രാജസ്ഥാൻ അല്ലടാ ഇത് കേരളമാ! ഈ ബസുകൾ എത്തുന്നതിന് പിന്നിലെ രഹസ്യം
Mail This Article
കോവിഡിനു ശേഷം ഏറ്റവും കൂടുതൽ തകർച്ച നേരിട്ട മേഖലകളിൽ ഒന്നാണ് നമ്മുടെ പൊതു ഗതാതവും സ്വകാര്യ ബസ് മേഖലയും. വർധിച്ചു വന്ന ഇന്ധന വിലയും ആളുകള്‍ സ്വന്തം വാഹനങ്ങളിലേക്ക് മാറിയതുമെല്ലാം സ്വകാര്യ ബസ് വ്യവസായത്തെ വല്ലാതെ പിന്നോട്ട് വലിച്ചു. പഴയ പ്രതാപത്തിലേക്ക് തിരികെ എത്താനുള്ള വഴികളെല്ലാം സ്വകാര്യ ബസ് മേഖലയിലുള്ളവർ നോക്കുന്നുണ്ട്, അതിന്റെ ഭാഗമാണ് ഇപ്പോൾ നമ്മുടെ നാടുകളിൽ കണ്ടുവരുന്ന രാജസ്ഥാൻ റജിസ്ട്രേഷൻ ബസുകൾ. എങ്ങനെയാണ് ഇവ കേരളത്തിലെ നിരത്തുകളിൽ എത്തുന്നത്? കൂടുതൽ അറിയാം
എന്തുകൊണ്ട് രാജസ്ഥാൻ ബസുകൾ
രാജസ്ഥാനിൽ പൊതു ഗതാഗത മേഖലയിലെ ബസുകൾ 8 വർഷം മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. കാലാവധി പൂർത്തിയാകുന്ന വാഹനങ്ങൾ പൊളിക്കാനോ സ്വകാര്യ ഉപയോഗങ്ങൾക്കായോ മാറ്റും. അങ്ങനെയുള്ള വാഹനങ്ങൾ കേരളത്തിൽ കൊണ്ടു വന്ന് പുതുക്കി പണിത് പ്രൈവറ്റ് ബസ് മേഖലയിൽ ഉപോഗിക്കുന്നുണ്ട്. 8 വർഷം വരെ പഴക്കമുള്ള ബസുകളാണ് രാജസ്ഥാനിൽ നിന്നും ഇവിടേയ്ക്കെത്തിക്കുന്നത്. കേരളത്തിലെ നിയമ പ്രകാരം 22 വർഷം വരെ പൊതു ഗതാഗതത്തിനായി ബസുകൾ ഉപയോഗിക്കാമെന്നുള്ളതും ഈ വാഹനങ്ങൾ ഇവിടേയെക്കെത്താൻ കാരണമായിട്ടുണ്ട്. 12 ലക്ഷം രൂപ വരെയാണ് ഇങ്ങനെയുള്ള ബസുകളുടെ വില. ബസുകൾ എത്തിക്കാൻ ഏജന്റുമാരും ഉണ്ട് ഇരുപതോളം വാഹനങ്ങൾ വരെ ഒരുമിച്ചെടുക്കുമ്പോൾ 8 ലക്ഷം രൂപയിൽ താഴെ ബസുകൾ സ്വന്തമാക്കാൻ കഴിയും.
ലൈലാന്‍ഡ് ബസുകളാണ് നിരത്തിൽ
മെക്കാനിക്കൽ വിഭാഗങ്ങളിൽ പ്രശ്നങ്ങൾ കുറവുള്ള ലൈലാന്‍ഡ് ബസുകളാണ് നാട്ടിലെത്തുന്നത്. പ്രധാന പണികൾ ബോഡി റീ ഷേപ്പിങ്ങും പാച്ച് വർക്കുകളുമാണ്. രാജസ്ഥാൻ മോഡലുകൾ കാഴ്ചയിൽ നമ്മുടെ നാട്ടിലെ വാഹനങ്ങളുമായി ഒരുപാട് വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് വാഹനത്തിന്റെ മുൻഭാഗവും പിൻഭാഗവും പൊളിച്ചു പണിത ശേഷമാണ് നിരത്തിലിറക്കുന്നത്. കോട്ടയം കാണക്കാരിയിലുള്ള മറ്റം ബോഡി ബിൽഡിങ് വർക്‌ഷോപ്പിൽ പത്തിൽ അധികം രാജസ്ഥാൻ ബസുകൾ കേരള മോഡലാക്കി മാറ്റിയിട്ടുണ്ട്. ഒരു വണ്ടി എത്തിയാൽ എന്തെല്ലാം പണികൾ ചെയ്യേണ്ടതുണ്ടെന്നും ഇത് ഏതെല്ലാം രീതിയിൽ ലാഭകരമാണെന്നും വർക്‌ഷോപ്പിന്റെ ഉടമ ഡോണിന്റെ വാക്കുകളിലൂടെ അറിയാം.
