677 കി.മീ വരെ, ഏറ്റവും അധികം റേഞ്ചുള്ള 10 ഇലക്ട്രിക് കാറുകൾ
Mail This Article
വണ്ടി ഇവിയാണെങ്കില്‍ ആദ്യം പരിശോധിക്കുന്ന വിവരങ്ങളിലൊന്ന് റേഞ്ച് എത്രയെന്നായിരിക്കും. പുതിയ മോഡല്‍ കാറുകളും സാങ്കേതികവിദ്യയുമൊക്കെയായി ഇന്ത്യയിലെ ഇവി വിപണിയും അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. റേഞ്ചിനെ ചൊല്ലിയുള്ള ആശങ്ക പരിഹരിക്കാന്‍ മാത്രം ഉയര്‍ന്ന റേഞ്ചുള്ള കാറുകള്‍ നമ്മുടെ നാട്ടിലും സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ലഭ്യമായ കൂടിയ റേഞ്ചുള്ള പത്ത് ഇവികള്‍ ഇവയാണ്.
മെഴ്സിഡീസ് ബെന്‍സ് ഇക്യുഎസ് - 677 കി.മീ
സ്പോര്‍ട്ടി ഇലക്ട്രിക്ക് 4 ഡോര്‍ കൂപ്പെ ലോകത്തെ തന്നെ മികച്ച ഇവികളിലൊന്നായി വിലയിരുത്തപ്പെടുന്നു. 107.8kWh ബാറ്ററിയും ഡ്യുവല്‍ മോട്ടോറുമുള്ള കാറിന് 523 എച്ച്പി കരുത്തും പരമാവധി 855 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. റേഞ്ച് 677 കി.മീ. വില 1.55 കോടി -2.45 കോടി.
ബിഎംഡബ്ല്യു ഐ7 -625 കി.മീ
7 സീരീസില്‍ പെട്ട ഓള് ഇലക്ട്രിക്ക് വാഹനമാണ് ഐ7. മുന്നിലെ ഗ്രില്ലിലുള്ള i ബാഡ്ജ് മാത്രമാണ് ഇവി മോഡലിന്റെ പുറമെയുള്ള വ്യത്യാസം. ഇന്റീരിയര്‍ പോലും ഒരുപോലെയാണ്. ഇരട്ട ഇലക്ട്രിക്ക് മോട്ടോറുകളുള്ള ഐ7 544 എച്ച്പി കരുത്തും പരമാവധി 745 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 101.7 kWh ലിത്തിയം അയേണ്‍ ബാറ്ററിയുള്ള വാഹനത്തിന്റെ റേഞ്ച് 591കിമി-625 കിമി. വില 1.95 കോടി.
ലോട്ടസ് ഇക്ട്ര/ ഔഡി ക്യു8 ഇ ട്രോണ്‍ സ്പോര്‍ട്ബാക്ക്- 600 കി.മീ
റേഞ്ചിന്റെ കാര്യത്തില്‍ ലോട്ടസ്, ഔഡി ബ്രാന്‍ഡുകളുടെ ഓരോ മോഡലുകള്‍ തുല്യത പാലിച്ചിരിക്കുകയാണ്. ലോട്ടസിന്റെ ഇക്ട്ര, ഇക്ട്ര എസ് മോഡലുകള്‍ക്ക് ഡ്യുവല്‍ മോട്ടോര്‍ സിസ്റ്റമാണ്. 603 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന ഈ വാഹനങ്ങള്‍ക്ക് 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കാനാവും. 112 kWh ബാറ്ററിയുള്ള ഈ മോഡലിന്റെ റേഞ്ച് 600 കി.മീ. ലോട്ടസ് ഇക്ട്രെ വില 2.55 കോടി മുതല്‍ 2.99 കോടി വരെ.
