ഹോളണ്ടിലെ കാറ്റാടിമില്ലുകൾ: കാലത്തിന്റെ സാക്ഷികൾ
Mail This Article
ചെറുപ്പം മുതലേ ആനകൾ, വിമാനങ്ങൾ, കപ്പൽ എന്നിവ പോലുള്ള ചലനാത്മകമായ വലിയ വസ്തുക്കളും ജീവജാലങ്ങളും വിസ്മയിപ്പിച്ചിരുന്നു. ഹോളണ്ടിലെ കൂറ്റൻ കാറ്റാടിമില്ലുകളുടെ ചിത്രങ്ങൾ എത്ര കണ്ടാലും മടുക്കാതെ മനസ്സിൽ തങ്ങിനിൽക്കാറുണ്ടായിരുന്നു. അവയെ നേരിൽ കാണുന്നത് ഒരു സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു.
കടുത്ത കാറ്റും തണുത്ത മഴയും നിറഞ്ഞ ഒരു ദിവസം, അതിരാവിലെ തന്നെ ഡ്രൈവർ റിക്കാർഡോ വാഹനവുമായി എത്തി. ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ നിന്ന് ഹയാത് പ്ലേസ് ഹോട്ടലിലേക്കുള്ള ഷട്ടിൽ ബസ് ഡ്രൈവറാണ് റിക്കാർഡോ. ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ അയാളുമായി സംസാരിക്കാൻ അവസരം ലഭിച്ചു. സ്വന്തമായി ഒരു പ്ലംബിങ് കമ്പനിയും ബസ് കമ്പനിയും ഉള്ള റിക്കാർഡോക്ക് ഇനി ഒരു മോട്ടോർ ബോട്ട് കമ്പനി ആരംഭിക്കാനുള്ള പദ്ധതിയുണ്ടത്രേ. സമയമുള്ളപ്പോൾ പബ്ലിക് ബസ് ഡ്രൈവറായും അദ്ദേഹം പ്രവർത്തിക്കുന്നു. ഡച്ചുകാരനായ റിക്കാർഡോ എന്തിനും ഒരു സുഹൃത്തിനെപ്പോലെ ഒപ്പം ഉണ്ടായിരുന്നത് യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കി.
മഴയിൽ കുതിർന്ന ഞായറാഴ്ച്ചയിലെ ആ പ്രഭാതത്തിൽ ഞങ്ങൾ കാറ്റാടിമില്ലുകൾ ലക്ഷ്യമാക്കി യാത്ര തിരിച്ചു. വഴിയോരങ്ങളിൽ വെടിപ്പോടെ സൂക്ഷിക്കുന്ന പാതകളും, അവയ്ക്ക് ഇരുവശങ്ങളിലും ശ്രദ്ധയോടെ പരിപാലിക്കുന്ന പൂക്കളുടെ കൃഷിയിടങ്ങളും കാണാൻ സുഖമായിരുന്നു. പുതിയ രീതിയിലുള്ള വെളുത്തു മെല്ലിച്ചു ഭീമാകാരമായ കാറ്റാടിയന്ത്രങ്ങൾ അങ്ങോളം ഇങ്ങോളം കാണപ്പെട്ടു.പോകുന്ന വഴിയിൽ, ഹോളണ്ടിലെ മറ്റൊരു പ്രശസ്തമായ ആഘോഷമായ ട്യൂലിപ് ഫെസ്റ്റിവൽ നടക്കുന്നത് ഞങ്ങൾ കണ്ടു. പൂക്കൾ അലങ്കരിച്ച ബസുകൾ ആളുകളെ കൊണ്ടുപോകുന്നത് കാണാൻ ഞങ്ങൾക്ക് താൽപ്പര്യം തോന്നി. അങ്ങനെ, ആദ്യ സ്റ്റോപ്പ് ട്യൂലിപ് ഫെസ്റ്റിവൽ ആക്കാൻ ഞങ്ങൾ തീരുമാനിച്ചു
റോഡിനിരുവശവും മൈലുകൾ കണക്കെ പരന്നുകിടക്കുന്ന പൂക്കളുടെ കൃഷിപ്പാടങ്ങൾ . മഞ്ഞ സാരികൾ പോലെ വിടർന്ന മഞ്ഞപ്പൂക്കളും, വിവിധ നിറങ്ങളിലുള്ള ട്യൂലിപ്പുകളും കണ്ണുകൾക്ക് കുളിർമ പകർന്നു. വർഷത്തിൽ ചില ആഴ്ചകൾ മാത്രം നടക്കുന്ന ഈ പൂക്കളുടെ ഉത്സവം കാണാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി എത്തിച്ചേരാറുണ്ട്.
