അഞ്ചുവർഷമായി ഓടാതെ ഇരിക്കുന്ന ആ ബൈക്ക്! ഇതാണോ അവൾ പറയുന്ന സ്റ്റിഗ്മ!
Mail This Article
അയാൾ ഉറങ്ങാതെ കിടക്കുകയായിരുന്നു. മകളുടെ മെലിഞ്ഞ കൈ അയാളുടെ നെഞ്ചിലുണ്ട്. കൂമ്പിയ ഒരു ആമ്പൽപ്പൂ തണ്ടോടെ ഒടിച്ച് നെഞ്ചിലേക്കിട്ടതു പോലെ ! ഉടുപ്പിന്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ച് അതിലൂടെ കൈകയറ്റി അയാളുടെ ഹൃദയത്തെ തൊട്ട്, മിടിപ്പുകളറിഞ്ഞായിരുന്നു മകളുടെ ഉറക്കം. അമ്മ മരിച്ചതിൽപ്പിന്നെ അവളുടെ ആശ്വാസം അച്ഛന്റെ നെഞ്ചിലാണ്. ബൈക്ക് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ അയാൾ എത്ര നോക്കിയിട്ടും മകൾ തയാറാകുന്നില്ല. ഉറങ്ങാൻ കിടക്കുമ്പോഴും അവളെ പിന്തിരിപ്പിക്കാൻ അയാൾ കുറെ ശ്രമിച്ചതാണ്. അന്നേരം മകളാവട്ടെ മുറുശുണ്ഠി തുമ്മാൻ നിൽക്കുന്ന അയാളുടെ മൂക്കിന്റെ തുമ്പിൽപ്പിടിച്ച് ബൈക്കിന്റെ ആക്സിലറേറ്ററിലെന്നപോലെ തിരിച്ചു തിരിച്ച് ർർർർർ എന്ന ശബ്ദത്തിൽ ബൈക്ക് റേസ് ചെയ്യുന്ന ശബ്ദമുണ്ടാക്കുകയാണ് ചെയ്തത്!
സാധാരണ മകൾ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ സാധിച്ചുകൊടുക്കാറുള്ള ഒരു അയഞ്ഞ അച്ഛനാണയാൾ. ഇക്കാര്യത്തിൽ മാത്രം അതിനയാൾക്ക് കഴിയില്ല. അതുകൊണ്ടു തന്നെ അടുപ്പക്കാരോടും കൂട്ടുകാരോടുമൊക്കെ അയാൾ അഭിപ്രായം ചോദിച്ചിരുന്നു. വേണ്ട, ഇനിയും എന്തിനാണ് ഒരു റിസ്ക് കൂടി എന്നൊക്കെ പറഞ്ഞ് അവരൊക്കെ അയാളെ നിരുത്സാഹപ്പെടുത്തി. പതിവായി പോകാറുള്ള പൂമാലയിലെ വ്യാകുല മാതാവിന്റെ പള്ളിയിലെ വൈദികൻ ഫാ. റിജോയ്സ് തിരുസന്നിധിയും അതുതന്നെ പറഞ്ഞു: കർത്താവ് ഒരിക്കൽ തിരുഹിതം നമ്മളെ അറിയിച്ചതാണ്. അതേ കാര്യത്തിൽ ഇനിയും അപ്പീലുമായി പോകണോ ജോർജ്കുട്ടീ.
ജോർജ്കുട്ടി സേവ്യറിന് കട്ടപ്പനയിൽ ഏലം ബിസിനസാണ്. വീടിനോടു ചേർന്ന് ഒരു ഫാം ടൂറിസം സംവിധാനവും സ്പൈസസ് പാർക്കുമുണ്ട്. ഭാര്യയും മകനും ഇപ്പോൾ ജീവിച്ചിരുപ്പില്ല. വീട്ടിലുള്ളത് അയാളും കുട്ടിക്കാനത്ത് എൻജിനീയറിങ്ങിനു പഠിക്കുന്ന മകളും രണ്ടു ജോലിക്കാരും സ്വന്തം ഭാഷ മറന്നു പോയ ഒരു ബംഗാളിപ്പയ്യനും മാത്രം.
