സ്വീഡന് ഇനി നാറ്റോ അംഗരാജ്യം
Mail This Article
ബ്രസല്‍സ് ∙ നാറ്റോ സൈനിക സഖ്യത്തില്‍ സ്വീഡന് അംഗത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സഖ്യത്തിലെ 32–ാമത് അംഗമാണ് സ്വീഡന്‍. രണ്ടു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും, തുര്‍ക്കി, ഹംഗറി എന്നിവയുടെ എതിര്‍പ്പ് കാരണമാണ് സ്വീഡന്‍റെ അംഗത്വ അപേക്ഷയില്‍ തീരുമാനം വൈകിയത്. എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ നാറ്റോയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ സാധിക്കൂ. സ്വീഡനൊപ്പം അപേക്ഷ നല്‍കിയിരുന്ന ഫിന്‍ലന്‍ഡ് കഴിഞ്ഞ ഏപ്രിലില്‍ നാറ്റോ അംഗമായിരുന്നു.
ആഴ്ചകള്‍ക്കുമുമ്പ് തുര്‍ക്കിയയും കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറിയും അംഗീകാരം നല്‍കിയതോടെയാണ് സ്വീഡന്‍റെ അംഗത്വത്തിനു മുന്നിലുള്ള പ്രതിസന്ധികള്‍ നീങ്ങിയത്. റഷ്യ യുക്രെയ്നില്‍ അധിനിവേശം നടത്തിയതോടെയാണ് സ്വീഡന്‍ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. അംഗത്വസാധ്യത കണക്കിലെടുത്ത് രാജ്യത്തെ 17 സൈനികതാവളങ്ങളും സ്വീഡന്‍ നേരത്തേ യു.എസ് സേനക്ക് തുറന്നുകൊടുത്തിരുന്നു.