കണ്ണുകളെ അതിശയിപ്പിക്കുന്ന വിവിധ വർണ്ണങ്ങളുള്ള പൂക്കളുടെ ഒരു സ്വർഗ്ഗരാജ്യം. പൂക്കൾ നിറഞ്ഞ സ്വർഗ്ഗത്തെക്കുറിച്ച് സ്വപ്നം കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ മുന്നിൽ കണ്ട യാഥാർഥ്യം അതിനെക്കാൾ ഏറെ മനോഹരമായിരുന്നു. മഴയും കാറ്റും ഉണ്ടായിരുന്നിട്ടും, അതിരാവിലെ തന്നെ ആളുകൾ ഈ വിസ്മയം കാണാൻ എത്തിച്ചേർന്നു. ശക്തമായ കാറ്റ് വീശിയപ്പോൾ, പൂക്കൾ ഒരു സുനാമിത്തിരമാല പോലെ ഉയർന്നു. അത് ആവേശകരമായ ഒരു കാഴ്ചയായിരുന്നു. ഹോളണ്ടിലെ ഈ നനഞ്ഞ പൂക്കൾക്ക് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നോവുള്ള ചരിത്രം പറയാൻ ആഗ്രഹമുണ്ടായിരുന്നതായി തോന്നി.
എഡി 1200-ൽ തന്നെ ഡച്ചുകാർ കാറ്റാടി യന്ത്രങ്ങൾ നിർമിക്കാൻ തുടങ്ങിയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സാൻ നദിക്കരയിൽ പണിതുയർത്തിയ നൂറുകണക്കിന് കാറ്റാടിമില്ലുകൾ ഹോളണ്ടിന്‍റെ ചരിത്രത്തിൽ നിരവധി കഥകൾക്ക് വഴിയൊരുക്കി. ഹോളണ്ടിലെ കാറ്റാടിയന്ത്രങ്ങൾക്ക് വ്യത്യസ്ത ഉപയോഗങ്ങളുണ്ടായിരുന്നു. ചണ, ധാന്യം, എണ്ണ, പെയിന്‍റ്, മരം തുടങ്ങിയവ പ്രോസസ്സ് ചെയ്യാനും മിശ്രിതമാക്കാനും പൊടിക്കാനും മുറിക്കാനും ഊർജം ഉത്പാദിപ്പിക്കാനുള്ള ഊർജ്ജ സ്രോതസ്സായും അവർ ഇതിനെ ഉപയോഗിച്ചു. കൃഷിയിടങ്ങളിൽ സ്ഥിതി ചെയ്യുന്ന താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനും പിന്നീട് തീരപ്രദേശങ്ങളിലേക്കുള്ള നദികളിലേക്ക് തിരിച്ചുവിടാനും ഈ കാറ്റാടിമില്ലുകൾ ഉപയോഗിച്ചിരുന്നു. ഡച്ചുകാർക്ക് അവ സ്വാതന്ത്ര്യത്തിന്‍റെയും പിതൃരാജ്യത്തോടുള്ള വിശ്വസ്തതയുടെയും അഭിമാനത്തിന്‍റെയും പ്രതീകമാണ്. ഡച്ചു വിൻഡ്മില്ലുകൾ നിറഞ്ഞ നദീതടങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ നിറമുള്ള കലണ്ടറുകൾ നമ്മുടെ പഴയ വീടുകളിലെ മുറികളിൽ തൂങ്ങിക്കിടന്നിരുന്നത് ഓർമയിൽ വന്നു.
130 അടി (40 മീറ്റർ) ഉയരമുള്ള ഷീദാമിലെ കാറ്റാടിമില്ലുകൾ ജിൻ ഉൽപാദനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ മഴ ചാറിത്തുടങ്ങി. കയ്യിലുള്ള കുട ശക്തമായ കാറ്റിൽ പിടിച്ചുനിർത്താൻ പാടുപെട്ടു. നദിക്കരയിലെ കൂറ്റൻ മണൽത്തിട്ടകളിലും അതിലൂടെ നീണ്ടുനിവർന്ന തടിപ്പാലങ്ങളിലും നടക്കുമ്പോൾ, കാറ്റിൽ കാലുകൾ പറന്നുപോകാതെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. മഴക്കിടയിൽ ഐസ് ചരലുകളും വീഴാൻ തുടങ്ങി. നോക്കെത്താത്ത ദൂരത്തെ വയലുകളും അവയെ വലയം വെക്കുന്ന ചെറുതോടുകളും കൈവഴികളും എന്നെ കുട്ടനാടൻ ഓർമ്മകളിലേക്ക് കൂട്ടികൊണ്ട് പോയി. നെതർലാൻഡിന്‍റെ മൂന്നിലൊന്ന് ഭാഗം സമുദ്രനിരപ്പിന് താഴെയാണ്, ഏറ്റവും താഴ്ന്ന സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 22 അടി (6.7 മീറ്റർ) താഴെയാണ്. കടലിനു താഴെ വിസ്മയം സൃഷ്ടിച്ചും പ്രകൃതിയെ അതിജീവിച്ചും മുന്നേറിയ ഒരു ജനത.
