99 രൂപയ്ക്ക് 178 കി.മീ; ഒന്നാമനാകാൻ ബജാജിന്റെ ആദ്യ ‘ഇ’ ഓട്ടോറിക്ഷ
Mail This Article
ഇരുചക്ര വാഹനങ്ങൾമുതൽ ട്രക്കുവരെ ഇലക്ട്രിക്കിലേക്കg ട്രാക്ക് മാറിത്തുടങ്ങി. പൊതുഗതാഗത രംഗത്തുവരെ ഇ–വാഹനങ്ങൾ സജീവമായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വിഫ്റ്റ് ബസ്സുകൾതന്നെ ഉദാഹരണം. സാധാരണക്കാരൻ ഏറ്റവുമധികം ആശ്രയിക്കുന്ന വാഹനമായ ഒാട്ടോറിക്ഷകളുടെ ഇടയിലും നിശ്ശബ്ദമായി ഇ–വാഹനം കടന്നുവന്നിട്ടു നാളേറെയായി. മഹീന്ദ്രയും പിയാജിയോയുമൊക്കെ ഹരിതവാഹനവുമായി നാട്ടിൻപുറത്തെ സ്റ്റാൻഡിൽ എത്തിക്കഴിഞ്ഞിട്ടും ത്രീ വീൽ വാഹനങ്ങളിലെ നമ്പർ വണ്ണായ ബജാജ് കൂട്ടത്തിൽനിന്നു മാറിനിൽക്കുകയായിരുന്നു. ഒടുവിലിതാ ഇലക്ട്രിക് ഒാട്ടോറിക്ഷയുമായി ബജാജും കളത്തിലിറങ്ങുകയാണ്.
ഡിസൈൻ
ബജാജിന്റെ പെട്രോൾ, സിഎൻജി, ഡീസൽ ഒാട്ടോകളോടു സാമ്യമുള്ള ഡിസൈൻ. ഒതുക്കമുള്ള, വൃത്തിയും ഭംഗിയുമുള്ള രൂപം. ഉരുണ്ട ഹെഡ് ലൈറ്റും കറുപ്പുനിറത്തിലെ പാനലിങ്ങുമെല്ലാം കൊള്ളാം. മെറ്റൽ ബോഡിയാണ്. മഡ്‌ഗാർഡുകൾ ഫൈബറും. നിലവാരമുള്ള നിർമാണം. ഫിനിഷിങ് എടുത്തുപറയാം. റൂഫ് ഫ്രെയിമിന്റെ വെൽഡിങ്ങുകൾ പ്ലാസ്റ്റിക് പാനലുകൾകൊണ്ടു മറച്ചിരിക്കുന്നതുതന്നെ ഉദാഹരണം.
മൂന്നുപേർക്കിരിക്കാവുന്ന വലിയ സീറ്റ്. സീറ്റിനു പിന്നിൽ ചെറിയ സാധനങ്ങൾ വയ്ക്കാം. റൂഫ് റെക്സിനാണ്. നല്ല ക്വാളിറ്റിയുണ്ട്. ഷൂട്ടിനു കൊണ്ടുവന്ന വാഹനത്തിൽ റെക്സിൻ അയഞ്ഞുകിടക്കുന്നതു കണ്ട് മോശമെന്നു കരുതണ്ട. ടൈറ്റ് ചെയ്യാൻ സമയം കിട്ടാതിരുന്നതാണ്.ചെറിയ മീറ്റർ കൺസോളിൽ ബാറ്ററി ചാർജ്, റേഞ്ച് തുടങ്ങിയ കാര്യങ്ങൾ അറിയാം. ഹാൻഡിലിലെവലതു വശത്തുള്ള മെനു സ്വിച്ച് വഴി ഇത് നോക്കാം.
