ADVERTISEMENT

വന്യമൃഗങ്ങളെ വളർത്തുന്ന കാഴ്ചബംഗ്ളാവുകളാണ് പലർക്കും വാഹനങ്ങൾ ! വണ്ടിയുടെ മുന്നിലും പിന്നിലും പൂച്ച, പട്ടി, കടുവ, പാമ്പ്, കുരങ്ങ് ! ഇവയ്ക്കു വിശ്രമിക്കാൻ പല നിറത്തലയണകൾ ! തൊങ്ങലുകൾ !  വിശാലമായ രംഗവേദികളിൽ നൃത്തം ചെയ്യുന്നതുകൊണ്ടാകാം ഒഴിഞ്ഞ ഇടങ്ങളോടാണ് രാജശ്രീ വാരിയർ എന്ന നർത്തകിക്ക് ഇഷ്ടം; വീട്ടിലാണെങ്കിലും വാഹനത്തിലാണെങ്കിലും. 

‘‘എന്റെ വീട്ടിൽ ഫർണിച്ചർ വളരെ കുറവാണ്. ഞാനും എന്റെ ഭർത്താവും മകളും ഇക്കാര്യത്തിൽ ഒരേ താൽപര്യമുള്ളവരാണ്. പക്ഷേ ഞങ്ങൾ മൂന്നു പേരും മൂന്നു മനുഷ്യരുമാണ്. ഒഴിഞ്ഞ ഇടങ്ങൾ ആവശ്യമുള്ള മനുഷ്യർ. വ്യക്തി എന്ന നിലയിൽ നമ്മൾക്കു ചുറ്റുമുള്ള സ്വകാര്യതയെ ഇഷ്ടപ്പെടുന്നവർ. എല്ലാവരും ഒരുമിച്ച് ഇരിക്കുന്നതുപോലെ ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ നമ്മളുടെ ചുറ്റുപാടുമുള്ള ഇടങ്ങൾ നിർമിക്കാനും താൽപര്യമുള്ളവരാണ്. അതിന്റെ ഒരു പ്രതീകമാവാം ഫർണിച്ചർ ഇല്ലായ്മ. വണ്ടിക്കുള്ളിലും അതുപോലെ തന്നെ. പാവകളോ തലയണകളോ തൊങ്ങലുകളോ ഒന്നും ഉണ്ടാവാറില്ല.’’

rajasree-warrier-1
രാജശ്രീ വാര്യർ, ചിത്രങ്ങൾ: മനോരമ

കാൽനഖം മുതൽ മുടിത്തുമ്പു വരെ അലങ്കാരങ്ങളാണ് നർത്തകിയുടെ ചന്തം ! ആടയാഭരണങ്ങളണിഞ്ഞ നർത്തകി യാത്ര ചെയ്യുമ്പോൾ അലങ്കാരമെന്തിനു വേറെ..!

വർഷങ്ങൾക്കു മുമ്പൊരു വൈക്കത്തഷ്ടമി. രംഗവേദിയിൽ രാജശ്രീയുടെ ഭരതനാട്യം. തിരശീല വീണപ്പോൾ രാത്രി ഒരു മണിയുടെ കൈയടി. പിറ്റേന്ന്  തിരുവനന്തപുരത്ത് രാജശ്രീക്ക് പിഎച്ച്ഡിക്കുള്ള വൈവാവോസി പരീക്ഷയാണ്. രാവിലെ എട്ടിന് മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ എത്തണം. സ്റ്റേജിൽ നിന്നിറങ്ങി വേഷമഴിക്കാതെ കാറിൽക്കയറി. സാധാരണ അങ്ങനെ പതിവില്ല. രാജശ്രീ പറഞ്ഞു... ‘‘നൃത്തം കഴിഞ്ഞാൽ തലയിങ്ങനെ ഹൈയായിരിക്കും. ഉറങ്ങാനൊന്നും എളുപ്പമല്ല. പക്ഷേ, അന്ന് കാറിൽക്കയറിയതും ഞാനൊട്ടും ആധിയില്ലാതെ ഉറങ്ങിപ്പോയി. നൃത്തത്തിന്റെ വേഷം എന്നെ സമാധാനിപ്പിച്ചിരിക്കാം.’’

