കൊടുംചൂടാണ്, വാഹനത്തിന്റെ പുറംഭാഗം മുതല്‍ എന്‍ജിന്‍ വരെയുള്ള ഭാഗങ്ങള്‍ ശ്രദ്ധിക്കണം
Mail This Article
വരാനിരിക്കുന്നത് കൂടുതല്‍ ചൂടേറിയ ദിവസങ്ങളാണ്. കടുത്ത ചൂടുകാലം നിങ്ങള്‍ക്കു മാത്രമല്ല നിങ്ങളുടെ വാഹനങ്ങള്‍ക്കും വെല്ലുവിളിയാകാറുണ്ട്. ഈ വെല്ലുവിളിയെ മറികടക്കാന്‍ വേനല്‍കാല പ്രത്യേക പരിചരണം വാഹനങ്ങള്‍ക്കും ആവശ്യമാണ്. പുറംഭാഗം മുതല്‍ എന്‍ജിന്‍ വരെയുള്ള ഭാഗങ്ങളില്‍ ശ്രദ്ധിക്കേണ്ട പലതുമുണ്ട്. എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വേനലിലും നിങ്ങളുടെ കാറിനെ നല്ല രീതിയില്‍ പരിപാലിക്കാമെന്നു നോക്കാം.
പുറംഭാഗം
കാറിന്റെ പുറംഭാഗമാണ് വേനലില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടനുഭവിക്കുക. കാറിന്റെ പെയിന്റിങ് മങ്ങാനും മറ്റുമുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ വാഹനത്തെ നല്ല രീതിയില്‍ സംരക്ഷിക്കാനായി കൃത്യമായ ഇടവേളകളില്‍ കഴുകുകയും വാക്‌സ് ചെയ്യുകയും വേണം. ഇത് സൂര്യപ്രകാശത്തില്‍ നിന്നും അധിക സംരക്ഷണം നല്‍കും. സാധ്യമായ സമയത്തെല്ലാം കാര്‍ തണലിൽ പാര്‍ക്കു ചെയ്യാന്‍ ശ്രമിക്കുക. ഇത് പുറംഭാഗത്തിന്റെ സംരക്ഷണം മാത്രമല്ല ഉള്‍ഭാഗം കൂടുതല്‍ തണുപ്പോടെയിരിക്കാനും സഹായിക്കുന്നു.
എന്‍ജിന്‍
കാറിന്റെ ഹൃദയം എന്‍ജിനാണെന്നു പറയാം. വേനലില്‍ ഈ ഹൃദയം അസാധാരണമാം വിധം ചൂടു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. കൂളന്റ് ശരിയായ നിലയിലാണെന്ന് പരിശോധനകളിലൂടെ ഉറപ്പിക്കുക. കൂളന്റ് സംവിധാനത്തില്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പിക്കുക. റേഡിയേറ്റര്‍ വൃത്തിയാക്കിവെക്കുന്നതും കാറിലെ കൂളിങ് സംവിധാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ സഹായിക്കും.
ഇന്റീരിയര്‍
ഉയര്‍ന്ന ചൂട് നിങ്ങളുടെ കാറിന്റെ പുറംഭാഗം മാത്രമല്ല ഉള്ളിലും പ്രശ്‌നങ്ങളുണ്ടാക്കും. സണ്‍ ഷൈഡുകളും വിന്‍ഡ്ഷീല്‍ഡുകളും ഉപയോഗിച്ച് പരമാവധി ചൂട് കാറിനകത്തേക്ക് വരാതെ സംരക്ഷിക്കാം. ഇത്തരം സംരക്ഷണങ്ങള്‍ ഡാഷ്‌ബോര്‍ഡിലും മറ്റും വിള്ളല്‍ വരാതെ സംരക്ഷിക്കുകയും ചെയ്യും. കാറിന്റെ സീറ്റുകള്‍ ലെതറാണെങ്കില്‍ സവിശേഷ ശ്രദ്ധ വേണം. ലെതര്‍ കണ്ടീഷണറിന്റെ സഹായ്തതില്‍ സീറ്റുകള്‍ മൃദുവാക്കി വെക്കാനും വിള്ളല്‍ വരാതെ സൂക്ഷിക്കാനും സാധിക്കും. ഉള്ളിലെ പൊടിയും അഴുക്കും വാക്വം ക്ലീനര്‍ ഉപയോഗിച്ചു വൃത്തിയാക്കുന്നതും നല്ലതാണ്.
ടയറിന്റെ ആരോഗ്യം
സുരക്ഷയെ നേരിട്ടു ബാധിക്കുന്ന വാഹനത്തിന്റെ ഭാഗമാണ് ടയറുകള്‍. ടയറിന്റെ ആരോഗ്യവും പ്രകടനവുമാണ് സുരക്ഷിതയാത്രയുടെ അടിസ്ഥാനകാര്യങ്ങളിലൊന്ന്. കാറിന്റെ ടയറുകളേയും ഉയര്‍ന്ന താപനില നേരിട്ടു ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ടയര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത പോലും കൂടുതലാണ്. ടയര്‍ പ്രഷര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. കാര്‍ നിര്‍മാതാക്കള്‍ പറഞ്ഞിട്ടുള്ള അളവില്‍ എയര്‍ ഉണ്ടെന്ന് ഉറപ്പിക്കണം.
ഇന്ത്യയിലെ വേനല്‍ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരു പോലെ വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും ശരിയായ ശ്രദ്ധയും പരിപാലനവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പം ഈ വേനലിനേയും മറികടക്കാനാവും.