ഒരു ലീറ്റർ പെട്രോളിൽ 26.68 കി.മീ വരെ, ഏറ്റവും മൈലേജുള്ള 10 കാറുകൾ
Mail This Article
ഇന്ത്യന്‍ കാര്‍ ഉടമകളും ഇന്ധനക്ഷമതയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. ഇന്ധന വിലയും കാലാകാലങ്ങളില്‍ ഈ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. ഇന്ത്യക്കാരുടെ ഈ പ്രത്യേക ആശങ്കയെക്കുറിച്ച് വ്യക്തമായ ധാരണയില്‍ ജനകീയ കാര്‍ വിപണിയില്‍ സ്വാധീനമുറപ്പിച്ചവരാണ് മാരുതി സുസുക്കി. അതുകൊണ്ടുതന്നെ ഇന്നും മികച്ച ഇന്ധനക്ഷമതയുള്ള കാറുകളുടെ പട്ടികയെടുത്താല്‍ അതില്‍ മാരുതി സുസുക്കി മോഡലുകള്‍ വലിയ ഭൂരിപക്ഷം നേടുകയും ചെയ്യും.
മാരുതി സുസുക്കി ഇഗ്നിസ്
ഇന്ധനക്ഷമതയുള്ള കാറുകളില്‍ പത്താം സ്ഥാനമാണ് ഇഗ്നിസിന്. 1.2 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് ഇഗ്നിസിലുള്ളത്. മാനുവലിലും എഎംടി മോഡലിനും ലീറ്ററിന് 20.89 കിലോമീറ്ററാണ് ഇന്ധനക്ഷമത. മുന്‍തലമുറ മാരുതി സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിച്ചിരുന്ന എന്‍ജിനാണിത്. ഇതിനു പുറമേ 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനിലും നേരത്തെ ഇഗ്നിസ് ഇറങ്ങിയിരുന്നു. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇഗ്നിസിന്റെ ഡീസല്‍ മോഡലിനെ മാരുതി സുസുക്കി പിന്‍വലിച്ചു.
റെനോ ക്വിഡ്
റെനോയുടെ ഇന്ത്യന്‍ വിപണിയിലെ ചെറുകാര്‍ ക്വിഡിന്റെ ഇന്ധനക്ഷമത മാനുവല്‍ ട്രാന്സ്മിഷനില് 21.7 കിലോമീറ്ററിനും ഓട്ടമാറ്റിക് ട്രാന്സ്മിഷനില് 22.5 കിലോമീറ്ററുമാണ്. 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ക്വിഡിലുള്ളത്. ആള്‍ട്ടോ കെ10ന് ഒത്ത എതിരാളിയായാണ് റെനോ ക്വിഡിനെ ഇറക്കിയത്. ഇന്ധനക്ഷമതയിലും ക്വിഡ് നിരാശപ്പെടുത്തുന്നില്ല.
മാരുതി സുസുക്കി ഫ്രോങ്സ്/ടൊയോട്ട ടൈസോര്‍
1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് മാരുതി ഫ്രോങ്സിലുള്ളത്. ഒരു ലീറ്റര്‍ പെട്രോളിന് മാനുവല്‍ ഗിയര്‍ബോക്സില്‍ 21.79 കിലോമീറ്ററും എഎംടിയില്‍ 22.89 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കൂടുതല്‍ കരുത്തുറ്റ 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഫ്രോങ്സിലുണ്ട്. ടര്‍ബോ എന്ജിനിലേക്കെത്തുമ്പോള് ഇന്ധനക്ഷമത മാനുവലിന് 21.50 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ 20.01 കിലോമീറ്ററുമായി കുറയുന്നു. ഫ്രോങ്സിന്റെ ബാഡ്ജ് എന്‍ജിനിയേഡ് ടൊയോട്ട മോഡലായ ടൈസോറിനും സമാനമാണ് ഇന്ധനക്ഷമത.
മാരുതി സുസുക്കി ബലേനോ/ടൊയോട്ട ഗ്ലാന്‍സ
മാനുവല്‍/എഎംടി ട്രാന്സിമിഷനുകളിലെത്തുന്ന ബലേനോക്കും ഗ്ലാന്‍സക്കും 1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. മാനുവലില്‍ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 22.35 കിലോമീറ്റര്‍. ഓട്ടമാറ്റിക്കില്‍ 22.94 കിലോമീറ്ററാണ് ഇന്ധനക്ഷമത.
മാരുതി സുസുക്കി ആള്‍ട്ടോ കെ10
ഇന്ത്യയില്‍ ഇന്നു ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിലുള്ള കാര്‍ ആള്‍ട്ടോ കെ 10 തന്നെ. 1.0 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത്. ഇന്ധനക്ഷമത മാനുവല്‍ മോഡലില്‍ 24.39 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ ലീറ്ററിന് 24.9കിലോമീറ്ററും. ബാധ്യതയാവില്ലെന്ന് ഉറപ്പിക്കാവുന്ന മോഡലായി ഇന്നും ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിരാജിക്കുകയാണ് ആള്‍ട്ടോ. അപ്പോഴും ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് ആറു ലക്ഷം രൂപയോളം വിലവരുന്നുണ്ട്.
