മഹീന്ദ്ര ഇന്ത്യയിലെ ടെസ്ലയോ? ഇനി വരുന്നത് ഇലക്ട്രിക് വാഹന യുദ്ധം..
Mail This Article
മഹീന്ദ്ര ഇന്നു വരെ പറഞ്ഞു വച്ചതിനൊക്കെ അപ്പുറമാണ് ബി ഇ 6 ഇ എന്ന ഇലക്ട്രിക് വാഹനം. മഹീന്ദ്രയിൽ നിന്ന് ആദ്യമായി ഇറങ്ങുന്ന യഥാർത്ഥ ഇലക്ട്രിക് വാഹനം. ഒരു പക്ഷെ, രൂപഗുണം കണ്ടു മതി മറന്നാവണം, ഇന്ത്യയിലെ ടെസ്‌ലയെന്നു പോലും ചിലരെങ്കിലും വിശേഷിപ്പിച്ച മഹീന്ദ്ര. എന്നാൽ ശരിക്കും ഇന്ത്യയിലെ ടെസ്‌ലയാണോ ഈ മഹീന്ദ്ര? വിശേഷണങ്ങളിൽ എത്രത്തോളം നേരുണ്ട്? പരിശോധിക്കാം...
ടാറ്റയ്ക്കു പിറകെ...
ഇന്ത്യയിൽ പ്രാദേശികമായി ഇലക്ട്രിക് പ്ലാറ്റ് ഫോം വികസിപ്പിച്ചെടുത്തത് മഹീന്ദ്രയല്ല, ടാറ്റയാണ്. ടാറ്റയുടെ ആദ്യ ഇലക്ട്രിക് പ്ലാറ്റ്ഫോമാണ് ആക്ടി.ഇവി. ആ പ്ലാറ്റ് ഫോമിലിറങ്ങിയ ആദ്യ വാഹനമാണ് പഞ്ച്. മഹീന്ദ്രയിലേക്ക് കടക്കും മുമ്പ് ടാറ്റയിലേക്ക് നോക്കേണ്ടി വരും. ടിയാഗോ, ടിഗോർ, നെക്സോൺ എന്നീ ടാറ്റ വാഹനങ്ങൾ ഇന്ത്യയിലെ ഇലക്ട്രിക് വിപണി അടക്കി വാഴുമ്പോഴും അവയുടെ അടിസ്ഥാനം ആന്തരദഹന യന്ത്ര (ഐസ്) പ്ലാറ്റ്ഫോമുകളായിരുന്നു. എന്നാൽ ആക്ടി. ഇവി യഥാർത്ഥ ഇലക്ട്രിക് പ്ലാറ്റ്ഫോമാണ്. ലോകത്ത് ഇന്ന് അംഗീകരിക്കപ്പെട്ട മൗലിക ഇലക്ട്രിക് പ്ലാറ്റ്ഫോമുകളുടെ മാതൃകയിൽ രൂപകൽപന ചെയ്ത ആക്ടി.ഇവി പ്ലാറ്റ്ഫോം പഞ്ചിലൂടെ വന്നതോടെ ഇന്ത്യയിലെ വാഹനവിപണിയിലെ നവ ഇലക്ട്രിക് വിപ്ലവത്തിനു തുടക്കം കുറിക്കപ്പെട്ടു.
എന്താണ് ഇലക്ട്രിക് പ്ലാറ്റ്ഫോം?
