലഭിക്കും. 25 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 35 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ലോങ് റേഞ്ച് മോഡലിന് 421 കിലോമീറ്റർ റേഞ്ചും ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

പുതിയ ഇന്റീരിയറാണ് പഞ്ച് ഇലക്ട്രിക്കിന്. 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടൂ സ്പോക് സ്റ്റിയറിങ് വീൽ എന്നിവയുണ്ട്. റേഞ്ച് കുറഞ്ഞ വേരിയന്റിന് 7 ഇഞ്ച് സ്ക്രീനും ഡിജിറ്റൽ ക്ലസ്റ്ററുമാണ്. ഉയർന്ന മോഡലിന് 360 ഡിഗ്രി ക്യാമറ, ലതറേറ്റ് സീറ്റുകൾ, ഇലക്ട്രോണിക് പാർക് ബ്രേക്ക്, കണക്റ്റഡ് കാർ ടെക്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ക്രൂസ് കൺട്രോൾ, സൺറൂഫ് എന്നിവയുണ്ട്.

tata-nexon-15

2. നെക്‌സോണ്‍ ഇവി എം.ആർ

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഇവികളിലൊന്നാണിത്. 14.74 ലക്ഷം രൂപ വില മുതൽ 17.84 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇവി എം.ആറിന്റെ വില. അഞ്ചു പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. എംആർ എന്ന മീഡിയം റേഞ്ച് ഒറ്റ ചാര്‍ജില്‍ 325 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 30 kWh ബാറ്ററിയാണ് എംആറിൽ. ഫാസ്റ്റ് ചാർജിങ്ങിൽ 80 ശതമാനം വരെ ചാർജ് ആകാൻ 56 മിനിറ്റുമാത്രം.‌ ആറ് എയര്‍ ബാഗുകള്‍ക്കൊപ്പം എബിഎസ്, ഇബിഡി, ISOFIX സുരക്ഷാ സൗകര്യങ്ങളോടെയാണ് നെക്‌സോണിന്റെ വരവ്. ക്രാഷ് ടെസ്റ്റില്‍ നേടിയ 5 സ്റ്റാറും നെക്‌സോണിന്റെ ജനപ്രീതിക്കു കാരണമാണ്.

Tata Nexon EV
Tata Nexon EV

3. നെക്‌സോണ്‍ ഇവി എൽ.ആർ

നെക്‌സോണിന്റെ റേഞ്ച് കൂടിയ ഇവി മോഡലാണ് എൽആർ എന്ന ലോങ് റേഞ്ച്. വില 18.19 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെ. 40.5kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 462 കിലോമീറ്റര്‍ റേഞ്ച് നല്‍കും. 7.2kW ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ആറു മണിക്കൂറുകൊണ്ട് 100 ശതമാനം വരെ ചാര്‍ജിലെത്തും. ഫാസ്റ്റ് ചാർജിങ്ങിൽ പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാർജ് ആകാൻ 56 മിനിറ്റുമാത്രം.‌ മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗം.

ഉയർന്ന മോഡലിൽ 26.03 ‌ഇഞ്ച് ഡ ഡിജിറ്റൽ കോക്പിറ്റ്, 31.24 ഇഞ്ച് ഹർമൻ സിനിമാറ്റിക് ടച്ച്ക്രീൻ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്, സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍, മള്‍ട്ടി ലെവല്‍ റീജെനറേറ്റീവ് ബ്രേക്കിങ്, ഇലുമിനേറ്റഡ് സ്റ്റീയറിങ്, ക്രൂസ് കണ്‍ട്രോള്‍, എയര്‍ ക്ലീനര്‍, പവര്‍ സണ്‍റൂഫ്, പിന്നില്‍ എസി വെന്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ് എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയുണ്ട് നെക്‌സോണില്‍ എൽആറിൽ.

tata-tigor-ev-3

4. ടിഗോര്‍ ഇവി

5 സീറ്റര്‍ ടിഗോര്‍ ഇവിയുടെ വില 12.49 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെയാണ്. 26kWh ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനായി 9.4 മണിക്കൂറാണ് ആവശ്യം. റേഞ്ച് 315 കിലോമീറ്റര്‍. ബജറ്റ് കാറുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ടിഗോറില്‍ പ്രീമിയം ഇന്റീരിയറും ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ പോലുള്ള ഫീച്ചറുകളും ബേസ് മോഡലില്‍ ഒഴികെ നല്‍കിയിരിക്കുന്നു. സുരക്ഷാ റേറ്റിങില്‍ 4 സ്റ്റാര്‍ ലഭിച്ചെന്നതും ടിഗോര്‍ ഇവിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നുണ്ട്.

