‘വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ് ഫൺ’; സ്വപ്ന വാഹനത്തെക്കുറിച്ച് അഭിരാമി സുരേഷ്
Mail This Article
‘ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ ഇക്കാലത്ത് ‘സ്കൈ ഇസ് ദ് ലിമിറ്റ്’ എന്ന് ആരും എന്നോട് ദയവുചെയ്ത് പറയരുത്...’ കനേഡിയൻ ഗായകൻ പോൾ ബ്രാൻഡിന്റേതാണ് ഈ വാക്കുകൾ. യാത്രകളെപ്പറ്റി പറയുമ്പോൾ ഇതേ പാത പിന്തുടരുന്ന ഒരാൾ കേരളത്തിലുമുണ്ട്. ഗായിക– അഭിരാമി സുരേഷ്. സ്വപ്നം കാണുമ്പോൾ ഒരിക്കലും പരിധിവയ്ക്കരുത്. ആകാശത്തോളം കാണണം, ഒരുപക്ഷേ, ആകാശത്തിനുമപ്പുറത്തേക്കും. സ്വപ്നത്തിന് ജീവിതത്തിൽ അത്രത്തോളം പങ്കുണ്ട്, ആ സ്വപ്നങ്ങളുടെ ചിറകിലേറി പറന്നുചെല്ലാൻ ഈ ലോകത്ത് ഒട്ടേറെ ഇടങ്ങളുമുണ്ട്. യാത്രകളെപ്പറ്റി പറയുമ്പോൾ അഭിരാമി വാചാലയാകുന്നത് ഇങ്ങനെയാണ്. യാത്രയ്ക്കു കൂട്ടായി ഇഷ്ടപ്പെട്ട വാഹനവും ഉണ്ടെങ്കിൽ സന്തോഷം ഇരട്ടിയാകും.
ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം തന്റേതായ അടയാളപ്പെടുത്തൽ നടത്തിക്കഴിഞ്ഞു അഭിരാമി. അതിപ്പോൾ പാട്ടായാലും പാചകമായാലും ഏറ്റവും ബെസ്റ്റ് റിസൽട്ട് തന്നെ നല്‍കും. അതിനെക്കാളെല്ലാം ഉപരിയായി വാഹനപ്രേമി കൂടിയാണ് അഭിരാമി സുരേഷ്. കാറുകളെക്കുറിച്ചും ബൈക്കുകളെക്കുറിച്ചുമെല്ലാം ഏറെ കൊതിയോടെ വിവരങ്ങൾ ശേഖരിച്ചു പഠിക്കുന്നയാൾ. ‘അതെന്താ അങ്ങനെ’ എന്നു ചോദിച്ചാൽ ‘വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ് ഫൺ’ എന്നു തിരിച്ചുചോദിക്കും അഭിരാമി.
ഏതു വാഹനത്തെക്കുറിച്ചു ചോദിച്ചാലും അഭിരാമിക്കു മറുപടിയുണ്ട്. പുത്തൻ വാഹനങ്ങളെക്കുറിച്ച് അത്രയേറെ പഠിച്ച് മനസ്സിലാക്കാറുണ്ടെന്നു പറയുന്നു ഈ താരം. ആ ഇഷ്ടം ഡ്രൈവിങ്ങിനോടുമുണ്ട്. ‘ഡ്രൈവിങ് എന്നെ ഒട്ടും മടുപ്പിക്കാറില്ല. എത്ര നീണ്ട യാത്രയാണെങ്കിലും വാഹനത്തിന്റെ വളയം എന്റെ കയ്യിൽത്തന്നെയാകും. അത്രയേറെ സന്തോഷമാണ് എനിക്ക് യാത്രകളും ഡ്രൈവിങ്ങും സമ്മാനിക്കുന്നത്. ദൂരയാത്രയാണെങ്കിൽ പോലും ഡ്രൈവറെ വയ്ക്കാറില്ല, എനിക്ക് തനിയെ ഒാടിച്ച് പോകാനാണ് ഇഷ്ടം.’ അഭിരാമിയുടെ വാക്കുകളിൽത്തന്നെയുണ്ട് വാഹനങ്ങളോടും യാത്രകളോടുമുള്ള ആ ‘പാഷൻ’.