മോട്ടർ
4.5 കിലോവാട്ട് പവറും 36 എൻഎം ടോർക്കും നൽകുന്ന മോട്ടറാണ്. ഊർജനഷ്ടം പരമാവധി കുറവുള്ള, 29 ശതമാനം ഗ്രേഡബിലിറ്റിയുള്ള മോട്ടറാണ്. ഇലക്ട്രിക് ഓട്ടോ കയറ്റം കയറുമോ എന്നുള്ള ചോദ്യത്തിന് പ്രകടനത്തിലൂടെ മറുപടി പറയും ഈ മോട്ടർ. ട്രാൻസ്മിഷൻ 2 സ്പീഡ് ഒാട്ടമാറ്റിക്. 8.9 കിലോവാട്ട് അവറിന്റെ ലിതിയം അയൺ ബാറ്ററിയാണ്. മോട്ടറിനും ബാറ്ററിക്കും ഐപി 67 റേറ്റിങ്ങുണ്ട്.
റേഞ്ച്
ഫുൾചാർജിൽ 178 കിലോമീറ്ററാണ് റേഞ്ച്. യൂണിറ്റിന് ഉയർന്ന താരിഫായ പതിനൊന്നു രൂപവച്ചു കൂട്ടിയാൽതന്നെ ബാറ്ററി ഫുൾചാർജ് ചെയ്യാൻ 99 രൂപയേ ചെലവു വരുന്നുള്ളൂ. അതായത് 99 രൂപയ്ക്ക് 178 കിലോമീറ്റർ സഞ്ചരിക്കാം.
ചാർജിങ്
16 ആംപിയറിന്റെ ത്രീ പിൻ ചാർജറാണ്. വാഹനത്തിന്റെ വലതുവശത്ത് ചാർജിങ് പോർട്ട് നൽകിയിരിക്കുന്നു. 0-100 ശതമാനം ചാർജാകാൻ 4 മണിക്കൂർ 30 മിനിറ്റ് സമയം വേണം. 3 മണിക്കൂർകൊണ്ട് 80 ശതമാനം ചാർജാകും. വോൾട്ടേജ് വ്യതിയാനത്തിൽനിന്നും സംരക്ഷിക്കുന്ന ആർസിഡി കേബിളാണ് ചാർജിങ്ങിനായി നൽകിയിരിക്കുന്നത്.ഒാൺ ബോർഡ് ചാർജറുണ്ടെന്നതാണ് ഇ-ടെക് ഒാട്ടോയുടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന്. ഭാരമേറിയ ചാർജർ കൊണ്ടുനടക്കണ്ട. ഇതു വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. കേബിൾ മാത്രം മതി ചാർജ് ചെയ്യാൻ. വാഹനത്തിന്റെ പിന്നിൽ സ്റ്റെപ്പിനി ടയറിനൊപ്പമാണ് ചാർജർ വയ്ക്കാനുള്ള ഇടം ക്രമീകരിച്ചിരിക്കുന്നത്. പെട്രോൾ ഒാട്ടോകളിൽ എൻജിൻ വരുന്ന ഇടത്താണ് സ്റ്റെപ്പിനി ടയറിന്റെ സ്ഥാനം.
ഡ്രൈവ്
സാധാരണ പെട്രോൾ ഡീസൽ ഓട്ടോകളുടേതുപോലുള്ള ഡ്രൈവർ സീറ്റും ഹാൻഡിലുമാണ്. കീയിട്ട് ഒാണാക്കി ബ്രേക്ക് പെഡലിൽ കാൽ അമർത്തി ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്താൽ വാഹനം ഒാട്ടത്തിനു റെഡിയാകും. ഹാൻഡിലിലെ ഇടതുവശത്തുള്ള ബട്ടണുകളിൽ ഡി എന്ന ബട്ടൺ അമർത്തി ആക്സിലറേറ്റർ തിരിച്ചാൽ ഇ-ടെക് ഒാട്ടോ നീങ്ങിത്തുടങ്ങും.