യാത്രകളിൽ പൊതുവേ ഉണർന്നിരിക്കാനാണ് രാജശ്രീക്ക് ഇഷ്ടം.  ഒഴിഞ്ഞ വീഥികളിലൂടെ കാറോടുമ്പോൾ റോഡിങ്ങനെ നമ്മുടെ മുന്നിൽക്കയറി ഓടിക്കൊണ്ടിരിക്കുന്നത് നോക്കിയിരിക്കാനും ആ റോഡിനെ പിന്തുടരാനും ഇഷ്ടം. മണിക്കൂറുകളോളം അവനവന്റെ തന്നെ ലോകത്തോ, പാട്ടുലോകത്തോ ഇങ്ങനെ യാത്രകൾ. ‘‘വണ്ടിയിലിരിക്കുമ്പോൾ അധികം സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. മിണ്ടാതിരിക്കണം. എന്റേതായ ലോകത്ത് ഇരിക്കണം. പാട്ടുജീവിതമാണ് എനിക്ക് യാത്രകൾ.  പാട്ടു കേൾക്കുമ്പോഴും, പാട്ട് ഒരു ട്രാക്കിലും മനസ്സുകൊണ്ട് ഞാൻ മറ്റൊരു ട്രാക്കിലുമായിരിക്കും. പാട്ടിന്റെ ട്രാക്ക്, എന്റെ ആബ്സെന്റ്മൈൻഡഡ്നെസ്സിന്റെ ട്രാക്ക്. ഇതിനൊപ്പം വണ്ടിയുടെ ട്രാക്ക്... ഇതെല്ലാം കൂടെ ഒരുമിച്ച് കൊണ്ടുപോകാൻ എനിക്കു പറ്റില്ല. എന്റെ ഈ സ്വഭാവം റോഡിനും റോഡിലൂടെ നടക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും നല്ലതല്ലാത്തതുകൊണ്ടാണ് ഞാൻ വാഹനം ഓടിക്കാത്തത്.’’

നർത്തകി എന്ന നിലയിൽ ചില വേദികളോടും അവിടേയ്ക്കുള്ള യാത്രകളോടും പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ട് രാജശ്രീ വാരിയർക്ക്. അങ്ങനെയൊരിടമാണ് ന്യൂയോർക്ക്. അവിടെ നൃത്തം കഴിഞ്ഞ് കർട്ടൻ താഴുമ്പോൾ ഓഡിയൻസിൽ നിന്ന് ഒരു ആവശ്യം ഉയർന്നു. പിറ്റേന്ന് രാവിലെ ഒരിക്കൽക്കൂടി നൃത്തം അവതരിപ്പിച്ചിട്ടേ പോകാവൂ. അതിനായി വലിയൊരു പ്രതിഫലം വീണ്ടും സംഘാടകർ തന്നു. ന്യൂയോർക്കിലെ ശ്രീനാരായണീയരുടെ ഒരു സംഘടനയായിരുന്നു അത്.  ‘‘ഗുരുദേവനെപ്പറ്റി ഞാൻ കോറിയോഗ്രാഫ് ചെയ്ത ഒരു നൃത്ത പരിപാടി കൂടി അവതരിപ്പിച്ച ശേഷമാണ് മടങ്ങിയത്.  ആ സ്ഥലം മറക്കുവതെങ്ങനെ!’’

