10 വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹം പബ്ബിലെ ഫ്രീസറിനുള്ളിൽ; പ്രതിയെ പിടിക്കാൻ പാരിതോഷികം വാഗ്ദാനം ചെയ്ത് പൊലീസ്
Mail This Article
ലണ്ടൻ∙ പത്ത് വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹം ആളൊഴിഞ്ഞ പബ്ബിൽ ഫ്രീസറിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹായം തേടി ലണ്ടൻ പൊലീസ്. രണ്ട് വർഷം മുൻപ് ഒക്ടോബറിൽ വൈൻ ബാറായിരുന്ന ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്നാണ് റോയ് ബിഗിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മെട്രോപൊളിറ്റൻ പൊലീസ് സർവീസ് പ്രസ്താവനയിൽ അറിയിച്ചു. പരിസരത്ത് പണിയെടുക്കുന്ന ബിൽഡർമാരാണ് മൃതദേഹം കണ്ടത്. മരിച്ചയാളെ ഡെന്റൽ രേഖകളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
ബിഗ് മരിക്കുമ്പോൾ 70 വയസായിരുന്നുവെന്നാണ് മെട്രോപൊളിറ്റൻ പൊലീസ് അനുമാനിക്കുന്നത്. പോസ്റ്റ്‌മോർട്ടം പരിശോധനയിലും മരണകാരണം വ്യക്തമല്ല. സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ് പൊലീസ്.
2012 ഫെബ്രുവരിയിലാണ് ബിഗിനെ കാണാതായതെന്ന് അധികൃതർ പറഞ്ഞു. 2012-നും 2021-നും ഇടയിൽ ബിഗ് എവിടെയായിരുന്നുവെന്നത് ദുരൂഹമാണ് . ബിഗിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ആരുടെയെങ്കിലും അറസ്റ്റിലേക്കും പ്രോസിക്യൂഷനിലേക്കും നയിക്കുന്ന വിവരങ്ങൾക്ക് 20,000 പൗണ്ട് അല്ലെങ്കിൽ 24,000 ഡോളറിൽ കൂടുതൽ പാരിതോഷികം ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്യുന്നു.