ADVERTISEMENT

എസി ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്ധന ഉപയോഗം വര്‍ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നു കരുതി വാഹനങ്ങളില്‍ എസി ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. ചൂടിനെതിരെ മാത്രമല്ല പൊടിയില്‍ നിന്നും വായു മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടാനുമെല്ലാം എസിയെ നമ്മള്‍ ആശ്രയിക്കാറുണ്ട്. എസി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ വാഹനം എത്രത്തോളം പെട്രോള്‍ ഉപയോഗിക്കുന്നുവെന്നത് നിര്‍ണായകമാണ്. നിങ്ങളുടെ കാര്‍ മോഡലും എന്‍ജിന്‍ കപ്പാസിറ്റിയും എസിയുടെ കാര്യക്ഷമതയുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. കുറഞ്ഞ ഇന്ധനചിലവില്‍ എസി ഉപയോഗിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം. 

സാധാരണയായി ചെറുകാറുകള്‍ക്ക് 1.2 ലീറ്ററിനും 1.5 ലീറ്ററിനും ഇടക്കുള്ള എന്‍ജിനുകളാണുണ്ടാവുക. അതേസമയം വലിയ കാറുകളില്‍ 2.0 ലീറ്റര്‍ മുതല്‍ മുകളിലേക്കായിരിക്കും എന്‍ജിനുകള്‍. എസി ഓണ്‍ ആണെങ്കില്‍ വലിയ എന്‍ജിനുകള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കും. 1.2 ലീറ്റര്‍ മുതല്‍ 1.5 ലീറ്റര്‍ വരെയുള്ള എന്‍ജിനുകളുള്ള ചെറുകാറുകള്‍ എസി ഉപയോഗിക്കുമ്പോള്‍ ഓരോ മണിക്കൂറിലും ശരാശരി 0.2 ലീറ്റര്‍ മുതല്‍ 0.4 ലീറ്റര്‍ വരെ പെട്രോളാണ് അധികമായി ഉപയോഗിക്കാറ്. 2.0 ലീറ്ററോ അതിനു മുകളിലോ ഉള്ള വലിയ കാറുകളിലേക്കു വന്നാല്‍ എസി ഉപയോഗിക്കുമ്പോഴുള്ള അധിക പെട്രോള്‍ ചിലവ് 0.5 ലീറ്റര്‍ മുതല്‍ 0.7 ലീറ്റര്‍ വരെയാവും. 

എന്‍ജിന്റെ വലിപ്പം പോലെ തന്നെ എത്ര വേഗതയിലാണ് വാഹനം ഓടുന്നതെന്നതും എസി ഉപയോഗിക്കുമ്പോഴത്തെ ഇന്ധന ചിലവിനെ സ്വാധീനിക്കാറുണ്ട്. വാഹനം നിര്‍ത്തിയിടുമ്പോള്‍ എസി ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ധനം വാഹനം ഓടുമ്പോള്‍ എസി ഇടുന്ന സമയത്ത് ആവശ്യമായി വരാറുണ്ട്. അതുപോലെ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാല്‍ സാധാരണ കാറുകളില്‍ എസി ഇടുമ്പോഴും താരമത്യേന കുറഞ്ഞ ഇന്ധനചിലവേ വരാറുള്ളൂ. അതേസമയം വേഗത കൂടുന്നതിന് അനുസരിച്ച് എസി കാരണമായുള്ള ഇന്ധന നഷ്ടം കൂടുകയും ചെയ്യും. അതുപോലെ വാഹനത്തില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ സ്വാഭാവികമായും എസിക്കു വേണ്ടി കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടി വരാറുണ്ട്. 

കാറിന്റെ എന്‍ജിന്റെ അവസ്ഥയും ഇന്ധനക്ഷമതയേയും എസി ഉപയോഗത്തേയും സ്വാധീനിക്കുന്ന ഘടകമാണ്. നിങ്ങളുടെ കാര്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതും കാര്യമായ പരിചരണങ്ങള്‍ നല്‍കാത്തതുമാണെങ്കില്‍ എസി ഉപയോഗിക്കുമ്പോല്‍ അത്യാവശ്യം നല്ല രീതിയില്‍ പെട്രോള്‍ ചിലവാവും. അതേസമയം നല്ല രീതിയില്‍ സര്‍വീസും മറ്റും ചെയ്യുന്ന അധികം പഴക്കമില്ലാത്ത കാറുകളില്‍ ഇന്ധന ചിലവ് കുറവായിരിക്കും. 

വാഹനം ഓടിക്കുമ്പോള്‍ മാത്രമല്ല ഇന്ധനം ലാഭിക്കണമെങ്കില്‍ വാഹനം പാര്‍ക്കു ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചൂടുള്ള സമയത്ത് നല്ല വെയിലത്ത് പാര്‍ക്ക് ചെയ്യാതെ തണലുള്ള ഇടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. ഇത് വാഹനം ഓടി തുടങ്ങുന്ന സമയത്ത് തണുക്കാന്‍ വേണ്ടി വരുന്ന എസിയുടെ അളവിനേയും അതുവഴി ഇന്ധന ചിലവിനേയും സ്വാധീനിക്കും. 

ബുദ്ധിപൂര്‍വ്വം എസി ഉപയോഗിക്കുന്നതും അനാവശ്യ ഇന്ധന ചിലവ് കുറക്കാന്‍ സഹായിക്കും. വലിയ രീതിയില്‍ കൂട്ടിവെക്കാതെ ചെറിയ തണുപ്പില്‍ എസി ഉപയോഗിക്കുന്നതാണ് ഇന്ധനക്ഷമതക്ക് നല്ലത്. അതേസമയം ദേശീയ പാതകള്‍ പോലുള്ള വിശാലമായതും അധികം തിരക്കില്ലാത്തതുമായ പാതകളില്‍ എസി ഉപയോഗിക്കുന്നതാണ് നല്ലത്. ഗ്ലാസ് തുറന്നിട്ട് കാര്‍ ഓടിച്ചാല്‍ ഉള്ളില്‍ പൊടി നിറയാന്‍ മാത്രമല്ല കാറ്റു പിടിച്ച് വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ കുറവു വരികയും ചെയ്യും. ചുരുക്കം പറഞ്ഞാല്‍ ഒരു മണിക്കൂര്‍ എസി ഓടുന്ന വാഹനത്തില്‍ ഉപയോഗിച്ചാല്‍ അധികമായി 0.2 ലീറ്റര്‍ മുതല്‍ 0.7 ലീറ്റര്‍ വരെ അധിക ഇന്ധനം ചിലവാവും. വാഹനത്തിന്റെ വേഗത നിയന്ത്രിച്ച് മികച്ച പരിചരണവും ശ്രദ്ധയും വഴി ഇത് കുറക്കാനും സാധിക്കും. 

English Summary:

How Your Car's Air Conditioner Influences Fuel Consumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com