ADVERTISEMENT

ദുബായ് ∙ മറഞ്ഞിരിക്കുന്ന നിധിയിലേക്ക് വഴി കണ്ടെത്തുന്നത് പോലെയാണ് ഒരു റേഡിയോളജിസ്റ്റിന് ഓരോ പരിശോധനയും. കൃത്യമായ വഴിയിലൂടെ രോഗകാരണത്തിലേക്ക് എത്തിച്ചേരുമ്പോൾ പലപ്പോഴും ലഭിക്കുന്ന അമൂല്യ നിധി രോഗിയുടെ ജീവനായിരിക്കും. രോഗ നിർണയത്തിലെ സുപ്രധാന തീരുമാനമെടുക്കുന്ന, മറഞ്ഞിരിക്കുന്ന നായകവേഷമാണ് റേഡിയോളജിസ്റ്റിന്റേത്. ആശുപത്രി ബേസ്മെന്റിലെ അറിയപ്പെടാത്ത ആ പിന്നണി ജീവിതത്തിലെ പാഠങ്ങളുമായി പുതിയ വഴി കണ്ടെത്തിയ ഒരു ഡോക്ടർ ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ റേഡിയോളജിസ്റ്റാണ്- കോഴിക്കോട് സ്വദേശി ഡോ. ഷംഷീർ വയലിൽ.

ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
പ്രവാസി ഭാരതീയ സമ്മാൻ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് സ്വീകരിക്കുന്നു. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടർ കൂടിയായിരിക്കുകയാണ് ഡോ. ഷംഷീർ. ജീവിതത്തിലെ സമയോചിതവും നിശ്ചയിച്ചുറപ്പിച്ചതുമായ തീരുമാനങ്ങളിലൂടെ യൗവനത്തിൽ തന്നെ നേട്ടങ്ങളിലേക്കൂള്ള വഴി വെട്ടിത്തെളിച്ച ഡോ. ഷംഷീറിന്റെ യാത്ര എല്ലാ തലമുറകൾക്കും ഒരു പോലെ പ്രചോദനമേകും. 

ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
-യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടൊപ്പം. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ സന്ദർശക വീസയിൽ നിന്ന് ഗോൾഡൻ വീസയിലേക്ക്

2007ൽ തുടങ്ങിയ ഒരു ആശുപത്രിയിൽ നിന്ന് 16 ആശുപത്രികളും 30 മെഡിക്കൽ സെന്ററുകളുമടക്കം  ആരോഗ്യ സേവനദാതാവിലേക്കും അനുബന്ധ സേവന മേഖലകളിലേക്കുമാണ് ഡോ. ഷംഷീർ വളർന്നു കയറിയത്. പൊൻതാലത്തിൽ വച്ചു നീട്ടിയതല്ല, മറിച്ച് തുടർച്ചയായ പരിശ്രമങ്ങളിലൂടെ നേടിയതാണ് ആ വളർച്ച. ഒന്നര പതിറ്റാണ്ടിലേറെ കാലം കൊണ്ട് മധ്യപൂർവദേശത്തെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊരാളാകാൻ ഡോ. ഷംഷീറിന്‌ കൂട്ടായത് തീരുമാനങ്ങൾ ധൈര്യത്തോടെയും വേഗത്തിലുമെടുക്കാനുള്ള മനക്കരുത്താണ്.

ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ കോഴിക്കോട്ടെ പ്രമുഖ വ്യവാസായി കുടുംബാംഗം; മണിപ്പാലിൽ നിന്ന് യുഎഇ വരെ

കർണാടകയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ മെഡിക്കൽ പഠനത്തിന് ശേഷം റേഡിയോളജിയിൽ സ്പെഷ്യാലിറ്റി പരിശീലനം പൂർത്തിയാക്കി മികച്ച അക്കാദമിക അടിത്തറയും പ്രായോഗിക അറിവും നേടി. ഭൂരിഭാഗം പ്രവാസികളെയും പോലെ സന്ദര്‍ശക വീസയിലായിരുന്നു ഡോക്ടറായി ജോലി തേടി ഗൾഫിലേയ്ക്കുള്ള ആദ്യ വരവ്. 2004-ൽ അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ റേഡിയോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. സർക്കാർ മേഖലയിലെ ഏറ്റവും പ്രധാന ആശുപത്രിയിൽ മുതിർന്ന മെഡിക്കൽ സംഘത്തിനൊപ്പമുള്ള പ്രവർത്തനം രോഗനിർണയത്തിനുള്ള ഉൾക്കാഴ്ചയ്‌ക്കൊപ്പം ആരോഗ്യ മേഖലയിലെ സാധ്യതകളെപ്പറ്റിയും കാഴ്ചയേകി. തുടർന്നാണ് സംരംഭകനായ ഡോക്ടറാവുകയെന്ന പുതിയ പാതയിലേയ്ക്ക് മുപ്പതാം വയസിൽ ഡോ. ഷംഷീർ മാറുന്നത്. കോഴിക്കോടെ പ്രമുഖ വ്യവസായികളുടെ കുടുംബത്തിൽ ജനിച്ചു വളർന്ന പശ്ചാത്തലം തീരുമാനത്തിന് കരുത്തും വേഗവുമേകി.

ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഡോക്ടർമാർ നേതൃത്വം നൽകുന്ന ആരോഗ്യ സ്ഥാപനമെന്ന ശക്തമായ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തികളിലൂടെ 2007ൽ അബുദാബിയിലെ എൽഎൽഎച്ച് ആശുപത്രി യാഥാർഥ്യമായി. ആരോഗ്യ മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമായിരുന്ന കാലത്ത് നേരിട്ട് അധികൃതരെ കണ്ടു സംസാരിച്ച് പുതിയ ആശുപത്രിയുടെ സാധ്യതകൾ ബോധ്യപ്പെടുത്താനും മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന രീതി വ്യക്തമാക്കാനും ഡോ. ഷംഷീറിനായി. ഡോക്ടറെന്ന നിലയിലുള്ള സ്വീകാര്യത ചർച്ചകളിൽ വിശ്വാസ്യതയേകി. ആശുപത്രിയിൽ വൈദ്യുതി ബന്ധം ലഭിച്ച ദിവസം സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ ഡോ. ഷംഷീറിനെയാണ് തുടക്കം മുതൽ ഒപ്പമുള്ള സഹപ്രവർത്തകർക്ക് ഇന്നും മനസിലുള്ള ഓർമചിത്രം.

ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ റേഡിയോളജിസ്റ്റിന്റെ കണ്ണ്, സംരംഭകന്റെ മനസ് 
 

രോഗനിർണയത്തിനുള്ള തീരുമാനമെടുക്കുന്ന റേഡിയോളജിസ്റ്റിന്റെ കണ്ണ് രോഗിക്കും മെഡിക്കൽ സംഘത്തിനും സഹായത്തിന്റെ തൃക്കണ്ണാണ്. ഡോക്റുടെ വൈദഗ്ധ്യവും സംരംഭകന്റെ ധൈര്യവും ഒരുമിച്ചതോടെ ആരോഗ്യരംഗത്തെ സാധ്യതകൾ മുൻകൂട്ടി കാണാനും പരിഷ്കരണങ്ങൾക്കുമുള്ള ദീർഘവീക്ഷണം ഡോ. ഷംഷീറിന്‌ കൈവന്നു. ഒപ്പം റിസ്ക് എടുക്കാൻ മടിക്കാത്ത മനക്കരുത്തും. പിന്നീടുള്ള വർഷങ്ങളിൽ കൂടുതൽ ആശുപത്രികളും മെഡിക്കൽ സെന്ററുകളും സ്ഥാപിച്ചു. എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിലുമുള്ളവർക്ക് ഉന്നത ചികിത്സ എളുപ്പം ലഭ്യമാക്കുകയെന്ന ലക്‌ഷ്യമായിരുന്നു ഇതിനു ദിശാബോധമേകിയത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനൊപ്പം. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനൊപ്പം. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