കാറിനോടുള്ള ഇഷ്ടവും ആത്മബന്ധവും കൊണ്ടാകും എത്ര ദൂരം താണ്ടിയാലും യാത്രയിലെ കാഴ്ചകൾ ആസ്വദിക്കാനും ട്രാഫിക് കുരുക്കിൽ ക്ഷമയോടെ കാത്തിരിക്കാനും താൻ ഒരുക്കമാണെന്നും അഭിരാമി പറയുന്നു. എന്തെല്ലാമാണ് അഭിരാമിയുടെ പ്രിയപ്പെട്ട വാഹനങ്ങൾ? എവിടേക്ക് യാത്ര പോകാനാണ് ഈ താരത്തിന് ഏറെയിഷ്ടം? ആർക്കൊപ്പമുള്ള യാത്രയാണ് ഏറെ പ്രിയപ്പെട്ടത്? വാഹനങ്ങൾക്കൊപ്പമുള്ള തന്റെ പ്രിയപ്പെട്ട ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് അഭിരാമി സുരേഷ്.
യാത്രയോടും പ്രണയമാണ്
ഞാൻ മാത്രമല്ല, കുടുംബമടക്കം യാത്രയെ പ്രണയിക്കുന്നവരാണ്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും എവിടെ പോയാലും ഏറ്റവും മുന്നിൽ ഞാനും ചേച്ചി അമൃതയും ഒപ്പമുണ്ടാകും. ഞങ്ങളുടെ ഫാമിലിതന്നെ നല്ലൊരു ട്രാവൽ കംപാനിയനാണ്. ദൂരം ഞങ്ങൾക്കൊരു പ്രശ്നമല്ല, കാഴ്ചകൾ ആസ്വദിച്ചുള്ള ഒാരോ ട്രിപ്പും ഇന്നും മനസ്സിലെ മറക്കാത്ത ഒാർമകളാണ്. ചേച്ചി അമൃത, സ്റ്റാർ സിങ്ങറിൽ എത്തുന്നത് 18 വയസുള്ള സമയത്താണ്. അന്നേരം ഷോയുടെ ഭാഗമായുള്ള ഓരോ യാത്രയ്ക്കും ഞങ്ങളും ഒപ്പമുണ്ടാകും. എവിടെ പോയാലും എപ്പോഴും ഞങ്ങൾ ഒരുമിച്ചുണ്ടാകണം എന്നതായിരുന്നു ആഗ്രഹം. യാത്രകൾ ഇപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്. ചേച്ചിയുടെ മകൾ പാപ്പുകൂടി വന്നതോടെ ഞങ്ങളുടെ യാത്രയ്ക്കു മോടി കൂടി എന്നുതന്നെ പറയാം. അവളുടെ കുസൃതിയും കളിയും ചിരിയുമൊക്കെയായി യാത്രകൾ കൂടുതൽ രസകരമായി.
ഷോയുടെ എണ്ണം കൂടിയതോടെ വിദേശത്തേക്കും യാത്രകൾ വന്നു, അതും ഒരുമിച്ചുള്ളതായിരുന്നു. ഞങ്ങളുടെ ബാൻഡായ അമൃതംഗമയയുടെ പ്രോഗ്രാമിന്റെ ഭാഗമായുള്ള യാത്രയിൽ അമ്മയെയും പാപ്പുവിനെയുമൊക്കെ ഒപ്പം കൂട്ടും. ഷോ കഴിഞ്ഞാൽ പിന്നെ ആ നാടിന്റെ കാഴ്ചകളിലേക്കും തനതു ഫുഡ് കഴിക്കാനും ആവേശമാണ്, ഒാരോ നാട്ടിലെയും വെറൈറ്റി വിഭവങ്ങളൊക്കെയും പരീക്ഷിക്കാറുണ്ട്.
ചേച്ചിക്കുള്ളത് ഇന്നോവ
ഇന്നോവ ക്രിസ്റ്റയാണ് അമൃതയുടെ വാഹനം. ഇന്നോവയുടെ യാത്രാസുഖം നൽകുന്ന മറ്റൊരു വാഹനം ഇല്ലെന്നുതന്നെ പറയാം. ഒരുപാട് ഷോയ്ക്കു പോകുന്നതുകൊണ്ട് ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമൊക്കെ ആ വാഹനത്തിനുണ്ട്. വണ്ടി ഓടിക്കുന്ന ഇഷ്ടത്തിനേക്കാൾ കൂടുതലുള്ളത് അതൊരു ലൈഫ് സ്കിൽ ആക്കി നമ്മളെ പഠിപ്പിച്ചതിലാണ്. അതിന് ഞങ്ങൾ രണ്ടുപേരും കടപ്പെട്ടിരിക്കുന്നത് അച്ഛനോടുതന്നെയാണ്. ഇന്ന് ഞങ്ങളുടെ ഏറ്റവും വലിയ സങ്കടവും അച്ഛൻ ഒപ്പം ഇല്ല എന്നുള്ളതാണ്. അച്ഛൻ മരിച്ചിട്ട് ഒന്നര വർഷമായി. ആ ഗ്യാപ് ഞങ്ങൾക്ക് ഒരിക്കലും നികത്താനാവില്ല. ഇപ്പോഴും ഞങ്ങളുടെ ഏതു കാര്യത്തിനും അച്ഛൻ ഒപ്പമുണ്ട് എന്നൊരു വിശ്വാസം ഉണ്ട്.