വാഹന രൂപകൽപനയുടെ അടിത്തറയാണ് പ്ലാറ്റ്ഫോം. പേരു സൂചിപ്പിക്കുന്നതുപോലെ പ്ലാറ്റ്ഫോമിലാണ് ബോഡിയും ടയറുകളും എൻജിനുമൊക്കെ ഉറപ്പിച്ച് വാഹനരൂപം പൂണ്ട് പുറത്തിറങ്ങുന്നത്. പ്യുർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്നു ടാറ്റ വിളിക്കുന്ന ആക്ടി.ഇവി പ്ലാറ്റ്ഫോമിന്റെ മുഖ്യ സവിശേഷത പാസഞ്ചർ ക്യാബിനടിയിലാണ് ബാറ്ററിയുടെ സ്ഥാനം എന്നതാണ്. ടാറ്റയുടെ ആദ്യകാല ഇലക്ട്രിക് വാഹനങ്ങളിൽ പെട്രോൾ ടാങ്ക്, സ്പെയർ വീൽ, പിൻ സീറ്റിനടിവശം എന്നിവിടങ്ങളിലാണ് ബാറ്ററി. അതു കൊണ്ടു തന്നെ വലിയ ബാറ്ററിപായ്ക്കുകൾ വയ്ക്കാൻ സ്ഥലപരിമിതിയുണ്ട്. സ്പെയർ വീൽ ഇല്ലാതെയാകും. എല്ലാത്തിനും പുറമെ ഭാരം പിന്നിൽ കൂടുതലായി വരുന്നതിന്റെ ദോഷവശങ്ങളും നേരിടേണ്ടി വരുന്നു. പുതിയ പ്ലാറ്റ്ഫോമിന്റെ മറ്റൊരു നേട്ടം, പല വലുപ്പത്തിലുള്ള വാഹനങ്ങളും മുൻ, പിൻ, ഓൾ വീൽ ഡ്രൈവ് രീതികളും ഈ പ്ലാറ്റ്ഫോമിൽ നിർമിക്കാം എന്നതാണ്.
മഹീന്ദ്രയുടെ ഇലക്ട്രിക്
സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് പ്ലാറ്റ്ഫോമായ ഇൻഗ്ലോയിലാണ് പുതിയ വാഹനങ്ങളുടെ നിർമാണം. ഇനിയിറങ്ങുന്ന എല്ലാ മഹീന്ദ്ര ഇലക്ട്രിക്കുകളും ടാറ്റയുടെ ആക്ടി. ഇവിക്കു സമാനമായ ഈ പ്ലാറ്റ്ഫോമിലാണ് നിർമിക്കുക. പാസഞ്ചർ ക്യാബിനടിയിൽ ബാറ്ററി വയ്ക്കാനാവുന്ന വിധത്തിലുള്ള ഭാരം കുറഞ്ഞ പ്ലാറ്റ്ഫോമാണിത്. ചെറിയ വാഹനം മുതൽ വലുപ്പം കൂടിയവ വരെ നിർമിക്കാൻ ഈ പ്ലാറ്റ്ഫോം മതി. മുൻവിൽ ഡ്രൈവും പിൻവീൽ ഡ്രൈവും ഓൾ വീൽ ഡ്രൈവും ആകാം. ചുരുക്കത്തിൽ ചെറു കാറും സെഡാനും എസ് യു വിയും ഓഫ് റോഡറുമൊക്കെ ഈ പ്ലാറ്റ്ഫോമിൽ നിർമിക്കാം. ഇനി ഇറങ്ങാൻ പോകുന്ന എക്സ് ഇ വി 9 ഇ, ഥാർ ഇലക്ട്രിക്, സ്കോർപിയോ ഇലക്ട്രിക് എന്നിവയും മറ്റു ഭാവി വാഹനങ്ങളും ഈ പ്ലാറ്റ്ഫോമിലാണ് ഇറങ്ങുക.
