ഹീത്രു എയർപോർട്ടിൽ ഏപ്രിൽ 11 മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാർ
Mail This Article
ലണ്ടന്‍ ∙ ഹീത്രൂ എയർപോർട്ടിലെ അറുന്നൂറിലധികം ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാർ ഏപ്രിലില്‍ നാല് ദിവസം പണിമുടക്കും. ഏപ്രില്‍ 11 മുതല്‍ 14 വരെ ആണ് പണിമുടക്ക് ഉണ്ടാവുകയെന്ന് പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയന്‍ അറിയിച്ചു. ഹീത്രൂവില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളും പാസ്പോര്‍ട്ട് പരിശോധനകളും നടത്തുന്ന ജീവനക്കാരില്‍ 90% പേരും പണിമുടക്കിനായി ഹിത പരിശോധനയിൽ വോട്ട് ചെയ്തതോടെയാണ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
പടിഞ്ഞാറന്‍ ലണ്ടന്‍ വിമാനത്താവളത്തിലെ 250 ജീവനക്കാര്‍ക്ക് അടുത്ത മാസം അവസാനത്തോടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് യൂണിയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള അന്യായവും അനാവശ്യവുമായ നടപടികൾ പിന്‍വലിക്കാന്‍ സർക്കാരിന് ഒരാഴ്ചയിലധികം സമയം നൽകുമെന്നും, അല്ലെങ്കില്‍ ഹീത്രൂവിലെ തങ്ങളുടെ അംഗങ്ങള്‍ പണിമുടക്ക് നടത്തുമെന്നും പിസിഎസ് ജനറല്‍ സെക്രട്ടറി ഫ്രാന്‍ ഹീത്ത്‌കോട്ട് പറഞ്ഞു.
അതിര്‍ത്തി സുരക്ഷയെ സർക്കാർ ഗൗരവമായി കാണുന്നെങ്കില്‍ മികച്ച തൊഴിൽ സാഹചര്യം ഒരുക്കണമെന്ന് പിസിഎസ് യൂണിയൻ ആവശ്യപ്പെട്ടു. ബോര്‍ഡര്‍ ഫോഴ്‌സ് ഓഫിസര്‍മാരുടെ ജോലി സുരക്ഷ, ജീവനക്കാരുടെ ക്ഷേമം, മാറ്റങ്ങള്‍ ഒഴിവാക്കൽ, ജോലിയും തൊഴില്‍ സാഹചര്യങ്ങളും സംരക്ഷിക്കൽ എന്നിവയാണ് യൂണിയന്റെ ആവശ്യങ്ങൾ. അതേസമയം പണിമുടക്കാനുള്ള യൂണിയന്റെ തീരുമാനത്തില്‍ തങ്ങള്‍ നിരാശരാണെന്ന് ഹോം ഓഫിസ് അധികൃതർ പറഞ്ഞു. ഏറ്റവും തിരക്കേറിയ യാത്രാ ദിവസങ്ങളില്‍ പണിമുടക്ക് വരുന്നത് കൊണ്ട് തന്നെ ആവശ്യകത നിറവേറ്റുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും, യാത്രകൾക്ക് മുമ്പ് ആളുകൾ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്നും ഹോം ഓഫിസ് അധികൃതർ പറഞ്ഞു.