അയർലൻഡിൽ സ്കൂളുകളുടെ പരിസരത്ത് പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം പാടില്ല
Mail This Article
ഡബ്ലിൻ ∙ അയര്‍ലൻഡിൽ കുട്ടികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. പബ്ലിക് ഹെൽത്ത് ആക്ട് 2023 ന്റെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും.
കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം പരസ്യം നല്‍കുന്നതിന് വിലക്കുണ്ടാകും. ഇതിന് പുറമെ പൊതുഗതാഗതം, സ്‌കൂളിന് 200 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലും പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം പാടില്ല. കുട്ടികള്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും കര്‍ശന നിരോധനം നടപ്പില്‍ വരുത്തും.
അയർലൻഡിലെ തൊഴിലിടങ്ങളിൽ പുകവലി നിരോധിച്ചതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോനലി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.