tata-tiago-ev-9

5. ടിയാഗോ ഇവി

ഇന്ത്യയില്‍ നിലവില്‍ വിപണിയിലുള്ള ഏറ്റവും വില കുറഞ്ഞ ഇവികളിലൊന്നാണ് ടാറ്റ ടിയാഗോ ഇവി. 8.69 ലക്ഷം മുതല്‍ 12.03 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രണ്ടു ബാറ്ററി പാക്കുകള്‍ 19.2 kWh ബാറ്ററിക്ക് റേഞ്ച് 250 കിലോമീറ്റര്‍. 24kWh ബാറ്ററിക്ക് 315 കിലോമീറ്റര്‍ റേഞ്ച്. രണ്ടു ബാറ്ററി പാക്കുകളും ചാര്‍ജു ചെയ്യാന്‍ ശരാശരി 6.9 മണിക്കൂര്‍ മുതല്‍ 8.7 മണിക്കൂര്‍ വരെ സമയമെടുക്കും. പ്രീമിയം ഫീച്ചറുകളുള്ള ബജറ്റ് കാറായാണ് ടിയാഗോ ഇവിയേയും ടാറ്റ അവതരിപ്പിക്കുന്നത്. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, എബിഎസ് വിത്ത് ഇബിഡി, റിയര്‍ വ്യൂ ക്യാമറ എന്നിങ്ങനെ സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും ടിയാഗോ ഒട്ടും പിന്നിലല്ല.

Mahindra XUV 400
Mahindra XUV 400

6. മഹീന്ദ്ര എക്‌സ് യു വി 400

മഹീന്ദ്രയുടെ 5 സീറ്റര്‍ ഇവിയാണ് എക്‌സ് യു വി 400. വില ആരംഭിക്കുന്നത് 15.49 ലക്ഷം രൂപ മുതല്‍ 19.19 ലക്ഷം രൂപ വരെ. രണ്ടു ബാറ്ററി പായ്ക്കുകൾ. 34.5  kWh ബാറ്ററി 375 കിലോമീറ്റർ റേഞ്ചും 39.4 kWh ബാറ്ററി 456 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. സാധാരണ ചാര്‍ജറില്‍ ഫുള്‍ ചാര്‍ജാവാന്‍ 13 മണിക്കൂറെടുക്കും. അതിവേഗ ചാര്‍ജറില്‍ 0-80 ശതമാനം വരെ വെറും 50 മിനിറ്റില്‍ എത്തും. 6 എയര്‍ബാഗും മറ്റു സുരക്ഷാ ഫീച്ചറുകളുമുള്ള എക്‌സ് യു വി 400നെ 20 ലക്ഷത്തില്‍ കുറവു വിലയിലുള്ള ഏറ്റവും സുരക്ഷയുള്ള വാഹനങ്ങളിലൊന്ന് എന്നു വിശേഷിപ്പിക്കാം.

Citroen eC3
Citroen eC3

7. സിട്രോൺ ഇ സി3

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം. നാലുമോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 11.61 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയാണ്. ഐസ് വാഹനം ഇലക്ട്രിക്കായി മാറ്റാതെ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ തന്നെ നിർമിച്ച കാറിന് 320 കിലോമീറ്റർ റേഞ്ചുണ്ട്. 29.2kWh ആണ് ബാറ്ററി. എസി ചാർജർ ഉപയോഗിച്ചാൽ പൂർണമായും ചാർജ് ചെയ്യാൻ 10.30 മണിക്കൂർ. ഫാസ്റ്റ് ചാർജർ ഉപയോച്ചാൽ 80 ശതമാനം ചാർജിൽ എത്താൻ 57 മിനിറ്റ് മാത്രം.

MG COMET EV BROCHURE

8. എംജി കോമറ്റ്

എട്ടു ലക്ഷം രൂപക്ക് 230 കി.മീ റേഞ്ചുള്ള ചെറു ഇവി എന്ന രീതിയിലാണ് കോമറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 3 മോഡലുകളിലുള്ള വാഹനത്തിന് 7.98 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. 17.3 kWh വാട്ട് ബാറ്ററി. ആയിരം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 519 രൂപ മാത്രമേ വേണ്ടി വരൂ എന്നാണ് കോമറ്റിനു മുകളില്‍ എംജി നല്‍കിയ വാഗ്ദാനം. ഫീച്ചറുകളിലും രൂപകല്‍പനയിലും യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാതെ നഗരയാത്രയ്ക്ക് അനുയോജ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് കോമറ്റ്.

English Summary:

8 Electric Cars Under 20 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com