ചൈനീസ് കാറുകൾ ഭീഷണി; വിലക്കുറച്ച് ടെസ്ല
Mail This Article
അമേരിക്കയും ചൈനയും അടക്കമുള്ള പ്രധാന വിപണികളില്‍ വൈദ്യുത കാര്‍ വില കുറച്ച് ടെസ്ല. ഈ വര്‍ഷം ആദ്യ മൂന്നുമാസം വില്പനയിലുണ്ടായ കുറവ് പരിഹരിക്കാനാണ് ടെസ്ലയുടെ പുതിയ നീക്കം. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാണ കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരവും ടെസ്ലയുടെ ഈ നിര്‍ണായക തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.
ഉത്പാദനവും ആവശ്യവും തമ്മില്‍ യോജിച്ചുപോവാന്‍ വേണ്ട മാറ്റങ്ങള്‍ ടെസ്ല കാറുകളുടെ വിലയില്‍ വരുത്തുമെന്ന് എലോണ്‍ മസ്ക് തന്നെ എക്സിലൂടെ അറിയിച്ചു. അമേരിക്കന്‍ വിപണിയിലെ ആദ്യ പാദ സാമ്പത്തിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് ടെസ്ല കാറുകളുടെ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
ചൈനയില്‍ ടെസ്ല മോഡല്‍ 3 ക്ക് 14,000 യുവാന്റെ(ഏകദേശം 1.61 ലക്ഷം രൂപ) കുറവു വന്നു. ഇതോടെ മോഡല്‍ 3യുടെ വില 2,31,900 യുവാന്‍(ഏകദേശം 26.71 ലക്ഷം രൂപ) ആയി മാറി. അമേരിക്കയില്‍ മോഡല്‍ വൈ, മോഡല്‍ എക്സ്, മോഡല്‍ എസ് എന്നീ ടെസ്ല മോഡലുകളുടെ വിലയില്‍ രണ്ടായിരം ഡോളര്‍(1.67 ലക്ഷം രൂപ) കുറച്ചു. യൂറോപിലേയും പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും പല രാജ്യങ്ങളിലും വാഹന വില ടെസ്ല കുറച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.
വിപണിയിലെ മത്സരത്തെ അതിജീവിക്കാന്‍ കഴിഞ്ഞ വര്‍ഷവും ടെസ്ല വൈദ്യുത കാര്‍ വില വെട്ടിക്കുറച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ബിവൈഡി, നിയോ തുടങ്ങിയ കമ്പനികള്‍ കുറഞ്ഞ വിലയുള്ള മോഡലുകള്‍ പുറത്തിറക്കുന്നത് ടെസ്ലയുടെ വില്പനയെ ദോഷകരമായി ബാധിച്ചിരുന്നു. കഴിഞ്ഞ മാസം ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ ആദ്യ വൈദ്യുത കാര്‍ പുറത്തിറക്കിയിരുന്നു.
ഇപ്പോള്‍ പ്രതിസന്ധിയുടേയും തിരിച്ചടികളുടേയും കാലമാണ് ടെസ്ലക്കും എലോണ്‍ മസ്കിനും. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെ എണ്ണത്തില്‍ പത്തു ശതമാനം കുറവു വരുത്താന്‍ കഴിഞ്ഞ ആഴ്ച്ചയിലാണ് ടെസ്ല തീരുമാനിച്ചത്. ഈയൊരു തീരുമാനം വഴി ഏകദേശം 14,000 പേര്‍ക്കാണ് ജോലി നഷ്ടമാവുക. കഴിഞ്ഞ വെള്ളിയാഴ്ച്ച ആക്സിലറേറ്ററിലെ പാകപ്പിഴകള്‍ പരിഹരിക്കാന്‍ എല്ലാ സൈബര്‍ ട്രക്കുകളേയും തിരിച്ചുവിളിക്കാന്‍ ടെസ്ല നിര്‍ബന്ധിതരായിരുന്നു.
ഈ വര്‍ഷം തുടക്കം മുതലുള്ള കണക്കെടുത്താല്‍ ടെസ്ല ഓഹരി വിലയില്‍ 40% ഇടിവ് സംഭവിക്കുകയും ചെയ്തു. ടെസ്ല ഓഹരി വില 150 ഡോളറിന് താഴേക്ക് ഈ ആഴ്ച്ചയില്‍ എത്തിയിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം മുഴുവനായി നേടിയ ഓഹരിവിലയിലെ നേട്ടം ടെസ്ലക്ക് നഷ്ടമാവുകയും ചെയ്തു. 2022ല്‍ ട്വിറ്റര്‍ വാങ്ങാനുള്ള എലോണ്‍ മസ്കിന്റെ തീരുമാനം അദ്ദേഹത്തിന്റെ നിക്ഷേപകര്‍ വലിയ തോതില്‍ വിമര്‍ശിക്കുന്നുണ്ട്.
ടെസ്ലയുടെ ആദ്യപാദ വിറ്റുവരവിന്റെ കണക്കുകള്‍ നിക്ഷേപര്‍ മുമ്പാകെ അവതരിപ്പിക്കുന്നതിന് തൊട്ടു മുമ്പാണ് എലോണ്‍ മസ്കും ടെസ്ലയും വൈദ്യുത കാര്‍ വില കുറച്ചിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദ വില്പന വലിയ തോതില്‍ കുറഞ്ഞതായി ടെസ്ല സമ്മതിച്ചിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആദ്യമായാണ് ടെസ്ലയുടെ പാദ വാര്‍ഷിക വില്പനയില് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുണ്ടാവുന്നത്.