ജനുവരി മുതൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് 5,000 അനധികൃത കുടിയേറ്റക്കാർ; സുനകിന്റെ കുടിയേറ്റ നയം പരാജയമെന്ന് പ്രതിപക്ഷം
Mail This Article
ലണ്ടൻ ∙ യുകെയിലേക്ക് ജനുവരി മുതൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് ഏകദേശം 5,000 അനധികൃത കുടിയേറ്റക്കാരെന്ന് ഹോം ഓഫിസ് വെളിപ്പെടുത്തി. പ്രധാനമന്ത്രി ഋഷി സുനകിന്റെ കുടിയേറ്റ നയങ്ങൾ പരാജയമാണ് എന്നതിന്റെ തെളിവാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങൾക്ക് കാണാമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച മാത്രം 349 പേരുമായി ഏഴ് ചെറിയ ബോട്ടുകള്‍ ഇംഗ്ലിഷ് ചാനൽ കടന്നുവെന്നും ഹോം ഓഫിസ് അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-ല്‍ ഇതുവരെ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 4,993 ആയി.
ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം നിര്‍ത്തുമെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെങ്കിലും, ഈ പ്രതിജ്ഞ തള്ളിപ്പോയതായി ലേബർ പാർട്ടി നേതാവും ഷാഡോ ഇമിഗ്രേഷന്‍ മന്ത്രിയുമായ സ്റ്റീഫന്‍ കിന്നോക്ക് പറഞ്ഞു. ജനുവരിയില്‍ ഇംഗ്ലിഷ് ചാനൽ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേര്‍ ഫ്രഞ്ച് കടലില്‍ മുങ്ങിമരിച്ചിരുന്നു. ഹോം ഓഫിസ് കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് ഇത്തരത്തിൽ എത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. അനധികൃതമായി കൂടിയേറുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് ചെറിയ ബോട്ടുകള്‍ വഴി അയക്കാനുള്ള പദ്ധതിയാണ് സർക്കാരിന്റെ മുഖ്യ പരിഗണനയിലുള്ളത്. എന്നാല്‍ ബില്ലുകള്‍ തുടർച്ചയായി പരാജയപ്പെടുന്നതിനെ തുടര്‍ന്ന് നിയമനിര്‍മാണം നടന്നില്ല.