ബാറ്ററിയിലാണ് കളി
ഹൈ ഡെൻസിറ്റി ബാറ്ററി പാക്കിലാണ് മഹീന്ദ്ര ടാറ്റയെ വെല്ലു വിളിക്കുന്നത്. 59, 79 കിലോ വാട്ട് ബാറ്ററികൾ ബി വൈ ഡിയിൽ നിന്നുള്ള ബ്ലേഡ് സെൽ സാങ്കേതികത ഉപയോഗിക്കുന്നു. കൂടുതൽ റേഞ്ചു കിട്ടുമെന്നതും ബാറ്ററി പായ്ക്കിനായി അധികം സ്ഥലം വേണ്ട എന്നതും മികവ്. 175 കിലോ വാട്ട് ചാർജറിൽ 20 മിനിറ്റു കൊണ്ട് 80 ശതമാനം ചാർജിങ് നടക്കും. സുരക്ഷിതത്വവും അധികം. ഈ ബാറ്ററി സാങ്കേതികതയാണ് മഹീന്ദ്രയ്ക്ക് 682 കിലോ മീറ്റർ വരെ റേഞ്ച് നൽകുന്നത്. ടാറ്റ കർവ് ആണ് എതിരാളിയെങ്കിൽ 45, 55 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപായ്ക്കാണ്, ബ്ലേഡ് സെൽ സാങ്കേതികതയില്ല. പരമാവധി റേഞ്ച് അതുകൊണ്ട് 585 കി മിയിൽ ഒതുങ്ങും.
കരുത്തിലും മുന്നിൽ
ബാറ്ററി പായ്കിന്റെ മികവ് അടക്കമുള്ള കാരണങ്ങൾ കൊണ്ട് ബി ഇ 6 ഇ കൂടുതൽ ശക്തിയും നൽകുന്നുണ്ട്. 228, 281 ബി എച്ച് എന്നിങ്ങനെയാണ് കരുത്ത്. കർവിന് 150, 167 ബി എച്ച് പി വീതമാണ് നിലവിൽ ലഭിക്കുക.
ടാറ്റ റേഞ്ചും കരുത്തും കൂട്ടുമോ?
അനായാസം സാധിക്കും. ബാറ്ററി പായ്ക്ക് കൂടുതൽ ശേഷിയുള്ള ബ്ലേഡ് സെൽ പോലെയുള്ള സാങ്കേതികതയിലേക്ക് മാറ്റിയാൽ റേഞ്ച് ആയിരത്തിലധികമാക്കാവുന്നതേയുള്ളൂ. ശക്തിയും ആവശ്യത്തിനനുസരിച്ച് ഉയർത്താം. വിപണിയിൽ മത്സരം മുറുകുമ്പോൾ ടാറ്റ ഇത്തരമൊരു നീക്കം നടത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ല, കാരണം ഇലക്ട്രിക് വിപണിയിലെ ഒന്നാം സ്ഥാനം മറ്റാർക്കും മുന്നിൽ അടിയറ വയ്ക്കാൻ ടാറ്റ തയാറാവാൻ ഇടയില്ല.
ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, സൗകര്യങ്ങൾ
വാഹനത്തിന്റെ രൂപവും സൗകര്യങ്ങളും ഇലക്ട്രിക് വിപണിയിലെ ട്രെൻഡാണ്. നിർമാതാക്കൾ പരസ്പരം പോരടിക്കുന്ന മേഖല. കർവിലൂടെ ടാറ്റ അദ്ഭുതം തീർത്തപ്പോൾ അതിനെ വെല്ലാൻ സ്വന്തം ഉടമസ്ഥതയിലുള്ള ആഗോള രൂപകൽപനാ വിഗദ്ധരായ പിനിൽഫരീനയുടെ പിന്തുണയുമായി മഹീന്ദ്രയെത്തി. ബി ഇ 6 ഇ നെ ആരെങ്കിലും ടെസ്‌ലയുമായി താരതമ്യം ചെയ്യുന്നെങ്കിൽ അതിനു കാരണം ഈ ഫ്യൂച്ചറിസ്റ്റിക് രൂപകൽപന തന്നെ. എന്നാൽ ഇതു തെല്ലു കടന്നു പോയി എന്നു ചിന്തിക്കുന്നവർ കർവ് നൽകുന്ന രൂപഗുണത്തിൽ തൃപ്തരാകും. സൗകര്യങ്ങളുടെ കാര്യത്തിൽ രണ്ടു വാഹനങ്ങളും ഒന്നിനൊന്നു മെച്ചമാണു താനും. എന്തായാലും ഇനിയുള്ള കാലം ഇലക്ട്രിക് വാഹന യുദ്ധമാണ്. നോക്കിയിരിന്നു കാണാം ആരാണു വിജയിയെന്ന്...