2012 ൽ അബുദാബിയിൽ സ്ഥാപിച്ച ബുർജീൽ ആശുപത്രിയിലൂടെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കടന്നു അദ്ദേഹം. എസി ഇല്ലാക്കാലത്ത് വീടിനു മുകളിൽ നിർമിക്കുന്ന പ്രത്യേക ഗോപുരത്തിലൂടെ തണുത്ത കാറ്റിനെ അകത്തെത്തിക്കാൻ ഗൾഫിലെ മുൻതലമുറക്കാർ നിർമിച്ചിരുന്ന ഗോപുരമായ ബുർജീലിൽ നിന്നാണ് ആശുപത്രിയുടെ പേരിന്റെ പ്രചോദനം. പേരിനോട് നീതി പുലർത്തി അറബിക് പൗരാണികതയും ആഡംബര സൗകര്യങ്ങളും പ്രദാനം ചെയ്ത ആശുപത്രി നൂതന സമീപനത്തിലൂടെ എമിറാത്തികൾ അടക്കമുള്ളവരുടെ പ്രിയ ആരോഗ്യ കേന്ദ്രമായി. അബുദാബിയിലെ ഫൈവ്സ്റ്റാർ ആശുപത്രിയെന്ന് അറിയപ്പെടാൻ തുടങ്ങിയ ബുർജീലിന്റെ വിജയത്തിന് ശേഷം അൽ ഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് ബുർജീൽ ആശുപത്രികൾ വ്യാപിച്ചു. ലൈഫ്‌കെയർ, മെഡിയോർ ആശുപത്രികളും തജ്മീൽ മെഡിക്കൽ സെന്ററുകളും ശൃംഖലയുടെ ഭാഗമായി. തുടർന്ന് പ്രതിവർഷം അറുപത് ലക്ഷത്തോളംപേർക്ക് ചികിത്സ നൽകുന്ന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിൽ ഒന്നായി ഡോ. ഷംഷീർ സ്ഥാപിച്ച ബുർജീൽ ഹോൾഡിങ്‌സ് വളരുന്നത്.

ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഡോ. ഷംഷീർ വയലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ നേട്ടങ്ങൾ ഒട്ടേറെ; വിദേശ രാജ്യങ്ങളിൽ നിന്നുവരെ രോഗികൾ 
 

കുട്ടികളിലെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യുഎഇയിൽ ആദ്യമായി നടത്തിയത് ബുർജീൽ മെഡിക്കൽ സിറ്റിയിലാണ്. നട്ടെല്ലിലെ വളർച്ചാവൈകല്യം പരിഹരിക്കാൻ ഗർഭപാത്രത്തിനകത്ത് ഭ്രൂണത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത് പോലുള്ള സങ്കീർണ്ണ ചികിത്സാ വിഭാഗങ്ങൾ മേഖലയിൽ സ്ഥാപിക്കാനായതും അദ്ദേഹത്തിന്റെ നേട്ടമായി. മുൻപ് വിദേശ രാജ്യങ്ങളിൽ ചികിത്സ തേടി പോയിരുന്ന തദ്ദേശീയർക്ക് യുഎഇയിൽ തന്നെ സങ്കീർണ്ണ ചികിത്സ ലഭ്യമാക്കാൻ ഇത് വഴിയൊരുക്കി. ഒപ്പം മെഡിക്കൽ ടൂറിസത്തെ പ്രോത്സാഹിപ്പിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള രോഗികളുടെ വരവ് കൂടി.

17 വർഷങ്ങൾക്കിപ്പുറം വിശ്വസ്തമായ ആരോഗ്യ ബ്രാൻഡായി മാറാൻ കഴിഞ്ഞതിന്റെ ഉദാഹരണമാണ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) 29 മടങ്ങ് അധിക ഓഹരി ഡിമാൻഡ് ഉണ്ടായിരുന്ന ബുർജീൽ ഐപിഒ. ഗൾഫിലെ ഏറ്റവും വലിയ നിക്ഷേപക കമ്പനിയായ ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി ബുർജീലിന്റെ 15 % ഓഹരികൾ വാങ്ങി. 2022 ഒക്ടോബറിൽ വ്യാപാരം തുടങ്ങിയ ബുർജീൽ ഒരു വർഷം തികയുമ്പോൾ വൻ ലാഭവിഹിതമുണ്ടാക്കുന്ന എക്സ്ചേഞ്ചിലെ ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമാണ്. ആദ്യ ആറുമാസത്തിൽ തന്നെ നിക്ഷേപകർക്ക് 214 കോടി രൂപയാണ് ഗ്രൂപ്പ് നൽകിയ ലാഭവിഹിതം.