ഹൃദയം കീഴടക്കി ജിംനി– പൊളിയാണ് ഒാഫ്റോഡിങ്
വെറും യാത്രകൾ മാത്രമല്ല ഒാഫ്റോഡിങ്ങാണ് അഭിരാമിക്ക് ഏറെ ഇഷ്ടം. വീണുകിട്ടുന്ന അവസരങ്ങളിൽ കേരളത്തിനകത്ത് ഒാഫ്റോഡിങ് നടത്താറുണ്ട്. ജീവിതത്തിൽ ഏറെ വാങ്ങാൻ ആഗ്രഹിച്ച ജിംനിയാണ് ഇപ്പോൾ യാത്രയ്ക്കു കൂട്ടായി ഉള്ളത്. എല്ലാംകൊണ്ടും ജിംനി സൂപ്പറാണ്. മൾട്ടി യാത്ര എന്നുതന്നെ പറയാം. ഫാമിലിയായി യാത്ര പോകാനും ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കും അതിലുപരി ഒാഫ്റോഡിനുമൊക്കെ മികച്ചതാണ് ജിംനി. സുസുക്കി എഴുപതുകൾ മുതൽ നിർമിച്ചു വിൽക്കുന്ന വാഹനമായ ജിംനിക്ക് ആരാധകർ ഒരുപാടുണ്ട്. ഒാഫ് റോഡിങ് ഇഷ്ടമാണെങ്കിലും ജിംനിയിൽ ഇതുവരെ നടത്തിയിട്ടില്ല. താറിൽ പോയിട്ടുണ്ട്. ജിംനിയിൽ പോകാനുള്ള അവസരം വന്നിട്ടില്ല. പോകണം, ലാഡർ ഓൺ ഫ്രെയിം എന്ന മെക്കാനിസം ഒരുപാട് ഇഷ്ടമാണെന്നും ജിംനി കൊടുക്കാൻ താൽപര്യം ഇല്ലെന്നും കൊടുക്കേണ്ടി വന്നാലും ഒാഫ് റോഡ് വാഹനംതന്നെ വീണ്ടും എടുക്കുെമന്നും അഭിരാമി പറയുന്നു. ജിംനിയുടെ ഉയർന്ന വേരിയന്റായ ആൽഫയാണ് അഭിരാമി സ്വന്തമാക്കിയിരിക്കുന്നത്.
അമ്മ അച്ഛനു സമ്മാനിച്ച ആദ്യ സ്കൂട്ടർ– ഇത് ഒരിക്കലും ചതിച്ചിട്ടില്ല!
വീട്ടിൽ ആദ്യമായി സ്കൂട്ടർ വാങ്ങുന്നത് അമ്മയാണ്. അച്ഛനു നൽകിയ സർപ്രൈസ് ഗിഫ്റ്റായിരുന്നു അത്. അമ്മ മുൻപ് അമൃത ഹോസ്പിറ്റലിൽ കമ്യൂണിറ്റി വിഭാഗത്തിലെ ഫാർമസിസ്റ്റായിരുന്നു. അന്നത്തെ സമയത്ത് അമ്മ സ്വരുക്കൂട്ടിയ പണംകൊണ്ട് അച്ഛനു സമ്മാനിച്ചതായിരുന്നു ഹോണ്ട ആക്ടീവ. ഞങ്ങളുടെ വീട്ടിലെ അംഗത്തെപോലെയായിരുന്ന സ്കൂട്ടറുമായുള്ള ആത്മബന്ധം പറയാതിരിക്കാൻ പറ്റില്ല. ഒരുപാട് ഓർമകളുണ്ട്. അച്ഛൻ പറയുന്നത് ആ സ്കൂട്ടർ എന്നെ ഒരിക്കലും ചതിക്കില്ലെന്നായിരുന്നു. അതു സത്യമായിരുന്നു. ആ സ്കൂട്ടർ ഒരു അപകടത്തിനും കാരണമായിട്ടില്ല. ആ സ്കൂട്ടർ ഇന്നും വീട്ടിലുണ്ട്.