കാറ്റാടിമില്ലുകൾ, ഭ്രമണം ചെയ്യുന്ന അവയുടെ ചിറകുകളിലൂടെയുള്ള ചലനത്തെ പിടികൂടി കാറ്റിന്‍റെ ഊർജം ഭ്രമണ ഊർജത്തിലേക്ക് മാറ്റുന്നു. ഈ ചലനം പിന്നീട് വെള്ളം പമ്പ് ചെയ്യാനും ധാന്യം പൊടിക്കാനും വൈദ്യുതി ഉത്പാദിപ്പിക്കാനും ഉൾപ്പെടെയുള്ള എല്ലാത്തരം ജോലികൾക്കും ഉപയോഗിക്കുന്നു. തുടക്കത്തിൽ, കാറ്റാടി യന്ത്രങ്ങൾ പാഡിൽ വീൽ ഉപയോഗിച്ച് വെള്ളം ഉയർത്തി. എന്നാൽ ഈ രീതി കാര്യക്ഷമമല്ലാത്തതിനാൽ, ഏകദേശം 1.5 മീറ്റർ മാത്രമേ വെള്ളം ഉയർത്താൻ സാധിച്ചിരുന്നുള്ളൂ. പിന്നീട്, ആർക്കിമിഡിയൻ സ്ക്രൂ ഒരു കാറ്റാടിമില്ലിൽ ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കാമെന്ന ആശയം ഒരാൾക്ക് ലഭിച്ചു. ഈ കണ്ടുപിടുത്തം അതിശയകരമായ ഫലങ്ങൾ നൽകി, വെള്ളം കൂടുതൽ ഉയർന്നതും വേഗത്തിലും പമ്പ് ചെയ്യാൻ സാധ്യമായി. വെള്ളപ്പൊക്കം തടയാനുള്ള ഒരു മാർഗമായി ഡച്ചുകാർ അവരുടെ ഗ്രാമപ്രദേശങ്ങളിൽ കാറ്റാടിമില്ലുകൾ നിർമിച്ചത് എട്ടാം നൂറ്റാണ്ടിലാണ്. തടാകങ്ങളിൽ നിന്ന് വെള്ളം ഒഴുകുന്നത് തടയാൻ ഇവ ഉപയോഗിച്ചിരുന്നു.
1854-ൽ ഡാനിയൽ ഹല്ലാഡേ കണ്ടുപിടിച്ച 'അമേരിക്കൻ വിൻഡ്‌മിൽ' അല്ലെങ്കിൽ 'കാറ്റ് എൻജിൻ' കിണറുകളിൽ നിന്ന് വെള്ളം ഉയർത്താൻ ഉപയോഗിച്ചിരുന്നു. പുതിയ കാറ്റാടി യന്ത്രങ്ങൾക്ക് ചെറിയ കാറ്റ് പോലും മതിയാകും. ഇതിലൂടെ ബ്ലേഡുകൾ കറങ്ങുമ്പോൾ ഗതികോർജം സൃഷ്ടിക്കപ്പെടുന്നു. ഈ ഭ്രമണം ചെയ്യുന്ന ബ്ലേഡുകൾ നാസിലിലെ ഷാഫ്റ്റിനെ തിരിയുകയും നാസിലിലെ ഒരു ജനറേറ്റർ ഈ ഗതികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുകയും ചെയ്യുന്നു.
