ADVERTISEMENT

സൗത്താംപ്ടൺ ∙ യുകെയിൽ വാഴപ്പഴങ്ങൾക്ക് ഒപ്പം കടത്താൻ ശ്രമിച്ച 4,727 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി നാഷനൽ ക്രൈം ഏജൻസി (എൻസിഎ). യുകെയിലെ സൗത്താംപ്ടൺ പോർട്ടിൽ നിന്നാണ് 5.7 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. യുകെയില്‍ ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ എ-ക്ലാസ് ലഹരിമരുന്ന് വേട്ടയാണിതെന്ന് എൻസിഎ ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ വില 450 മില്യൻ  പൗണ്ട് വരും. ഫെബ്രുവരി എട്ടിനാണ് ലഹരിമരുന്ന് പിടികൂടിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ജര്‍മനിയിലെ ഹാംബര്‍ഗ് പോർട്ടിലേക്ക് കടത്തുന്നതിന് ഇടയിലാണ് ലഹരിമരുന്ന് സൂക്ഷിച്ച വാഴപ്പഴങ്ങളുടെ കെട്ടുകള്‍ പിടികൂടിയത്. കള്ളക്കടത്തിന് പിന്നിലെ ക്രിമിനല്‍ ശൃംഖലയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണന്ന് എൻസിഎ വക്താവ് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങള്‍ ലഹരിമരുന്ന് കടത്തലിലൂടെ യുകെയിൽ മാത്രം പ്രതിവര്‍ഷം 4 ബില്യൻ പൗണ്ട് (ഏകദേശം 42,028 കോടി ഇന്ത്യൻ രൂപ) സമ്പാദിക്കുന്നതായാണ് എന്‍സിഎ രേഖകള്‍ പറയുന്നത്. ഇത്തരത്തിലുള്ള പല ലഹരിമരുന്ന് കടത്തും ഗുരുതരമായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും സമീപ വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി വര്‍ധിച്ചതായും എന്‍സിഎ പറയുന്നു.

2022 ല്‍ സൗത്താംപ്ടണിൽ തന്നെ പിടികൂടിയ ഏകദേശം 3.7 ടണ്‍ കൊക്കെയ്ന്‍ ആയിരുന്നു യുകെയിൽ ഇതിന് മുന്‍പ് നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട. അതിനുമുമ്പ്, 2015 ല്‍ സ്‌കോട്‌ലന്‍ഡിലെ എംവി ഹമാല്‍ ബോട്ടില്‍ നിന്നും 3.2 ടണ്‍ കൊക്കെയ്ന്‍ പിടികൂടിയിരുന്നു. 2015 ല്‍ പിടികൂടിയ കൊക്കെയ്‌ന് 5.12 കോടി പൗണ്ട് (538 കോടി രൂപ) വിലയുണ്ടായിരുന്നു. യുകെയില്‍ ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്ന ഏജന്‍സിയാണ് എന്‍സിഎ.

English Summary:

UK Police Recovers 5,700 kg Of Cocaine Worth $450 Million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com