കാറു മാത്രമല്ല ഗയ്സ്, ബൈക്ക് റൈഡറുമാണ്
എനിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ ആൺകുട്ടികളാണ്. അതുകൊണ്ടു തന്നെ ഞങ്ങളുടെ ഇടയിലെ സംസാരവും പുത്തൻ വാഹനങ്ങളെക്കുറിച്ചും അതിന്റെ മൈലേജും ഒക്കെയായിരുന്നു. മിക്ക വാഹനങ്ങളെക്കുറിച്ചും അറിയുകയും ചെയ്യാം. ബൈക്ക് റൈഡിങ്ങും ഇഷ്ടമാണ്. ബൈക്ക് പ്രേമം കോളജ് കാലഘട്ടത്തിലായിരുന്നു. ഞാൻ ചിന്മയ കോളജിലാണ് പഠിച്ചത്. അത്യാവശ്യം സ്ട്രിക്റ്റായ കോളജാണ്. ഇന്ന് അവിടെ വരുന്ന സുഹൃത്തുക്കളുടെ മിക്ക ബൈക്കുകളും ഞാൻ ഓടിച്ചു നോക്കാറുണ്ട്. കെടിഎം ഡ്യൂക്, സിബിആർ, ബുള്ളറ്റ് കൂടാതെ മോഡിഫൈ ചെയ്ത ബൈക്കുകളും ഓടിച്ചിട്ടുണ്ട്. കോളജിൽ ബൈക്കിൽ വൻ ഷോ കാണിച്ചിട്ട് സ്റ്റാഫ് റൂമിലൊക്കെ വിളിപ്പിച്ച കഥകളുമുണ്ട്. അതൊക്കെ ഇപ്പോൾ രസമുള്ള തമാശകളും ഓർമകളുമാണ്.
കൂടാതെ ഇപ്പോൾ കൊച്ചിയിൽ സ്വന്തമായി റസ്റ്ററന്റ് നടത്തുന്നുണ്ട്– ഉട്ടോപ്യ. വാചകം മാത്രമല്ല പാചകവും വശമാണ്. റസ്റ്ററന്റ് നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്. അവിടെയും കസ്റ്റമേഴ്സിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഞാൻ ഓടിയെത്തും. കാരണം മറ്റൊന്നുമല്ല, പലതരം വാഹനങ്ങൾ അപ്പോഴും ഓടിക്കാമല്ലോ, മാത്രമല്ല പുതിയതരം വാഹനങ്ങളുടെ മെക്കാനിസവും പഠിക്കാം. കൂടാതെ പുത്തൻ വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവും നടത്താറുണ്ട്. കഴിഞ്ഞൊരു വർഷത്തിൽ പുതിയതായി ഇറങ്ങിയ മഹീന്ദ്ര എക്സ്‌യുവി 3 എക്സ്ഒ ഒഴികെ ഇപ്പോൾ മാർക്കറ്റിലുള്ള പത്ത് മുതൽ പതിമൂന്ന് ലക്ഷത്തിന് ഇടയിലുള്ള മിക്ക വാഹനങ്ങളും ടെസ്റ്റ് ഡ്രൈവ് നടത്തിയിട്ടുണ്ട്.
ഗാരിജിൽ എല്ലാ വാഹനവും വേണോ?
വാഹനങ്ങൾ പ്രിയമാണെന്നു കരുതി കാണുന്ന കാറുകൾ ഒന്നും വാങ്ങില്ല, ഞാൻ ആദ്യമായി എന്റെ സ്വന്തം പണംകൊണ്ട് വാങ്ങിയത് സെലേറിയോ ആയിരുന്നു. സൺഷൈൻ യെല്ലോ നിറമായിരുന്നു. എന്റെ ആദ്യ വാഹനത്തോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. നല്ല കംഫർട്ടബിൾ കാറായിരുന്നു അത്.
ഡ്രീം കാർ ടെസ്‍ലയുെട സൈബർ ട്രക്കാണ്. ഇത്തരത്തിലുള്ള വാഹനം ഗാരിജിലുണ്ടെന്ന് പറയുന്നതുതന്നെ സ്വപ്നമാണെന്നും അഭിരാമി പറയുന്നു. 4x4 വാഹന സെഗ്‌മെന്റിൽ ഒരുപാട് ഇഷ്ടപ്പെട്ടവ ഉണ്ട്. സെഡാൻ, ഇവി, കൂെപ്പ അങ്ങനെ പ്രിയപ്പെട്ട പല വാഹനങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രിയം ടെസ്‍ല സൈബർ ട്രക്ക് തന്നെയാണ്.