കാറ്റാടി യന്ത്രത്തിന്‍റെ പ്രവർത്തനം മനസ്സിലാക്കാൻ ഒരു വിൻഡ്മില്ലിന്‍റെ മുകളിൽ കയറി. അവയുടെ പ്രവർത്തനങ്ങൾ വിശദമായി അവിടെ എഴുതിവച്ചിരുന്നു. മുകളിലെ കൈവരിയിൽ നിന്ന് ചുറ്റുമുള്ള വിശാല വയലുകൾ നോക്കി. വെള്ളത്തെ പോലും തങ്ങളുടെ വരുതിയിൽ ഒതുക്കി നിർത്തിയ അവരുടെ അപാരമായ കഴിവ് അത്ഭുതാവഹം തന്നെയായിരുന്നു. താഴെ തിരിച്ചെത്തിയപ്പോൾ വീണ്ടും കാറ്റും മഴയും കനത്തിരുന്നു. എന്തായാലും അല്പം സമയം കൂടി അവിടെ നിൽക്കാം എന്നുകരുതി. ഒരു ചെറിയ കടയിൽ കാപ്പിയും ചെറുപലഹാരങ്ങളും വച്ചിരിക്കുന്നു. ഒരു ചൂട് ചോക്കലേറ്റ് കോഫി ഓർഡർ ചെയ്തു. റം-കോഫി ആയാലോ എന്ന കടക്കാരിയുടെ ചോദ്യത്തിനു 'എസ്' എന്ന് ഉത്തരം മൂളാതിരിക്കാൻ കഴിഞ്ഞില്ല. അതുമായി മഴിലേക്ക് വീണ്ടുമിറങ്ങി.
പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് ഇതിഹാസ നോവലായ മിഗ്വൽ ഡി സെർവാന്‍റസിന്‍റെ ഡോൺ ക്വിക്സോട്ടിലെ ആംസ്റ്റർഡാമിലെ കാറ്റാടി യന്ത്രങ്ങൾ മനസ്സിൽ ഓടിയെത്തി. ഒരേ രീതിയിലുള്ള പുസ്തകങ്ങൾ വായിച്ചു പുസ്തകത്തിലെ കഥാപാത്രമായി ജീവിക്കുന്ന ഡോൺ ക്വിക്സോട്ട് ഒരു നിമിഷം കാറ്റാടി യന്ത്രങ്ങളെ കണ്ടപ്പോൾ അവയെ എതിർത്തു നിൽക്കുന്ന ഭീമാകാര രാക്ഷസന്മാരായി കണ്ടു. നീതിക്കുവേണ്ടി പോരാടാൻ ആ രാക്ഷസരോട് നേരിട്ട് യുദ്ധം ചെയ്യാൻ ഡോൺ തയ്യാറായി. കാറ്റാടി യന്ത്രങ്ങളോട് യുദ്ധം ചെയ്യുന്ന പരിഹാസ കഥാപാത്രത്തിന്‍റെ കഥ, നികൃഷ്ടമായ ബുദ്ധിയെപ്പോലും ചിരിപ്പിക്കുന്ന ഒരു അയഥാർഥ ലോകത്ത് തന്‍റെ ഫാന്‍റസി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ഒരു പഴയ കഥയാണ്. 'നന്മയും തിന്മയും എന്നേക്കും നിലനിൽക്കില്ല; അതിനാൽ തിന്മ നീണ്ടുനിൽക്കുകയാണെങ്കിൽ, നന്മ അടുത്തെത്താൻ സാധ്യതയുണ്ട്' എന്നാണ് ഈ കഥ പറയുന്നത്. അങ്ങനെ കാറ്റാടി യന്ത്രങ്ങൾ എന്‍റെ മനസ്സിൽ കുടിയിരുന്നു. അവയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എവിടെയോ അറിയാതെ ഡോൺ ക്വിക്സോട്ടിനെ തിരഞ്ഞുകൊണ്ടിരുന്നു. ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർഥ്യമാകുന്നു എന്ന് തിരിച്ചറിയാതെ കാറ്റാടി യന്ത്രങ്ങളോട് യാത്രപറഞ്ഞു.
കാറ്റിനും കടലിനും വഴങ്ങാത്ത ഡച്ചുകാരുടെ കഠിനമായ അധ്വാനവും നിശ്ചയദാർഢ്യവും നൂറ്റാണ്ടുകളായി സമൃദ്ധമായ ഒരു മനുഷ്യ സമൂഹമായി ഇവരെ നിലനിർത്തുന്നു. കാലങ്ങളെ അതിജീവിച്ച ഈ സുന്ദര യന്ത്രങ്ങൾ ഇന്നും കഥകൾ പറഞ്ഞു നിൽക്കുന്നു. കാറ്റ് ഇപ്പോഴും വീശിക്കൊണ്ടേയിരുന്നു.