യുകെയിൽ 94 വയസ്സുകാരനെ മർദിച്ച മലയാളി കെയർ വർക്കർക്ക് തടവ് ശിക്ഷ
Mail This Article
എക്‌സീറ്റർ∙ ഡിമെൻഷ്യ ബാധിച്ച 94 വയസ്സുകാരനെ മർദിച്ചതിന് മലയാളി യുവാവിന് 12 മാസത്തെ തടവ് ശിക്ഷ. കൊല്ലം കുണ്ടറ സ്വദേശിയായ യുവാവാണ് കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എക്സെറ്ററിലെ ലാങ്ഫോർഡ് പാർക്ക് കെയർ ഹോമിൽ കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. വിക്ടർ ഹാർട്ട് എന്ന വൃദ്ധനെ യുവാവ് മർദ്ദിക്കുന്ന ദൃശ്യം അദ്ദേഹത്തിന്‍റെ കിടപ്പുമുറിയിൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. നിസ്സഹായനായ ഒരാളെ പ്രതി ബോധപൂർവം വേദനിപ്പിക്കുകയാണെന്ന് ജഡ്ജി ഡേവിഡ് ഇവാൻസ് വിധിയിൽ പറഞ്ഞു.
ഡെവോണിലെ ലാങ്ഫോർഡ് പാർക്ക് നഴ്‌സിങ് ഹോമിലെ താമസക്കാരനായിരുന്നു ഭാഗിക കാഴ്ചശക്തിയും പരിമിതമായ ശാരീരിക ചലനശേഷിയുമുള്ള വിക്ടർ ഹാർട്ട്. ഇയാളുടെ കാലിൽ ചതവുള്ളത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ മുറിയിൽ ക്യാമറ സ്ഥാപിച്ചത്. ഇതോടെയാണ് യുവാവ് വൃദ്ധനെ മർദിക്കുന്ന ദൃശ്യം ലഭിച്ചത്. ദൃശ്യം ലഭിച്ചതോടെ വീട്ടുകാർ ഇക്കാര്യം കെയർ ഹോം മാനേജരെ അറിയിക്കുകയും യുവാവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് ഏജൻസി വഴി ജോലിക്ക് എത്തിയ പ്രതിയും മറ്റ് മൂന്ന് പേരും അനധികൃതമായിട്ടാണ് കെയർ ഹോമിൽ ജോലി ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവർ നാല് പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.