ADVERTISEMENT

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതലാണ് റിയല്‍ ഡ്രൈവിങ് എമിഷന്‍സ് (ആര്‍ഡിഇ) അഥവാ ഭാരത് സ്റ്റേജ് 6 ഫേസ് 2 മലിനീകരണ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ മലിനീകരണം നിയന്ത്രിക്കാനുള്ള ചെലവ് താങ്ങാനാവില്ലെന്നു കാണിച്ച് പല കാര്‍ നിര്‍മാതാക്കളും ഡീസല്‍ മോഡലുകൾ പിന്‍വലിച്ചു. എന്നാല്‍ ഇപ്പോഴും മികച്ച വില്‍പനയുള്ള ഡീസല്‍ കാറുകളും എസ്‌യുവികളുമുണ്ട്. മലിനീകരണ നിയന്ത്രണങ്ങളോട് പടവെട്ടി പിടിച്ചു നില്‍ക്കുന്ന ഈ ഡീസല്‍ വാഹനങ്ങള്‍ക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയെന്നതും പരമാര്‍ഥം. ഓട്ടം കൂടുതലുള്ളവര്‍ക്ക് ഇപ്പോഴും നോട്ടം ഡീസല്‍ വാഹനങ്ങൾ തന്നെ. കൂട്ടത്തില്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന ഡീസല്‍ കാറുകളേയും എസ്‌യുവികളെയും കുറിച്ചറിയാം. 

Tata Altroz DCA
Tata Altroz DCA

ടാറ്റ ആള്‍ട്രോസ്

ഡീസല്‍ കാറുകളില്‍ ഏറ്റവും കുറഞ്ഞ വിലയുള്ളത് ടാറ്റ ആള്‍ട്രോസിനാണ്. 4 സിലിണ്ടര്‍ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ മോഡലിന്. 90 എച്ച്പി കരുത്തും പരമാവധി 200എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ലീറ്ററിന് 23.64 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയും ടാറ്റ ആള്‍ട്രോസ് നല്‍കുന്നു. വില 8.9 ലക്ഷം-10.8 ലക്ഷം. 

Kia Sonet
Kia Sonet

കിയ സോണറ്റ്

കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന വാഹനമാണ് കിയ സോണറ്റ്. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ കിയ സോണറ്റ് എത്തുന്നുണ്ട്. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 116 എച്ച്പി കരുത്തും 250എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. ആറ് സ്പീഡ് ഓട്ടമാറ്റിക് അല്ലെങ്കില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പിന്‍ സീറ്റുകളിലെ യാത്രികര്‍ക്ക് സ്ഥലം കുറവാണെന്നതാണ് കിയ സോണറ്റിനെ കുറിച്ച് ഉയരുന്ന പ്രധാന ആക്ഷേപം. വില 9.79 ലക്ഷം- 15.69 ലക്ഷം. 

mahindra-bolero-neo

മഹീന്ദ്ര ബൊലേറോ നിയോ

4 വീല്‍ ഡ്രൈവ് ഇല്ലെങ്കിലും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കരുത്തുറ്റ ഡീസല്‍ എസ്‌യുവിയാണ് വേണ്ടതെങ്കില്‍ ബൊലേറോ നിയോ നല്ല ഓപ്ഷനാണ്. 1.5 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 100എച്ച്പി കരുത്തും പരമാവധി 260എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തിയ ശേഷം ബൊലേറോ നിയോയുടെ ഇന്ധനക്ഷമത മഹീന്ദ്ര ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വില 9.90 ലക്ഷം- 12.15 ലക്ഷം. 

മഹീന്ദ്ര ബൊലേറോ

ഇന്ത്യയിലെ യൂട്ടിലിറ്റി വെഹിക്കിളുകളിലെ പ്രധാനിയാണ് ബൊലേറോ. കഴിഞ്ഞ രണ്ടു ദശാബ്ദമായി ബൊലേറോ ഇവിടുണ്ട്. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 76 എച്ച്പി കരുത്തും പരമാവധി 210എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായാണ് എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നത്. വില 9.90 ലക്ഷം- 11.00 ലക്ഷം. 

mahindra-xuv-300

മഹീന്ദ്ര എക്‌സ് യു വി 300 

1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് എക്‌സ് യു വി 300 ന്റെ ഹൃദയവും കരുത്തും. 117എച്ച്പി, 300എന്‍എം കരുത്തു പുറത്തെടുക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ ബോക്‌സാണ് വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയതും ഈ വാഹനത്തിന്റെ മികവ് വര്‍ധിപ്പിക്കുന്നു. വില 9.92 ലക്ഷം- 14.76 ലക്ഷം. 