കഴിഞ്ഞ വര്‍ഷമാണ് ഔഡി ക്യു 8 ഇ ട്രോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയത്. രണ്ട് വകഭേദങ്ങളിലും രണ്ട് ബോഡി സ്റ്റൈലുകളിലും ലഭ്യമാണ്. 114 kWh ബാറ്ററി. ഇരട്ട ഇലക്ട്രിക്ക് മോട്ടോറുകളുള്ള 50 വകഭേദം 340എച്ച്പി കരുത്തും 55 വകഭേദം 408 എച്ച് പി കരുത്തും പുറത്തെടുക്കും. വില 1.14 കോടി മുതല്‍ 1.30 കോടി വരെ.
പോര്‍ഷെ മക്കാന് ടര്‍ബോ - 591 കി.മീ
ഈ വര്‍ഷം തുടക്കത്തിലാണ് പോര്‍ഷെ മക്കാന് എസ്യുവിയുടെ ഇലക്ട്രിക്ക് വകഭേദം പുറത്തിറക്കിയത്. പ്രീമിയം പ്ലാറ്റ്ഫോം ഇലക്ട്രിക്ക് പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. ഔഡി ക്യു6 ഇ ട്രോണും പോര്‍ഷെ കയിനും ഇതേ പ്ലാറ്റ്ഫോമിലുള്ള കാറുകളാണ്. ഇരട്ട ഇലക്ട്രിക്ക് മോട്ടോറുള്ള മക്കാന് ഇവി 639 എച്ച്പി കരുത്തു പുറത്തെടുക്കും. പരമാവധി ടോര്‍ക്ക് 1,130 എന്‍എം. 3.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കി.മീ വേഗതയിലേക്കു കുതിക്കും. പരമാവധി വേഗത 260 കി.മീ. 95 kWh ബാറ്ററി. വില 1.65 കോടി.
ബിഎംഡബ്ല്യു ഐ4- 590 കി.മീ
ബിഎംഡബ്ല്യു ഇന്ത്യയില്‍ ഇറക്കിയ രണ്ടാമത്തെ ഇവി. 83.9 kWh ലിഥിയം അയേണ്‍ ബാറ്ററി 590 കി.മീ റേഞ്ച് നല്‍കും. 340 എച്ച്പി കരുത്തും പരമാവധി 430 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 73.90 ലക്ഷം - 77.50 ലക്ഷം.
മെഴ്സിഡീസ് എഎംജി ഇക്യുഎസ് 53 4മാറ്റിക് - 586 കി.മീ
ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഫ്ളാഗ് ഷിപ്പ് മോഡലാണ് മെഴ്സിഡീസ് എഎംജി ഇക്യുഎസ്. ഡ്യുവല്‍ മോട്ടോര്‍ സെറ്റ് അപ്പുള്ള കരുത്തേറിയ വാഹനമാണിത്. കരുത്ത് 761 എച്ച്പി പരമാവധി ടോര്‍ക്ക് 1020 എന്‍എം. വെറും 3.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേയ്ക്ക് കുതിക്കും. പരമാവധി വേഗത 250 കി.മീ. 200 kW വരെ ഡിസി ഫാസ്റ്റ് ചാര്‍ജിങ് പിന്തുണക്കുന്ന 107.8 kWh ബാറ്ററി പാക്ക്. റേഞ്ച് 586 കി.മീ. വില 2.45 കോടി.
ബിവൈഡി സീല്‍ - 570 കി.മീ
ബിവൈഡിയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള സമ്മാനമാണ് സീല്‍. ഒന്നിലേറെ ബാറ്ററി പാക്കുകളിലും പവര്‍ട്രെയിനുകളിലും സീല്‍ എത്തുന്നുണ്ട്. 61.44 kWh ബാറ്ററി പാക്കുള്ള മോഡലില്‍ സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണുള്ളത്. കൂടുതല്‍ വലിയ 82.56 kWh ബാറ്ററി പാക്കുള്ള മോഡലില്‍ ഓള് വീല്‍ ഡ്രൈവും റിയര്‍ വീല്‍ ഡ്രൈവും ഓപ്ഷനായുണ്ട്. വലിയ ബാറ്ററി പാക്കുള്ള വാഹനത്തിന്റെ റേഞ്ച് 570 കി.മീ. വില 41 ലക്ഷം- 53 ലക്ഷം.
