ചൈനയ്ക്കായി ചാരവൃത്തി നടത്തി; എഎഫ്ഡി പ്രവർത്തകൻ അറസ്റ്റിൽ
Mail This Article
ബര്‍ലിന്‍ ∙ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) പ്രവർത്തകനെ ചൈനയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. എഎഫ്ഡി പാർട്ടി പ്രവർത്തകനായി ജിയാൻ ജി എന്നയാൾ ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. യൂറോപ്യൻ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ എഎഫ്ഡിയുടെ മുൻനിര സ്ഥാനാർഥിയുടെ സഹായിയായി ഇയാൾ പ്രവർത്തിച്ചിരുന്നു. 2024 ജനുവരിയിൽ, യൂറോപ്യൻ പാർലമെന്‍റിലെ ചർച്ചകളെയും തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ജി തന്‍റെ ക്ലയന്‍റിന് പലതവണ കൈമാറിയതായി ആരോപിക്കപ്പെടുന്നു. ഇതിനുപുറമെ, ജർമനിയിലെ പ്രതിപക്ഷ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങളും ജി ചൈനീസ് ചാരസംഘത്തിന് കൈമാറി.
എഎഫ്ഡിയുടെ മുൻനിര സ്ഥാനാർഥിയായിരുന്ന മാക്സിമിലിയൻ ക്രായുടെ സഹായിയായിരുന്നു ജി. പാർലമെന്‍ററി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജി ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന് (MSS) കൈമാറിയിരുന്നുവെന്ന് പൊലീസ് കരുതുന്നു."വിദേശ രഹസ്യ സേവനത്തിനായി പ്രവർത്തിച്ചതിന്" ജിയെ അറസ്റ്റ് ചെയ്തതായി ഡ്രെസ്ഡനിലെ സാക്സണി സ്റ്റേറ്റ് ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ജിയുടെ അപ്പാർട്ട്മെന്‍റുകളിൽ പൊലീസ് തിരച്ചിൽ നടത്തി. ഈ സംഭവം ജർമനിയിലും യൂറോപ്പിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചാരന്മാരെന്ന് സംശയിക്കുന്ന 3 പേരെ കൂടി ജർമനി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. 2019 മുതൽ യൂറോപ്യൻ പാർലമെന്‍റിലെ ജർമൻ അംഗമായ മാക്സിമിലിയൻ ക്രാഹിന് വേണ്ടി ഈ വ്യക്തികൾ പ്രവർത്തിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
കുറ്റാരോപിതരിൽ ഒരാൾ ബ്രസൽസിലും മറ്റുള്ളവർ ഡ്രെസ്ഡനിലും താമസിക്കുന്നവരാണ്. ചൊവ്വാഴ്ച അവരെ ജർമനിയിലെ ഫെഡറൽ കോടതിയിലെ അന്വേഷണ ജഡ്ജിയുടെ മുൻപാകെ ഹാജരാക്കി. വിദേശ രാജ്യത്തിന് വേണ്ടി ചാരപ്രവർത്തനം നടത്തുന്നത് ഗുരുതരമായ ആരോപണമാണെന്ന് വാർത്തയോട് പ്രതികരിച്ച് ജർമൻ ഉദ്യോഗസ്ഥർ പറഞ്ഞു. നിയമപഠനത്തിനും ഡോക്ടറേറ്റിനും ശേഷം 2000-കളുടെ തുടക്കത്തിൽ ക്രാഹ് ചൈനയിലേക്ക് പോയി. ഹോങ്കോങ്, ഷാങ്ഹായ് എന്നിവിടങ്ങളിലും അദ്ദേഹം താമസിച്ചിട്ടുണ്ട്.