കാറെന്നും വിളിക്കില്ല, വാനെന്നും വിളിക്കില്ല... ട്രൈബറെന്നു മാത്രം വിളിക്കും...
Mail This Article
ട്രൈബര്‍ ഒരു പ്രത്യേക വാഹനമാണ്. ഹാച്ച് ബാക്ക് എന്നു വിളിക്കാം, എസ്റ്റേറ്റ് എന്നും എം പി വി എന്നും എസ് യുവിഎന്നുമൊക്ക വേണമെങ്കിൽ വിശേഷിപ്പിക്കാം. എന്നാൽ നിർമാതാക്കൾ ചിത്രീകരിക്കാനാഗ്രഹിക്കുന്നത് പ്രീമിയം 7 സീറ്റർ എന്നു മാത്രം. പരിശോധിക്കാം.
∙ എന്താണ് ട്രൈബർ: ഇന്ത്യയ്ക്കും സമാന സ്വഭാവമുള്ള മറ്റു വിപണികൾക്കും വേണ്ടി റെനോ വികസിപ്പിച്ചെടുത്ത കാർ. ഇന്തൊനീഷ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ ഇക്കൊല്ലം പുറത്തിറക്കിയ വാഹനം.
∙ ഒന്നു മാറ്റി പിടിച്ചു: കാറിന്റെ പരമ്പരാഗത കുപ്പായം ഊരി വച്ചു എന്നതാണ് ട്രൈബറിന്റെ പ്രത്യേകത. ഹാച്ച് ബാക്ക് തെല്ലു വലിച്ചു നീട്ടി എംപിവികളെപ്പോലെ ഒരു നിര സീറ്റു കൂടിയിട്ടപ്പോൾ ശരാശരി ഇന്ത്യൻ കുടുംബങ്ങൾക്ക് കൂടുതൽ ഇണങ്ങും. മുൻസീറ്റുകൾ മാത്രം ഉപയോഗപ്പെടുത്തുന്ന യൂറോപ്യൻ രീതിയല്ല ഇവിടെ. രണ്ടു നിരയും അതിനു പിന്നിൽ ഒരു നിര കൂടിയുണ്ടായാലും ദിവസവും ഉപയോഗപ്പെടുന്ന ധാരാളം ഇന്ത്യക്കാരുണ്ട്. അവർക്കാണ് ഹാച്ച് ബാക്കിന്റെ വിലയ്ക്ക്ർ ട്രൈബർ.
∙ ഫ്രഞ്ച് ബുദ്ധി: വില ചെറുതാണെങ്കിലും ട്രൈബർ ചെറുതല്ല. നാലു മീറ്ററിൽ താഴെ നിറഞ്ഞങ്ങു നിൽക്കുന്നു. 1.7 മീറ്റര്‍ വീതിയും 1.6 മീറ്റർ ഉയരവും ട്രൈബറിനെ വിറ്റാര ബ്രെസയ്ക്കും ഹ്യുണ്ടേയ് വെന്യുവിനും കിയ സോണറ്റിനുമൊക്കെ തുല്യം വലുപ്പത്തിലേക്കെത്തിക്കുകയാണ്. നാലു മീറ്ററിൽത്താഴെ നീളമുള്ള വാഹനങ്ങളിൽ ഏറ്റവുമധികം വീൽബേസ് (2636മി മി) അധിക നിയന്ത്രണവും യാത്രാസുഖവും സ്ഥലസൗകര്യവുെമാക്കെയായി പരിണമിക്കുന്നു.
∙ സുന്ദരൻ: കാറുമല്ല എസ് യു വിയുമല്ല എം പി വിയുമല്ല എന്നതാണ് സൗന്ദര്യ രഹസ്യം. നല്ല സിക്സ് പാക്ക് യൗവ്വനമാണ്. പേശികൾ ബോണറ്റിലും വശങ്ങളിലുമൊക്കെ പിടച്ചു നിൽക്കുന്നു. റെനോ ലോഗോ അന്തസ്സോടെ പേറുന്ന മുൻവശവും ട്രൈബർ എന്നു നിരത്തി എഴുതിയ പിൻവശവും സുന്ദരം. ഡേ ൈടം എൽ ഇ ഡി റണ്ണിങ് ലാംപുകൾ ഈ വിഭാഗത്തിൽ അധികമില്ല.