ആദം അബ്രഹാം ജോർജ് എന്നായിരുന്നു അയാളുടെ മകന്റെ പേര്. പഠനത്തിൽ ആദം പിന്നോട്ടായിരുന്നു. അവന്റെ എസ്എസ്എൽസി പരീക്ഷക്കാലത്ത് പഠിച്ചത് സത്യത്തിൽ അയാളാണ്. ഐസിട്ട, തണുത്ത വെള്ളം ഉരുളിയിൽ എടുത്തു വച്ചിട്ട് മകനോട് അതിൽ കാൽ മുക്കിയിരിക്കാൻ പറയും. ഉറങ്ങിപ്പോകാതിരിക്കാനാണ്. അയാൾ അടുത്തിരുന്ന് പാഠഭാഗങ്ങൾ ഉറക്കെ വായിക്കും. എ പ്ളസ് ബി ദ് ഹോൾ സ്ക്വയർ ഈസ് ഈക്വൽ ടു ടു എബി പ്ളസ് ബി സ്ക്വയർ, അശോകന്റെ ഭരണ പരിഷ്കാരം സാഞ്ചിയിലെ സ്തൂഭത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നൊക്കെ ജോർജ്കുട്ടി ഉറക്കെ വായിക്കുമ്പോൾ ഉറക്കം മണിയടിക്കുന്ന മിഴികളോടെ ആദം വിരസമായും അലസമായും കേട്ടിരിക്കും. അങ്ങനെ അച്ഛൻ പഠിച്ച പരീക്ഷയാണ് മകൻ കഷ്ടിച്ച് പാസായത്.
പിന്നെ മകന് കോളജിൽ അഡ്മിഷൻ വാങ്ങാനൊക്കെ അയാൾക്ക് എളുപ്പമായിരുന്നു. പ്ളസ് ടു പാസായപ്പോൾ വാങ്ങിക്കൊടുത്ത ബൈക്ക് അപകടത്തിൽപ്പെട്ടായിരുന്നു മകന്റെ മരണം. വളഞ്ഞാങ്കാനത്ത് യാത്രക്കാരുടെ ഉടലിലേക്ക് തണുത്ത തുള്ളികൾ തെറിപ്പിച്ച് പൊട്ടിച്ചിരിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മുന്നിൽ രാത്രിയിലായിരുന്നു ആ അപകടം. അന്നത്തെ ബൈക്ക് ജോർജ്കുട്ടിയുടെ പോർച്ചിൽ ഇപ്പോഴുമുണ്ട്. അപകടസ്ഥലത്തു നിന്ന് കൊണ്ടു വന്ന് റിപ്പയർ ചെയ്തു സൂക്ഷിച്ചതാണ്.
മകനെ നഷ്ടപ്പെട്ട് രണ്ടു വർഷം കഴിയും മുമ്പേ ഭാര്യയുടെയും മരണം. മകന്റെ മരണത്തിന്റെ കാറ്റിൽ വേരുകൾ ഇളകിയ മരമായി അവർ മാറിയിരുന്നു. ഉലഞ്ഞ മരത്തിൽ കാൻസറിനു പടരാനും എളുപ്പമായി. മകനെപ്പോലെയായിരുന്നില്ല, മകൾ പഠിക്കാൻ മിടുക്കിയായിരുന്നു. ഇഷ്ടപ്പെട്ട വിഷയത്തിനു തന്നെ അഡ്മിഷൻ വാങ്ങി, ഇതുവരെയുള്ള എല്ലാ സെമസ്റ്ററിനും നല്ല സ്കോർ വാങ്ങിപ്പഠിക്കുന്നു. രണ്ടു വർഷം കൂടി കഴിഞ്ഞാൽ ഏതെങ്കിലും വിദേശ കമ്പനിയിൽ ജോലിയും കിട്ടും. അതും അയാൾക്ക് ഉറപ്പാണ്. അതുവരെയേ അവൾ അയാളുടെ കൂടെയുണ്ടാകൂ.