rajasree-warrier-2
രാജശ്രീ വാര്യർ, ചിത്രങ്ങൾ: മനോരമ

കണ്ട നാടുകളിൽ അയർലൻഡിനോട് ഇഷ്ടം കൂടുതലുണ്ട്.  ‘‘ആ നാട്ടിൽ താമസിക്കാൻ കിട്ടിയ മുറിയിൽ കയറി ജനാല തുറന്നപ്പോൾ ലോർഡ് ടെന്നിസണിന്റെ ദ് ബ്രൂക്ക് എന്ന കവിതയിലെ അരുവി ജനാലയുടെ അരികിൽ ! ഐറിഷ് കഥകളിൽ ഞാൻ വായിച്ച സിന്നിയ പൂക്കൾ അവിടവിടെ എന്നെ നോക്കി പരിചിത ഭാവത്തിൽ ചിരിച്ചു. നാട്ടിലെ ആകാശ മുല്ലപോലെ എന്നേ അവരെന്റെ കൂട്ടുകാരാണ്. ആ കാഴ്ചകൾ എന്നെ എന്റെ ബാല്യത്തിലേക്കു തിരിച്ചു കൊണ്ടുപോയി. ബാല്യത്തിൽ നമ്മൾ എവിടെയോ കളഞ്ഞിട്ടു പോയ നിറങ്ങൾ വീണ്ടും കിട്ടുന്നതുപോലെ തോന്നി ! വല്ലപ്പോഴും തിരിച്ചു വന്നു കാണേണ്ട ഒന്നാണ് ബാല്യം എന്ന് എന്നെ പഠിപ്പിച്ചത് അയർലൻഡാണ്.’’ 

ഡൽഹിയിൽ നിന്നുള്ള യാത്രയിലാണ് ബാങ്കേ ബിഹാരി ക്ഷേത്രത്തിൽ രാജശ്രീ വാരിയർ പോയത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് ആ ക്ഷേത്രം. കുട നിവർത്തി നിൽക്കുന്ന മരങ്ങൾ. അവയ്ക്കിടയിലൂടെ നടന്നു നീങ്ങുന്ന സ്ത്രീകളുടെ നൃത്തം ചെയ്യുന്ന പാവാടകളാണ് രാജശ്രീ ശ്രദ്ധിച്ചത്.  അവയിൽ ചിലതു തിളങ്ങുന്നതു കണ്ടു. ചിലത് മുഷിഞ്ഞവയായിരുന്നു. ചിലത് കീറിയിരുന്നു. 

‘‘കറുത്ത നിറമുള്ള കൃഷ്ണനാണ് അവിടെ പ്രതിഷ്ഠ.  കൃഷ്ണന്റെ അരികിൽ കണ്ടത് ഒരു ചുവന്ന പാവാട.  ആ പാവാടയാണ് രാധ! മനോഹരമായ സങ്കൽപമാണത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരിടമാണത്. രണ്ടു തവണ പോയി. ഇനിയും പോകണമെന്നുമുണ്ട്.’’

ഒരിക്കൽ ഒപ്പം യാത്ര ചെയ്യണമെന്ന് രാജശ്രീ വാരിയർ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുണ്ട്. ആ വ്യക്തിയുടെ പേര് ഇപ്പോൾ പറയുന്നില്ല. അത് ഇനിയും വരാനിരിക്കുന്ന കാര്യമാണ്. സംഭവിച്ചു കഴിഞ്ഞ് ഒരു ഓർമയായി പറയാമെന്ന് രാജശ്രീയുടെ വാഗ്ദാനം. ഒരു ഗന്ധം, ഒരു കാഴ്ച, ഒരു സ്പർശം, ഒരു മുദ്ര, ഒരു സമ്മാനം, ഒരു വാക്ക് ഇവയെല്ലാം ഒരു കലാകാരിയെ മുകുളിതയാക്കി മാറ്റുമെന്ന് രാജശ്രീ ജീവിതം കൊണ്ട് പറയാതെ പറഞ്ഞു വയ്ക്കുന്നു !

English Summary:

Coffee Brake Rajasree Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com