"പ്രധാനമായും 2016 മോഡൽ ബസുകളാണ് ഇവിടേയ്ക്കെത്തുന്നത് അതിനു രണ്ട് കാരണങ്ങൾ ഉണ്ട്. പുതിയ ബി എസ് 6 വാഹനങ്ങളിൽ ഒരുപാട് കംപ്ലെയിന്റുകൾ വരുന്നുണ്ട് റൂട്ട് ബസായി ഓടിക്കുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും അതുകൊണ്ടാണ് രാജസ്ഥാനിൻ നിന്നും പഴയവാഹനങ്ങൾ എത്തിക്കുന്നത്. രണ്ടാമത്തെ കാരണം ഷട്ടറുകളാണ്, ബസ് ബോഡികോഡ് വന്നതിനു ശേഷമുള്ള വാഹനങ്ങളിൽ ഷട്ടറുകൾ ഉപയോഗിക്കാൻ കഴിയില്ല, എന്നാൽ 2016 വരെയുള്ള വാഹനങ്ങൾക്ക് ഈ നിയമം ബാധകവുമല്ല. ഒരുപാട് തിരക്കുള്ള റൂട്ടുകളിൽ ഗ്ലാസ് വിൻഡോകളെെക്കാൾ ആളുകൾ ഇഷ്ടപ്പെടുന്നത് ഷട്ടർ വിൻഡോകളാണ് അതും മറ്റൊരു കാരണമാണ്.
ഉത്തരേന്ത്യയിൽ നിന്നും ഈ വാഹനങ്ങൾ ഇവിടെയെത്തുമ്പോഴുണ്ടാകുന്ന ചെലവ് 8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ്. ബോഡിയുടെ അറ്റകുറ്റ പണികളും റീ റജിസ്ട്രേഷനുമെല്ലാമായി 8 ലക്ഷം രൂപയെ ചെലവ് വരുന്നുള്ളു. എന്നാൽ പുതിയൊരു ഷാസി വാങ്ങാൻ മാത്രം 35 ലക്ഷം രൂപയോളം വേണം ബക്കി പേപ്പർ വർക്കുകളും ബോഡിയുടെ പണിയുമെല്ലാം കഴിയുമ്പോൾ 50 ലക്ഷത്തിന് അടുത്തെത്തും. അത്രയും വലിയ തുക ഈ മേഖലയിലേക്ക് മുടക്കാന്‍ കഴിയാത്തതുകൊണ്ടാണ് ബസ് മുതലാളിമാർ ഈ രാജസ്ഥാൻ ബസുകളിലേക്കു തിരിയുന്നത്.
വാഹനം എത്തുന്നത് ഇങ്ങനെ
പഞ്ചാബിൽ നിന്നുള്ള എജന്റുമാരും വാഹനങ്ങൾ ഇവിടെ എത്തിക്കുന്നുണ്ട്. വർക്‌ഷോപ്പിൽ എത്തിയ വാഹനങ്ങൾ എല്ലാം കോഴിക്കോട് നിന്നുള്ളവയാണ്. നിലവിൽ രണ്ട് ബസുകൾ പണിയുന്നുണ്ട് ഫ്രണ്ടും ബാക്കും റീ ഷേപ്പ് ചെയ്യുന്നതാണ് പ്രധാന പണി. മറ്റു ബോഡി പാർട്ടുകൾ ബലപ്പെടുത്തും. ചില വാഹനങ്ങളിൽ പ്ലാറ്റ്ഫോം മാറ്റേണ്ടി വരും 2 മുതൽ 5 ലക്ഷം രൂപയോളമാണ് ഓരോ ബസിനും പണിയാനുള്ള തുകയാകുന്നത്. സർക്കാർ നിർദ്ദേശിച്ച നിയമങ്ങൾ അനുസരിച്ചാണ് ഓരോ വാഹനത്തിന്റെയും പണി പൂർത്തീകരിക്കുന്നത്. ഇപ്പോൾ മലബാർ മേഖലകളിലാണ് ഇവ കൂടുതലും സർവീസ് നടത്തുന്നത് വൈകാതെ നമ്മുടെ റൂട്ടുകളിലും രാജസ്ഥാൻ ബസുകൾ എത്തുമെന്നു കരുതുന്നു"