ഫൈനൽ ഇയറിൽ കയറുമ്പോൾ ഒരു ബൈക്ക് വേണം എന്ന് മകൾ പറഞ്ഞപ്പോൾ അയാൾ സംശയത്തോടെ അവളെ നോക്കി. അവൾ പറഞ്ഞു: ഡാഡീ, നമ്മൾക്ക് ആ സ്റ്റിഗ്മ മാറ്റണം.സ്റ്റിഗ്മ ! ആ വാക്ക് അയാൾ ആദ്യം കേട്ടത് പണ്ട് കോളജിൽ പഠിക്കുമ്പോഴാണ്. എസ്. കൃഷ്ണയ്യർ എന്നൊരു പ്രശസ്തനായ ഇംഗ്ളീഷ് അധ്യാപകനുണ്ടായിരുന്നു അയാളുടെ കോളജിൽ. സ്വന്തം പേരിലെ വാൽ മുറിച്ചു കളഞ്ഞ് കൃഷ്ണനെന്നു മാറ്റിയതിനെപ്പറ്റി അദ്ദേഹം ക്ളാസ് മുറിയിൽ പറഞ്ഞതാണ്: ബോയ്സ്, ഞാൻ ആ സ്റ്റിഗ്മ മാറ്റി. ഇപ്പോൾ മകളും പറയുന്നു, ഡാഡീ ആ സ്റ്റിഗ്മ മാറ്റണം!
മകളെ ഉണർത്താതെ മെല്ലെ എഴുന്നേറ്റ് അയാൾ കിടപ്പുമുറിയുടെ പുറത്തിറങ്ങി. സ്വീകരണ മുറിയിലെ കർട്ടൻ മാറ്റി നോക്കിയാൽ കാണാം, പോർച്ചിൽ കാറുകളുടെയും ജീപ്പിന്റെയും ഇടയിൽ അഞ്ചുവർഷമായി ഓടാതെ ഇരിക്കുന്ന ആ ബൈക്ക് ! ഇതാണോ അവൾ പറയുന്ന സ്റ്റിഗ്മ !
അയാൾക്ക് ഭാര്യയോടു സംസാരിക്കണമെന്നു തോന്നി. സ്വീകരണ മുറിയിലെ ചെറിയ ലൈറ്റ് തെളിച്ചു. സ്വർണ നിറമുള്ള വെളിച്ചത്തിൽ ചില്ലിട്ടു വച്ച കാഴ്ചകളിൽ ഭാര്യയുടെ മുഖം തെളിഞ്ഞു. അയാൾ അതിശയിച്ചു; എന്തു ശാന്തമാണ് എപ്പോഴും ഇവളുടെ മുഖം !
ഭാര്യ ചോദിച്ചു: എന്താ ജോർജ്കുട്ടീ ഒരു ടെൻഷൻ ?
സാറാ, എന്തു ചെയ്യണം ഞാൻ ?
മകളെ വിഷമിപ്പിക്കരുത്.
അതിനു വേണ്ടി മകൻ വിഷമിക്കേണ്ടി വന്നാലോ? എല്ലാവരും പറയുന്നു വേണ്ടെന്ന്.
മകൾ പറഞ്ഞത് വേണമെന്നല്ലേ. അതല്ലേ നമ്മൾ കേൾക്കേണ്ടത്. ബാക്കിയുള്ള ഒരിതളല്ലേ അവൾ !
അയാൾ പിന്നെയൊന്നും പറഞ്ഞില്ല; ഭാര്യയും. ഇക്കഥ തീരുമ്പോൾ ജോർജ്കുട്ടി സേവ്യറിന്റെ വീട്ടിലെ പോർച്ചിൽ രണ്ട് ബൈക്കുകൾ അടുത്തിരിക്കുന്നുണ്ട്; ഒരെണ്ണം പുതിയത്, മറ്റൊന്ന് അഞ്ചുവർഷം പഴയത് ! അവർ തമ്മിലെന്തോ സംസാരിക്കുന്നുണ്ടോ?!