മാരുതി സുസുക്കി എസ് പ്രസോ
മാരുതി സുസുക്കിയുടെ ന്യൂജെന്‍ എന്‍ട്രി ലെവല്‍ കാറാണ് എസ് പ്രസോ. 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാനുവല്‍/എഎംടി ഗിയര്‍ബോക്സുകള്‍. മാനുവലില്‍ മോഡലുകള്‍ക്കനുസരിച്ച് ലീറ്ററിന് 24.13 കിലോമീറ്റര്‍ മുതല്‍ 24.76 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത. ഓട്ടമാറ്റിക്കാണെങ്കില് ഇന്ധനക്ഷമത 25.3 കിലോമീറ്ററിലേക്കെത്തും.
മാരുതി സുസുക്കി വാഗണ്‍ ആര് 1.0
വാഗണ്‍ ആറിനെ 25 വര്‍ഷത്തിലേറെ ഇന്ത്യന്‍ വിപണിയില്‍ നിലനിര്‍ത്തിയതിനു പിന്നില്‍ ഇന്ധനക്ഷമതക്കും വലിയ പങ്കുണ്ട്. രണ്ട് പെട്രോള്‍ എന്ജിന് ഓപ്ഷനുകള്‍. 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ മാനുവല്‍ മോഡലുകളിൽ ലീറ്ററിന് 24.35 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഓട്ടമാറ്റിക്കില്‍ ഇത് 25.19 കിലോമീറ്ററിലേക്കെത്തും. കൂടുതല്‍ വലിയ 1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനില്‍ 23.9 കിലോമീറ്ററാണ് ഇന്ധനക്ഷമത.
മാരുതി സുസുക്കി ഡിസയര്‍
ഏറ്റവും ഇന്ധനക്ഷമതയുള്ള കോംപാക്ട് സെഡാന് ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഡിസയര്‍. Z സീരീസ് 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്ജിന്. മാനുവല്‍ മോഡലില്‍ 24.79 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ 25.71 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. മാരുതി സ്വിഫ്റ്റിലും ഇതേ എന്ജിനാണെന്നത് ശ്രദ്ധേയമാണ്. ആധുനിക സൗകര്യങ്ങളുള്ള കാബിന് പുതിയ പവര്‍ട്രെയിന്‍ ഗംഭീര ഇന്ധനക്ഷമത ഇങ്ങനെ പല കാരണങ്ങള്‍കൊണ്ട് ഓള് റൗണ്ടറാണ് ഡിസയര്‍.
മാരുതി സുസുക്കി സ്വിഫ്റ്റ്
ഈ പട്ടിക നോക്കിയാല്‍ ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ മാത്രമേയുള്ളോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. അത്രക്കുണ്ട് ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മാരുതി സുസുക്കിയുടെ മേല്‍ക്കോയ്മ. ഇതുകൊണ്ടും തീരില്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
Z സീരീസ്, 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് നാലാം തലമുറ സ്വിഫ്റ്റിനുള്ളത്. മാനുവല്‍ മോഡലിന് ലിറ്ററിന് 24.80 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ 25.75 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. മുന്‍ തലമുറയെ അപേക്ഷിച്ച് മൂന്നു കിലോമീറ്റര്‍ ഇന്ധനക്ഷമത വര്‍ധിക്കുകയാണ് സ്വിഫ്റ്റിന്റെ കാര്യത്തിലുണ്ടായത്. എന്നാല്‍ എന്‍ജിനില്‍ 8എച്ച്പി കരുത്തും 1എന്‍എം ടോര്‍ക്കും കുറഞ്ഞു. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ കാര്യത്തില്‍ പ്രാധാന്യം നല്‍കുന്നത് കാര്യക്ഷമതക്കാണെന്ന് വ്യക്തം.
മാരുതി സുസുക്കി സെലേറിയോ
ഇന്ത്യയിലെ ഏറ്റവും കൂടിയ ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറാണ് സെലേറിയോ. ഡ്യുവല്‍ജെറ്റ് കെ10 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സെലേറിയോയുടെ കരുത്ത്. ഒപ്പം ഭാരം കുറഞ്ഞ ഹെര്ട്ടെക് പ്ലാറ്റ്ഫോമിന്റെ പിന്തുണയും. മാനുവല്‍ സെലേറിയോയില്‍ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 25.24 കിലോമീറ്ററാണ്. ഓട്ടമാറ്റിക്കില്‍ ലിറ്ററിന് 26.68 കിലോമീറ്ററിലേക്ക് ഇന്ധനക്ഷമത വര്‍ധിക്കും.