ഇലക്ട്രിക് ഒാട്ടോയല്ലേ കരുത്തു കുറവായിരിക്കും എന്നു കരുതി ആക്സിലറേറ്റർ കൂട്ടിക്കൊടുത്താൽ എടുത്തുചാടും ഇ-ടെക്. അത്ര കരുത്തുണ്ട് മോട്ടറിന്. ഡി മോഡിനെ ഇക്കോ മോഡ് എന്നു വിളിക്കാം. കരുത്ത് അൽപം കുറവാണ് ഈ മോഡിൽ. 40 കി.മീ. ആണ് കൂടിയ വേഗം. അൽപംകൂടി വേഗത്തിൽ പോകാൻ പവർ മോഡ് ഉണ്ട്. ഹാൻഡിലിലെ എം എന്ന സ്വിച്ച് ഇട്ടാൽ കരുത്തു കൂടുതൽ കിട്ടും. 45 കി.മീ. ആണ് കൂടിയ വേഗം. അത്ര കുടുക്കമറിയാത്ത യാത്രയാണ് ഇ-ടെക് ഒാട്ടോ നൽകുന്നത്. 120-80 ആർ 12 ന്റെ വലിയ ട്യൂബ്‍ലെസ് റേഡിയൽ ടയറാണ്. പിന്നിൽ സിവി ഡ്രൈവ് ഷാഫ്റ്റാണ് നൽകിയിരിക്കുന്നത്. ഹിൽഹോൾഡ് അസിസ്റ്റ് സംവിധാനമുള്ളതിനാൽ കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പിന്നോട്ട് ഉരുളില്ല.
വാറന്റി
മോട്ടർ, ബാറ്ററി, ചാർജർ എന്നിവയ്ക്കു മൂന്നു വർഷം അല്ലെങ്കിൽ 80,000 കിലോമീറ്ററാണ് കമ്പനി നൽകുന്ന വാറന്റി
വില
₨3.30 ലക്ഷം രൂപയാണ് ഇ-ടെക് 9.0 യുടെ ഒാൺറോഡ് വില. കേന്ദ്ര സർക്കാരിന്റെ സബ്സിഡി കഴിഞ്ഞുള്ള വിലയാണിത്. സബ്സിഡിക്കായി വാഹനം വാങ്ങുന്നവർ പ്രത്യേക അപേക്ഷകളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒന്നുംതന്നെ നൽകേണ്ടതില്ല. സബ്സിഡി തുക കമ്പനിക്കു നേരിട്ടു ലഭിക്കുകയാണ് ചെയ്യുന്നത്.
ഫൈനൽ ലാപ്
75 ലക്ഷം സംതൃപ്തരായ കസ്റ്റമേഴ്സ്. ലോകത്തിലെ ഏറ്റവും വലിയ ത്രീവീലർ നിർമാതാക്കളായ ബജാജിന്റെ നേട്ടമാണിത്. മികച്ച ഉൽപന്നം നൽകുന്നതിനൊപ്പം വിൽപനാനന്തര സേവനത്തിലും കാട്ടുന്ന ഉത്തരവാദിത്തമാണ് ബജാജിന്റെ ഈ നേട്ടത്തിനു പിന്നിൽ. നിലവിൽ കൊച്ചിയിലും കോഴിക്കോടുമാണ് വാഹനം ലോഞ്ച് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ കെപി മോട്ടോഴ്സ് തന്നെയാണ് ഇടുക്കിയിലെയും ഡീലർ. മാരുതി ഇലക്ട്രിക് കാർ ഇറക്കിയിട്ടു വേണം ഒരെണ്ണം വാങ്ങാൻ എന്നു പറയുന്നതുപോലാണ് ബജാജ് ഇ ഒാട്ടോയുടെ കാര്യത്തിലും. മോശമാവില്ല എന്ന വിശ്വാസമാണ് അതിനു കാരണം. പ്രതീക്ഷകൾ ഇ–ടെക് 9.0 മോഡൽ നിറവേറ്റുമെന്നു കരുതാം.