ADVERTISEMENT

ലണ്ടൻ∙ യുകെയിൽ മാർച്ച്‌ 11 മുതൽ കെയറർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വീസ ലഭിക്കില്ലന്ന നിയമം നിലവിൽ വന്നതോടെ ആശ്രിത വീസ നിയന്ത്രണത്തിൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. എന്നാൽ എൻഎച്ച്എസ് ജീവനക്കാരിൽ ആശ്രിത വീസ നിയന്ത്രണം ഇല്ലാത്തത് മലയാളികളുടെ കുടിയേറ്റത്തെ ബാധിക്കില്ലെന്ന് കരുതപ്പെടുന്നു. യോഗ്യതയുള്ള നഴ്സുമാർക്ക് ഇപ്പോഴും യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ ജോലി ലഭിക്കുന്നുണ്ട്. യുകെയിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ നേരിട്ട് നടത്തുന്ന നിയമനം ആയതിനാൽ അനധികൃതമായി ഏജൻസി ഫീസ് നൽകേണ്ടതുമില്ല.

യുകെയിൽ ആശ്രിത വീസ ലഭിക്കുന്നതിന് നടപ്പിലാക്കിയ കുറഞ്ഞ ശമ്പള പരിധിയിൽ എൻഎച്ച്എസ് ജീവനക്കാരെ ഉൾപ്പെടുത്താഞ്ഞതാണ് മലയാളികളുടെ കുടിയേറ്റത്തെ ബാധിക്കാത്തതിന് കാരണം. അതിനാൽ എൻഎച്ച്എസിൽ ജോലി ലഭിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള നഴ്സിങ് ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക്‌ ഭർത്താവിനെയോ ഭാര്യയെയോ  കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള അനുമതി ഇപ്പോഴും തുടരും. എന്നാൽ എൻഎച്ച്എസ് വിദേശ രാജ്യങ്ങളിൽ നിന്നും ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരെ നേരിട്ട് വീസ നൽകി എടുക്കാത്തതിനാൽ മുൻപത്തെ പോലെ ഇപ്പോഴും മലയാളികളുടെ കുടിയേറ്റത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

യുകെയിലെ സ്വകാര്യ കെയർ ഹോമുകളിൽ മാർച്ച് 11ന് മുൻപ് അപേക്ഷിച്ചിട്ടുള്ളവരിൽ ഹോം ഓഫിസ് അംഗീകരിച്ചവർക്ക് തുടർന്നും ആശ്രിതരെ കൊണ്ടുവരാനുമുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അതിനുശേഷമുള്ള അപേക്ഷകളൊന്നും തന്നെ ആശ്രിത വീസയ്ക്കായി പരിഗണിക്കില്ല. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി യുകെയിലേക്ക് മലയാളി കെയറർമാരുടെ കുത്തൊഴുക്ക് നടന്നിരുന്നു. വൻതുക ഏജന്‍റുമാർക്ക് അനധികൃതമായി നൽകി എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. നഴ്‌സുമാരാണ് കുടുതലും ഇത്തരത്തിൽ എത്തിയത്. ഗൾഫ് രാജ്യങ്ങളിലെ ജോലി  പോലും ഉപേക്ഷിച്ച് അവരിൽപ്പലരും യുകെയിലേക്ക് വരാനുള്ള പ്രധാനകാരണം ആശ്രിത വീസയായിരുന്നു. ആശ്രിത വീസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാമെന്നതും വരുമാന സാധ്യത  കൂട്ടി.

നിരോധനം വന്നതോടെ കെയറർമാരായി വൻതുക നൽകി യുകെയിലേക്ക് നഴ്സുമാർ വരാതെ ഇരിക്കുന്നതാണ് നല്ലതെന്ന വാദമാണ് വിജയിച്ചത്. യുകെയിലെ എൻഎച്ച്എസ് ഒഴികെയുള്ള മേഖലകളിലെ സ്‌കിൽഡ് വർക്കർ വീസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്നും 38,700 പൗണ്ടായി ഉയർത്തുന്നത് ഏപ്രിൽ 4ന് നടപ്പിലാക്കും. ആശ്രിത വീസയിൽ ജീവിത പങ്കാളിയെ കൊണ്ടു വരുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം 18,600 പൗണ്ടിൽ നിന്ന് ആദ്യം 29,000 പൗണ്ട് ആയും ഒടുവിൽ ഏകദേശം 38,700 പൗണ്ട് ആയും ഉയരും. എന്നാൽ നഴ്സിങ്ങും സോഷ്യൽ കെയറും ഉൾപ്പെടുന്ന ഹെൽത്ത് ആൻഡ് കെയർ വർക്കർ വീസകൾക്കും ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കും ഈ മാറ്റം ബാധകമാകില്ല.

English Summary:

Dependent Visa Restrictions in the UK; Abolition of NHS will not Reduce the Migration of Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com