ആരോഗ്യ സേവനങ്ങൾക്കൊപ്പം തന്നെ അനുബന്ധ മേഖലകളിലെ സാധ്യതകളും ഡോ. ഷംഷീർ മുൻകൂട്ടി തിരിച്ചറിഞ്ഞു. ഓൺ ഗ്രൗണ്ട് മെഡിക്കൽ സേവനങ്ങൾക്കായി സ്ഥാപിച്ച റെസ്പോൺസ് പ്ലസ് മെഡിക്കൽ (ആർപിഎം) എന്ന പ്രത്യേക കമ്പനി ഫിഫ ടൂർണ്ണമെന്റുകളും ഐപിഎല്ലും ക്രിക്കറ്റ് ലോകകപ്പും അടക്കമുള്ള പ്രമുഖ മത്സരങ്ങളുടെ ആരോഗ്യസേവനദാതാവായി. 2021ൽ എഡിഎക്‌സിൽ ലിസ്റ്റ് ചെയ്തതിലൂടെ ആർപിഎം വൻ മുന്നേറ്റമാണുണ്ടാക്കിയത്. ഇതോടൊപ്പം മേഖലയിലെ ആദ്യ യുഎസ്എഫ്ഡിഎ അംഗീകൃത ഔഷധ നിർമാണ ശാലയായ ലൈഫ്ഫാർമ, കാറ്ററിങ് കമ്പനി കീറ്റ, ശുചിത്വ,സൗന്ദര്യ വർധക വസ്തുക്കൾ നിർമിക്കുന്ന കമ്പനിയായ സിവ എന്നിവ ഡോ. ഷംഷീറിന്റെ ബിസിനസ് ശൃംഖലയുടെ ഭാഗമായി. ഇന്ത്യയിലും ഒമാനിലും സൗദി അറേബ്യയിലും സേവനങ്ങൾ തുടങ്ങിയ അദ്ദേഹം ഫോബ്‌സ് കണക്കുകൾ പ്രകാരം ഗൾഫിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യൻ സംരംഭകനാണ്.

∙ കോവിഡ് കാലത്തെത്തിയ ആ ഫോൺ വിളി 
 

മൂന്ന് വർഷം മുൻപ് യുഎഇയിൽ കോവിഡ് ഭീതി പടരുന്ന ആദ്യ നാളുകളിൽ ഡോ. ഷംഷീറിനെ തേടി ഒരു ഫോൺ കോൾ എത്തി. മഹാമാരി തടയാനുള്ള നടപടികൾക്ക് സ്വകാര്യ മേഖലയുടെ പിന്തുണതേടിയുള്ള ആ വിളിയിലെ അഭ്യർഥന മുന്നൊരുക്കങ്ങൾ നടത്തുകയെന്നതായിരുന്നു. സാനിറ്റൈസർ, മാസ്ക് ലഭ്യത കുറവായിരുന്ന അന്നത്തെ നാളുകളിൽ എങ്ങനെ ഉടൻ ഇടപെടാമെന്നായിരുന്നു ഡോ. ഷംഷീറിന്റെ ആലോചന. അടുത്ത മണിക്കൂറിൽ തന്നെ അത് പ്രവർത്തിയിലേക്കും കടന്നു. നേരം ഇരുട്ടി വെളുക്കുമ്പോൾ അബുദാബി കെസാദിൽ അടിയന്തരമായി അനുവദിക്കപ്പെട്ട കെട്ടിടത്തിൽ യന്ത്ര സാമഗ്രികൾ ഒരുങ്ങി. 50,000 മാസ്കുകളും 48,000 ബോട്ടിൽ സാനിറ്റൈസ‌സറും ദിനം പ്രതി നിർമിച്ചു തുടങ്ങിയ യൂണിറ്റ് രാജ്യത്ത് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കുന്നതിൽ വഹിച്ച പങ്കു ചെറുതല്ല. 