Hyundai Venue
Hyundai Venue

ഹ്യുണ്ടേയ് വെന്യു

സോണറ്റിന്റെ സഹോദര വാഹനമാണ് ഹ്യുണ്ടേയ് വെന്യു. സോണറ്റിന്റെ അതേ പവര്‍ട്രെയിനുകള്‍ സ്വന്തം സ്റ്റൈലിങ്ങിലാണ് വെന്യുവില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ സോണറ്റിലേതുപോലെ 116 എച്ച്പി 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണെന്നതാണ് സോണറ്റിനെ അപേക്ഷിച്ചുള്ള വ്യത്യാസം. വില 10.71 ലക്ഷം- 13.44 ലക്ഷം രൂപ.

tata-nexon-12

ടാറ്റ നെക്‌സോണ്‍

2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റ എസ്‌യുവിയെന്ന പേര് ടാറ്റ നെക്‌സോണിന് സ്വന്തമാണ്. പെട്രോളിലും ഡീസലിലും വൈദ്യുതിയിലും നെക്‌സോണ്‍ എത്തുന്നുണ്ട്. ഗ്ലോബല്‍ എന്‍സിഎപി, ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സുരക്ഷ ലഭിച്ചത് നെക്‌സോണിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു. 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 115എച്ച്പി കരുത്തും പരമാവധി 260 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വില 11.10 ലക്ഷം-15.60 ലക്ഷം. 

mahindra-thar

മഹീന്ദ്ര ഥാര്‍

ഈ പട്ടികയിലെ ഏക ഓഫ് റോഡര്‍. രണ്ട് ഡീസല്‍ എന്‍ജിനുകളില്‍ ഥാര്‍ എത്തുന്നുണ്ട്. ആദ്യത്തേത് 118എച്ച്പി, 300എന്‍എം 1.4 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍. രണ്ടാമത്തേത് 132എച്ച്പി, 300എന്‍എം 2.2 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍. രണ്ട് എന്‍ജിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഥാര്‍ 1.5 റിയര്‍ വീല്‍ ഡ്രൈവാണെങ്കില്‍ ഥാര്‍ 2.2 ഫോര്‍ വീല്‍ ഡ്രൈവാണ്. വില 11.25 ലക്ഷം- 17.20 ലക്ഷം. 

Kia Seltos
Kia Seltos

കിയ സെല്‍റ്റോസ്

ഹ്യുണ്ടേയ് ക്രേറ്റയുടെ കിയ പതിപ്പായ സെല്‍റ്റോസിലും സമാനമായ 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണുള്ളത്. 116എച്ച്പി കരുത്തും പരമാവധി 250എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. ഡീസലെങ്കിലും പരമാവധി ശബ്ദം കുറഞ്ഞ സെല്‍റ്റോസിന്റെ വില 12 ലക്ഷം- 20.30 ലക്ഷം. 

Hyundai Creta 2024m Representative Image
Hyundai Creta 2024m Representative Image

ഹ്യുണ്ടേയ് ക്രേറ്റ

മിഡ് സൈസ് എസ്‌യുവികളില്‍ ഡീസല്‍ മോഡലുകള്‍ പൊതുവേ കുറവാണ്. ആകെയുള്ളത് ക്രേറ്റയും സെല്‍റ്റോസും മാത്രം. രണ്ടിനും ഒരേ 4 സിലിണ്ടര്‍ 1.5 ലീറ്റര്‍ ഡിസല്‍ എന്‍ജിന്‍. 116എച്ച്പി കരുത്തും 250എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്. സ്മൂത്ത് ഡ്രൈവിങ് വാഗ്ദാനം ചെയ്യുന്ന ക്രേറ്റയുടെ വില 12.35 ലക്ഷം- 20.15 ലക്ഷം.

English Summary:

Most affordable diesel cars, SUVs in India in February 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com