∙ ശക്തൻ: 185 മി മി ഗ്രൗണ്ട് ക്ലിയറൻസ്, വീൽ ആർച്ചുകൾ, ആരോഗ്യവും വലുപ്പവുമുള്ള റണ്ണേഴ്സ് (വശങ്ങളിൽ), 15 ഇഞ്ച് അലോയ്സ് (ഒാപ്ഷനൽ), 50 കിലോ വരെ താങ്ങുന്ന റൂഫ് റെയിലുകൾ, എസ് യു വിയിൽ നിന്നു പ്രചോദനമുൾക്കൊണ്ട സ്കഫ് പ്ലേറ്റുകൾ.
∙ ഡാവിഞ്ചി ടച്ച്: ഉൾവശത്തിന് ഡാവിഞ്ചി ടച്ചാണ് എന്നു ഞാനല്ല റെനോ ഡിസൈൻ സ്റ്റുഡിയോയാണ് പറയുന്നത്. എന്തായാലും വിലക്കുറവിെൻറ ദാരിദ്ര്യമല്ല ആഡംബരത്തിന്റെ സൗന്ദര്യമാണ് ഉള്ളിൽ കാണാൻ കഴിയുക. സോഫ്റ്റ് ടച്ച് ഡാഷ് ബോർഡൊന്നുമല്ലെങ്കിലും ഉള്ളത് നല്ല അന്തസ്സുള്ള ഫിനിഷ്. ഫാബ്രിക് സീറ്റുകൾ. ചെറിയൊരു മൊൈബൽ ഫോണിനെ അനുസ്മരിപ്പിക്കുന്ന റെനോയുടെ പ്രീമിയം കീ, 8 ഇഞ്ച് ടച് സ്ക്രീൻ, എൻജിൻ സ്റ്റാർട് സ്വിച്ച്... എല്ലാം പ്രീമിയം.
∙ സുഖം: മൂന്നു നിര സീറ്റുകളും ശരാശരി ഇന്ത്യക്കാരന് സുഖകരം. മൂന്നാം നിരയും സാധാരണ ഉയരക്കാർക്ക് മോശമല്ല എന്നതാണ് അത്ഭുതം. എല്ലാ നിരയിലും യാത്ര സുഖകരം. ആവശ്യമില്ലെങ്കിൽ ഏറ്റവും പിന്നിലെ സീറ്റ് ഡിക്കി ഇടമായി ഉപയോഗിക്കാം. മൂന്നു നിര സീറ്റുകളും ഇട്ടാൽ ഡിക്കി ഇടം ഗണ്യമായി കുറയും എന്നൊരു ദോഷം കണ്ടെത്താം. 84 ലീറ്ററാണ് കുറഞ്ഞ ഡിക്കി ഇടം. മൂന്നാം നിര മറിച്ചാൽ 320 ലീറ്റർ, രണ്ടാം നിരകൂടി മറിച്ചിട്ടാൽ കാർഗോ വാനാകും. 625 ലീറ്റർ.
∙ ഡീസലില്ല: 1 ലീറ്റർ എനർജി പെട്രോൾ എന്‍ജിൻ രാജ്യാന്തര നിരയിലെ റെനോകളിലും കണ്ടെത്താം. പ്രത്യേകിച്ച് യൂറോപ്യൻ ഹാച്ചുകളിൽ. ചെറുതാണെന്നു കരുതി കൊച്ചാക്കരുതെന്നർത്ഥം. മൂന്നു സിലണ്ടർ എൻജിന് 72 ബി എച്ച് പിയും 96 എൻ എം എന്ന മാന്യമായ ടോർക്കും. ശേഷിക്കുറവുള്ളതായി ൈഡ്രവിങ്ങിൽ അനുഭവപ്പെട്ടില്ല. ഇന്ധനക്ഷമത 20 കി മി. എ എം ടി മോഡൽ നഗര യാത്രകൾക്ക് അതുല്യം. ൈഹവേയിൽ കുതിച്ചു പായുമ്പോൾ ഗിയർ ഡൗൺ ചെയ്ത് എങ്ങനെ മുന്നേറണമെന്നു അൽപം പരിചയത്തിലൂടെയേ പിടികിട്ടൂ.
∙ വിലക്കുറവ്: ആറര ലക്ഷത്തിന് ഏഴുസീറ്റർ നല്ല ഡീലാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9790828520
English Summary: Renault Triber Test Drive