തടസങ്ങൾ ഇല്ലാതെ വേഗത്തിൽ തീരുമാനമെടുത്ത് പ്രാവർത്തികമാക്കുന്ന ഡോ. ഷംഷീറിന്റെ ശൈലിയിലൂടെയാണ് സർക്കാരുകളുടെ വിശ്വസ്ത പങ്കാളിയായി അദ്ദേഹവും നേതൃത്വം നൽകുന്ന സ്ഥാപനങ്ങളും മാറിയത്. കോവിഡ് കാലത്ത് അബുദാബിയിലെ സർക്കാർ ആതുരാലയമായ മഫ്രഖ് ആശുപത്രിയുടെ നടത്തിപ്പ് പൂർണമായും അധികൃതർ ഗ്രൂപ്പിനെ ഏൽപ്പിച്ചു. സ്ക്രീനിങ്, വാക്സിനേഷൻ ചുമതലകൾ സ്വകാര്യ മേഖലയിൽ ആദ്യമായി അദ്ദേഹത്തിന്റെ ആശുപത്രികൾക്ക് നൽകി. സിറിയ-തുർക്കി ഭൂകമ്പാനന്തരം ഗുരുതര പരുക്കേറ്റ കുട്ടികളെ അബുദാബിയിൽ അടിയന്തര ചികിത്സയ്ക്ക് എത്തിക്കാനുള്ള യജ്ഞത്തിന്റെ ചുമതല നൽകിയതും വിശ്വസ്തതയുടെ മറ്റുദാഹരണമാണ്. യുഎഇയുടെ മാനുഷിക യജ്ഞങ്ങളുടെ ഭാഗമായി ലൈബീരിയ, യെമൻ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുന്ന നിർണായക പദ്ധതികളിലും സുപ്രധാന പങ്കാളിയാണ് അദ്ദേഹത്തിന്റെ ഗ്രൂപ്പ്. സംരംഭകത്വത്തിന്റെ തുടക്കകാലം മുതൽ സർക്കാരുകളുമായും പൊതു സമൂഹവുമായും കൈകോർത്ത് കൂട്ടായി പ്രവർത്തിച്ച് തുടങ്ങിയ ഡോ. ഷംഷീർ, ഒന്നര പതിറ്റാണ്ടിനിടെ നേടിയ വിശ്വാസ്യത തന്നെയാകും ഈ തിരഞ്ഞെടുപ്പിന് കാരണം.

∙ ഒരു അപൂർവ സന്ദർശനവും അപ്രതീക്ഷിത തീരുമാനവും 
 

യുഎഇ പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ആയിരിക്കെ 2018 ൽ ബുർജീൽ ആശുപത്രിയിലെത്തിയത് ചികിത്സയിൽ കഴിയുന്ന യെമനി കവിയെ സന്ദർശിക്കാൻ. അദ്ദേഹത്തെ ആശുപത്രിയിൽ സ്വീകരിച്ച ഡോ. ഷംഷീറിന്‌ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സാധ്യതകൾ ചർച്ച ചെയ്യാനുള്ള അവസരം ലഭിച്ചു. ഇൻഷൂറൻസ് വ്യവസ്ഥകളിലെ ചില നിബന്ധനകൾ കാരണം എമിറാത്തികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ട് അദ്ദേഹം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ശ്രദ്ധയിൽപ്പെടുത്തി. സന്ദർശനം കഴിഞ്ഞു മടങ്ങിയ ഷെയ്ഖ് മുഹമ്മദ് ബുദ്ധിമുട്ടിനു കാരണമായ വ്യവസ്ഥകൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയത് എമിറാത്തികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. 

കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്ന് മരുന്നുകൾ എത്തിക്കാനും നൂറു കണക്കിന് ആരോഗ്യപ്രവർത്തകരെ അടിയന്തരമായി യുഎഇയിൽ എത്തിക്കാനുമൊക്കെ ഡോ. ഷംഷീറിന്‌ തുണയായത് അദ്ദേഹത്തിന്റെ ബന്ധങ്ങളും കാലതാമസമില്ലാതെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ശേഷിയുമാണ്.

∙ തിരികെ നൽകുക, ഒരുമിച്ചു വളരുക 
 

ആദ്യ ആശുപത്രിയിൽ തുടങ്ങി ഡോ. ഷംഷീറിനൊപ്പം വളർന്ന നിരവധി പേരുണ്ട് ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പിൽ. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മുതൽ ഓഫിസ് ജീവനക്കാരും വരെയുണ്ട് ഈ കൂട്ടത്തിൽ. ഇതിൽ പലരും അദ്ദേഹത്തിന്റെ വളർച്ചയ്‌ക്കൊപ്പം ആർജിച്ച അനുഭവവുമായി മാനേജ്‌മെന്റ് പദവികളിലേക്ക് ഉയർന്നു. കൂട്ടായി വളരാൻ അവസരമൊരുക്കിയും നേട്ടങ്ങൾ ഒപ്പമുള്ളവർക്ക് തിരികെ നൽകിയുമാണ് പതിനായിരത്തിലധികം ജീവനക്കാരുള്ള ഗ്രൂപ്പായി ബുർജീൽ വളർന്നത്. കൂട്ടായ വളർച്ചയുടെ ഈ മാതൃകയാണ് ഡോ. ഷംഷീറിനെ മറ്റു യുവ സംരംഭകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