വാഹനങ്ങളുടെ നിറം മൂഡിന് അനുസരിച്ച്
വാഹനം വാങ്ങുമ്പോൾ ഒരേ നിറം തിരഞ്ഞെടുക്കുന്നയാളല്ല ഞാൻ. ഓരോ മൂഡിന് അനുസരിച്ചാണ് നിറം ചൂസ് ചെയ്യുന്നത്. ആദ്യ വാഹനം വെള്ള നിറത്തിലെ ഫോഡ് ഇക്കോസ്പോർട്ട് ആയിരുന്നു. പിന്നീട് സ്വന്തമായി പണം മുടക്കി വാങ്ങിയത് മഞ്ഞ നിറത്തിലെ സെലേറിയോ ഇപ്പോൾ ജിംനി കറുപ്പ്. ഓരോ വാഹനത്തിനും സ്യൂട്ടായ കളറാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ടാറ്റയുടെ നെക്സോൺ എഎംടിയുടെ പർപ്പിൾ എഡിഷൻ എടുക്കണമെന്നുണ്ടായിരുന്നു, പക്ഷേ, നടന്നില്ല. നെക്സോൺ ഇവിയിൽ താൽപര്യം തോന്നിയിട്ടില്ല. വണ്ടിയുടെ ലുക്കിൽ അതിനു യോജിച്ച നിറം സെലക്ട് ചെയ്യുക എന്നതാണ് എന്റെ പോളിസി. പിന്നെ ലക്കി കളറിനേക്കാൾ വാഹനത്തിന്റെ നമ്പർ ശ്രദ്ധിക്കും. ന്യൂമറോളജിക്കലി നല്ല നമ്പർ നോക്കിയെടുക്കാറുണ്ട്. അതൊരു അന്ധവിശ്വാസം എന്നുതന്നെ കരുതാം.
ഇലക്ട്രിക് വാഹനങ്ങൾ ഫ്യൂവൽ വാഹനത്തേക്കാൾ ഇനിഷ്യൽ റെസ്പോൺസ് കൂടുതലാണ്. കാലുകൊടുത്താൽ പറക്കുമെന്ന് പറയാം. ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരുപാട് പോസിറ്റീവ് സൈഡുണ്ട്. വീട്ടിൽ ഒരു ഇലക്ട്രിക് വാഹനം ഉള്ളത് നല്ലതാണ്. ചാർജിങ് സ്റ്റേഷൻ എവിടെയൊക്കെയാണ് ഉള്ളത് എന്നൊക്കെ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു വീട്ടിൽ ഇവിയും ഫ്യൂവൽ വാഹനവും വേണം. ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചത് എന്നല്ല, ഈ രണ്ടു തരം വാഹനത്തിനും അതിന്റേതായ ഗുണങ്ങൾ ഉണ്ട്.
ഡ്രൈവിങ് ഫൺ സീൻസ്
ഒരുപാട് രസകരമായ അനുഭവങ്ങൾ ഡ്രൈവിങ്ങിന്റെ തുടക്കത്തിൽ ഉണ്ടായിട്ടുണ്ട്. ആദ്യമായി സെലേറിയോ എടുത്തപ്പോൾ കോളജ് കഴിഞ്ഞ സമയത്ത് കണ്ടെയ്നർ റോഡിൽ വച്ച് സുഹൃത്തുക്കളുടെ മുൻപിൽ ഞാനെന്റെ ഡ്രൈവിങ് സ്കിൽ കാണിച്ചിരുന്നു, ആ സമയം നാട്ടുകാരൊക്കെ വട്ടംകൂടി ചീത്തയൊക്കെ പറഞ്ഞിരുന്നു, ഇവിടെ ഇങ്ങനെ പറ്റില്ല, അപകടമാണ് എന്നൊക്കെയുള്ള മുൻകരുതൽ പറഞ്ഞിരുന്നു. പിന്നീട് പലതവണ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അനുഭവങ്ങളിൽ നിന്നുമാണല്ലോ പഠിക്കുന്നത്, അങ്ങനെ ഡ്രൈവിങ്ങിൽ കൂടുതൽ സുരക്ഷിതമാകാനും സാധിച്ചിട്ടുണ്ട്.