മെഴ്സിഡീസ് ബെന്‍സ് ഇക്യുഇ എസ്യുവി- 550 കി.മീ
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ മെഴ്സിഡീസ് ബെന്‍സ് ഇക്യുഇ എസ് യു വി പുറത്തിറങ്ങിയത്. ഓള് വീല്‍ ഡ്രൈവുള്ള ഈ മോഡലില്‍ 90.56 kWh ബാറ്ററിയാണുള്ളത്. റേഞ്ച് 550 കി.മീ. അഡാസ് സുരക്ഷാ സൗകര്യങ്ങളും 15 സ്പീക്കര്‍ ബംസ്റ്റര്‍ സൗണ്ട് സിസ്റ്റവും മസാജ് ഫങ്ഷനുകളുള്ള മുന്‍ സീറ്റുകളിലും ഈ മോഡലിലുണ്ട്. ഡ്യുവല്‍ മോട്ടോര്‍ വാഹനത്തിന് 408 എച്ച്പി കരുത്തും പരമാവധി 858 എന്‍എം ടോര്‍ക്കും നല്കുന്നു. വെറും 4.9 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേയ്ക്കെത്തും. വില 1.39 കോടി.
റോള്‍സ് റോയ്സ് സ്പെക്ടര് - 530 കി.മീ
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഇലക്ട്രിക്ക് കാര്‍ ഏതെന്ന ചോദ്യത്തിനുത്തരമാണ് റോള്‍സ് റോയ്സ് സ്പെക്ടര്. പ്രത്യേകിച്ച് ഓപ്ഷനുകളൊന്നും ചേര്‍ക്കാതെ തന്നെ ഈ വാഹനത്തിന്റെ വില 7.5 കോടി രൂപ വരും. റോള്‍സ് റോയ്സ് മോഡലുകള്‍ക്ക് സമാനമാണ് ഇന്റീരിയര്‍. 102kWh ബാറ്ററി പാക്ക് വാദ്ഗാനം ചെയ്യുന്ന റേഞ്ച് 530 കി.മീ. വെറും 34 മിനുറ്റുകൊണ്ട് 10 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് ചാര്‍ജു ചെയ്യാനാവും. 585 എച്ച്പി കരുത്ത്, പരമാവധി ടോര്‍ക്ക് 900എന്‍എം. വെറും നാലു സെക്കന്‍ഡു മതി പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കി.മീ വേഗത്തിലേക്കു പറക്കാന്‍.
കിയ ഇവി 6- 528 കി.മീ
കിയയുടെ ഇന്ത്യയിലെ ആദ്യത്തെ ഇവി തന്നെ ഫ്ളാഗ്ഷിപ്പ് മോഡലായിരുന്നു. മാതൃകമ്പനിയായ ഹ്യുണ്ടേയ് ഗ്രൂപ്പിന്റെ ഇ-ജിഎംപി പ്ലാറ്റ്ഫോമിലാണ് ഇവി 6 നിര്‍മിച്ചിരിക്കുന്നത്. ഇവി6 ഇന്ത്യയിലേക്ക് നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുകയാണ്. 77.4kWh ബാറ്ററി. സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവ്. 229 എച്ച്പി കരുത്തും പരമാവധി 350 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇനി ഡ്യുവല്‍ മോട്ടോറാണെങ്കില് ഓള് വീല്‍ ഡ്രൈവിനെ പിന്തുണക്കും. കരുത്ത് 325 എച്ച്പിയും പരമാവധി ടോര്‍ക്ക് 605 എന്‍എമ്മുമായി ഉയരും. റേഞ്ച് 528 കി.മീ. വില 60.95 ലക്ഷം- 65.95 ലക്ഷം.