കഞ്ചാവ് നിയമവിധേയമാക്കല്‍; ബില്ലിന് ജർമൻ പാര്‍ലമെന്‍റിന്‍റെ അംഗീകാരം
Mail This Article
ബര്‍ലിന്‍ ∙ ജർമൻ പാര്‍ലമെന്‍റിന്‍റെ അധോസഭ കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കി. ജർമനിയുടെ ഭരണസഖ്യം മുന്നോട്ടുവച്ച പുതിയ ബില്ലിൽ പരിമിതമായ അളവിൽ കഞ്ചാവ് കൈവശം വയ്ക്കാനും കൃഷി ചെയ്യാനും അനുവദിക്കും. ഏപ്രില്‍ 1 മുതല്‍ ഇത് നിലവിൽ വരുമാണ് കരുതപ്പെടുന്നത്. നവംബറില്‍ ജർമൻ മന്ത്രിസഭ പുതിയ കഞ്ചാവ് നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു.
ജർമൻ സഖ്യ സർക്കാരിന്‍റെ പിന്തുണയുള്ള ബില്ല് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ എതിർത്തു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ മധ്യ-ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി), ബിസിനസ് കേന്ദ്രീകൃത ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി, പരിസ്ഥിതിവാദി ഗ്രീന്‍സ് എന്നിവ ഉള്‍പ്പെടുന്ന ഭരണസഖ്യം മുന്നോട്ടുവച്ച നിയമനിര്‍മാണത്തിന് 407 പാര്‍ലമെന്‍റ് അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.
∙ 226 എംപിമാര്‍ ബില്‍ നിരസിച്ചു; നാല് എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു
കഞ്ചാവിന്‍റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുമെന്നാണ് ഭരണകക്ഷിയുടെ നിലപാട്. ജർമൻ ജനതയിൽ 47% പേര്‍ ബില്ലിനെ അനുകൂലിക്കുന്നുതായും 42% പേര്‍ എതിർക്കുന്നതായും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ബിൽ നിയമമായി മാറിയാൽ കഞ്ചാവ് കൃഷി നടത്തുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ജർമനിയും ചേരും. നെതര്‍ലാന്‍ഡ്സ്, മാർട്ട, ലക്സംബര്‍ഗ് തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളിലും കഞ്ചാവ് പരിമതമായ അളവിൽ കൈവശം വയ്ക്കാം.