യുകെയിൽ കൗൺസിൽ നികുതി, എൻഎച്ച്എസ് ചികിത്സ എന്നിവയിൽ വർധന; ഇന്ധന വില കുറയും
Mail This Article
ലണ്ടൻ ∙ യുകെയിലെ സാധാരണ കുടുംബങ്ങളെ ബാധിക്കുന്ന ഏഴ് സേവനങ്ങളുടെ നിരക്കുകൾ ഏപ്രിൽ മാസത്തിൽ ഉയരും. എന്നാൽ ഗ്യാസ്, വൈദ്യുതി എന്നിവയുടെ ബില്ലിൽ കുറവുവരും. നാഷനൽ ഇൻഷുറൻസ് വിഹിതത്തിലെ വെട്ടിക്കുറയ്ക്കലും സർക്കാർ ആനുകൂല്യങ്ങളിൽ ആളുകൾക്ക് ലഭിക്കുന്ന തുകയിലെ വർധനവും ഏപ്രിൽ ആദ്യം മുതൽ പ്രാബല്യത്തിൽ വരും എന്നതും കുടുംബങ്ങൾക്ക് ഗുണകരമാകും.
ഫോൺ, ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് നിരക്കുകൾ വർധിക്കുന്നത് ഏപ്രിൽ മുതലാകും. ഭൂരിഭാഗം ബ്രോഡ്‌ബാൻഡ്, മൊബൈൽ സേവന ദാതാക്കളും 8.8% വരെ വില വർധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഏപ്രിൽ മുതൽ വാട്ടർ ബില്ലുകൾ കൂടുതൽ ചെലവേറിയതാകും. ഇംഗ്ലണ്ടിലും വെയിൽസിലും ശരാശരി വാർഷിക വാട്ടർ, വേസ്റ്റ് വാട്ടർ ബിൽ 6% വർധിക്കും. ഇതോടെ ശരാശരി വാർഷിക ബിൽ 27 പൗണ്ട് വർധനവോടെ 473 പൗണ്ടായി ഉയരും. സ്‌കോട്‌ലൻഡിൽ നിരക്ക് 8.8% വർധിക്കും. ഇത് ശരാശരി ബില്ലിൽ 36 പൗണ്ടിന്റെ വർധനവ് ആണ് ഉണ്ടാക്കുക.
കൗൺസിൽ നികുതി മിക്ക പ്രദേശങ്ങളിലും ഏപ്രിൽ മുതൽ ഉയരും. സോഷ്യൽ കെയർ ചുമതലകൾ ഉള്ള ഇംഗ്ലണ്ടിലെ കൗൺസിൽ അധികൃതർക്ക് റഫറണ്ടം നടത്താതെ തന്നെ കൗൺസിൽ നികുതി 4.99% വരെ ഉയർത്താം. മറ്റുള്ളവർക്ക് ഇത് 2.99% വരെ വർധിപ്പിക്കാം. രണ്ട് വർഷത്തിനുള്ളിൽ കൗൺസിൽ നികുതി 21% വർധിക്കുന്ന ബർമിങാം പോലെയുള്ള കൗൺസിലുകൾക്ക് സർക്കാർ അനുമതിയോടെ ബില്ലുകൾ 5% ത്തിൽ കൂടുതൽ വർധിപ്പിക്കാൻ കഴിയും. കൗൺസിൽ നികുതി വർധനവ് വെയിൽസിൽ 5% മുതൽ 16% വരെയും വടക്കൻ അയർലന്‍ഡിൽ ആഭ്യന്തര നിരക്കുകളിൽ 4% മുതൽ 10% വരെയും വർധന ഉണ്ടാകും. സ്‌കോട്ലൻഡിൽ 2025 വരെ കൗൺസിൽ നികുതി വർധനവ് മരവിപ്പിച്ചിട്ടുണ്ട്.
ടിവി, കാർ, എൻഎച്ച്എസ് ദന്തചികിത്സ ഫീസ് എന്നിവ വർധിക്കുന്നതും ഏപ്രിൽ മുതലാണ്. രണ്ട് വർഷത്തേക്ക് മരവിപ്പിച്ചതിന് ശേഷമാണ് ടിവി ലൈസൻസ് വാർഷിക ഫീസ് 6.6% വർധിച്ച് 169.50 പൗണ്ടായി ഉയരുന്നത്. 2017 ഏപ്രിൽ 1 നോ അതിനു ശേഷമോ റജിസ്റ്റർ ചെയ്ത കാറിന്റെ വാർഷിക ഫ്ലാറ്റ് നിരക്ക് 10 പൗണ്ട് കൂടി വർധിക്കുന്നതോടെ വാഹന നികുതിയും ഉയരുകയാണ്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ദന്തചികിത്സ ചാർജുകൾ 4% വർധിക്കും.
എന്നാൽ ഇത്തരം വിലക്കയറ്റങ്ങൾ ഉണ്ടാകുമ്പോഴും എനർജി പ്രൈസ് കുറയുന്നത് ആശ്വാസം പകരും. സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ വാർഷിക ബിൽ 1,690 പൗണ്ടായി കുറയും. ഇത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. എനർജി പ്രൈസിലെ കുറവും നാഷനൽ ഇൻഷുറൻസിലെ 2% കട്ടിങ് റേറ്റ് കുറവും അടിസ്ഥാന ശമ്പളത്തില വർധനവും സാധാരണ കുടുംബങ്ങൾക്ക് ആശ്വാസം പകരും.