പ്രതിസന്ധികൾ നേരിടുന്നവർക്കും സമൂഹങ്ങൾക്കും പിന്തുണ നൽകാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ നിരവധിയാണ്. 2018ൽ കേരളത്തിൽ നിപ വൈറസ് ബാധ കണ്ടെത്തിയപ്പോൾ രണ്ടു കോടിയോളം വിലമതിക്കുന്ന അടിയന്തര ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ അദ്ദേഹം ഉടനടി ലഭ്യമാക്കി. 2018-ലെ പ്രളയത്തിൽ തകർന്ന കേരളത്തിന് അടിയന്തര, ദീർഘകാല നടപടികളിലൂടെ പിന്തുണ നൽകി. പ്രളയ ദുരിതാശ്വാസത്തിന് രണ്ട് കോടി രൂപ നൽകിയ ആദ്ദേഹം പത്തു കോടി ചിലവിൽ മലപ്പുറം വാഴക്കാട്ടെ പ്രാഥമികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായി പുനർനിർമിച്ചു.

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സും വാറൻ ബഫറ്റും ചേർന്ന് ആരംഭിച്ച ആഗോള സംരംഭമായ ഗിവിങ് പ്ലെഡ്ജിൽ ചേർന്ന് സമ്പത്തിന്റെ ഭൂരിഭാഗവും പരോപകാരത്തിനായി സമർപ്പിക്കുമെന്നു ഡോ. ഷംഷീർ പ്രതിജ്ഞയെടുത്തത് 2018ലാണ്. ലോകമെമ്പാടുമുള്ള നിരാലംബരായ സമൂഹങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള യുഎഇയുടെ 'വൺ ബില്യൻ മീൽസ് ഇനിഷ്യേറ്റീവി'ൽ സ്ഥിരമായി സംഭാവന നൽകുന്ന ഡോ. ഷംഷീർ ഇതിനകം 12 ദശലക്ഷം ദിർഹമാണ് (27.2 കോടി രൂപ) ഇതിനായി ലഭ്യമാക്കിയത്. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ ജീവിതം തകർന്നവർക്ക് കൈത്താങ്ങേകാൻ അദ്ദേഹം എമിറേറ്റ്സ് റെഡ് ക്രസന്റിന് 5 ദശലക്ഷം ദിർഹം (11.3 കോടി) നൽകി. സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ, മജ്ജ മാറ്റിവയ്ക്കലുകൾ തുടങ്ങി ദുർബല വിഭാഗങ്ങൾക്ക് പിന്തുണയേകുന്ന നിരവധി പ്രവർത്തനങ്ങളാണ് അദ്ദേഹം ഏറ്റെടുത്തു നടത്തുന്നത്.

ഒളിംപിക് മെഡൽ ജേതാവ് പിആർ ശ്രീജേഷിന് അദ്ദേഹം പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പാരിതോഷികവും സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിന് ആദരവായി നൽകിയ ഒരു കോടി രൂപയുടെ സമ്മാനവും കായികമേഖലയിലെ പുതുതലമുറയ്ക്ക് നൽകിയ പ്രചോദനം ചെറുതല്ല. 

∙ പുരസ്കാരങ്ങളുടെ നിറവിൽ 
 

ബിസിനസ്, സാമൂഹികസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ മികവ് പുലർത്തുന്നതിന് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2015 -ൽ ഐക്യരാഷ്ട്രസഭയുടെ ജിപിഎഫ് ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ അവാർഡ്, പ്രവാസികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ എന്നിവയ്ക്കും അദ്ദേഹം അർഹനായിട്ടുണ്ട്.

English Summary:

From Radiologist to India's Richest Doctor; Story of Dr Shamsheer Vayalil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com